സമർപ്പിത ജീവിതം റാഡിക്കൽ ശിഷ്യത്വത്തിന്റെ പുണരൽ

0

ദൈവാരാധനയ്കുള്ള തിരുസംഘത്തിൻറെ മുൻ  പ്രിഫെക്റ്റായിരുന്ന കർദിനാൾ അരിൻസെ  സമർപ്പിതജീവിതത്തിന്റെ ഉത്ഭവം, സ്വഭാവം,  ലക്ഷ്യം എന്നിവ ചർച്ച ചെയ്യുന്നു.

നൈജീരിയയിൽ ജനിച്ചു വളരുകയും, 32 വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി അഭിഷിക്തനാവുകയും  ചെയ്തതിനും ശേഷം, കർദ്ദിനാൾ ഫ്രാൻസിസ് അരിൻസെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അന്തിമ സമ്മേളനത്തിൽ സംബന്ധിക്കുകയുണ്ടായി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ വത്തിക്കാൻ കാര്യാലയത്തിൽ പദവി വഹിക്കുന്ന ആദ്യ ആഫ്രിക്കൻ കർദ്ദിനാൾ ആയി ഉയർത്തി. മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ നേതൃത്വം ആണ് 2002 വരെ അദ്ദേഹം വഹിച്ചത്. ദൈവാരാധനക്കുള്ള തിരുസംഘത്തിന്റെയും തലവനായിരുന്നു അദ്ദേഹം (2002-08).

ദൈവത്തിന്റെ അദൃശ്യമായ കരം (ആത്മകഥ), അല്മായന്റെ വ്യതിരിക്തമായ പങ്ക്, യേശുവിനെ കാണലും അനുധാവനം ചെയ്യലും എന്നിവ കർദ്ദിനാൾ അരിൻസെയുടെ പുസ്തകങ്ങൾ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം സമൂലമായ ശിഷ്യത്വം: സമർപ്പിത ജീവിതവും വിശുദ്ധിയിലേക്കുള്ള വിളിയും എന്നതാണ്.

സമർപ്പിതജീവിതത്തിന്റെ അർത്ഥവും വ്യതിരിക്തതയെയും കുറിച്ച് കർദ്ദിനാൾ അരിൻസെ കത്തോലിക്കാ വേൾഡ് റിപ്പോർട്ടുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്: “എന്നെ അനുഗമിക്ക”  എന്ന ശിഷ്യത്വത്തിലേക്കുള്ള യേശുവിന്റെ ക്ഷണത്തെകുറിച്ച്  സമൂലമായ ശിഷ്യത്വത്തിന്റെ ആമുഖത്തിൽ അങ്ങു ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടല്ലോ.  എത്ര  അതുല്യമായ വിധത്തിൽ ആണ് സമർപ്പിത ജീവിതം  ശിഷ്യത്വത്തെ പുണരുന്നത് എന്ന് വ്യക്തമാക്കാമൊ?

കർദ്ദിനാൾ അരിൻസെ: സമർപ്പിത ജീവിതം റാഡിക്കൽ ശിഷ്യത്വത്തിന്റെ പുണരൽ  ആണ്. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾ വഴിയാണ് സമർപ്പിതർ യേശുവിനെ അനുഗമിക്കുന്നത്.  ഈ മൂന്നു സദ്ഗുണങ്ങളും അസാധാരണമായ പ്രതിബദ്ധതയോടെ ജീവിക്കാം എന്നതിന്റെ മാതൃക ആണ് യേശുവിന്റെ ജീവിതം. ക്രിസ്തുവിന്റെ അനുയായികൾ എല്ലാം ഒരേ വിധത്തിൽ അല്ലെങ്കിലും തീർച്ചയായും ഈ മൂന്നു സദ്ഗുണങ്ങളും ജീവിക്കുന്നുണ്ട്. സമർപ്പിതർ ജീവിതാവസാനം വരെ ഈ വ്രതങ്ങൾ പാലിച്ചു ജീവിക്കുന്നു.

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്: പുരോഹിതരുടേയും മെത്രാന്മാരുടെയും ജീവിതത്തിൽ നിന്ന് സമർപ്പിത ജീവിതം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു? ചില ആശയക്കുഴപ്പങ്ങൾ ഇവയുടെ വ്യതിരിക്തതയിൽ നിലവിലില്ലേ?

കർദിനാൾ അരിൻസെ: പുരോഹിതന്മാരുടെയും ബിഷപ്പുമാരുടെയും പ്രധാന  അപ്പസ്തോലിക ദൗത്യം, ദിവ്യ രഹസ്യങ്ങൾ പരികർമ്മം ചെയ്യുക, ദൈവവചനം പ്രസംഗിക്കുക, ഇടവകയിലെയും  രൂപതയിലെയും ദൈവ ജനത്തെ  ഒന്നിച്ചുകൂട്ടുക എന്നിവയാണ്. സമർപ്പിതജീവിത  വ്യക്തിയുടെ ദൈവവിളി വ്യത്യസ്തമാണ്. അനുസരണം,  ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ  മൂന്നു വ്രതങ്ങളിലൂടെ ഭൂമിയിൽ ദൈവത്തിനു ഏറ്റവും ശ്രേഷ്ടമായ സമർപ്പണം നടത്തുക എന്നതാണ് അവരുടെ വിളി.

ചിലപ്പോൾ ഒരു വ്യക്തിക്ക് പുരോഹിതനും സമർപ്പിതനും ആയിരിക്കാൻ കഴിയും. ഉദാഹരണങ്ങൾ ജസ്യൂട്ട്, ഫ്രാൻസിസ്കൻ അല്ലെങ്കിൽ കർമ്മലീത്ത  പുരോഹിതന്മാർ. എന്നാൽ നിയതമായ അർത്ഥത്തിൽ, സമർപ്പിതൻ  ഒരു പുരോഹിതനിൽ നിന്ന് വിഭിന്നനാണ്. വിളികൾ  വ്യത്യസ്തമാണ്. സഭക്ക് ഇവ രണ്ടും ആവശ്യമാണ്.

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്:  സമർപ്പിതജീവിതത്തിന്റെ വേദപുസ്തക അടിസ്ഥാനം എന്താണ്? സമർപ്പിതജീവിതത്തെ കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകൾ  വികസിച്ചത് എങ്ങനെ ആണ്?

കർദിനാൾ അരിൻസെ: സമർപ്പിതജീവിതത്തിന്റെ പഴയ നിയമ അടിസ്ഥാനം പ്രവാചകന്മാരുടെ ജീവിതവും നാസറീൻ വ്രത ജീവിതം നയിക്കുന്നവരുടെതും ആണ് (സംഖ്യ 6: 6-7). എന്നാൽ പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്റെ ജീവിത മാതൃക ആണ് കൂടുതൽ വ്യക്തമായി സമർപ്പിത ജീവിതത്തിനു ഉത്തേജനം നല്കുന്നത്. അവൻ അസാധാരണമാം വിധം പാവപ്പെട്ടവനായും ബ്രഹ്മചാരിയായും അനുസരണമുള്ളവനായും ജീവിച്ചിരുന്നു. സ്വതന്ത്രമായി അതിനെ പുണരുവാൻ തയ്യാറാകുന്ന അവന്റെ അനുയായികൾക്ക് അവൻ ആ ജീവിത ശൈലിയെ  മുന്നോട്ടു വക്കുന്നു: “സ്വർഗ്ഗരാജ്ത്തെ പ്രതി സ്വയം ഷണ്ഡന്മാരായവർ ഉണ്ട്. ഇത്  ഗ്രഹിക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യട്ടെ” (മത്താ 19:12). “നിങ്ങൾക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കും വിതരണം ചെയ്യുക അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” (ലൂക്കാ 18:22). യേശു നിർദ്ദേശിക്കുക മാത്രമാണ്, അവൻ സമർപ്പിതജീവിതം നയിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല.

അതെ, സമർപ്പിത ജീവിതത്തിന്റെ ശൈലികളും നയങ്ങളും നൂറ്റാണ്ടൂകൾ കൊണ്ട്  വികസിച്ചതാണ്. ആദിമ ക്രൈസ്തവ സമൂഹം അവർക്കുള്ളതെല്ലാം  പങ്കിട്ടു.  സുവിശേഷത്തിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടു വിരക്ത ജീവിതം നയിച്ച്‌ സമൂഹങ്ങളായി ജീവിച്ചവരെ സഭയുടെ ആദ്യകാല പിതാക്കന്മാർ പ്രശംസിച്ചു. ഈജിപ്തിലെ വിശുദ്ധ അന്തോനീസ്  (251-355) മരുഭൂമിയിൽ പോയി വസിച്ചു. അവനെ നിരവധി പേർ അനുഗമിച്ചു. വിശുദ്ധ പക്കോമിയസിന്റേയും, ബെർണാഡിന്റെയും, ബെനഡിക്ടിന്റെയും നേതൃത്വത്തിൽ  സന്യാസിമഠങ്ങൾ  ഉദയം ചെയ്തു. അസ്സീസിയിലെ ഫ്രാൻസിസ് സമർപ്പിത ജീവിതത്തെ സന്യാസ ആശ്രമങ്ങളിൽ നിന്നും വേർപെടുത്തി  ജനത്തിന്റെ ഇടയിൽ ജീവിച്ചു കാണിച്ചു. ഇന്നത്തെ സന്യാസ സഭകൾ പാവപ്പെട്ടവരുടെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾക്കായും  തെരുവ് കുട്ടികൾ അനാഥർ  എന്നിവർക്കായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സന്യാസ സഭകൾക്കായുള്ള റോമൻ കൂരിയ ഓഫീസിന്റെ പേരുപോലും കഴിഞ്ഞ നാല്പതു  വർഷങ്ങൾക്കുള്ളിൽ പരിണമിച്ചിരിക്കുന്നു. സമർപ്പിതരുടെയും അപ്പസ്തോലിക ജീവിതം നയിക്കുന്ന സമൂഹങ്ങളുടെയും തിരുസംഘം എന്നാണു അത് അറിയപ്പെടുന്നത്. (Congregation for Institutes of the Consecrated Life and Societies of the Apostolic Life).

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്: സമർപ്പിതജീവിതം നയിച്ചിരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം 1950 കളിൽ വർദ്ധിച്ചിരുന്നു എങ്കിലും വത്തിക്കാൻ കൗൺസിലിന് ശേഷം  പാശ്ചാത്യലോകത്ത് ഇടിവ് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുള്ള ഈ  വ്യതിയാനത്തിന് കാരണങ്ങൾ എന്തായിരുന്നു? ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതി എന്താണ്?

കർദിനാൾ അരിൻസെ: ദൈവവിളികൾ കാലാകാലങ്ങളിൽ വർദ്ധിക്കുകയൊ കുറയുകയോ ചെയ്യുന്നതിന്റെ കാരണം ദൈവത്തിന്റെ കൃപയും പ്രവർത്തനവും മാത്രമാണ് എന്നേ വിശദീകരിക്കാനാവു. എന്നിരുന്നാലും നമ്മുടെ ദുർബ്ബലമായ  മാനുഷിക ബുദ്ധി കൊണ്ട് വിശകലനം ചെയ്താൽ ഇങ്ങനെ പറയാം:

യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ സമർപ്പിതജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും  എണ്ണത്തിൽ  1950 കളിൽ വർധനവ്‌ ഉണ്ടായിരുന്നു കാരണം രണ്ടാം ലോക മഹായുദ്ധാനന്തരം ജനങ്ങൾ കഷ്ടപ്പടുകളിൽ നിന്ന് പുറത്തു കടക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. ലൌകിക സൌഭാഗ്യങ്ങൾ ശാശ്വതം അല്ല എന്ന് അവർ പഠിച്ചു. സമൂഹത്തിലും, സഭയിലും, കുടുംബത്തിലും സ്ഥിരത ഉണ്ടായിരുന്നു; ജീവിതം സ്ഥിരതയാർന്നതായിരുന്നു.

