പാപ്പായുടെ 2105 മിഷൻ ഞായർ സന്ദേശം

0

പ്രിയ സഹോദരീ സഹോദരന്മാരെ,

2015 ലെ ലോക മിഷൻ ഞായർ സമർപ്പിത വർഷാചരണത്തിന്റെ സന്ദർഭത്തോട്‌ ചേർന്നു വരുന്നു എന്നത് മിഷനെ കുറിച്ച് കൂടുതലായി പ്രാർത്ഥിക്കാനും ധ്യാനിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവരും കർത്താവായ ഈശോയ്കു സാക്ഷ്യം വഹിച്ചു കൊണ്ട്  തനിക്കു ദാനമായി ലഭിച്ച വിശ്വാസത്തെ പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എങ്കിൽ, സന്യസ്ഥരായ പുരുഷന്മാരെയും സ്ത്രീകളെയും സംബന്ധിച്ച് ഇത് അത്യന്തം സവിശേഷമായ വിളിയാണ്. പ്രേഷിത പ്രവർത്തനവും സന്യസ്ത ജീവിതവും തമ്മിൽ പ്രകടമായ ബന്ധം ഉണ്ട്. ഈശോയെ അടുത്ത് അനുഗമിക്കാനുള്ള ആഗ്രഹം ആണ് സഭയിൽ സമർപ്പിത ജീവിതത്തിനു കാരണമാക്കിയത് എങ്കിൽ ഇത് അവന്റെ കുരിശു വഹിച്ചു അവനെ പിന്തുടരാനുള്ള വിളിയാണ്, പിതാവിനോടുള്ള അവന്റെ സമർപ്പണത്തെയും സ്നേഹത്തെയും അനുകരിക്കാനും സ്വന്തം ജീവിതത്തെ നേടാനായി അതിനെ ത്യജിക്കാനും ഉള്ള വിളി ആണ്. ക്രിസ്തുവിന്റെ അസ്തിത്വത്തിനു പ്രേഷിത സ്വഭാവം ഉള്ളതിനാൽ അവനെ തീക്ഷ്ണമായി പിന്തുടരുന്ന എല്ലാവരും ഈ പ്രേഷിത സ്വഭാവം കൈവരിക്കേണ്ടതുണ്ട്.

സഭയുടെ ആത്യന്തിക സ്വഭാവം ആയ പ്രേഷിത ചൈതന്യം എല്ലാത്തരം സമർപ്പിത ജീവിതത്തിന്റെയും അന്തസത്തയാണ്. ഈ പ്രേഷിത മാനത്തെ അവഗണിക്കാതെ തന്നെ സന്യാസ സമൂഹങ്ങൾ അവയുടെ വയ്യക്തികമായ സഭാ ചൈതന്യം (charism) നിലനിർത്തുന്നു. പ്രേഷിതരാവുക എന്നത് കൊണ്ട് മതപരിവർത്തനതിനു ഒരാളെ നിർബന്ധിക്കുകയൊ (proselytize) അഥവാ അതിനു ചില പദ്ധതികൾ (strategy) ആവിഷ്കരിക്കുകയോ എന്നർത്ഥമില്ല; അത് നമ്മുടെ വിശ്വാസ “വ്യാകരണ”ത്തിന്റെ ഭാഗം ആണ്; “വരിക,” “എന്പാടും പോവുക” എന്ന പരിശുദ്ധാത്മാവിന്റെ വിളി ശ്രവിക്കുന്നവരുടെ അടിസ്ഥാന ഭാവം ആണ് അത്. ഈശോയെ അനുഗമിക്കുന്നവർക്കു മിഷനറി ആവാതിരിക്കാൻ ആവില്ല, കാരണം ഈശോ അവരോടൊപ്പം നടക്കുന്നെന്നും, അവരോടു സംഭാഷിക്കുന്നെന്നും, അവരോടൊപ്പം ശ്വസിക്കുന്നെന്നും മിഷനറിമാർക്ക്  അറിയാം. പ്രേഷിത കർമ്മ വീഥിയിൽ ഈശോ അവർക്കിടയിൽ ജീവിക്കുന്നു എന്ന് അവർ അനുഭവിക്കുന്നു. (സന്തോഷത്തിന്റെ സുവിശേഷം, 266).

