സന്യസ്ഥ പരിശീലനം ഉല്കൃഷ്ടമാ‌യ പ്രവൃർത്തി

0

സമര്‍പ്പിത വര്‍ഷത്തോട് അനുബന്ധിച്ച് സന്ന്യാസ പരിശീലകരുടെ ആഗോളസംഗമം റോമില്‍ നടന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിവിധ സന്യാസസഭകളിലെ പരിശിലകരായ 1500-ല്‍ ഏറെപ്പേർ സമ്മേളനത്തിൽ  സംഗമിച്ചു.

“സുവിശേഷാധിഷ്ഠിതമായ ക്രിസ്ത്വാനുകരണം” എന്ന വിഷയം കേന്ദ്രീകരിച്ചായിരുന്നു സമര്‍പ്പിതരുടെ പരിശീലനത്തിന് സഹായിക്കുന്നവരുടെ അന്താരാഷ്ട്രസമ്മേളനം നടന്നത്. സമര്‍പ്പിതരുടെ വര്‍ഷത്തില്‍ തന്നെ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ രൂപീകരണത്തില്‍ വ്യാപൃതരായിരിയ്ക്കുന്നവരുടെ ഇത്ര വിപുലമായ ഒരു സമ്മേളനം ആദ്യമായണ് വിളിച്ചുകൂട്ടപ്പെട്ടത്.

സംഗമത്തിന്‍റെ സമാപനദിനം (ഏപ്രില്‍ 11) മദ്ധ്യാഹ്നത്തില്‍ സമ്മേളനത്തിനെത്തിയ സന്യസ്ത പരിശീലകരുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. പാപ്പാ നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

യുവതീയുവാക്കള്‍ വര്‍ത്തമാനകാലത്തെ അഭിനിവേശത്തോടെ സ്വീകരിയ്ക്കുന്ന വ്യക്തികളാണ്. ഭാവിയെ പ്രതീക്ഷയോ‍ടെ കണ്ടുകൊണ്ട് ദൈവസ്നേഹത്താല്‍ പ്രചോദിതരായി അവര്‍ സഭയിലേയ്ക് ദൈവസ്നേഹത്തിന്റെ വഴിതേടിയെത്തുന്നു. അത്തരം യുവതീയുവാക്കളുടെ രൂപീകരണത്തില്‍ വ്യാപൃതരായിരിയ്ക്കുന്നവര്‍ എന്ന നിലയില്‍ നിങ്ങളെ ഞാനവരുടെ പ്രബോധകരും പ്രയോക്താക്കളുമായിക്കാണുന്നു.

സന്യാസികളായ നിങ്ങളെകാണുന്പോള്‍ ദൈവവിളികള്‍ക്ക് പ്രതിസന്ധിയുണ്ട‍െന്നൊന്നും തോന്നുന്നില്ല, പക്ഷേ ലോകമൊട്ടുക്ക് എണ്ണത്തില്‍ കുറവു സംഭവിച്ചിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം അവരുടെ പരിശീലനപ്രക്രിയയെ കൂടുതല്‍ അടിയന്തര പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നു.

യുവജനങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിന്‍റെ ഹൃദയത്തോട് നാം സാരൂപ്യപ്പെടുത്തണം (ഫില. 2,5; വീത്ത കോണ്‍സക്രാത്ത, 65 കാണുക).  അതേസമയം എവിടെല്ലാം സമര്‍പ്പിതര്‍ തങ്ങളുടെ ജീവിതം കൊണ്ട് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ ശ്രേഷ്ഠതയ്ക്ക് സാക്ഷൃംനല്‍കുന്നുണ്ടോ അവിടെയൊന്നും ദൈവവിളികള്‍ക്ക് യാതൊരു പ്രതിസന്ധിയുമില്ല. ഈ സാക്ഷൃം നല്‍കാനാണ് നാമെല്ലാവരും വിളിയ്ക്കപ്പെട്ടിരിക്കുന്നത്. ഇതാണ് നിങ്ങളുടെ കര്‍മ്മമണ്ഡലം. ഇതാണ് നിങ്ങളുടെ ദൗത്യം. നിങ്ങള്‍ അദ്ധ്യാപകര്‍ മാത്രമല്ല നിങ്ങളുടെ പ്രത്യേക സിദ്ധിയിലൂന്നിനിന്നുകൊണ്ട് ക്രിസതുശിഷ്യത്വത്തിന്‍റെ‍ സാക്ഷികളുമാണ്. ഇതിനായി ശിഷ്യത്വത്തിന്റെ അര്‍ത്ഥം ഓരോ ദിവസവും ഉന്മേഷത്തോടെ തേടണം. നമ്മുടെ ഗുരുവുമായുള്ള വ്യക്തിബന്ധത്തില്‍ ഊന്നിയ രൂപീകരണത്തിന് നാമോരോരുത്തരും പ്രാധാന്യം കൊടുക്കണം.