1960 അവസാനം മുതൽ ദൈവ  വിളികളിൽ  കുറവു ഉണ്ടായത്തിന്റെ കാരണം രണ്ടാം വത്തിക്കാൻ കൗൺസിലിൽ ആരോപിക്കുന്നത് ശരി അല്ല, മറിച്ച് പാശ്ചാത്യ ലോകത്ത് ഉണ്ടായ ചില സംഭവവികാസങ്ങളുടെ പരിണതി ആണ് അത്: ക്ഷേമരാഷ്ട്രം എന്ന ആശയവും ലോകത്ത് ഉല്പന്നങ്ങളുടെ ആധിക്യവും; ലൈംഗിക വിപ്ലവം (ശരിക്കും അത് ലൈംഗിക നിരുത്തരവാദിത്വം ആയിരുന്നു);  നല്ലതും ദോഷകരവും ആയ ഫലങ്ങൾ ഉള്ള ആശയവിനിമയ മാധ്യമങ്ങൾ  (പ്രത്യേകിച്ച് ടിവി) ഉയർത്തിയ  പ്രശ്നങ്ങൾ; നന്മയും തിന്മയും ആയ ആശയങ്ങളുടെ  ദ്രുതഗതിയിലുള്ള വിന്യാസം; പ്രത്യേകിച്ച് 1968 മുതൽ എല്ലാ അധികാര സ്ഥാനങ്ങളോടും എതിരായ കലാപം; ഇഷ്ടപ്പെടുന്നതെന്തും ചെയ്യാം എന്ന് നിർവചിക്കപ്പെട്ട സ്വാതന്ത്ര്യം; ഭൗതികവാദം, നിരീശ്വരവാദം, കമ്മ്യൂണിസം, മതേതരത്വം എന്നിവയുടെ വർദ്ധിച്ച സ്വാധീനം ഇവയെല്ലാം അതിനു കാരണം ആണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാഴ്ചപ്പാടുകളെ ചിലയിടങ്ങളിൽ തെറ്റായി വ്യാഖ്യാനിച്ചു എന്നത് ശരിയാണ്.

ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സമർപ്പിതജീവിതത്തിലേക്കുള്ള വിളികൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ലാറ്റിൻ അമേരിക്ക ആഫ്രിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും ഇടയിൽ  ആണ് എന്ന് പറയാം. ആഫ്രിക്കയിൽ, പ്രത്യേകിച്ചും, മിഷനറിമാരുടെ സുവിശേഷവത്കരണം മൂലം പ്രാദേശികമായി സ്ഥാപിക്കപ്പെട്ട യുവ സഭകൾ കാണിക്കുന്ന ഊർജ്വസ്വലത വലിയ സെമിനാരികളുടെ തുടക്കത്തിനു കാരണം ആയി. സമർപ്പിതജീവിതത്തിലേക്കുള്ള പുരുഷന്മാരും സ്ത്രീകളും വർദ്ധിച്ചു എന്നാണു ഇത് സൂചിപ്പിക്കുന്നത്.  ആഫ്രിക്കയിലെ കുടുംബങ്ങളുടെ നല്ല ആരോഗ്യം ദൈവവിളിയുടെ വർധനവിന് പൊതു കാരണം ആയി കാണാവുന്നതാണ്.

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്: സമർപ്പിതജീവിതം പ്രാവചകത്വം നിറഞ്ഞതാണ്‌ എന്നും അത്  സമൂഹത്തിൽ ഇപ്പോഴത്തെ ജീവിത ശൈലികളെ വെല്ലുവിളിക്കുന്നു എന്നും അങ്ങ് എഴുതിയിരുന്നല്ലോ. പ്രവാചക സ്വഭാവം കാണിക്കുന്ന ചില ഉദാഹരണങ്ങൾ എന്തൊക്കെയാണ്?

