എല്ലാവരുടെയും വീട്

0

പറയുന്നത് ചെയ്യുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ആളുകൾ  കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇത്. പറയുന്നത് പോലെ തന്നെ ജീവിക്കുന്ന ഒരു അവിസ്മരണീയ വ്യക്തിത്വം ആണ് ഫ്രാൻസിസ് പാപ്പായുടേത്.

വത്തിക്കാൻ മുസിയത്തിലെ സിസ്റ്റയിൻ ചാപ്പൽ സന്ദർശിക്കുവാൻ എത്തിയ ഭവന രഹിതർ ആയ 150-ഓളം ആളുകളുടെ മുന്നിലേക്ക്‌ അപ്രതീക്ഷിതമായി കടന്നു വന്നു ഫ്രാൻസിസ് മാർപാപ്പ അവരെ ആശ്ചര്യഭരിതർ ആക്കി.

സിസ്റ്റയിൻ ചാപ്പലിന്റെ പടി കടന്നു പാപ്പ വരുന്നത് അവിശ്വസനീയമായി അവർക്ക് അനുഭവപ്പെട്ടു. “ഈ സന്ദർശനം നിങ്ങൾക്കുള്ള സാന്ത്വനം ആണ്. കാരണം ഇത് എല്ലാവരുടെയും വീട് ആണ്” മാർപ്പാപ്പ അവരോടു പറഞ്ഞു.

എല്ലാവരെയും വ്യക്തിപരമായി കാണുകയും സംസാരിക്കുകയും ചെയ്തത് തികച്ചും ആകസ്മിക അനുഭവമായി സന്ദർശകർക്ക്. വളരെ ഹ്രസ്വവും വൈകാരികവും ആയിരുന്നു ആ കൂടികാഴ്ച. “ഇത് നിങ്ങളുടെയും വീട് ആണ്, ഇത് എല്ലാവർക്കുമായി എപ്പോഴും തുറന്നിട്ടിരിക്കുന്നു” എന്ന് മാർപാപ്പ പറഞ്ഞത് അവിശ്വസനീയമായി അവർ കേട്ട് നിന്നു.

മൂന്നു വർഷം മുന്പു ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചു വീടും കുടുംബവും നഷ്ടപെട്ട കാർല എന്ന സ്ത്രീ, അവർ തെരുവിലായ കഥ വിവരിച്ചു. റോമിന് പുറത്തുള്ള ഒരു ഫ്രാൻസിസ്കൻ കോണ്‍വെന്റ് അവൾക്കു അഭയം നൽകിയത് ഒരുപാടു വേദനയും കഷ്ടപ്പാടും മറികടക്കാൻ വളരെ ഉപകാരപ്രദമായി എന്ന് അവർ  നന്ദിയോടെ അനുസ്മരിച്ചു.

വത്തിക്കാൻ മുസിയത്തിലെ ചായക്കടയിൽ ഒരുക്കിയിരുന്ന അത്താഴവും കഴിച്ചാണ് അതിഥികൾ മടങ്ങിയത്.

“എനിക്ക് നിങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന വേണം” എന്ന് അഭ്യർത്ഥിച്ച പാപ്പാ “നിങ്ങളുടെ ജീവിതയാത്രയിൽ കർത്താവായ ദൈവം നിങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും പിതൃസഹജമായ സ്നേഹം അനുഭവവേദ്യമാക്കുകയും ചെയ്യട്ടെ” എന്നു പറഞ്ഞു അവരെ അനുഗ്രഹിച്ചു.

വിവിധ പ്രസംഗങ്ങളിലും എഴുത്തുകളിലും പാപ്പാ വളരെയേറെ ആഹ്വാനങ്ങളും ഉപദേശങ്ങളും നല്കിയിട്ടുണ്ട്. സഭാമക്കൾ പ്രാവർത്തികമാകാൻ വേണ്ടിയാണ് അവയെല്ലാം. എന്നാൽ മാർപാപ്പ തന്നെ ഇവ ചെയ്തു കാണിച്ചു തരുന്പോൾ അവ എല്ലാ സമർപ്പിതർക്കും ഒരു പ്രചോദനം ആകേണ്ടതാണ്. നമ്മുടെ ഭവനങ്ങളിൽ ഭവന രഹിതർ ആയ ആളുകളെ സ്വാഗതം ചെയ്യാം. പീഡിതരുടെ വേദനയും കഷ്ടപ്പാടും സമർപ്പിതർ അറിയുന്നില്ലെങ്കിൽ ക്രൂശിതനായ യേശുവിനെ നാം അറിയുന്നുണ്ടോ എന്നു സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ അവശേഷിക്കുന്ന ചോദ്യം ഇതാണ്: ആർക്കുവേണ്ടിയാണ് നാം സമർപ്പിതർ ആയത്?

ചിത്രം കടപ്പാട്: റോയിട്ടേഴ്സ്

സി. രഞ്ജന തോമസ്‌

പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ കലാശാലയിൽ നിന്നു സാമൂഹ്യ സന്പർക്ക മാധ്യമങ്ങളിൽ ബിരുദം സന്പാദിച്ചിട്ടുള്ള സിസ്റർ രഞ്ജന തോമസ്‌ ഒരു ഊർസുലൈൻ സമർപ്പിത ആണ്. മാധ്യമ ശുശ്രൂഷ നിർവഹിക്കുന്നതോടൊപ്പം ആശയവിനിമയം, സന്പർക്ക മാധ്യമങ്ങൾ, മാധ്യമ സാക്ഷരത എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുകയും ചെയ്യുന്നു.

Loading Facebook Comments ...

Leave A Reply