സമര്‍പ്പിതജീവിതം ശ്രേഷ്ഠമാണ് , സഭ കരുതി വച്ചിരിക്കുന്ന നിധികളിലേറ്റവും അമൂല്യമായ  ഇത് ജ്ഞാനസ്നാനമെന്ന കൂദാശയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുണുതന്നെ സമര്‍പ്പിതരുടെ അദ്ധ്യാപകരായിരിക്കുക എന്നത്, പിതാവിന്‍റെ പദ്ധതിയില്‍ പങ്കുചേരുന്നതും, വിളിക്കപ്പെട്ടവര്‍ക്ക് അരൂപിയുടെ പ്രചോദനത്താല്‍ പുത്രനായ ക്രിസ്തുവിന്‍റെ ഹൃദയം നല്കുന്ന സവിശേഷ അനുഗ്രഹമാണ്. ചിലപ്പോള്‍ ഈ ദൗത്യം ഒരു ഭാരമായി നിങ്ങള്‍ക്ക് തോന്നിയേക്കാം, അല്ലെങ്കില്‍ ഇതിലും മെച്ചമായത് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. എന്നാലിതൊരു വ്യഗ്രതയും പ്രലോഭനവുമാണ്. നമ്മുടെ ഓരോരുത്തരുടേയും, മറ്റ് ജീവിതദൗത്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. പക്ഷേ ആവേശത്തോടെ സുവി‌ശേഷം പ്രഘോഷിയ്ക്കുവാനും, ലോകത്തിന്‍റ‍െ അതിരുകള്‍വരെ ദരിദ്രരോടും എളിയവരോടും യേശുവിന്‍റെ സ്നേഹം പ്രഖ്യാപിയ്കുവാനുമായി മറ്റുള്ളവരെ ഒരുക്കുന്നതും, അയയ്കപ്പെടാന്‍ പ്രാപ്തരാക്കുന്നതും അതിലേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ ദൗത്യത്തിനായി ശക്തമായ ഒരടിത്തറ, പല മാതാപിതാക്കള്‍ക്കുപോലും നല്‍കാനാകാത്ത  വ്യക്തിത്വത്തിന്‍റെ ക്രിസ്തീയ മാതൃക, നമുക്കിന്നാവശ്യമാണ്. അതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്വം വളരേയേറെ വര്‍ദ്ധിച്ചതാണ്.

സന്യാസജീവിതത്തിന്റെ  പരിശീലകര്‍ക്ക് ഏറ്റവും പ്രധാനമായും ഉണ്ടാകേണ്ടത് യുവജനങ്ങളോട് അഭിമുഖ്യമുള്ള ഹൃദയമാണ്, എല്ലാവരേയും സ്വീകരിക്കുന്ന, കരുണയുള്ള,  ആര്‍ദ്രതയുള്ള ഒരുഹൃദയം. നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന സമര്‍പ്പിതരുടെ സുഹൃത്തുക്കളോ സഹചാരികളോടോ മാത്രമല്ല, അവരില്‍നിന്നും പരമാവധി ആവശ്യപ്പെടാന്‍ ‌അധികാരമുള്ള അവരുടെ യഥാര്‍ത്ഥ മാതാപിതാക്കന്മാരാണ് നിങ്ങള്‍. സ്നേഹമുണ്ടെങ്കില്‍ മാത്രമേ അവരോടു ആവശ്യപ്പെടാനാകൂ. ഇന്നത്തെ യുവജനങ്ങള്‍ വളരെ തണുപ്പന്മാരാണെന്നോ ഉദാരത ഇല്ലാത്തവരാണെന്നോ പറയാനാവില്ല.

നേടുന്നവരല്ല നല്‍കുന്നവരാണ് അനുഗ്രഹീതരെന്നകാര്യം (നട 20,35) അവര്‍ക്ക് ആദ്യം അനുഭവവേദ്യമാകണം., അനുസരണത്തിലും വലിയസ്വാതന്ത്ര്യമുണ്ടന്നും, ബ്രഹ്മചര്യത്തിലും വലിയ ഫലപ്രാപ്തിയുണ്ടെന്നും അവര്‍ മനസ്സിലാക്കട്ടെ. ദാരിദ്ര്യത്തിലും വലിയ സന്പന്നതയുടെ അധിപരായിത്തീരാമെന്നും അവര്‍ അറിയട്ടെ. ഓരോരുത്തരുടെയും സമര്‍പ്പിതജീവിതയാത്രയുടെ  രൂപീകരണഘട്ടത്തിലും ദൈവവിളിയുടെ തിരഞ്ഞെടുപ്പിലും, കരുതലോടെ കൂടെ നടക്കാനായാല്‍ ഈ മേഖലയിലെ ഇപ്പോഴുള്ള എണ്ണത്തിലെ കുറവ് അതിന്‍റെ മേന്മയെ ഒരിക്കലും ബാധിക്കില്ല.

ദൈവവിളിയുടെ പ്രാരംഭഘട്ടത്തിലെ പരിശീലനപ്രക്രിയ എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ടുന്ന രൂപീകരണ പ്രക്രിയയുടെ  തുടക്കം മാത്രമാണ്. ഓരോ സമര്‍പ്പിതനും സമര്‍പ്പിതയും, ഓരോദിവസവും, രൂപീകരണത്തിന്റെ  ഓരോ ഘട്ടത്തിലും, പ്രവൃത്തിയിലും-ധ്യാനത്തിലും, സ്വാതന്ത്രത്തിലും-സാഹോദര്യത്തിലും ദൈവപിതാവിന്‍റെ ഇഷ്ടപ്രകാരം രൂപപ്പെടുവാന്‍ വ്യക്തിഗതമായ തുറവി കാണിക്കേണ്ടതാണ്.

സമര്‍പ്പിതരുടെ രൂപീകരണത്തില്‍ സഹായിക്കുന്ന എല്ലാവരുടെയും എളിയതും നിശബ്ദവുമായ സേവനത്തിനും യുവജനങ്ങളെ കേള്‍ക്കുവാനും, അനുഗമിക്കുവാനുമായി മാറ്റിവച്ച സമയത്തിനും ഞാൻ നന്ദി പറയുന്നു. ഈ ഉദ്യമത്തില്‍ സമയവും ഊര്‍ജ്ജവും നിര്‍ലോഭമായി ചിലവഴിക്കണം. ചിലപ്പോഴെങ്കിലും നിങ്ങളുടെ പ്രയത്നത്തിന് അനുസൃതമായ അംഗീകാരം നിങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന തോന്നലുണ്ടായേക്കാം. പലപ്പോഴും നിങ്ങളുടെ പ്രയത്നത്തിന്  ലഭ്യമാകുന്ന വിരുദ്ധ ഫലത്തില്‍ നിങ്ങള്‍ നിരാശരാകണ്ട. പക്ഷേ സഭയെപ്രതിയുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവതിരുമുന്പില്‍  ഉല്കൃഷ്ടമാ‌ണെന്ന് മനസ്സിലാക്കുക. ഓരോ പരാജയവും പരിശീലകരായ നിങ്ങളുടെ തന്നെ രൂപീകരണത്തിനുള്ള കാരണമാകുന്നുവെന്നതില്‍ സംശയമില്ല.

നമ്മുടെ ഹൃദയം ദൈവത്തിനും സഹോദരര്‍ക്കായി സമര്‍പ്പിക്കുന്നതിലുള്ള സാഫല്യം മറ്റൊന്നിലും ഉണ്ടാവുകയില്ല. അതിനാല്‍ സന്തോഷത്തോടും നന്ദിനിറഞ്ഞ ഹൃദയത്തോടും കൂടെ ഈ ശിശ്രൂഷയില്‍ ജീവിക്കുക.

കടപ്പാട്: വത്തിക്കാൻ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply