രണ്ടാം തരം ആളുകൾ

0

പ്രകൃതിയിലേക്ക് മടങ്ങൂ. അതിനെ ശ്രദ്ധിക്കു. അതിന്റെ സഹജ സ്വഭാവം മൌനം ആണല്ലോ. അതുപോലെ സുബോധമുള്ള മനുഷ്യനും സഹജമായിട്ടുള്ളതാണ് നിശബ്ദതയും മൌനവും. എന്നാൽ ഇന്നത്തെ തലമുറ ഹൈപ്പർ ആക്ടിവ് ആണ്. ഒരിടത്ത് ഇരിക്കാൻ പ്രയാസം. ഓട്ടവും, ബഹളവും, ശാഠ്യവും, തറുതലയുമായി വളരുന്നു. പ്രകൃതി വിരുദ്ധമായ ജീവിതവും ജീവിത സാഹചര്യങ്ങളും ആണ് അവയ്ക് പിന്നിൽ എന്ന് എത്ര പേർക്കറിയാം.

നിങ്ങൾ ഒരു ശബ്ദക്കാരൻ ആണെങ്കിൽ അതൊരു നല്ല അടയാളം അല്ല. അധികം ആളുകളും ശബ്ദം ഉണ്ടാക്കുന്നത്‌ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ആണ്. ഒരു സമ്മേളനം നടക്കുക ആണ് എങ്കിൽ കസേര ചലിപ്പിച്ചോ, പേന താഴെ വീഴ്തിയോ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കും. നിറകുടം തുളുന്പില്ല എന്ന് നാം കേട്ടിട്ടുണ്ട്. ശൂന്യമായ പാത്രം പോലെ ആണ് ബഹളക്കാർ. അവരുടെ വ്യർത്ഥ ഭാഷണത്തിൽ നിന്ന് അവരുടെ സ്വഭാവത്തെയും നിലപാടുകളെയും മനസിലാകാൻ കഴിയും. അവരുടെ യഥാർത്ഥ കുറവുകളെ മൂടി വച്ച് അവർ രണ്ടാം തരം ആളുകൾ ആണെന്ന് പ്രകടിപ്പിച്ചു കൊണ്ടിരിക്കും. അവർ മൌനത്തെ ഭയപ്പെടുന്നു.  മൌനപ്പെട്ടാൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം അറിയാതെ പുറത്തു ചാടും. അത് മറയ്കാൻ മറ്റു ആളുകളെയും സംഭവങ്ങളെയും പറ്റി വാചാലനാ(യാ)യി നല്ല മതിപ്പ് ഉണ്ടാക്കും. ഓർക്കുക മണിക്കൂറുകൾ നടത്തുന്ന വ്യർത്ഥ സംഭാഷണത്തെക്കാൾ ഏതാനും നിമിഷങ്ങളിലെ നിശബ്ദതയിൽ നിന്നും മൌനത്തിൽ നിന്നും ഒരാൾ എങ്ങനെ ഉള്ള ആളാണ്‌ എന്ന് വെളിപ്പെടുന്നു.

ശബ്ദ കോലാഹലങ്ങൾ

ശബ്ദകോലാഹലങ്ങൾ ഒരുവനെ വളരെ താഴ്ന്ന മാനസിക തലത്തിലേക്ക് പിടിച്ചു താഴ്തുന്നു. നമ്മിലെ സൂക്ഷ്മ ലോകത്തേക്ക് – സത്തയിലേക്കുള്ള പ്രവേശനം തടയുന്നു. അവിടെയാണ് സർഗ്ഗാത്മകവും തെളിച്ചവും ഉള്ള ചിന്തകളും ദർശനങ്ങളും ഉടലെടുക്കുന്നത്. അത് ബഹളക്കാർക്കു ഒരിക്കലും പ്രാപ്യം അല്ല.

ശബ്ദം ജീവന്റെ ഒരു പ്രദർശനം  മാത്രമേ ആകുന്നുള്ളൂ. ജീവിതത്തിന്റെ ഉന്നത തലങ്ങളെ ഒന്നും അത് സ്പർശിക്കുന്നില്ല. ചില യന്ത്രങ്ങൾ തകരാറിലാകാൻ തുടങ്ങുന്പോൾ തീ കത്തുകയും അപസ്വരങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അത് മനസിലാക്കി അതിന്റെ നിർമ്മാതാക്കൾ പലപ്പോഴും നിശബ്ദതാ ഘടകം – സൈലൻസർ – യന്ത്രത്തോടൊപ്പം ഘടിപ്പിക്കാറുണ്ട്. ശബ്ദത്തെക്കാളുപരി നിശബ്ദത ആണ് പ്രകൃതി നിയമം. നിശബ്ദത അങ്ങനെ പൂർണതയുടെ അടയാളം ആകുന്നു.