ഈശോയെ സംബന്ധിച്ച് മിഷൻ ഒരു ആവേശവും, ജനങ്ങളോടുള്ള അഭിവാഞ്ചയും ആണ്. ക്രൂശിതനായ ഈശോയുടെ മുന്നിൽ പ്രാർത്ഥിക്കുന്പോൾ നമുക്ക് മൂല്യം നല്കുകയും നമ്മെ സജ്ജീവരാക്കുകയും ചെയ്യുന്ന അവന്റെ അഗാധമായ സ്നേഹം കാണാം. അതെ സമയം തന്നെ ഈശോയുടെ കുത്തി മുറിവേൽപ്പിക്കപ്പെട്ട ഹൃദയത്തിൽ നിന്നുള്ള സ്നേഹം ദൈവജനത്തെയും മനുഷ്യകുലം മുഴുവനെയും ചൂഴ്ന്നു നിൽക്കുന്നതായി നമുക്ക് വെളിവാകുന്നു. അതോടൊപ്പം തന്നെ അവനെ ആത്മാർഥ ഹൃദയത്തോടെ തേടുന്നവരോടും  അവന്റെ പ്രിയപ്പെട്ടവരോടും നാം അടുക്കണം എന്ന് അവൻ ആഗ്രഹിക്കുന്നതായി നാം മനസിലാക്കുന്നു. (കാണുക. ടി., 268). “പോവുക” എന്ന ഈശോയുടെ കല്പനയിൽ സഭയുടെ സുവിശേഷവത്കരണ ദൌത്യത്തിലെ സകല വശങ്ങളും ചിരമായ വെല്ലുവിളികളും നമുക്ക് മുന്നിൽ തെളിയുന്നു. അവളുടെ എല്ലാ മക്കളും ജീവിത സാക്ഷ്യത്തിലൂടെ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. സമർപ്പിതരായ പുരുഷന്മാരും സ്ത്രീകളും ആകട്ടെ, സവിശേഷമാം വിധത്തിൽ  സുവിശേഷം ഇനിയും പ്രഘോഷിക്കപ്പെട്ടിട്ടില്ലാത്തതും സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുമായ ആളുകളുടെ പക്കലേക്ക് പോകുവാൻ പ്രചോദിപ്പിക്കുന്ന ആത്മാവിന്റെ സ്വരം കേൾക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ “ജനതകളോട്” എന്ന പ്രേഷിത പ്രവർത്തനത്തെ കുറിച്ചുള്ള ഡിക്രിയുടെ അന്പതാം വാർഷികം പ്രസ്തുത പ്രമാണ രേഖ വീണ്ടും വായിക്കാനും അതിന്റെ ഉള്ളടക്കത്തെ അവധാനതയോടെ ധ്യാനിക്കാനും നമ്മെ ക്ഷണിക്കുന്നു. സന്യസ്ഥ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഈ ഡിക്രി ശക്തമായ പ്രേഷിത മുന്നേറ്റങ്ങൾ ആഹ്വാനം ചെയ്തു. ധ്യാനാത്മക സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, പ്രേഷി മധ്യസ്ഥ ആയ കൊച്ചുത്രേസ്യ പുണ്യവതി പുതിയ പ്രകാശം നല്കുന്നു: അവൾ നവീനമായ വാചാലതയോടെ സംസാരിക്കുന്നു, ധ്യാനാത്മക ജീവിതവും പ്രേഷിതപ്രവർത്തനവും തമ്മിലുള്ള അഗാധമായ ബന്ധത്തെ കുറിച്ച് ധ്യാനിക്കുവാൻ പ്രചോദനം ഏകുന്നു.  സക്രിയമായിരുന്ന പല സമർപ്പിത സമൂഹങ്ങൾകും, കൌണ്‍സിലിൽ നിന്നുയിർകൊണ്ട നവീകൃതമായ പ്രേഷിത ആഭിമുഖ്യം ജനതകളോടുള്ള അവരുടെ അനിതര സാധാരണമായ പ്രേഷിത തുറവിയിൽ പ്രകടിതമായി.  പലപ്പോഴും ഇത് വിഭിന്നങ്ങളായ ദേശങ്ങളിലും സംസ്കാരങ്ങളിലും പ്രേഷിത പ്രവർത്തനത്തിൽ കണ്ടുമുട്ടിയ സഹോദരീ സഹോദരന്മാരോടുള്ള തുറവിയായി മാറുകയും “ഇന്റർ കൾചറലിസം” എന്ന് നാം വിളിക്കുന്ന കാഴ്ച്ചപ്പാടുകൾക്ക് ജന്മമേകി. എന്നാൽ പ്രേഷിത പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദു ഈശോ മിശിഹാ ആകുന്നു എന്ന ആദർശത്തെ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ഈ ആദർശം സുവിശേഷത്തിന്റെ പ്രഘോഷണത്തിന് ഒരുവനെ/ളെ പൂർണ്ണ ദാനമായി സമർപ്പിക്കുവാൻ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റൊരു നീക്കുപോക്കും പാടില്ല: ദൈവിക കൃപയാൽ പ്രേഷിത ദൌത്യം ഏറ്റെടുക്കുന്നവർ, പ്രേഷിത ദൌത്യം ജീവിക്കുവാൻ വിളിക്കപ്പെട്ടവർ ആണ്.  അവരെ സംബന്ധിച്ചിടത്തോളം ലോകത്തിലെ വിവിധങ്ങളായ അരികുകളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതാണ് അവനെ അനുഗമിക്കുന്ന ജീവിത ശൈലി.  അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും അനുഷ്ടിക്കുന്ന ത്യാഗങ്ങൾക്കും ഇത് പതിന്മടങ്ങ്‌ പ്രതിഫലം ആകുന്നു. ഏതെങ്കിലും കാരണത്താൽ – അജപാലനപരമോ, സഭാപരമോ, അഥവാ, മനുഷ്യത്വപരമോ – അവ എത്ര തന്നെ ശ്രേഷ്ടമാണെങ്കിൽ പോലും, ഈ പ്രേഷിത ചൈതന്യത്തിൽ നിന്നു ആരെങ്കിലും അകന്നു പോകുന്ന പ്രവണത ഉണ്ടാവുന്നെങ്കിൽ, അത് സുവിശേഷത്തിന്റെ ശുശ്രൂഷക്കായുള്ള കർത്താവിന്റെ വിളിയുമായി ചേർന്ന് പോകുന്നതല്ല. പ്രേഷിത സ്ഥാപനങ്ങളിലെ പരിശീലകർ ഈ ജീവിത പദ്ധതിയെയും കർമ്മമേഖലയെയും കുറിച്ച്  വ്യക്തതയോടും സുതാര്യമായും ബോധ്യപ്പെടുത്തേണ്ടതും, ഈടുള്ള പ്രേഷിത ദൈവവിളികളെ വിവേചിച്ചെക്കുവാനും വളർത്തുവാനും വിളിക്കപ്പെട്ടിരിക്കുന്നു. പ്രതിലോമമായ സാംസ്കാരിക മൂല്യങ്ങൾ പ്രചരിക്കുന്ന ഇക്കാലഘട്ടത്തിൽ യഥാർത്ഥ പ്രേഷിത ആദർശത്തിൽ നിന്നും, പൂർണ്ണമായ ആത്മദാനം വഴി ഈശോയെ അനുഗമിക്കുന്നതിൽ നിന്നും നിങ്ങളെ അകറ്റുവാൻ ആരെയും അനുവദിക്കരുതെ എന്ന് ധീരമായ ജീവിത സാക്ഷ്യവും ഉദാരമായ പ്രവർത്തനങ്ങളും നല്കാൻ കഴിവുള്ള യുവാക്കളോട് സവിശേഷമാം വിധത്തിൽ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ, എന്ത് കൊണ്ട് നിങ്ങൾ സന്യസ്ത പ്രേഷിത ജീവിതം തിരഞ്ഞെടുത്തു എന്നും, സുവിശേഷത്തിന് സന്പൂർണ്ണമായ സ്നേഹത്തിലൂടെ സാക്ഷ്യം വഹിക്കുന്നതു വഴി അത് നല്കുന്ന വെല്ലുവിളികൾ സ്വീകരിക്കുവാൻ എന്തുകൊണ്ട് തയ്യാറായി എന്നും നിങ്ങളോടു തന്നെ ചോദിക്കുക. ഇതുവരെയായും സുവിശേഷം കേൾക്കാത്തവരുടേതു എന്നതിനേക്കാൾ, സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടതിന്റെ ആവശ്യം ഗുരുവിനെ സ്നേഹിക്കുന്നവരുടെതാണ് എന്ന് ഓർക്കുക.

വ്യക്തികളെ  അവരുടെ ഉറവിടങ്ങളിലേക്ക് നയിക്കുവാനും, അവരുടെ സാംസ്കാരിക തനിമ സംരക്ഷിക്കുവാനും അവരെ സഹായിക്കുന്ന വലിയ  വെല്ലുവിളിയാണ് ഇന്നത്തെ സഭയുടെ പ്രേഷിത ദൌത്യം അഭിമുഖീകരിക്കുന്നതു. മറ്റു സംസ്കാരങ്ങളെയും, പാരന്പര്യങ്ങളെയും, ദർശന ശാഖകളെയും അറിയുകയും ബഹുമാനിക്കുകയും എന്നും, എല്ലാ ആളുകൾക്കും സംസ്കാരങ്ങൾക്കും അവരുടെതന്നെ പാരന്പര്യങ്ങൾകുള്ളിൽ നിന്ന് ദൈവ ജ്ഞാനത്തിന്റെ രഹസ്യം അറിയുവാനും, എല്ലാ സംസ്കാരങ്ങളുടെയും പ്രകാശവും പരിവർത്തന ശക്തിയും ആയ ഈശോയുടെ സുവിശേഷം അംഗീകരിക്കുവാൻ അർഹത ഉണ്ട് എന്ന് തിരിച്ചറിയുകയും വേണം എന്നാണു ഇത് അർത്ഥമാക്കുന്നത്.

“ആരോടാണ് നാം ആദ്യം സുവിശേഷം പ്രഘോഷിക്കേണ്ടത്?” എന്ന് സങ്കീർണമായ ഈ പരിപ്രേക്ഷ്യത്തിൽ നാം നമ്മോടു തന്നെ ചോദിക്കണം. സുവിശേഷത്തിൽ ദർശനീയമാകുന്ന ഉത്തരം വളരെ തെളിമ ഉള്ളതാണ്: പാവപ്പെട്ടവർക്കും, എളിയവർക്കും, രോഗികൾക്കും, ബന്ധിതർക്കും, മറക്കപ്പെട്ടവർക്കും, ഒന്നും തന്നെ മടക്കിത്തരാൻ കഴിവില്ലാത്തവർക്കും (കാണുക. ലൂക്കാ 14:13-14). എളിയവരെ സംബോധന ചെയ്യുന്ന സുവിശേഷ പ്രവർത്തനം ഈശോ നല്കുവാൻ വന്ന രാജ്യത്തിന്റെ അടയാളം ആണ്: “ദരിദ്രരും നമ്മുടെ വിശ്വാസവും തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്. അവരെ നാം ഒരിക്കലും ഉപേക്ഷിക്കാൻ ഇടയാവാതിരിക്കട്ടെ” (സന്തോഷത്തിന്റെ സുവിശേഷം, 48).  സന്യസ്ത പ്രേഷിത ദൈവവിളി സ്വീകരിച്ചിരിക്കുന്ന എല്ലാവരും തെളിമയോടെ ഇക്കാര്യം മനസിലാക്കട്ടെ: ദാരിദ്ര്യ വ്രതം വഴി പാവങ്ങളോടു പ്രതിപത്തി കാണിക്കുന്ന ഈശോയെ അനുഗമിക്കുവാൻ നിങ്ങൾ തയ്യാറായി, ആദർശപരമായി അല്ല, മറിച്ചു അവൻ എങ്ങനെ പാവങ്ങളോട് താദാത്മ്യപ്പെട്ടോ അതെ പോലെ യഥാർത്ഥമായി. ദൈനംദിന ജീവിതത്തിലെ അനിശ്ചിതാവസ്ഥകളിൽ അവരെ പോലെ ജീവിച്ചു കൊണ്ടും എല്ലാത്തരം അധികാരങ്ങളും വെടിഞ്ഞുകൊണ്ടും, അങ്ങനെ പാവപ്പെട്ടവരുടെ സഹോദരനും സഹോദരിയും ആയിക്കൊണ്ടും, അവർക്ക് സുവിശേഷ സന്തോഷത്തിന്റെ സാക്ഷ്യം എത്തിച്ചു കൊണ്ടും ദൈവ സ്നേഹത്തിന്റെ അടയാളം ആയി മാറികൊണ്ടും നിങ്ങൾ സുവിശേഷത്തിന് സാക്ഷ്യമേകുവിൻ.