കർദിനാൾ അരിൻസെ: സമർപ്പിതജീവിതം നിലവിലെ  സമൂഹത്തിന്റെ  ജീവിത ശൈലിയെ വെല്ലുവിളിക്കുന്നു:

ദൈവത്തിന്റെ അനുഗ്രഹത്താൽ നിയന്ത്രിതമായ ലൈംഗിക ജീവിതം സാധ്യമാണ് എന്നതിന് ഒരു തെളിവാണ് ബ്രഹ്മചര്യ ജീവിതം; അത് ലൈംഗിക നിരുത്തരവാദിത്വതെയും, വിവാഹത്തിലെ മൂല്യശോഷണത്തെയും, വിവാഹമോചന ആഭിമുഖ്യത്തെയും, വിവാഹം, കുടുംബം എന്നീ  ദൈവഹിതങ്ങൾക്കെതിരെയും ഉള്ള  മറ്റു പാപങ്ങൾ എന്നിവയെ എല്ലാം വെല്ലുവിളിക്കുന്നു.

പൊതുജീവിതത്തിലെ അഴിമതി, വസ്തുക്കളോടും പദാർഥങ്ങളോടും ഉള്ള ആസക്തി, മോഷണം, ആലസ്യം, ദരിദ്രരെ  മറക്കൽ, എന്നീ പാപങ്ങളെ ദാരിദ്ര്യ വ്രതം വെല്ലുവിളിക്കുന്നു.

അധികാര ദുർവിനിയോഗം, നിയമപരമായ അധികാരസ്ഥാനങ്ങളോട് കലഹിക്കുക, പൊതു സേവനം അനുഷ്ടിക്കുന്നവരിലെ സ്വാർഥത, കലാപം, യുദ്ധങ്ങൾ, എന്നിവ സംജാതമാക്കുക എന്നിങ്ങനെയുള്ള ആധുനികകാല ജീവിത ശൈലികളെ ആണ് അനുസരണം എന്ന വ്രതം വെല്ലുവിളിക്കുന്നത്.

ഈ മൂന്നു വ്രതങ്ങൾ ആധികാരികമായി  ജീവിക്കുന്ന സമർപ്പിത വ്യക്തി സമൂഹത്തിന് ഒരു പ്രവാചകന്റെ സന്ദേശം തീർച്ചയായും കൈമാറുന്നുണ്ട്.

കത്തോലിക്കാ വേൾഡ് റിപ്പോർട്ട്: സമർപ്പിത ജീവിതം നയിക്കുന്നവർ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്? അല്മായർക്കു എങ്ങനെ അവരെ സഹായിക്കാനും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും?

കർദിനാൾ അരിൻസെ: സമർപ്പിതർ  നേരിടുന്ന വെല്ലുവിളികൾ പലതുണ്ട്:

പ്രതിസന്ധികളിൽ തളരാതെയും വീഴാതെയും പിടിച്ചു നില്കാനുള്ള കഴിവ്, മറ്റുള്ളവരിൽ നിന്ന് ആവശ്യത്തിനുള്ള പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നില്ലെങ്കിലും വിളിയിൽ നിലനില്കുവാനുള്ള കഴിവ്; വ്രതങ്ങൾ ജീവിക്കുന്നതിലെ സുസ്ഥിരത; ലൗകായതികത്തിൽ നിന്നുള്ള വിടുതൽ; ലോക ജീവിതത്തിന്റെ മൂല്യങ്ങൾക്കെതിരെ ജീവിക്കുവാനുള്ള സന്നദ്ധത.

സമർപ്പിതരെ സഹായിക്കാനും  പ്രോത്സാഹിപ്പിക്കാനും സാധാരണക്കാർക്ക്  നിരവധി അവസരങ്ങൾ ഉണ്ട്: പ്രാർത്ഥന, ഉപദേശം, ബഹുമാനം, കർമ്മ പദ്ധതികളിൽ  ഒരുമിച്ചു പ്രവർത്തിക്കുക, സമർപ്പിതജീവിതത്തിലേക്കു തങ്ങളുടെ മക്കളെ അല്ലെങ്കിൽ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുക, സാന്പത്തിക സഹായവും  സംഭാവനകളും നല്കുക.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply