ആശ്രമമോ പ്രസ്ഥാനമോ?

0

അത് അവരുടെ ജീവിതചര്യ ആയിരുന്നു. മാസത്തിലൊരിക്കൽ കാട്ടിൽ നിന്നും നാട്ടിൽ  എത്തുക! നാടിന്റെ മനോഹരമായ കാഴ്ച കാണാനോ  പരിഷ്കാരത്തിന്റെ രുചി അറിയാനോ ഉള്ള യാത്ര ആയിരുന്നില്ല അത്. അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമായ യാത്ര ആയിരുന്നു. മലമടക്കുകൾ താണ്ടി, മഞ്ഞും തണുപ്പും വകവയ്കാതെ തായു ആമ്മ എന്ന ആദിവാസി സ്ത്രീ യാത്ര ചെയ്യുന്നത് മലയടിവാരത്തിൽ അവൾക്കുള്ള അമ്മയെ കാണാനായിട്ടാണ്. അവളുടെ “കന്യാസ്ത്രീ അമ്മ.” തന്റെ ജീവിതത്തിന്റെ പിന്നാന്പുറങ്ങളിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യാൻ… അതിലെ ഇരുണ്ട ഏടുകൾ ആ അമ്മക്ക് കാട്ടികൊടുക്കാൻ… അമ്മയുടെ ജ്ഞാനത്തിൽ നിന്ന് വീണു കിട്ടുന്ന മുത്തുകൾ പെറുക്കി കൂട്ടാൻ.

തന്റെ ഭർത്താവിന്റെ നിരന്തരമായ മദ്യപാനം, അതിനു ശേഷം വെളുക്കുവോളം തുടരുന്ന ശാരീരിക പീഡനം, ആണ്‍ മക്കളുടെ നെറികെട്ടുള്ള ജീവിതം, അത്താഴം മുടങ്ങാതിരിക്കാൻ അര മുറുക്കി ഉടുത്ത കഠിനാധ്വാനം. അയലത്തെ സീതയുടെയും ജാനുവിന്റെയും ദുഃഖങ്ങൾ, ജീവിതത്തിനു സ്വൈരമില്ലതെ വേശയും നീലിയും ആത്മഹത്യ ചെയ്തത്. കുറുന്പി ചാപിള്ളക്ക് ജന്മം കൊടുത്തത്… അങ്ങനെ ഉച്ചി മുതൽ ഉള്ളം കാലുവരെ മരവിപ്പിക്കുന്ന മനസിന്റെ നൊന്പരങ്ങൾ.

എല്ലാം ആ കന്യാസ്ത്രീ അമ്മയുടെ മുന്നിൽ ഇറക്കി വച്ച് അവരുടെ അനുഗൃഹീതമായ കരങ്ങൾ മെല്ലെ ശിരസ്സിൽ ചേർത്ത് വച്ച് കഴിയുന്പോൾ വല്ലാത്തൊരാശ്വാസം. പിന്നെ അമ്മ കൊടുക്കുന്ന ചോറും മോര് കാച്ചിയതും ചെറുമീൻ വറ്റിച്ചതും തൃപ്തിയായി കഴിക്കും. ഈ ലോകത്തിൽ ഇത്രമേൽ രുചി മറ്റൊരു ഭക്ഷണത്തിനും  ഇല്ല.

മടക്ക യാത്രക്ക് മുൻപ് രണ്ടു ചെറിയ പൊതികൾ തായു അമ്മയെ ഏൽപ്പിക്കുന്ന പതിവുണ്ട് സിസ്റ്ററിനു. ഒന്ന് ചില രോഗശമനികൾ, മറ്റൊന്ന് കുട്ടികൾക്ക് അല്പം മധുര പലഹാരം. അവ കൊടുത്തിട്ട് അമ്മ പറയും, “തായൂ, വിഷമിക്കണ്ട, എല്ലാം ശരിയാവും. ഒടേതന്പുരാൻ നിന്റെ കാര്യം എല്ലാം നോക്കികൊള്ളും. അമ്മയുടെ കരങ്ങളിൽ സ്നേഹപൂർവം ചുന്പിച്ചു തായു യാത്രയാവും. പടിയിറങ്ങുന്നതിനു മുൻപ് അവർ ഒന്ന് കൂടെ തിരിഞ്ഞു നോക്കും. അപ്പോഴേക്കും അമ്മ മഠത്തിന്റെ ചാപ്പലിലേക്ക്‌ നടന്നു തുടങ്ങിയിട്ടുണ്ടാകും.

