മൌനം വിളിക്കുന്നു

0

ഈശ്വരാ എന്റെ ഉള്ളിൽ  ഒരു പെരുന്പറ കൊട്ടുന്നു. എന്നെ അത്ഭുത പെടുത്തുന്നു… സ്വയം ചോദിച്ചു പോകുന്നു.  ഈ ഭൂമുഖത്തു എവിടെയെങ്കിലും ആ മഹാ നിധി ഉണ്ടോ? വീടുകളിൽ  ഉണ്ടോ?

പൂമുഖത്തെ പട്ടികൂട്ടിൽ പട്ടികളുടെ കുരചിലും എടുത്തു ചട്ടവും… ഒരു നിഴൽ വീഴാൻ അത് സമ്മതിക്കില്ല. വീടിനകത്തേക്ക് കയറിയാൻ തുറന്നു വച്ചിരിക്കുന്ന ടി.വി., കന്പ്യൂട്ടർ, റേഡിയോ ആദി. അതിനിടയിൽ കുട്ടികളുടെ ശണ്ഠകൾ, ബഹളങ്ങൾ. യുവതീയുവാക്കൾ എല്ലായ്പോഴും കാതിൽ മൊബൈലിൽ  ഈയർ ഫോണ്‍ ഘടിപ്പിച്ചിരിക്കുന്നു. അടുക്കളയിൽ ഗ്രൈന്റർ മിക്സി എന്നിവയുടെ ഉരസൽ ശബ്ദങ്ങൾ. ഉറക്കെ ഉള്ള മൊബൈൽ വിളികൾ. ഇങ്ങനെ ചെവിക്കല്ല് പൊട്ടിക്കുന്നതും, നാടീ വ്യൂഹം തകർക്കുന്നതുമായ കോലാഹലങ്ങൾ…

വഴിയിലേക്ക് ഇറങ്ങിയാലോ… വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദ മലിനീകരണം. പ്രൈവറ്റ് വാഹനങ്ങളുടെയും ആന വണ്ടികളുടെയും മത്സര ഓട്ടവും ശീല്കാരവും. അവ വഴിപോക്കരുടെ ഹൃദയ ധമനികളെ ഛിന്നഭിന്നമാക്കുന്നു. ലോട്ടറിക്കാരും, പരസ്യക്കാരും ഓഫറുകാരും എല്ലാവരും നടുവഴിയിൽ നിന്ന് ഓരിയിടുന്നു. അന്പലങ്ങളും പള്ളികളും ഭക്തവർദ്ധക സാധനങ്ങളാൽ അന്തരീക്ഷം നിറക്കുന്നു.ഉച്ചസ്ഥായിയിൽ ഉള്ള ശബ്ദം കൊണ്ട് ഭക്തരുടെ തലച്ചോറ് തെറിപ്പിക്കുന്നു.

സ്വരം കുറച്ചു സംസാരിക്കാൻ മനുഷ്യർക്ക് കഴിയാതായിരിക്കുന്നു. എല്ലാവരും ആലോചന ഇല്ലാതെ തുറന്നടിക്കുന്നു. അത് കേഴ് വിക്കാർക്കു  അരോചകം ആകുന്നുണ്ടോ എന്ന് അവർ ശ്രദ്ധിക്കാറേ ഇല്ല. അതൊന്നും അവർക്ക് പ്രശ്നം അല്ല. പറയുന്നതെല്ലാം കേൾക്കണം എന്ന് അവർ ശാട്യം പിടിക്കുന്നു.  താൻ പറയുന്നതെല്ലാം അവർ കേൾക്കുന്നുണ്ടോ? കേഴ് വിക്കാർ മുറിപ്പെടുന്നുണ്ടോ? ഇതൊന്നും വിടുവായന്മാർക്കു പ്രശ്നം അല്ല.

തന്റെ ശബ്ദം കൊണ്ട് മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടാവരുത് എന്ന പരിഗണനയും അവബോധവും ഉണ്ടായാൽ സംസാരത്തിന്റെ ശബ്ദം സ്വയം താഴും. സ്പർശബോധം, ഉദാരത, ദയ, സ്വരലയം എന്നീ സമുന്നത ഗുണങ്ങൾ വർദ്ധിക്കും.  എന്നാൽ ഇന്ന് പലരും ഒച്ചപ്പാടിന്റെ ലോകത്ത് നിന്നും ഒഴിവാകില്ല എന്ന് കട്ടായം തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ദൂഷ്യഭലങ്ങൾ നാം അനുഭവിക്കുന്നു.

മൌനത്തിന്റെ വാതിലുകൾ തുറക്കേണ്ട സന്യാസ സമൂഹങ്ങൾ പോലും ഉന്നു ശബ്ദ കോലാഹലങ്ങളിൽ നിന്ന് മുക്തമല്ല. നിശബ്ദതയുടെ മൂല്യം തിരിച്ചറിയേണ്ടതും മൌനം ശീലിക്കേണ്ടതും നമ്മുടെ ആധ്യാത്മിക വളർച്ചക്ക് ആവശ്യം ആണ്.

ഈ പരന്പര മൌനത്തെ കുറിച്ചുള്ളതാണ്. സാധാരണക്കാർക്കും സന്യസ്തർക്കും ഒരുപോലെ പ്രസക്തമായ മൌനത്തിന്റെ രഹസ്യങ്ങളിലേക്കും സിദ്ധികളിലേക്കും നമുക്ക് യാത്ര ചെയ്യാം.

സി. മേരി ജെയിൻ

അദ്ധ്യാപനം, എഴുത്ത്, വചനപ്രഘോഷണം, മാദ്ധ്യമ ശുശ്രൂഷ, ഫെയ്ത് ഹീലിംഗ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന സിസ്റ്റർ മേരി ജെയിൻ സിസ്റ്റെഴ്സ് ഓഫ് ഡെസ്ടിട്യൂട്ട് എന്ന സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രോവിൻസിലെ അംഗം ആണ്. മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു, കെ.സി.ബി.സി യുടെ പ്രബന്ധ പുരസ്കാരങ്ങൾ, ഗുരുപൂജ അവാർഡു, ആത്മവിദ്യാ അവർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Loading Facebook Comments ...

Leave A Reply