നമ്മുടെ ശരീരത്തിലും മനസിലും ഒക്കെ വേദന അനുഭവപ്പെടാറില്ലേ? അത് ഒരുതരം ശബ്ദമാണ്. ആ ശബ്ദം ഒരു മുന്നറിയിപ്പ് ആണ്. ഏതോ അവയവത്തിനു എന്തോ സംഭവിക്കുന്നു. ആരോഗ്യമുള്ള ശരീര അവയവങ്ങൾ ഇപ്പോഴും നിശബ്ദം ആണ്. ജീവിച്ചിരിക്കുന്നു എന്ന് അവ മൌനമായി പ്രകടിപ്പിക്കുന്നു. ആ മൌനം സൂചിപ്പിക്കുന്നത് എല്ലാം വളരെ നല്ല രീതിയിൽ പ്രവർത്തനനിരതം ആണ് എന്നാണു. ഏതെങ്കിലും പരുക്കൻ ശബ്ദങ്ങളോ മുരൾച്ചയോ കേൾക്കുന്നെങ്കിൽ സൂക്ഷിക്കണം. അതൊരു അസുഖത്തിനുള്ള മുന്നറിയിപ്പാകാം.

മൌനം പരിപൂർണ്ണതയുടെ ഭാഷ ആണ് എങ്കിൽ ശബ്ദം ക്രമരാഹിത്യത്തിന്റെയും തെറ്റുകളുടെയും ഭാഷ ആണ്. ശബ്ദം ജീവിതത്തെ അരാജകത്വത്തിലേക്കും അവ്യവസ്ഥിതിയിലേക്കും  നയിക്കുന്നു. ശബ്ദ ബഹളങ്ങളെ മെരുക്കി ഇണക്കിയെടുക്കേണ്ടതുണ്ട്.

മൌനവും ആയുസ്സും

കുട്ടികൾ ഒച്ച വക്കുന്നു. അത് അവരുടെ ഊർജ്ജത്തിന്റെ അതിപ്രസരം കൊണ്ടാണ്. നല്ല ആരോഗ്യം ഉള്ളത് കൊണ്ടുമാണ്. വൃദ്ധജനങ്ങൾ മൌനം ഇഷ്ടപെടുന്നു. കാരണം അവരുടെ ജീവശേഷി കുറഞ്ഞു വൈകയാണ്. ശബ്ദം അവരെ  ക്ഷീണിപ്പിക്കുന്നു. എങ്കിലും പ്രായമായവരിൽ എന്തോ ഒരു പരിണാമം സംഭവിക്കുന്നുണ്ട്. അവരിലെ അരൂപി മൌനത്തിലേക്ക്‌ പ്രവേശിക്കുവാൻ അവരെ നിർബന്ധിക്കുന്നു. കഴിഞ്ഞു പോയ ജീവിതങ്ങളെ, അനുഭവങ്ങളെ പുനരവലോകനം ചെയ്യാനും, വീണ്ടും പഠിപ്പിക്കാനും പ്രതിഫലിപ്പിക്കാനും അവർക്ക് മുന്തിയ മൌനം ആവശ്യമുണ്ട്. ഭൂതകാലത്തിലെ ഒരുപാട് കാര്യങ്ങളിൽ നിന്ന് സ്വയം വേർപെടേണ്ടതുണ്ട്. ജീവിതത്തെ കുറേകൂടി ലളിതം ആക്കാനും വിഘടിച്ചു കിടന്നിരുന്നവയെ സംയോജിപ്പിക്കാനും മൌനം അനുപേക്ഷണീയം ആണ്. മൌനത്തോടുള്ള ദാഹം ഒരു ആന്തരിക പ്രക്രിയ ആണ്. ജീവിത യാതാർത്ഥ്യങ്ങളെ ശരിയായി മനസിലാക്കുന്നതിനും വെളിച്ചത്തിലേക്ക് നയിക്കുന്നതിനുമായ പ്രക്രിയ ആണ് മൌനം.

വളരുന്തോറും എന്ത് ഘടകം ആണ് ഉൾകാഴ്ചകൾക്ക് സഹായമായി വർത്തിക്കുന്നത് എന്ന്  കൂടുതൽ വ്യക്തമായി കാണാൻ കഴിയും. ശബ്ദ ബഹളങ്ങൾ ജോലി ചെയ്യുന്നതിന് തടസം ആണ് എന്നും. ആന്തരികമായി അവരിൽ ചില പണികൾ നടത്താനുണ്ട്. ഇത് തിരിച്ചറിയുന്പോൾ ഒരുവൻ മൌനത്തെ തേടാൻ തുടങ്ങും. ഹൃദയത്തിനും മനസിനും ആത്മാവിനും അതിനുള്ള അവസരങ്ങൾ നല്കും.  മൌനം അവർക്ക് അസഹ്യമാകും. ധ്യാനം, പ്രാർത്ഥന, സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ മൌനഫലങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.

സി. മേരി ജെയിൻ

അദ്ധ്യാപനം, എഴുത്ത്, വചനപ്രഘോഷണം, മാദ്ധ്യമ ശുശ്രൂഷ, ഫെയ്ത് ഹീലിംഗ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന സിസ്റ്റർ മേരി ജെയിൻ സിസ്റ്റെഴ്സ് ഓഫ് ഡെസ്ടിട്യൂട്ട് എന്ന സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രോവിൻസിലെ അംഗം ആണ്. മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു, കെ.സി.ബി.സി യുടെ പ്രബന്ധ പുരസ്കാരങ്ങൾ, ഗുരുപൂജ അവാർഡു, ആത്മവിദ്യാ അവർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Loading Facebook Comments ...

Leave A Reply