ഇത് കുറച്ചു നാൾ മുന്പത്തെ കഥയാണ്. ഇത്തവണ തായു അമ്മ അടിവാരത്ത് എത്തിയപ്പോൾ കഥ ആകെ മാറിയിരിക്കുന്നു. സങ്കടം കേൾക്കുന്ന അമ്മയെ കാണാനില്ല. മരുന്ന് കൊടുത്തിരുന്ന ചെറിയ ആശുപത്രി വലിയ കെട്ടിടം പണിതു. സങ്കടം പറയണം എങ്കിൽ ചീട്ടു എടുക്കണം. 150 രൂപയും കൊടുക്കണം. മരുന്ന് കിട്ടണം എങ്കിൽ ചെറിയ പൊത്തിലൂടെ കൈ കടത്തി വാങ്ങണം. നേരിട്ട് ആരെയും കാണാൻ പറ്റില്ല. മറയുടെ പിറകിൽ നിന്ന് അശരീരികൾ കേൾക്കാം. തന്റെ പൊക്ക കുറവും ഒരു പ്രശ്നം ആണ്. തന്റെ കന്യാസ്ത്രീ അമ്മയെ പറ്റി ചോദിച്ചപ്പോൾ…. തായു  അമ്മ നെടുവീർപ്പിട്ടു.

കൊച്ചു ഡിസ്പെൻസറികൾ വലിയ ആശുപത്രികൾ ആക്കി വളർത്തണം എന്നത് കഴിഞ്ഞ പ്രൊവിൻഷ്യൽ സമ്മേളനത്തിന്റെ തീരുമാനം ആയിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റികളോട് കിട പിടിച്ചേ മതിയാവൂ.

ആശ്രമം എങ്ങനെ സ്ഥാപനം ആയി മാറി എന്നതു  ഈ സമർപ്പിത വർഷം നമ്മുടെ മുന്നിൽ  തെളിയേണ്ട ചോദ്യമാണ്! സ്ഥാപനങ്ങളെ എങ്ങനെ ആശ്രമം ആക്കി മാറ്റാം എന്നതാവണം നമ്മുടെ മനോമുകുരത്തിൽ ഉയരേണ്ട സർഗ്ഗാത്മക ചിന്ത.

ആശ്രമത്തിന്റെ ചൈതന്യം അഹം വെടിഞ്ഞ മനുഷ്യരുടെ കൂട്ടായ്മ എന്നതാണ്. അത്തരക്കാരുടെ അകവും പുറവും പെരുമാറ്റത്തിന്റെ പൊരുളും തനിമയും നൈർമ്മല്യവും ഉള്ളതായിരിക്കും. അവർ കെട്ടിപ്പടുക്കുന്ന മൂല്യ കുടീരങ്ങൾ ആണ് ആശ്രമങ്ങൾ. അവിടെ സ്വാർഥതയുടെയും ലാഭേച്ഛയുടെയും ഗോപുരങ്ങൾ എഴുന്നു നിൽക്കില്ല. ദൈവം അല്ലാതെ ആകർഷണീയം ആയി അവിടെ മറ്റൊന്നും ഇല്ല. ദൈവ സ്തുതിയുടെ മണി നാദം അവിടെ സദാ മുഴങ്ങുന്നു. ദൈവികർ ആണ് അതിനുള്ളിൽ വസിക്കുന്നത് എന്ന് സദ്‌ഹൃദയർ പറയും.

കാലം തീർത്ത തുലാസിന്റെ ഒരുതട്ടിൽ കയറ്റി നിറുത്തി ആർക്കൊക്കെയോ വിലയിടാനുള്ള ഉല്പന്നം അല്ല സമർപിതർ. യോജ്യമല്ലാത്ത മുഴക്കോലുകൾ കൊണ്ട് അളക്കപ്പെടേണ്ടവരും അല്ല അവർ.

