പാറളത്തിന്റെ ഇതിഹാസം

0

സന്യാസിയുടെ കാഴ്ചകളും ദൃശ്യ ലോകവും എങ്ങനെയിരിക്കും? സാധാരണക്കാർ സന്യാസികളെ കുറിച്ച് കൌതുകത്തോടെ ഉന്നയിക്കാവുന്ന ചോദ്യം.

സന്യാസ മഠത്തിന്റെ വാതായനങ്ങളിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികൾ  നിഴലും വെളിച്ചവും ഇടകലർത്തി വരയ്കുന്ന മനോഹര ചിത്രങ്ങൾ വീണ ഇടനാഴികളിലൂടെ കയ്യിൽ ജപമാലയും അധരങ്ങളിൽ സുകൃത ജപങ്ങളുമായി ധ്യാനാത്മകം നടന്നു നീങ്ങുന്ന സന്യാസിയുടെ മനസ് പ്രകാശിതമായ അനേകം കാഴ്ചകളുടെ വെള്ളിത്തിര ആണ്.

ആ കാഴ്ചകളിൽ മിഴിവാർന്നു വരുന്നത് സാധാരണക്കാരും, ദരിദ്രരും, വിശക്കുന്നവരും ഒക്കെ ആയതിനാൽ രഞ്ചിത്ത്  അച്ചൻ ദൈവത്തിന്റെ ദരിദ്രൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസിന്റെ സേവന പാത ജീവിത ചര്യ ആയി തിരഞ്ഞെടുത്തു. 71 തികഞ്ഞ ഈ  കപ്പൂച്ചിൻ സന്യാസി പാറളം പഞ്ചായത്തിലെ വെങ്ങിണിശേരി, ഗാന്ധി നഗറിലുള്ള ലക്ഷം വീടു കോളനിയി‌‌ല്‍ തദ്ദേശവാസികളുടെ ഒരു വീട്ടില്‍ താമസിച്ചു ശുശ്രൂഷ നടത്തുന്നു. സന്യാസജീവിതം ആശ്രമ ഭിത്തികൾക്കുള്ളിലോ സന്യാസക്കുപ്പായത്തിനുള്ളിലോ തളച്ചിടാനുള്ളതല്ല, മറിച്ചു ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരുടെ കണ്ണീർ ഒപ്പുവാനും സമൂഹത്തിലെ അപചയങ്ങളുടെ മൂലകാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യാനുള്ള ആത്മീയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും ഉള്ളതാണ് എന്ന തിരിച്ചറിവ് രഞ്ചിത്ത് അച്ചന്റെ കർമ്മപാതയിലെ ദർശനം ആണ്.

Damian of Molokoi2
മുൻനിരയിൽ മധ്യത്തിൽ നിഷ്പാദുകനായി ഇരിക്കുന്നത് രഞ്ചിത്ത് അച്ചൻ. ശ്രേഷ്ഠ മെത്രപൊലിത്ത മാർ ജോർജ്ജ് ആലഞ്ചേരി സമീപം.

താൻ തിരഞ്ഞെടുത്ത സന്യസ്ഥ ജീവിതം എക്കാലവും തനിക്കു പൂർണ്ണ സന്തോഷം നല്കിയിരുന്നു എന്ന് അച്ചൻ സാക്ഷ്യപെടുത്തുന്നു. വിശേഷിച്ചു ലക്ഷം വീട് കോളനിയിലെ ഇപ്പോഴത്തെ ജീവിതം.

സേവനം ആണ് പരമമായ കർമ്മ മേഖല ആയി രഞ്ചിത്ത് അച്ചൻ കരുതുന്നതു എങ്കിലും ഈ സന്യാസിയെ വേറിട്ട്‌ നിറുത്തുന്നത് ശബ്ദത്തോടും ദൃശ്യങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ ആത്മബന്ധം ആണ്. സൂര്യനെ സഹോദരനും ചന്ദ്രനെ സഹോദരിയും പ്രകൃതിയിലെ ജീവജാലങ്ങളെ സഹജീവികളായും കരുതാൻ സാധിച്ച വി. ഫ്രാൻസിസിന്റെ ‘മിസ്റ്റികൽ’ മനസ് രഞ്ചിത്ത് അച്ചനും കരഗതം ആയിട്ടുണ്ട്! ശബ്ദത്തിലെയും ദൃശ്യങ്ങളിലെയും താളാത്മകത അച്ചന്റെ നടപ്പിലും, ഇരുപ്പിലും, ശ്വാസത്തിലും ഉണ്ട്.

താളബദ്ധമായ  മനസും ജീവിതവും നല്കി അനുഗ്രഹിച്ച സർവേശ്വരനു അച്ചൻ നന്ദി അർപ്പിച്ചത് സംഗീതത്തിലൂടെ ആണ്. പതിനഞ്ചു വർഷത്തിൽ ഏറെ ആയി കേരള സമൂഹം ദൈവസമക്ഷം ഏറ്റുപാടുന്ന “നന്ദി ദൈവമേ, നന്ദി ദൈവമേ, നിത്യവും നിത്യവും നന്ദി ദൈവമേ” എന്ന കൃതജ്ഞതാ ഗീതം രചിച്ചതും ചിട്ടപ്പെടുത്തിയതും രഞ്ചിത്തചൻ ആണ്. ആ ഗീതത്തിലുള്ള ലാളിത്യവും ആത്മീയതയും അച്ചന്റെ ജീവിതത്തിലും ദൃശ്യം.

നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം നല്കുകയും ചെയ്ത അച്ചൻ മലയാളികളെ സംഗീതത്തിലൂടെ പ്രാർഥിക്കാൻ പഠിപ്പിച്ചു. 21 കസ്സെറ്റുകളിലായി അവ റെക്കോർഡു ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മീയ സംഗീതം  കച്ചവടമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രഞ്ചിത്തചന്റെ ഗീതങ്ങൾ ചുവർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും മലയാളിയുടെ അധരങ്ങളിൽ സ്തുതിയുടെ കീർത്തനങ്ങൾ ഉതിർത്തു സജീവം ആയി നില്കും.

Damian of Molokoi3കാഴ്ചകളുടെ ലോകത്ത് അഭിമാനാർഹമായ 24 ടെലി ഫിലിമുകൾ  ചെയ്തിട്ടുള്ള രഞ്ചിത്ത് അച്ചൻ  ഇപ്പോൾ മറ്റൊരു വലിയ സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടിരിക്കുകയാണ് . മോളോക്കോ ദ്വീപിൽ കുഷ്ടരോഗികൾക്കായി ജീവിതം ഉഴിഞ്ഞു വച്ച് ഒടുവിൽ  കുഷ്ടരോഗം ബാധിച്ചു മരിച്ച ഫാദർ ഡാമിയന്റെ ജീവിത കഥ ഇതിവൃത്തം ആയ ദി ലെജെന്റ് ഓഫ് മോളോക്കായി എന്ന സിനിമ നിർമ്മിച്ചു റിലീസിംഗ് നടത്താൻ ഒരുങ്ങുകയാണ് അച്ഛൻ.

പാല അരവിന്ദൻ, ബിജോയ്സ് എന്നിവരോടൊപ്പം, ഡാമിയൻ ആയി ഫാദർ രഞ്ചിത്  തന്നെ അഭിനയിക്കുകയും ചെയ്യുന്നു.  തിരഞ്ഞെടുത്ത തീയറ്ററുകളിൽ ജൂണിൽ പ്രദർശനത്തിനു എത്തും എന്ന് പ്രതീക്ഷിക്കുന്ന സിനിമ വലപ്പാട് ബീച്ചിലും വിഴിഞ്ഞം, ബേപുർ എന്നിവിടങ്ങളിലും ആണ് പ്രധാനമായും ചിത്രീകരിച്ചത്. ഇത് വെറും ആത്മീയമായ ഒരു സിനിമ അല്ല, മറിച്ചു സാമൂഹ്യ പ്രസക്തി ഉള്ള ഘടകങ്ങളും കോർത്തിണക്കി ആണ് രൂപപ്പെടുത്തിയിരിക്കുന്നത്  എന്ന് സംവിധായകനായ അച്ചൻ ഉറപ്പിച്ചു പറയുന്നു.

ഫാദർ ദാമിയന്റെ ചിത്രം മലയാളിക്ക് ഒരു ദൃശ്യം ഒരുക്കുന്നു. അത് സ്വാർത്ഥത്തിൽ നിന്നും അഴിമതിയിൽ നിന്നും വിടുതൽ പ്രാപിച്ചു മനുഷ്യ സേവനത്തിനു എല്ലാവരെയും പ്രചോദിപ്പിക്കുന്ന വലിയ കാഴ്ച്ചയുടെ ലോകമാണ്. സങ്കുചിതമായ മാനസിക ഭാവങ്ങളിൽ നിന്ന് മുക്തി പ്രാപിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ചിത്രം മാത്രമല്ല, രഞ്ചിത്ത് അച്ഛന്റെ ജീവിതം കൂടിയാണ്.

അപ്രതീക്ഷിതമായി മാറുന്ന കാലാവസ്ഥ, വിശേഷിച്ച് പൊടുന്നനെ ഉണ്ടാവുന്ന മഴമേഘങ്ങളും മഴയും ചിത്രീകരണത്തെ വല്ലാതെ ബാധിച്ചിരുന്നു. ആറു പ്രാവശ്യം എങ്കിലും നിനച്ചിരിക്കാതെ വന്ന മഴ ചിത്രീകരണത്തെ കാര്യമായി തടസപ്പെടുത്താതെ ഒഴിഞ്ഞു പോയത് പ്രാർഥനയുടെ ശക്തിയും ഫാ. ഡാമിയന്റെ മാധ്യസ്തവും മൂലമാണ് എന്ന് അച്ചൻ വിശ്വസിക്കുന്നു.

സിനിമാ സംവിധാനം പോലുള്ള മാധ്യമ ശുശ്രൂഷ സന്യസ്തർക്കു ചേരുന്നതാണോ  എന്ന ചോദ്യത്തിന് അച്ചൻ മറുപടി നല്കിയത് ഇങ്ങനെ: എല്ലാ ക്രൈസ്തവരും സുവിശേഷം പ്രഘോഷിക്കാനായി വിളിക്കപെട്ടവരാണ്. എന്നാൽ അത് നിർവഹിക്കുന്നത് പല വിധത്തിൽ ആവാം; അത് പ്രസംഗ പീഠത്തിൽ നിന്നോ ചലച്ചിത്രം നിർമ്മിച്ചോ ആവാം. ഇന്ന്, സാമൂഹ്യ സന്പർക്ക മാധ്യമങ്ങൾ സുവിശേഷ പ്രഘോഷണത്തിനുള്ള ഫലവത്തും ജനപ്രിയവുമായ വേദിയാണ്. എന്നിരുന്നാലും കർമ്മം കൊണ്ടുള്ള പ്രഘോഷണത്തെ രഞ്ചിത്ത് അച്ചൻ ഏറ്റവും മികച്ചതായി കരുതുന്നു. പാവങ്ങളോടുള്ള കരുത്തൽ സഭയുടെയും സന്യസ്തരുടെയും വലിയ ഉത്തരവാദിത്വം ആകണം എന്ന് അച്ചൻ ഓർമ്മിപ്പിക്കുന്പോൾ അതിനു അച്ചന്റെ ജീവിതം നേർ സാക്ഷ്യം ആയി നമുക്ക് മുന്നിൽ തെളിമയോടെ വിരാജിക്കുന്നു.

സന്യാസിയുടെ കാഴ്ച ഉപരിപ്ലവം അല്ല, അത് ഉൾകാഴ്ചയുടെത് ആണ്.  ജീവിതത്തിന്റെ ആന്തരികഭാവങ്ങളെ വലുതാക്കി കാണുന്ന കാഴ്ച ആണ് അത്. ആ കാഴ്ചയിൽ പ്രകൃതി ഒരുക്കുന്ന ദൈവിക സംഗീതം ഇപ്പോഴും നിറയുന്നു. ആ കാഴ്ചയിൽ നിന്നും അനേകർ ജീവൻ  പ്രാപിക്കുന്നു.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply