കെടാവിളക്ക്

0

ദൈവത്തിന്റെ വാഗ്ദാന പേടകത്തിനരികെ കെടാതെ ജ്വലിക്കുന്ന വിളക്ക് ഇസ്രായേൽ ജനതയുടെ മദ്ധ്യേ ഉള്ള ദൈവ സാന്നിദ്ധ്യത്തിന്റെ അടയാളം ആയി പഴയ നിയമ പുസ്തക താളുകൾ വിവരിക്കുന്നു. “ദൈവത്തിന്റെ മുന്നിലെ ദീപം അണഞ്ഞിരുന്നില്ല” (1 സാമു 3.3). ക്രൈസ്തവ ദേവാലയങ്ങളിൽ ദൈവ സാന്നിദ്ധ്യം നിറഞ്ഞു നില്കുന്ന സക്രാരിക്ക് ചാരെ കത്തിയെരിയുന കെടാവിളക്കുകൾ നമുക്ക് സുപരിചിതം ആണ്.

പഴയ കാലങ്ങളിലെ കെടാവിളക്കുകൾ കൂടുതൽ അർത്ഥ സന്പുഷ്ടം ആയിരുന്നു എന്ന് തോന്നാറുണ്ട്. എണ്ണ നിറച്ച വിളക്കുകളിൽ എരിഞ്ഞു തീരുന്ന തിരിനാളം ആയിരുന്നു അന്ന് കെടാവിളക്കുകൾ. കാലഭേദം കെടാവിളക്കുകളുടെ രൂപഭാവങ്ങളെ മാറ്റിക്കളഞ്ഞു. ആധുനിക അൾത്താരകളിൽ വർണ്ണ ഭംഗിയും രൂപവൈവിദ്ധ്യവും ഉള്ള ഫാൻസി ലൈറ്റുകൾ കെടാവിളക്കുകളുടെ സ്ഥാനം കൈയ്യടക്കി. എങ്കിലും സാന്നിദ്ധ്യത്തിന്റെ അനുഭവം നല്കാൻ അവക്കും കഴിയുന്നുണ്ട്.

സമർപ്പിതർ സഭയുടെ കെടാവിളക്കുകൾ ആണ്. സ്വയം എരിഞ്ഞുതീർന്നു അനേകരുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന പ്രകാശ ദീപങ്ങൾ ആണ് സമർപ്പിതർ. ദൈവ സ്നേഹത്തിന്റെ അണയാത്ത ദീപങ്ങൾ ആയി സമർപ്പിതർ മാറണം എങ്കിൽ സാമു. 3:3 ൽ  പറയുന്ന പോലെ വാഗ്ദാന പേടകത്തിനരികെ കിടക്കുന്നവർ ആകണം.

ദൈവസ്വരം കേൾക്കുന്നവരുടെ എണ്ണം താരതമ്യേന കുറയുന്ന കാലഘട്ടം ആണ് ഇത്. തിക്കും തിരക്കും ബഹളങ്ങളും നിറഞ്ഞ ഉപഭോഗ സംസ്കാരത്തിന്റെ അലയൊലികൾ സന്യാസ ഭവനങ്ങളിലേക്കും ആഞ്ഞടിക്കാനുള്ള സാധ്യതകൾ ഏറി വരികയാണ്. നിശബ്ദതയിലെ ദൈവസാന്നിദ്ധ്യത്തിൽ ജീവിതത്തിന്റെ ഇടനേരങ്ങളെ ചെലവഴിക്കാൻ മനസ്സാകുന്നവർക്ക് ദൈവസ്വരം കേൾക്കാൻ ആവും.

പൂന്പൊടി ഏറ്റു കിടക്കുന്ന പാറയിയെ തഴുകി പോകുന്ന കാറ്റിനു സുഗന്ധം ആവാഹിക്കാതിരിക്കാൻ ആവില്ല. തിരുസഭ ആകുന്ന കൂടാരത്തിൽ ദൈവസാന്നിദ്ധ്യം തുളുന്പി നിൽക്കുന്ന അൾത്താരയോട് ചേർന്നു നിൽക്കുന്ന സമർപ്പിത ജീവിതങ്ങളിൽ നിന്ന് ദൈവികസാന്നിദ്ധ്യത്തിന്റെ പ്രകാശവും സൌരഭ്യവും ഉയരും എന്നത് തീർച്ച.

ഭരണങ്ങാനത്ത് ദീനമുറിക്കുള്ളിൽ കൊഴിഞ്ഞുപോയ ഒരു സഹനപുഷ്പം ഇന്ന് വിശുദ്ധിയുടെ സൌരഭ്യം ലോകമാകെ പ്രസരിപ്പിക്കുന്നതിനും നിരാശയുടെ തമസിൽ പെട്ട ആയിരങ്ങൾക്ക് പ്രതീക്ഷയുടെ പ്രകാശമായി നിലകൊള്ളുന്നതിനും കാരണം ഒന്നേ ഉള്ളൂ. അവൾ തിരുസഭയുടെ അൾത്താരയിലെ  കെടാവിളക്കായിരുന്നു, സമർപ്പിത ജീവിതത്തിലൂടെ.

ലോകത്തിന്റെ കാറ്റിൽ ഉലഞ്ഞ് അണഞ്ഞുപോയ ചില (അ)സമർപ്പിത വിളക്കുകളെ പർവതീകരിച്ച്, ‘സമർപ്പിത ജീവിതം ഇരുട്ടിലാണ്’ എന്ന് കൊട്ടിഘോഷിക്കുന്ന അന്ധരായ മനുഷ്യരെ കണ്ടു സമർപ്പിതരെ പാർശ്വ വത്കരിക്കുന്ന പ്രവണത ഗുണപരമല്ല. വിശ്വാസത്തിന്റെ എണ്ണയാൽ ജ്വലിക്കാത്ത വ്യക്തികളും കുടുംബങ്ങളും ഇത്തരം കുപ്രചരണങ്ങൾക്ക് തീയിടുന്നുണ്ട്.

സമർപ്പിത വിളക്കുകൾ ഇനിയും കെടാതെ ജ്വലിക്കണം എന്നുണ്ടെങ്കിൽ പൂർവികർ കൈമാറിത്തന്ന വിശ്വാസത്തിന്റെ എണ്ണ വറ്റിപ്പോകാതെ തലമുറകളിലേക്ക് കൈമാറുന്ന മാതാപിതാക്കൾ ഉണ്ടാവണം. വിശുദ്ധിയുടെയും പ്രാർഥനയുടെയും സൌരഭ്യം ഉയരുന്ന കുടുംബങ്ങൾ ഉണ്ടാവണം.

ഉള്ളിൽ ജ്വലിക്കുന്ന വിശ്വാസത്തിന്റെ ജ്വാലയുമായി സമർപ്പിത ഭവനത്തിന്റെ പടി കടന്നെത്തുന്ന ആരും സഭയിൽ മങ്ങിക്കത്തുന്ന കരിന്തിരിയോ അണഞ്ഞുപോയ വിളക്കോ ആയി മാറില്ല. സന്യാസ ഭവനങ്ങളിലെ പ്രാർഥനയുടെയും പരിത്യാഗത്തിന്റെയും എണ്ണ  നിറച്ചു കെടാതെ വിളങ്ങുന്ന പ്രകാശ ദീപങ്ങളായി അവർ പരിലസിക്കും.

സി. ജോസ്മിത എസ്. എം. എസ് .

സ്നേഹഗിരി മിഷനറി സമൂഹത്തിൽ അംഗമായ സി. ജോസ്മിത സന്യാസ വിഷയങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതുന്നു. ഇപ്പോൾ പാലാ പ്രൊവിൻസിന്റെ സെക്രെട്ടറി ആയി സേവനം അനുഷ്ടിക്കുന്നു.

Loading Facebook Comments ...

Leave A Reply