മറ്റുള്ളവരാൽ പുകഴ്തപ്പെടാൻ വേണ്ടി 2015 എന്ന സമർപ്പിത വർഷം സമർപ്പിതർ സമ്മേളനങ്ങൾ സംഘടിപ്പിക്കുക അല്ല വേണ്ടത്. മറിച്ചു ആത്മവിമർശനത്തിനു വിധേയരായി സ്വയം ശുദ്ധി ചെയ്യപ്പെടുകയും വിശകലനത്തിന്റെ വഴിത്താരയിൽ മനസ്സിൽ ഉരുത്തിരിയുന്ന നിർണ്ണയങ്ങളാൽ പരാപര ബന്ധങ്ങളെ അർത്ഥപൂർണ്ണമായി ഊട്ടി ഉറപ്പിക്കുകയും ചെയ്യാനുള്ള അവസരമായി ഇതിനെ ഉയർത്തുകയും വേണം.

പ്രാർഥനക്കും പരിചിന്തനത്തിനും പരിവർത്തനത്തിനുമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച സമർപ്പിത വർഷത്തെ നന്ദിയോടെ ഏറ്റുവാങ്ങുന്പോൾ സമർപ്പിത ജീവിതത്തിന്റെ സമസ്ത ഏടുകളും, സന്യാസ ഭവനങ്ങളുടെ മുക്കും മൂലയും വരെ ആത്മശോധനക്ക് വിധേയമാക്കപ്പെടണം. വ്യക്തിപരമായും സമൂഹപരമായും നവീകരിക്കപ്പെടുകയും സന്യാസത്തിന്റെ കാണാപ്പുറങ്ങളെ കണ്ടെടുക്കാനുള്ള ശ്രമം ഉണ്ടാവുകയും വേണം.

വിമർശനം വേദനയും മുറിവേൽകലും ആണ്. എന്നാൽ ആത്മവിമർശനം ഓർമ്മകളുടെ തിരുത്തലും നവീകരണവും ആണ്. അവ നമുക്ക് നല്കുന്ന കാഴ്ച്ചകൾ ജീവിതത്തിന്റെ വസന്ത കാലത്തെ പറ്റിയുള്ള ഹർഷിതമായ ഓർമ്മകൾ ആവാം. അത് നമ്മെ കേൾപ്പിക്കുന്നത് മഞ്ഞുകാലത്തിന്റെ വിവശതയോടെ പിടിച്ചു നില്കാനുള്ള തത്രപ്പാടിൽ കൈമോശം വന്നു പോയ തായു അമ്മമാരുടെ തേങ്ങലുകൾ ആവാം.
ജീവിതത്തിന്റെ പച്ചപ്പ്‌ ഇന്നും നമ്മിൽ നിലനിർത്തുന്നത് ദൈവ സ്നേഹത്തിന്റെ ചൂടിൽ ആശ്രയിച്ചു മഞ്ഞുകാലത്ത് വസന്തം തീർക്കുകയും ആ വസന്തത്തിന്റെ സമൃദ്ധിയിൽ ഒന്നും അല്ലാത്തവരും ഒന്നുമില്ലാത്തവരും ആയ സാധാരണ മനുഷ്യരുടെ വിശപ്പടക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതല്ലേ?. ഈ സംതൃപ്തിയുടെ ഓർമ്മകളാവണം വർഷാവസാനത്തിൽ നമ്മിൽ  പച്ച കെടാതെ  നിൽക്കേണ്ടത്.

യേശുവിനെ അടുത്തനുകരിക്കുന്ന സമർപ്പിതരുടെ പരമ പ്രധാന ദൌത്യം ദൈവത്തിന്റെ കൈയ്യാളുകളായി വർത്തിക്കുകയും അവിടുത്തെ പാവപ്പെട്ടവരുടെ മേൽ ദൃഷ്ടി പതിപ്പിക്കുകയും അവരുടെ ആത്മീയവും ഭൗതികവും ആയ ഉത്കർഷത്തിനായി സ്വയം ത്യജിച്ചു, സ്വയം വിറ്റു മറ്റുള്ളവർക്ക് വീതിച്ചു നല്കുകയും ചെയ്യുന്നതല്ലേ?

വേദപുസ്തക ദർശനങ്ങളിലെ കൂദാശ ഉപരിപ്ലവമായ അനുഷ്ടാനങ്ങൾക്കെല്ലാം ഉപരിയാണ്. അത് മുറിവേൽക്കപ്പെട്ടവരെ പരിചരിക്കുന്പോൾ, ദുഖിതരെ ആശ്വസിപ്പിക്കുന്പോൾ, ദാഹിക്കുന്നവർക്കും, വിശക്കുന്നവർക്കും, നഗ്നർക്കും തടവുകാർക്കും ഒക്കെ എല്ലാം ആയി മാറുന്പോൾ സാക്ഷാത്കരിക്കപ്പെടുന്ന ക്രിസ്തു ദർശനത്തിന്റെ സനാതന കൂദാശ ആണ്.

ശുശ്രൂഷാ പൌരോഹിത്യം പേറുന്നവരും രാജകീയ പൌരോഹിത്യത്തിൽ പങ്കാളികൾ ആയവരും വേർതിരിവില്ലാതെ അനുഷ്ടിക്കേണ്ട കൂദാശ ആണ് ദീനനുകന്പയും, ആതുര സേവനവും. അതിനാൽ തന്നെ സമർപ്പിതർ പരികർമ്മം ചെയ്യേണ്ട സ്വർഗരാജ്യ പ്രവേശനത്തിനുള്ള കൂദാശ പാവപ്പെട്ടവർ തന്നെ ആണ്. പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്‌ടിച്ച ദൈവത്തിനു സമർപ്പിതരുടെ ശുശ്രൂഷകൾ ആവശ്യമില്ല; മറിച്ചു തന്റെ സൃഷ്ടിയായ മനുഷ്യനും പ്രപഞ്ചത്തിനും ആത്യന്തികമായ ക്ഷേമം വരുത്തുക എന്നതാണ് വലിയ കൂദാശ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സ്രഷ്ടാവായ ദൈവത്തിൽ നിന്ന് പ്രകാശം സ്വീകരിച്ചു വേണം നാം ഇത്തരം സൽപ്രവർത്തികളിൽ ഏർപ്പെടാൻ.

കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ഉള്ള ചൈനയിലെ ഒരു ദ്വീപിൽ അന്തേവാസികൾ ആയി കഴിയുന്ന കുഷ്ടരോഗികളെ ശുശ്രൂഷിക്കുന്ന മലയാളികളായ 5 സന്യസ്തരെ അറിയാം. രോഗികൾക്കായി തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് അവർക്കും. പുറം ലോകവുമായി ബന്ധപ്പെടാൻ ഫോണോ ടെലിവിഷനോ ഇല്ല. അഞ്ചു വർഷം കൂടുന്പോൾ സ്വന്ത ബന്ധങ്ങളെ സന്ദർശിക്കാൻ നാട്ടിലേക്ക് വരാം. അപ്പോഴൊക്കെയും സന്ദർശനം പൂർത്തിയാക്കി വിരൂപരും, വിരൽ അറ്റവരും ആയ ആ അനാഥരുടെ അടുത്തേക്ക് മടങ്ങാൻ ആണ് അവർക്ക് തിടുക്കം. കമ്മ്യൂണിസ്റ്റു ഗവണ്മെന്റിനു ക്രിസ്തു സമർപ്പിതരെ വേണം, ക്രിസ്തുവിനെ വേണ്ട. കൈതവമല്ലാത്ത  ശുശ്രൂഷ സമർപ്പിതരിൽ നിന്നേ ലഭ്യമാവൂ എന്ന് അവർക്കറിയാം.

പ്രേഷിത വേലയിലൂടെ ക്രിസ്തുവിന്റെ മുഖം പ്രകാശിപ്പിക്കുക എന്നതാണ് സമർപ്പിതരുടെ അപ്പസ്തോലിക ദൌത്യം എന്ന് സഭ ഒർപ്പിക്കുന്നു. വിശ്വാസികളും, അവിശ്വാസികളും ക്രിസ്തുവിനെ ദർശിക്കത്തക്ക രീതിയിൽ സന്യാസികൾ ജീവിക്കണം എന്ന് പറയുന്പോൾ സന്യാസത്തിന്റെ കൌദാശിക സ്വഭാവം വെളിപ്പെടുന്നു. അതായത്, അദൃശ്യനായ ദൈവത്തെ വെളിപ്പെടുത്തുന്ന ദൃശ്യമായ അടയാളങ്ങൾ ആണ് സമർപ്പിതർ.

എന്നാൽ സന്യസ്ഥ ധിഷണ പ്രകടിപ്പിക്കാത്തവരും  ക്രിസ്തുവിന്റെ മുഖം പ്രകാശിപ്പിക്കാത്തവരുമായ സമർപ്പിതർ തങ്ങൾക്ക് വേണ്ടിത്തന്നെ ജീവിക്കുകയും അഹത്തെ സന്പന്നമാക്കുകയും ചെയ്യുന്ന സ്വയം ത്യജിക്കാത്തവരുടെ കൂട്ടായ്മയായി തീരുന്നു. അത്തരം നാമമാത്ര സന്യസ്തരും അവരുടെ ചെയ്തികളും സാധാരണക്കാർക്ക് ഇടർച്ച നല്കുന്നു എന്ന് ‘സമർപ്പിത ജീവിതം’ എന്ന പ്രമാണരേഖയിൽ ജോണ്‍ പോൾ രണ്ടാമൻ പാപ്പ ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ സമർപ്പിത വർഷത്തിന്റെ കാതലായി നില്കേണ്ടത് പ്രകാശപൂരിതമായ ക്രിസ്തുവിന്റെ മുഖം ആവണം. ആ തേജോമയ മുഖത്തെ പ്രകാശ കിരണങ്ങളാൽ ഉജ്ജ്വലമാക്കപെട്ട സമർപ്പിതന്റെ കാഴ്ചയുടെ സ്പഷ്ടതയും, സമഗ്രതയും വീണ്ടെടുക്കുക എന്നതാവട്ടെ സമർപ്പിത വർഷത്തെ നമ്മുടെ നിശ്ചയം.

കാശ്മീർ താഴ്‌വര ചേതോഹരം ആണ് എങ്കിലും അവിടെ അടിക്കടി ഉണ്ടാവുന്ന സ്ഫോടനങ്ങൾ ഭാരതത്തിലാകെ നടമാടുന്ന മത വൈരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതിഫലനം ആണ്. അത്തരം ഇടങ്ങളിൽ പോലും വിദ്യാഭ്യാസത്തിന്റെയും ആതുര സേവനത്തിന്റെയും ശുശ്രൂഷയുമായി കടന്നു ചെല്ലാൻ ക്രൈസ്തവ സന്യസ്തർക്കു മടിയില്ല. സ്വയം നശിക്കുകയും അപരനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് പകരമായി സ്വയം ത്യജിച്ചു അപരർക്കു ജീവനായി മാറുന്ന ക്ഷേമദായകമായ ജീവിത ശൈലി സമർപ്പിതർ പിന്തുടരുന്നു. ജാതി മത ചിന്തകൾക്ക് അതീതമായി മാനവികതയെ മൌലികമായി കാണുന്ന യേശു സാഹോദര്യവും അവന്റെ രാജ്യത്തിലുള്ള നിതാന്തമായ പ്രത്യാശയും ആണ് സമർപ്പിത ജീവിതത്തിന്റെ കാതലും സമഗ്രതയും.

ക്രിസ്തുവിന്റെ സഭ സന്പന്നരുടെ മാത്രം സഭ അല്ല; മറിച്ചു ഹൃദയത്തിൽ വേദനകളും വ്യഥകളും പേറുന്ന, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിൽ തട്ടിവീഴുകയും തപ്പിത്തടഞ്ഞു എഴുന്നേൽക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെയും, കുറ്റവും കുറവും ഉള്ളവന്റെയും, ബലഹീനന്റെയും നിസ്സഹായന്റെയും സഭ കൂടി ആണത്. അത്തരം പാർശ്വവത്കരിക്കപെട്ട മക്കളുടെ ഇടയിലേക്ക് ഭയലേശമെന്ന്യേ ഇറങ്ങി ചെല്ലാൻ ഫ്രാൻസിസ് പാപ്പാ സമർപ്പിതരെ ക്ഷണിക്കുന്നു.

സമർപ്പിത വർഷം പ്രഖ്യാപിക്കപ്പെട്ടു എന്ന് ലോകം അറിയാൻ നാം അച്ചടിച്ചിറക്കിയ കലണ്ടറുകളും പോസ്റ്ററുകളും ഫലശൂന്യം ആണ്. പലയിടങ്ങളിലും അവ ചവറ്റു കുട്ടയിലേക്ക് തള്ളപ്പെട്ടു. ചർവിത ചർവണം ചെയ്യുന്ന ചർച്ചകളും, സെമിനാറുകളും, സമർപ്പിതരുടെ ജീവിതത്തെയും അർപ്പണത്തെയും ഗുണപരമായി മെച്ചപ്പെടുത്തും എന്ന് കരുതാമോ?

ആശ്രമങ്ങളുടെ വാതായനങ്ങൾ തുറക്കേണ്ടത് ആശ്രമവാസികൾക്ക് സ്വച്ഛമായി ശ്വസിക്കുവാനുള്ള ശുദ്ധ വായുവിനായി മാത്രം അല്ല, മറിച്ചു അതിന്റെ  ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കുന്പോൾ നിരാശരും നിരാലന്പരുമായ മനുഷ്യരെ കാണാൻ വേണ്ടി ആവണം.

ആശ്രമ വാതിൽക്കൽ പുറത്തുള്ളവർ മുട്ടട്ടെ, അപ്പോൾ അവരുടെ ആവശ്യം നിറവേറ്റാൻ ഞാൻ വാതിൽ തുറക്കാം എന്ന മനോഭാവം സമർപ്പിത ചൈതന്യത്തിനു നിരക്കാത്തതാണ്. നമ്മുടെ സമർപ്പിത ഭവനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാണോ? നമ്മുടെ ജീവിതശൈലികളും, പടുകൂറ്റൻ കെട്ടിടങ്ങളും ഭയവും സങ്കോചവും ഇല്ലാതെ സാധാരണക്കാർക്ക് കടന്നുവരാൻ തക്കവിധം ലളിതം ആണോ?

ചുരുക്കത്തിൽ, ലോകത്തിനു  മുന്നിൽ സമർപ്പിത ജീവിതത്തെ കുറിച്ച് മതിപ്പുള്ള ചിത്രം പ്രദർശിപ്പിക്കുന്നതിനെക്കാളും, ഏതാനും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഉപരി സ്വയം നവീകരിക്കുവാനും നിർണ്ണയങ്ങൾ എടുക്കുവാനും ഉള്ള അവസരം ആയി സമർപ്പിത വർഷത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അപ്രായോഗികവും ആദർശപരവും ആയ ചിന്തകൾ വെടിഞ്ഞു ക്രിസ്തു ചൈതന്യം വെളിവാക്കുന്ന സന്യാസ ശൈലിയിലേക്കും, ലാളിത്യം ഉള്ള സന്യാസ ഭവനങ്ങളിലേക്കും ഉള്ള തിരിച്ചു വരവ് ആണ് സമർപ്പിത വർഷത്തിന്റെ കാതൽ ആയി കാണേണ്ടത്.

(സത്യദീപം വാരികയിൽ പ്രസിദ്ധീകൃതമായ ലേഖനത്തിന്റെ പരിഷ്കരിച്ച പതിപ്പ്)

സി. ജിനു എം.എസ്. ജെ.
Loading Facebook Comments ...

Leave A Reply