വിളിയുടെ പിന്നാന്പുറങ്ങള്‍

0

തന്റെ പൌരോഹിത്യ അഭിഷേക വേള അടുത്തപ്പോൾ ഒരു വൈദികാര്‍ത്ഥി തന്‍റെ അമ്മയോട് പുത്തന്‍ കുര്‍ബാനയ്കു  വേണ്ട ഏറ്റവും മികച്ച കുപ്പായം തയ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ അമ്മ നല്‍കിയ മറുപടി ഇപ്രകാരമാണ്. “നീ എന്‍റെ ഉദരത്തില്‍ ഉരുവായപ്പോള്‍ തന്നെ നിനക്കായി കുര്‍ബാന കുപ്പായം തയ്യാറാക്കി. വെള്ളിനൂലില്‍ തീര്‍ത്ത എന്‍റെ ഈ മന്ത്രകോടി തന്നെ ആണ് അത്. ഇതു ഉപയോഗിച്ച് വേണം നീ പുത്തന്‍ കുര്‍ബാനയ്ക്കുള്ള കുപ്പായം തയ്ക്കാന്‍.” ആ മന്ത്രകോടിയില്‍ തീര്‍ത്ത തിരുവസ്ത്രം ധരിച്ചു കുര്‍ബാനയര്‍പ്പിച്ച വൈദികനാണ് വാഴ്‌ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ.

ദൈവവിളി നന്നായി വളരണം എന്നുണ്ടെങ്കിൽ കുടുംബവും സമൂഹവും സഭയും അതിനെ നന്നായി പരിപോഷിപ്പിക്കേണ്ടതുണ്ട്. കുടുംബം ആണ് ദൈവ വിളിയുടെ ആദ്യ വയല്‍, മാതാപിതാക്കൾ ആദ്യ പരിചാരകരും. എന്നിരുന്നാലും ജീവിത പാതയിൽ സമർപ്പിതരുടെ പാദങ്ങൾ ചിലപോഴെങ്കിലും ഇടറിയേക്കാം.

ഗദ്സേമന്‍ തോട്ടത്തിലെ ക്രിസ്തുവിന്റെ  പ്രാര്‍ത്ഥന ശ്രദ്ധിക്കുക: “പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റണമേ.” വിളിയില്‍ നിന്നും മാറി പോകുന്ന നിമിഷങ്ങള്‍! എങ്കിലും അവിടുന്ന് പിന്നെയും തുടര്‍ന്നു “എങ്കിലും എന്‍റെ ഹിതമല്ല  അവിടുത്തെ ഹിതം നിറവേറട്ടെ, അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപെട്ടു (ലൂക്കാ 22: 42-44).  മഹാ പുരോഹിതനായ ക്രിസ്തുപോലും നിസഹായനായി മാറിയപ്പോള്‍ ഒരു പുരോഹിതന്‍ എത്ര നിസ്സാരനാണ്‌.

സമര്‍പ്പണ ജീവിതത്തിലൂടെ കടന്നു പോകുന്നവരുടെ ഇടര്‍ച്ചകളോട് സമൂഹം കാണിക്കുന്ന കാര്‍ക്കശ്യം ചെറുതല്ല. പൊതുജനത്തിന്‍റെ കാഴ്ചപ്പാടില്‍ സന്ന്യാസവും പൗരോഹിത്യവുമൊക്കെ ഉന്നതമായ ദൈവവിളികളാണ്. കുടുംബജീവിതത്തിന്‍റെ സമര്‍പ്പണവും വിശുദ്ധിയും അല്പം താഴെയാണെന്നും സമര്‍പ്പിതര്‍ കൂടുതല്‍ വിശുദ്ധിയുള്ളവരാണെന്നും അവര്‍ കരുതുന്നു. അതുകൊണ്ടു തന്നെ ഉയര്‍ന്ന ചിന്തകളും, സംസാരവും, പ്രവര്‍ത്തനങ്ങളുമാണ് ഇവരില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ആയ പുരോഹിതരെയും സന്ന്യസ്തരെയുമൊക്കെക്കണ്ട് ആളുകള്‍ പല സംശയങ്ങളും വിമര്‍ശനങ്ങളും രൂപപ്പെടുത്തുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ സമര്‍പ്പിത ജീവിതം

വ്രതങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍

ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം എന്നി  വ്രതങ്ങളില്‍ അധിഷ്ഠിതമാണ് സമര്‍പ്പിത ജിവിതം. ഈ വ്രതങ്ങള്‍ ഓരോന്നും പുറമേനിന്നും അകമെനിന്നും ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഭൌതിക സുഖങ്ങൾ  പരിത്യജിച്ചു ജിവിക്കുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്. കുടുബജീവിതത്തെ അംഗീകരിക്കുന്പോഴും, അതിനപ്പുറത്തുള്ള ശ്രേഷ്ഠമായ ചില നന്മകളിലുള്ള ക്രൈസ്തവ വിശ്വാസമാണ് അവ പരിത്വജിച്ചു ജീവിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നത്.  ഈ പരിത്യാഗം സമര്‍പ്പിത ജിവിതത്തിന്‍റെ അടിസ്ഥാനപരമായ വെല്ലുവിളിയാണ്.

അണുകുടുംബം

കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിന്‍റെ കുറവ് ദൈവവിളികളെ കാര്യമായി ബാധിക്കുക സ്വഭാവികം. കൂടുതൽ  കുട്ടികൾ ഉണ്ട് എങ്കിൽ നല്ല ദൈവ വിളികൾ സമൃദ്ധമാകും.

ന്യൂ ജനറേഷൻ ശൈലി

ഉപഭോഗസംസ്‌കാരത്തിലും ആഡംബരജീവിതത്തിലും വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് ത്യാഗനിര്‍ഭരമായ ഒരു ജിവിതത്തിന് താല്പര്യം ജനിക്കുക തികച്ചും ബുദ്ധിമുട്ടാണ്. ജിവിതം ആസ്വദിക്കാനുള്ളതാണെന്ന ഒരു ചിന്ത പല കുട്ടികളിലും രൂഡമൂലമാണ്. കുട്ടികളെ വളര്‍ത്തുന്പോൾ  അവരുടെ സകല ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു വളര്‍ത്തുന്ന രീതി സ്വഭാവ വൈകല്യങ്ങൾക്ക് കാരണം ആവും.  ആധ്യാത്മിക മൂല്യങ്ങളെ പരിഗണിക്കാതെയും പരിത്യാഗങ്ങള്‍ക്ക് തയ്യാറാകാതെയും ഇന്നത്തെ തലമുറ സ്വാർത്ഥതയുടെ കൂടിൽ ഒതുങ്ങുന്നു.

മാതാപിതാക്കളുടെമാതൃക

മാതാപിതാക്കള്‍ ആത്മീയവീക്ഷണമുള്ളവരും മാതൃകാപരമായ ജീവിതം നയിക്കുന്നവരുമാണെങ്കില്‍ മക്കളിലും അത് പ്രതിഫലിക്കും. കുടുംബത്തില്‍ സമര്‍പ്പിതരോട് കാണിക്കുന്ന അനാദരവ് കുഞ്ഞുങ്ങളെ സമര്‍പ്പിത ജീവിതത്തെ പുണരുന്നതില്‍ നിന്ന് വിമുഖമാക്കാറുണ്ട്. ഇന്നത്തെ മക്കളിൽ പലരും സാന്പത്തികമായ നേട്ടങ്ങളിൽ  കണ്ണ് വക്കുന്നു. മക്കള്‍ കന്യാസ്ത്രീയായാലോ അച്ചനായാലോ കുടുബത്തിനു എന്ത് ലഭിക്കാന്‍…..? മാതാപിതാക്കൾ ആത്മീയരാണ് എങ്കിൽ പവിത്രമായ കാര്യങ്ങൾ കുഞ്ഞു ജനിക്കുന്നതിനു മുൻപേ തന്നെ നല്കുവാൻ സാധിക്കും. കുഞ്ഞുങ്ങള്‍ ആദ്യം മാതാപിതാക്കളുടെ ഹ്യദയത്തിലും പിന്നീട് ഉദരത്തിലും ജനിക്കട്ടെ. ആ മക്കള്‍ സഭയ്ക്കും, സമൂഹത്തിനും, ലോകത്തിനും അനുഗ്രഹമായിത്തിരും.

സമര്‍പ്പിതരും മാത്യകയും

“സമര്‍പ്പിതര്‍ എല്ലാവരും ഒരു കാര്യം ഓര്‍ത്തിരിക്കട്ടെ. അവരുള്‍പ്പെട്ട സഭയുടെ ഒന്നാംതരം സാക്ഷിപത്രവും സന്ന്യാസ ജിവിതത്തിലേയ്ക്കുള്ള ക്ഷണക്കത്തും അവരുടെ ജീവിത മാത്യക തന്നെയാണ്” എന്ന് സന്ന്യാസജീവിത നവീകരണത്തെക്കുറിച്ചുള്ള ഡിക്രി സന്ന്യാസികളെ ഓര്‍മിപ്പിക്കുന്നുണ്ട്.    (PC No. 24/3).

അസംത്യപ്തരും വിഷാദ സ്വാഭാവക്കാരുമായ സമര്‍പ്പിതര്‍ സമര്‍പ്പിത ജിവിതത്തെ അനാകര്‍ഷമാക്കുന്നു.  ഇങ്ങനെയുള്ളവര്‍ സമര്‍പ്പിത ജിവിതത്തിലേയ്ക്ക് മറ്റാരെയും ക്ഷണിക്കുന്നില്ല എന്നുമാത്രമല്ല, ചിലപ്പോള്‍ നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും. വ്യക്തികള്‍ അവരുടെ ദൈവവിളി സന്തോഷമുള്ള ഒരു ജിവിതം കൊണ്ട് സാക്ഷ്യം നല്‍കുകയും ചെയ്യണo. ഇതു കുട്ടികളെയും യുവജനങ്ങളെയും ദൈവവിളി പുണരുന്നതില്‍ ആകര്‍ഷിക്കും. എല്ലാവരും കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നത് ആദര്‍ശങ്ങളെകുറിച്ചുള്ള പ്രസംഗമല്ല, ആദര്‍ശo പ്രാവര്‍ത്തികമാക്കുന്ന ജീവിതമാണ്. സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോവുന്ന വ്യഗ്രതയില്‍ വിളി മറന്നു പോകുന്നുണ്ടോ? സ്ഥാപനങ്ങള്‍ ആവശ്യമാണ്. ഒപ്പം, പ്രാര്‍ത്ഥനയും. പ്രാര്‍ത്ഥനയിലൂന്നിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു നല്‍കിയ വിശുദ്ധ മദര്‍ തേരസ നമുക്ക് മാത്യകയാകട്ടെ.

സന്ന്യാസ സമൂഹങ്ങളുടെ വര്‍ദ്ധനവ്

സന്ന്യാസ സമൂഹങ്ങളുടെയും പ്രോവിൻസുകളുടെയും വര്‍ദ്ധനവ് ദൈവവിളികളുടെ എണ്ണത്തെ ആപേക്ഷികമായി ബാധിക്കുന്നു. യഥാർത്ഥത്തിൽ പണ്ടുണ്ടായിരുന്ന അത്രയും തന്നെ ദൈവവിളികൾ വിഭജിതം ആവുകയാണ് ഇന്ന് സംഭവിക്കുന്നത്‌. അതിനാല പ്രത്യക്ഷത്തിൽ പല പ്രൊവിൻസുകൾക്കും വേണ്ടത്ര അർത്ഥികളെ ലഭിക്കുന്നില്ല. സന്യാസ സമൂഹങ്ങളുടെ സ്ഥാപനങ്ങളുടെ എന്നതിനുള്ള വർദ്ധനവും ഈ എണ്ണക്കുറവിൻറെ  സ്ഥിതി കഠിനമാക്കുന്നു. സന്ന്യാസാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തിൽ ഉദ്ദേശ്യശുദ്ധിയില്ലാത്തവരെയും, സാമാന്യ ബുദ്ധിയില്ലാത്തവരെയും, ആധ്യാത്മിക അനുഭവം ഇല്ലാത്തവരെയും ഒക്കെ ചേര്‍ക്കേണ്ടി വരുന്നു എന്നത് സമര്‍പ്പിത ജിവിതത്തിന്റെ ഗുണത്തെ  ഗണ്യമായി കുറക്കുന്നു.

തെറ്റായ സാക്ഷ്യങ്ങള്‍

അടുത്ത കാലത്ത് സമര്‍പ്പിത ജിവിതത്തിലുണ്ടായ അപവാദങ്ങള്‍, സത്യം അന്വേഷിക്കാതെ, മാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്ന പൊതുജനത്തിനത്തിന്‍റെ മുന്‍പില്‍ സമര്‍പ്പിത ജിവിതത്തെ അപഹാസ്യമാക്കി തീര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മിഡിയയുടെ ദുരുപയോഗവും, ലൈoഗീകതയും അക്രമവും കുത്തി നിറച്ച ഫിലിമുകളും എല്ലാം മാനുഷികമായ വിവിധ തലങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. വൈദിക സന്ന്യാസ സമൂഹങ്ങളിലേയ്ക്കുളളവരുടെ വരവില്‍ സാരമായ കുറവു അനുഭവപ്പെടുന്നില്ലേങ്കിലും അവസാനം വരെ പിടിച്ചുനില്‍ക്കുന്നവരുടെ എണ്ണം കുറയുന്നു.

കാലോചിതമായ മാറ്റങ്ങളുടെ ആവശ്യകത

കാലോചിതമായ മാറ്റങ്ങള്‍ അജപാലന ശുശ്രുഷയില്‍ വരുത്തേണ്ടതും ഒരു പ്രധാന വസ്തുതയാണ്. പുതിയ തലമുറയിലെ കുട്ടികളോടും യുവജനങ്ങളോടും സംവദിക്കുന്ന തരത്തിലുള്ള അജപാലന ശുശ്രൂഷയെ പുതു തലമുറ കാത്തിരിക്കുന്നു.

പ്രാര്‍ത്ഥന നിറഞ്ഞ ജീവിതം

ദൈവവിളി വര്‍ദ്ധിക്കാന്‍ ക്രിസ്തിയ സമൂഹത്തിന്‍റെയും സമര്‍പ്പിത സമൂഹങ്ങളുടെയും പ്രാര്‍ത്ഥന പ്രധാന ഘടകമാണ്.  നിരവധി ധ്യാനങ്ങളും ധ്യാനകേധ്രങ്ങളും ഒന്നിനു പുറകെ ഒന്നായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, കാതലായ ഒരു ജിവിത നവീകരണം നടക്കുന്നുണ്ടോ? പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് സമര്‍പ്പിത ജിവിതത്തിന്‍റെ നിയമമാണ്. എന്നാല്‍, ഏറ്റവും അധികം ഊന്നല്‍ നല്‍കേണ്ടത് ദൈവൈക്യത്തിനാണ്.

വെല്ലുവിളികള്‍ സ്വാഭാവികമാണ്. വെല്ലുവിളികള്‍ സമര്‍പ്പിതര്‍ക്ക് ഒരാത്മശോധനയ്ക്കും നവീകരണത്തിനുമുള്ള അവസരമാണ്. സമര്‍പ്പിത ജീവിതം കര്‍ത്താവിന്‍റെ ഒരു ദാനമാകയാലും പരിശുദ്ധത്മാവിന്‍റെ പ്രചോദനത്തില്‍ നിന്ന് ഉത്ഭവിച്ചതാകയാലും വെല്ലുവിളികള്‍ അതിനെ കൂടുതൽ കരുത്തുറ്റതാകുന്നു. കുടുംബജീവിതത്തിലെ താളപ്പിഴകളും തെറ്റുകളും പരസ്പരം മനസ്സിലാക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന നമുക്ക് സന്യാസ പൗരോഹിത്യ ജീവിതത്തിലെ കുറവുകളോടും സമാനമായ മനോഭാവം പുലര്‍ത്താന്‍ ആവട്ടെ. തെറ്റുകളിൽ നിന്നും കുറവുകളിൽ നിന്നും നടന്നകലാൻ അവർക്ക് നമ്മുടെ പ്രാര്‍ത്ഥന തന്നെ തുണ ആകട്ടെ.

ഷെറിൻ ചാക്കോ

വായന, പഠനം, ബ്ലോഗ്‌ എഴുത്ത് എന്നിവ ഇഷ്ടവിനോദങ്ങളായിട്ടുള്ള ഷെറിൻ എഴുത്തിന്റെ ലോകത്തെ പുണരാൻ ആഗ്രഹിക്കുന്ന യുവ എഴുത്തുകാരിയാണ്. കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവളർന്ന ഷെറിൻ നല്ല ദൈവവിശ്വാസിയാണ്. കത്തോലിക്കാ അജപാലന നേതൃത്വവുമായി സജീവ ബന്ധം പുലർത്തുന്ന അദ്ദേഹം, വിശ്വാസം ആത്മീയത എന്നീ വിഷയങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

Loading Facebook Comments ...

Leave A Reply