ക്രിസ്തുവിന്റെ സാക്ഷികൾ ആയും പാവപ്പെട്ടവരുടെയും പതിതരുടെയും ഇടയിൽ  പിതാവിന്റെ സ്നേഹത്തിന്റെ അടയാളം ആയും ജീവിക്കുന്നത് വഴി സഭയുടെ പ്രേഷിത ദൌത്യത്തിൽ അല്മായ സഹോദരരുടെ പങ്കിനെ പ്രോത്സാഹിപ്പിക്കുവാൻ സന്യസ്തർ വിളിക്കപ്പെട്ടിരിക്കുന്നു.  രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പ്രസ്താവിക്കുന്നു: “അല്മായർ സഭയുടെ സുവിശേഷ പ്രഘോഷണ കർമ്മത്തിൽ ഭാഗഭാക്കാവണം; സാക്ഷികളായിക്കൊണ്ടും, ജീവിക്കുന്ന ഉപകരണങ്ങൾ ആയി മാറിയും അവർ സഭയുടെ രക്ഷാകരമായ ദൌത്യത്തിൽ പങ്കുപറ്റുന്നു.” (ജനതകളോട്, 41). സന്യസ്തരായ പ്രേഷിതർ തങ്ങളോടൊപ്പം പ്രവർത്തിക്കുവാൻ സന്മനസ് കാട്ടുന്ന അല്മായരെ, ചുരുങ്ങിയ സമയത്തേക്കുള്ള  പ്രവർത്തന പരിചയത്തിനാണെങ്കിൽ പോലും,  ഉദാരമായി സ്വാഗതം ചെയ്യണം. മാമ്മോദീസയിൽ ലഭ്യമായ പ്രേഷിത വിളിയെ പങ്കുവക്കാൻ ആഗ്രഹിക്കുന്ന സഹോദരീ സഹോദരന്മാർ ആണ് അവർ. മിഷനിലെ സന്യാസ ഭവനങ്ങളും ഘടനകളും അവരെ സ്വാഗതം ചെയ്യാനുള്ള സ്വാഭാവിക സ്ഥാനങ്ങളും, അവർക്ക് മാനുഷികവും ആത്മീയവും, അപ്പസ്തോലികവും ആയ പിന്തുണ നല്കാനുള്ള ഇടങ്ങളും ആണ്.

സഭയുടെ സ്ഥാപനങ്ങളും പ്രേഷിത സമൂഹങ്ങളും ഈശോയുടെ സുവിശേഷം ഇതുവരെയും കേട്ടിട്ടില്ലാത്തവർക്ക് പൂർണ്ണമായും ശുശ്രൂഷ ചെയ്യുന്നു. തങ്ങളുടെ സമർപ്പിത വ്യക്തികളുടെ സഭാ ചൈതന്യവും പ്രേഷിത സമർപ്പണവും പ്രസ്തുത സ്ഥാപനങ്ങൾ കണക്കിൽ എടുക്കണം എന്നാണു ഇതിനു അർഥം. എന്നാൽ, സമർപ്പിതരായ സ്ത്രീപുരുഷന്മാർക്ക്  റോമാ മെത്രാന്റെ കരുതലിന്റെ പ്രകടനം എന്ന നിലക്ക് “കൂട്ടായ്മ” വളർത്താൻ അവരുടേതായ ശുശ്രൂഷാ പദ്ധതികളും ഘടനകളും ആവശ്യമുണ്ട്. കാരണം സഹകരണവും സംഘാത പ്രവർത്തനവും  പ്രേഷിത സാക്ഷ്യത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആണ്. ലോകം  വിശ്വസിക്കേണ്ടതിനു ശിഷ്യന്മാരുടെ ഐക്യത്തെ ഈശോ ഒരു വ്യവസ്ഥ ആക്കിയിരുന്നല്ലോ (കാണുക. യോഹ 17:21). ഈ ഒരുമിക്കൽ (convergence) നയ്യാമികമോ, പ്രസ്ഥാനവൽകരണമോ, വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആത്മാവിന്റെ രചനാത്മകതയെ പരിമിതമാക്കലോ അല്ല. അത് സുവിശേഷ  സന്ദേശത്തിന് കൂടുതൽ ഫലദായകത്വം നല്കുന്നതും ആത്മാവിന്റെ ഫലമായ  ലക്ഷ്യത്തിന്റെ ഐകരൂപ്യം  സാധിതം ആക്കുന്നതും ആണ്.

