എന്റെ ഓർമ്മക്കായി ചെയ്യുവിൻ

0

വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം 26:14-30

പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതു വെള്ളി നാണയങ്ങള്‍ വാഗ്ദാനം ചെയ്തു. അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചു കൊണ്ടിരുന്നു.

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്‍മാര്‍ ഈശോയുടെ അടുത്തു വന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണം എന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്‍മാരോടു കൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും. ഈശോ നിര്‍ദേശിച്ചതുപോലെ ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കി.

വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്‍മാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ അതീവ ദുഃഖിതരായി; കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി.

അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍ കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രന്‍, എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു! അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്പോള്‍ ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്‍മാര്‍ക്കു കൊടുത്തു കൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടന്പടിയുടേതുമായ എന്റെ രക്തമാണ്.

ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്‌തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply