സമർപ്പിതന്റെ ശബ്ദ സപര്യ

0

സംഗീതം ആത്മീയതയുമായി ഇഴ ചേരുന്പോൾ ആലാപനം‌ മാത്രമല്ല ആരോഗ്യ പരിപാലനവും കൂടെ സാധ്യമെന്ന് എന്ന് ഫാ. പോള്‍ പുവത്തിങ്കൽ കർമ്മത്തിലൂടെ തെളിയിക്കുന്നു. പല കാരണങ്ങളാൽ ശബ്ദം നഷ്ടപ്പെട്ട ആളുകൾക്ക് ശബ്ദ തെറാപ്പിയിലൂടെ ശബ്ദം വീണ്ടെടുത്ത്‌ നല്കുന്ന സുന്ദര കർമ്മത്തിൽ വ്യാപൃതനാണ് സമർപ്പിത ജീവിതം സ്വീകരിച്ച ഈ വൈദികൻ. സീറോ മലബാർ  സഭയിലെ സി. എം. ഐ സന്യാസ സഭയിലെ അംഗം ആണ് ഫാ. പോള്‍ പുവത്തിങ്കൽ.

യാദൃശ്ചികമായി സംഗീത രംഗത്തേക്ക് കടന്നുവരുന്ന ഫാ. പോൾ  സന്യാസിക്കുവേണ്ട ആത്മീയത ഏറ്റവും കൂടുതലുള്ളത് സംഗീതത്തിലാണെന്ന് അഭിപ്രായപെടുന്നു. ഈ തിരിച്ചറിവാണ്  വൈദികനായശേഷം ഉപരിപഠനത്തിന് കര്‍ണ്ണാടക സംഗീതം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

Father Paul Poovathingal

അമേരിക്കന്‍ പഠനമാണ് ഫാദറെ ശബ്ദമില്ലാത്തവരുടെ ആശ്രയമാക്കി മാറ്റിയത്. പഠനത്തിനു ശേഷം നാട്ടിലെത്തിയ ഇദ്ദേഹം 2006ല്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോക്കോളജി സ്ഥാപിച്ചു. 2004ല്‍ സ്ഥാപിച്ച ചേതന സംഗീത് നാട്യ അക്കാദമിയുടെ ഭാഗമായിരുന്നു ഇത്. സംഗീതം പഠിക്കാനെത്തുന്നവരുടെ ശബ്ദം നന്നാക്കിയെടുത്തു നടത്തിയ പരീക്ഷണമാണ് ഈ അക്കാദമിയിലേക്കു വഴിതുറന്നത്.

അമേരിക്കയില്‍നിന്നും പഠിച്ചതിനു പുറമെ ഇപ്പോൾ ഇന്ത്യന്‍ രീതികള്‍ കൂടി ചേര്‍ക്കുകയും ചെയ്തു. പാശ്ചാത്യ വോക്കല്‍ സയന്‍സിന്റെ കൂടെ ഇന്ത്യന്‍ പ്രാണായാമം പോലുള്ളവകൂടി ചേര്‍ത്ത് ശബ്ദ ചികിത്സക്ക് ഒരു ഇന്ത്യന്‍ പാഠം തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. എല്ലാ ബുധനാഴ്ച്ചയും അക്കാദമിയില്‍ ശബ്ദചികിത്സ നടത്തുന്നുണ്ട്.

കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലമായി ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടിയ യൂവാവ് നിമിഷങ്ങള്‍ മാത്രമെ ഫാ. പോള്‍ പുവ്വത്തിങ്കലിന്റെ മുന്നിലിരുന്നുള്ളു. തൊണ്ടയിലെ പേശികളെ ഉദ്ദീപിപ്പിച്ച് പ്രശ്‌നം തീര്‍ത്തു. ശബ്ദം തിരിച്ചുവന്നപ്പോള്‍ ആ മുഖത്തു തെളിഞ്ഞ സന്തോഷം വിവരിക്കാനാവാത്തതാണ്. പെണ്‍ ശബ്ദം മൂലം വിവാഹങ്ങള്‍ മുടങ്ങുകയുംആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത യുവാവിന്റെ കഥയും ഇതുതന്നെ. ശബ്ദമില്ലാത്തതോ വികലമായതോ ആയ രണ്ടായിരത്തോളം പേര്‍ക്കാണ് ഫാ. പോള്‍ പൂവ്വത്തിങ്കല്‍ ശബ്ദം തിരിച്ചുകൊടുത്തത്.

ആണുങ്ങളുടെ പെണ്‍ ശബ്ദം മാറ്റാന്‍ കേവലം മൂന്നു മിനിറ്റു മതിയെന്നു ഫാദര്‍ തറപ്പിച്ചു പറയുന്നു. സ്വനപേടകത്തിലെ സ്ഥാനം മാറിക്കിടക്കുന്ന പേശികള്‍ യഥാര്‍ത്ഥ സ്ഥാനത്തേക്കു കൊണ്ടുവരികയും ഇവയെ ഉത്തേജിപ്പിക്കുകയും വായുബലം വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് ശബ്ദം വീണ്ടെടുക്കുന്നത്.ശബ്ദം നഷ്ടപ്പെട്ട് 10 വര്‍ഷത്തോളം കഷ്ടപ്പെടുകയും അധ്യാപക ജോലി രാജിവെക്കുകയും ചെയ്ത സ്ത്രീ ഫാദറിനു മുന്നിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദം വീണ്ടെടുത്തു.

ഒരാളിന്റെ ശബ്ദം ശരിപ്പെടുത്താന്‍ പരമാവധി ഒന്നരമണിക്കൂര്‍ മതിയെന്നാണ് ഫാ. പോള്‍ പുവ്വത്തിങ്കല്‍ പറയുന്നത്.

Father-Paul-Singing

സംഗീത നിപുണനായ ഫാ. പോള്‍പുവ്വത്തിങ്കല്‍ ഇതിനകം മുന്നൂറിലധികം കച്ചേരികള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ലഭിച്ച സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

പുവത്തിങ്കല്‍ പരേതനായ പൈലോതിന്റെയും മേരിയുടെയും മകനാണ്  ഫാ. പോള്‍.

കടപ്പാട്: കെ.കെ.ശ്രീരാജ്‌, മാതൃഭൂമി

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply