മൌനവും ആസക്തികളും

0

വ്യക്തികളുടെ യഥാർത്ഥ സത്ത എന്താണ് എന്ന് തിരിച്ചറിയാൻ ആസക്തികളെ നിർവീര്യമാക്കണം. എന്നാൽ, ബഹളത്തിൽ തങ്ങൾ എന്തൊക്കെയോ തേടുന്നുണ്ട് എന്ന് അവർ കരുതുന്നു. അവർക്കാകട്ടെ ആഭ്യന്തര ലോകം എന്നൊന്നില്ല. പ്രകൃതിയുടെ നിശബ്ദത അവരെ അസ്വസ്ഥരാക്കുന്നു. മൌനത്തിന്റെ അനന്ത വിശാലമായ കാഴ്ചകളിൽ വല്ലായ്മ തോന്നിയിട്ടെന്നവണ്ണം അത്തരക്കാർ ആരെയും വെറുതെ വിടുകയില്ല. അവർ തത്ത ചിലക്കും പോലെ സംസാരിച്ചു കൊണ്ടേയിരിക്കും. കുറെയേറെ സംസാരിച്ചാലും കഴന്പൊന്നും ഉണ്ടാവുകയില്ല.

അവരുടെ വാക്കുകളിലൂടെയും ചേഷ്ടകളിലൂടെയും അവരുടെ ശൂന്യത പ്രകടമാകുന്നു. അവരുടെ ആഭ്യന്തര ലോകത്തിലെ ക്രമക്കേടുകളും കലഹങ്ങളും അവരെ പരിഭ്രമിപ്പിക്കുന്നു. ചിലർക്കെങ്കിലും അതിനെ കുറിച്ച് അവബോധവും ഉണ്ട്. എന്നാൽ വ്യർത്ഥ ഭാഷണത്തിലൂടെ അവയെ മൂടിവക്കാൻ അവർ അബോധമായി ശ്രമിക്കുന്നു. ബാഹ്യലോകത്തിന്റെ ആസ്വാദനങ്ങളും ആസക്തികളും നിർവീര്യമാക്കാതെ യഥാർത്ഥത്തിൽ ആരും മൌനത്തിലേക്ക്‌ വരില്ല. അവരുടെ ആന്തരിക ദുർഭൂതങ്ങളിൽ നിന്ന് രക്ഷപെടാനും ആവില്ല.

മൌനം ശാന്തിയുടെയും സ്വരലയത്തിന്റെയും പൂർണ്ണതയുടെയും പ്രകടനം ആണ്. ആരെങ്കിലും മൌനത്തെ സ്നേഹിച്ചു തുടങ്ങിയാൽ മൌനം അവനെ/ളെ ഏറ്റവും നല്ല പരിതോവസ്ഥയിലേക്ക് കൂട്ടികൊണ്ട് പോകും. മാനസികവും ആദ്ധ്യാത്മികവും സർഗ്ഗാത്മകവും ആയ പ്രവർത്തനങ്ങൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കും. സാവകാശം സകല കർമ്മങ്ങളിലും വിജയം നല്കുകയും ചെയ്യും. തൊട്ടതെല്ലാം പൊന്നാക്കുമെന്നു പറയുന്നത് പോലെ ചെയ്യുന്നതെല്ലാം മനോഹരമായിരിക്കും.

മൌനികൾ ഒച്ചപ്പാടുണ്ടാക്കുന്നില്ല

മൌനികൾ ഒന്നിനെകുറിച്ചും ബേജാറാവുകയില്ല. പകരം ഏറ്റം സൌമ്യനും/യും യാതൊന്നും ചെയ്യാനില്ലാത്തതു പോലെ നിശബ്ദനും/യും, മറ്റുള്ളവരെ കൂടുതൽ പരിഗണിക്കുന്നവനും/യും ആയിരിക്കും. ശാരീരിക ചേഷ്ടകളിൽ വളരെ ശ്രദ്ധാലു ആയിരിക്കും. അവരുടെ എല്ലാക്കാര്യങ്ങളിലും സ്വർഗ്ഗീയ ഗുണമേന്മ നിറഞ്ഞിരിക്കുന്നതുപോലെ അനുഭവപ്പെടും. സംഗീതത്തിന്റെയും കവിതയുടെയും നൃത്തത്തിന്റെയും പ്രചോദനത്തിന്റെയും ലോകം ഉണ്ടെങ്കിൽ അത് മൌനികളുടെതാണ്.

ശരീരത്തെ ഖനനം ചെയ്തുകൊണ്ടാണ് മൗനി അങ്ങനൊരു ലോകം സ്ഥാപിച്ചെടുക്കുന്നത്. വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധി പോലെ അനന്ത സാധ്യതകളുടെ വിത്ത്  അതിലുണ്ട് എന്ന് തിരിച്ചറിയുകയും നിരന്തരമായ മൌനത്തിനും ധ്യാനത്തിനും ഈ നിധി അവർ കണ്ടെത്തുകയും ചെയ്യുന്നു. അനുദിന ജീവിതം അതിന്റെ പ്രതിസന്ധികളും പ്രലോഭനങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കും എങ്കിലും ഉള്ളിലേക്കുള്ള യാത്ര അവർ അവസാനിപ്പിക്കാറില്ല. “നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവൻ ആണ്” (1 യോഹ. 4:4).

എത്രപേർക്ക് ഉള്ളിലെ ഈ ശക്തിയെക്കുറിച്ച് അനുഭവമുണ്ട്? അത് തിരിച്ചറിയുന്നത് ശരീരവും മനസ്സും സ്വസ്ഥവും ശാന്തവും ആയ ഒരവസ്ഥയിൽ മാത്രം ആണ്. ആ അവസ്ഥയിൽ ഞാനും എന്റെ ദൈവവും ഒന്നാണ് എന്നാ അവബോധത്തിലേക്ക് അറിയാതെ ഉയരും. ഈ ഒരു ഏകാതാബോധത്തിൽ ആണ് സൌഖ്യത്തിന്റെയും മാനസാന്തരത്തിന്റെയും അനുഭവങ്ങൾ ഉണ്ടാവുന്നത്. ഇത്തരത്തിൽ ഉള്ള സൌഖ്യാനുഭവങ്ങളുടെ നൂറു നൂറു അനുഭവങ്ങൾ നിരത്തുവാൻ സാധിക്കും. അഗാധ മൌനത്തിലൂടെ, ധ്യാനാത്മകമായ പ്രാർത്ഥനയിലൂടെ അവനവനിലെ ദിവ്യതയെ കണ്ടെത്തുന്പോൾ ജഡമയമായ ശരീരത്തിന്റെ സങ്കീർണതകൾ വിട്ടുപോകുന്നു. ദുഃഖങ്ങളും അസ്വസ്ഥതകളും ഭയവും ഒഴിഞ്ഞുപോകുന്നു. കാർമ്മേഘക്കൂട്ടങ്ങൾ മാത്രമായ അവയൊക്കെ ദൈവകൃപയുടെ മഴപ്പെയ്തിൽ കുത്തി ഒലിച്ചു പോകുന്നു.

ആകയാൽ മൌനത്തെ ഉപാസിക്കുക. മൌനത്തിലൂടെ ജീവിതത്തെ നേടുക. ഇല്ലെങ്കിൽ ശാരീരികമായി നാം ഇവിടെയുണ്ടെങ്കിലും നമ്മുടെ ആത്മാവും അരൂപിയും മറ്റെവിടെയോ ആയിരിക്കും. ശരീരവും മനസ്സും ആത്മാവും ഒരുമിച്ചു ഒരിടത്ത് ആയിരിക്കട്ടെ. മനസ്സ് എവിടെല്ലാമോ അലഞ്ഞു തിരിയുകയും ആത്മാവ് ദുഃഖിക്കുകയും വേണ്ട. മൂവരും ഒരു കുടുംബത്തിലെ സഖിമാർ ആവട്ടെ.

സി. മേരി ജെയിൻ

അദ്ധ്യാപനം, എഴുത്ത്, വചനപ്രഘോഷണം, മാദ്ധ്യമ ശുശ്രൂഷ, ഫെയ്ത് ഹീലിംഗ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന സിസ്റ്റർ മേരി ജെയിൻ സിസ്റ്റെഴ്സ് ഓഫ് ഡെസ്ടിട്യൂട്ട് എന്ന സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രോവിൻസിലെ അംഗം ആണ്. മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു, കെ.സി.ബി.സി യുടെ പ്രബന്ധ പുരസ്കാരങ്ങൾ, ഗുരുപൂജ അവാർഡു, ആത്മവിദ്യാ അവർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Loading Facebook Comments ...

Leave A Reply