പത്രോസിന്റെ പിൻഗാമിയുടെ പ്രേഷിത സമൂഹങ്ങൾക്ക് സാർവത്രികമായ അപ്പസ്തോലിക ചക്രവാളം ആണുള്ളത്. ഇതിനാൽ അവക്ക് സന്യസ്ത ജീവിതത്തിന്റെ വിവിധങ്ങളായ സ്ഥാപക ചൈതന്യങ്ങൾ ഉണ്ടാവണം. അത് സുവിശേഷവത്കരണത്തിന്റെ വിസ്തൃതമായ മേഖലകളെ അഭിസംബോധന ചെയ്യാനും, അയക്കപ്പെടുന്ന ഇടങ്ങളിൽ  ആവശ്യമായ സാന്നിധ്യം പ്രകടിപ്പിക്കാനും സഹായിക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരെ, യഥാർത്ഥ മിഷനറി സുവിശേഷത്തോടുള്ള അഭിവാഞ്ച കാത്തുസൂക്ഷിക്കുന്നു വി. പൗലോസ്‌ ശ്ലീഹ പറയുന്നു: “സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം!” (1 കൊരി 9:16). എല്ലാവർക്കുമായുള്ള ആനന്ദത്തിന്റെയും വിടുതലിന്റെയും രക്ഷയുടെയും ഉറവിടമാണ് സുവിശേഷം. സഭ ഈ ദാനത്തെ കുറിച്ച് ബോധവതി ആണ്. അതിനാൽ “ആദി മുതൽ ഉള്ളതും, ഞങ്ങൾ കേട്ടതും, കണ്ണുകൾ കൊണ്ട് കണ്ടതും ആയതിനെ” (1 യോഹ 1:1) അവൾ അവിരാമം എല്ലാവരോടും പ്രഘോഷിക്കുന്നു. വചന ശുശ്രൂഷകരുടെ – മെത്രാന്മാർ, പുരോഹിതർ, സന്യസ്തർ, അല്മായർ – ദൌത്യം ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഈശോയുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് കടന്നുവരുവാൻ അനുവദിക്കുക എന്നതാണ്. സഭയുടെ സമഗ്രമായ പ്രേഷിത ദൌത്യത്തിൽ എല്ലാ വിശ്വാസികളും അവരുടെ ജ്ഞാനസ്നാന വ്രതം ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ച് പരിപൂർണ്ണമായി ജീവിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നു. സമർപ്പിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആകട്ടെ സാർവത്രികമായ ഈ വിളിയോടുള്ള ഉദാരമായ പ്രതികരണം ശ്രേഷ്ടമായ പ്രാർഥനാ ജീവിതം വഴിയും കർത്താവുമായുള്ള ഐക്യവും അവന്റെ രക്ഷാകരമായ ബാലിദാനം വഴിയും ആണ് നല്കാൻ ആകുന്നത്.

എല്ലാ ജീവിതന്തസിലും പെട്ട സുവിശേഷ പ്രഘോഷകരെ ഞാൻ സഭയുടെ മാതാവും പ്രേഷിത പ്രവർത്തനത്തിന്റെ മാതൃകയും ആയ മറിയത്തിന് സമർപ്പിക്കുന്നു. എല്ലാ മിഷനറിമാർക്കും ഞാൻ എന്റെ ശ്ലൈഹിക ആശീർവാദം ആത്മാർഥമായി നേരുന്നു.

കടപ്പാട്: വത്തിക്കാൻ റേഡിയോ, ഇംഗ്ലീഷ് മൂലത്തിൽ നിന്നുള്ള സ്വതന്ത്ര പരിഭാഷ.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply