അംഗവിഹീനരുടെ അനുഗ്രഹങ്ങൾ

0

ദൈവത്തെ ചോദ്യം ചെയ്യാത്തവരായി ആരെങ്കിലും ഉണ്ടോ? ചോദ്യം ചെയ്തില്ലെങ്കിലും ചില പ്രത്യക സാഹചര്യങ്ങളിൽ ദൈവത്തോട് പരാതിപ്പെടാത്തവരായി ആരും ഉണ്ടാവില്ല. അങ്ങനെ പരാതിപ്പെട്ട ഒരു വ്യക്തി ആണ് ആഫ്രിക്കക്കാരനായ സിറിൽ ആക്സൽറോഡ്‌. ജന്മനാ ബധിരനായ വ്യക്തി. കേഴ്‌വിയുടെ വാതായനങ്ങങ്ങൾ കൊട്ടിയടക്കപ്പെട്ട അയാൾ ഒരു യഹൂദനായിരുന്നു. തന്റെ 23-ആം വയസിൽ ദൈവത്തിന്റെ ശക്തമായ ഇടപെടൽ മൂലം അദ്ദേഹം ഒരു ക്രിസ്തു വിശ്വാസി ആയി. ഈശോയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പുരോഹിതൻ ആകണം എന്ന ആഗ്രഹം ഉടലെടുത്തു. ഒരു ബധിരന്റെ പരിമിതികൾ പരിഗണിച്ചുകൊണ്ട്‌ അദ്ദേഹത്തെ ദിവ്യരക്ഷക സഭ സ്വീകരിച്ചു. പരിശീലനത്തിന്റെ പരിസമാപ്തിയിൽ അദ്ദേഹം ഫാദർ സിറിൽ ആക്സൽറോഡ്‌ ആയി. ബധിരൻ ആയിരുന്നിട്ടു കൂടി അദ്ദേഹത്തിനു ഒന്പത് ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. തന്റെ പൌരോഹിത്യ ജീവിതം ഒരു പ്രത്യേക വിളി ആയിക്കണ്ട് അദ്ദേഹം സേവനം തുടർന്നു.

എന്നാൽ അപ്രതീക്ഷിതമായിരുന്നു ആ ദുരന്തം. ബധിരനായ അദ്ദേഹത്തിന് കാഴ്ചയും നഷ്ടപ്പെട്ടു. കൂനിന്മേൽ കുരു പോലെ നിരാശ അദ്ദേഹത്തെ പിടിച്ചുലച്ച ദിവസങ്ങൾ. അദ്ദേഹം ദൈവത്തോട് ചോദ്യങ്ങൾ ഉന്നയിച്ച ദിനങ്ങൾ. നിരാശയുടെ പാതാളത്തിലേക്ക് കൂപ്പുകുത്തുന്നതിന് മുന്പേ ദൈവത്തിനു തന്നെ കുറിച്ചുള്ള പദ്ധതി അദ്ദേഹം തിരിച്ചറിഞ്ഞു. പ്രാർത്ഥനക്കിടയിൽ ദൈവത്തിന്റെ സ്വരം അദ്ദേഹം ശ്രവിച്ചു. ധൈര്യമായിരിക്കുക, ഞാനാണ് നിന്നെ ശക്തിപ്പെടുത്തുന്ന ദൈവം. നിന്റെ ബലഹീനതകളിലും കരുത്തേകുന്ന ദൈവം. നിന്റെ കൂടെ ഞാൻ ഉണ്ട് എന്നീ വചനങ്ങൾക്കായി അദ്ദേഹം കാതോർത്തു.

അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ദൈവ സ്നേഹത്തിന്റെ പുതിയ പന്ഥാവിലൂടെ അദ്ദേഹം യാത്ര ചെയ്യുവാൻ തുടങ്ങി. അന്ധനാകുന്നതിനു മുന്പ് പൂന്തോട്ടത്തിൽ ഉലാത്തുന്ന പതിവ് അദ്ദേഹത്തിനു ഉണ്ടായിരുന്നു. കാഴ്ച നഷ്ടപ്പെട്ടപ്പോൾ ആ പതിവ് അദ്ദേഹം നിറുത്തിയിരുന്നു. എന്നാൽ ഉള്ളിലെ ദൈവസ്വരത്തിന്റെ പ്രചോദനത്താൽ അദ്ദേഹം അത് പുനരാരംഭിച്ചു. അദ്ദേഹത്തിനു മുന്പിൽ അപ്പോൾ ഒരു പുതിയ ലോകം തുറക്കപ്പെട്ടു. ഗന്ധങ്ങളുടെയും സ്പർശനത്തിന്റെയും ലോകം. പൂന്തോട്ടത്തിലെ ഓരോ പൂവിലും ഉള്ള ഗന്ധം അദ്ദേഹത്തെ  മാടിവിളിച്ചു. സുഗന്ധങ്ങളിൽ നിന്ന് വിവിധങ്ങളായ പുഷ്പങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. അവയെ സ്പർശിച്ചു കൊണ്ട് അവയുടെ സൌന്ദര്യം അകക്കണ്ണിനാൽ അനുഭവിച്ചറിഞ്ഞു. അന്നുവരെ കാണാത്ത കാഴ്ചകൾ അദ്ദേഹത്തിനു ദർശനീയമായി.

മഴയോ മറ്റു പ്രതികൂല കാലാവസ്തകളോ ചിലപ്പോൾ അദ്ദേഹത്തിന്റെ ഈ പതിവ് തെറ്റിക്കുമായിരുന്നു. അപ്പോഴുള്ള കനത്ത ഏകാന്തതയെ മറികടക്കുവാൻ അദ്ദേഹം പുതിയ ഉപാധി കണ്ടെത്തി. ദേവാലയത്തിനുള്ളിൽ ചെന്ന്  സക്രാരിയിലെ ദിവ്യകാരുണ്യ ഈശോയെ  തന്റെ കരങ്ങളിൽ പിടിച്ചു പ്രാർത്ഥനയിൽ ചെലവഴിക്കാൻ തുടങ്ങി. അദ്ദേഹം ഈശോയെയും, ഈശോ അദ്ദേഹത്തെയും പരസ്പരം സ്പർശിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പരസ്പരം സ്പർശിച്ചും സംസാരിച്ചും അവർ ഇരുവരും വലിയ സൌഹൃദത്തിൽ ആയി. തനിക്കു കാഴ്ച ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ ഉള്ള സൌഭാഗ്യത്തെ തിരിച്ചറിയുമായിരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം ദൈവത്തിനു സ്തുതി പാടി.

ലോകത്തിലെ ആദ്യത്തെ അന്ധനും ബധിരനും ആയ പുരോഹിതനാണ് സിറിൽ ആക്സൽറോഡ്‌. ബധിരർക്കും അന്ധർക്കും വേണ്ടി അദ്ദേഹം പല കാര്യങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി. അവർക്ക് വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലും കലാലയങ്ങൾ സ്ഥാപിക്കുകയും വിവിധ തരത്തിൽ കർമ്മനിരതനാവുകയും ചെയ്തു.

Fr Cyril Axelrodഅന്ധനും ബധിരനും ആയ അദ്ദേഹത്തിന്റെ ജീവിതം കാഴ്ചയും കേഴ്‌വിയും ഉള്ള നമുക്ക് മാതൃകയും പ്രചോദനവും ആവേണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ ദൈവ സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ തിരിച്ചറിയാൻ നാം പരാജയപ്പെടുന്നു. നാം ഉദ്ദേശിക്കാത്ത തരത്തിൽ കാര്യങ്ങൾ സംഭവിക്കുന്പോൾ, സഹനത്തിലും കൂടെ നടക്കുന്ന ദൈവത്തെ തിരിച്ചറിയാതെ, സഹനങ്ങളെ ഓർത്തു  ദൈവത്തെ പഴിക്കുന്നു. ജീവിതത്തിലെ ദുരന്തങ്ങളിൽ നിന്ന് കരകയറാനാവത്ത എത്രയോ പേരുണ്ട്? സമാധാനവും സന്തോഷവും കണ്ടെത്താനാവാത്ത കുടുംബങ്ങളുടെയും സന്യാസ ഭവനങ്ങളുടെയും സംഖ്യ ഏറിവരുന്നു. എല്ലാവരും സ്നേഹം തേടിയുള്ള യാത്രയിൽ ആണ്. അതിനെ പിൻപറ്റി ധാരാളം മനക്കോട്ടകൾ കെട്ടുന്നു. എന്നാൽ ആ മനക്കോട്ടകൾ തകരുന്നിടത്തുനിന്നും പിച്ചവച്ചു നടന്നു കയറുവാൻ പലർക്കും ആവുന്നില്ല. അവർ നിരാശയിലേക്ക് കൂപ്പുകുത്തി ദൈവത്തെയും സാഹചര്യങ്ങളെയും പഴിചാരി, വീണിടത്ത് തന്നെ കിടക്കുന്നു.

അന്ധരും മുടന്തരുമായ യാചകരെ കാണുന്പോൾ സഹതാപത്തെക്കാൾ ഉപരി ചിലപ്പോൾ അമർഷം തോന്നിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സാധ്യതകളും അടഞ്ഞതിന് ശേഷമാണോ അവർ പിച്ചച്ചട്ടി കയ്യിലെടുത്തത്? അതോ വികലാംഗത  ഒരു സാധ്യത ആക്കി അവർ മാറ്റിയോ?

ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവന് മാത്രമേ, തകർച്ചകളിൽ നിന്ന് ഉയർച്ചകളിലേക്ക് നടന്നു കയറാൻ ആവൂ. അല്ലാത്തവർ അവിടുത്തെ ഉപേക്ഷിക്കും. ഇത് കുറിക്കുന്പോൾ, ഈ അടുത്ത കാലത്ത് വിശ്വാസം ഉപേക്ഷിച്ചു നിരീശ്വരവാദത്തിന്റെ വക്കിലെത്തി നില്കുന്ന സുഹൃത്തിന് വേണ്ടിയുള്ള പ്രാർത്ഥന ആണ് മനസ്സിൽ ഉയരുന്നത്. എന്തിനാണ് ദൈവത്തിൽ വിശ്വസിക്കുന്നത്? വിശ്വസിക്കുന്നവർക്കും അല്ലാത്തവർക്കും അനുഗ്രഹങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ചിട്ടു പിന്നെ എന്ത് മേന്മ ആണുള്ളത് എന്ന് ആ സുഹൃത്ത്‌ പക്ഷം പിടിക്കുന്നു. തങ്ങളുടെ ജീവിതോന്നമനത്തിനും ആനന്ദത്തിനും മാത്രം ദൈവത്തെ ആരാധിക്കുന്ന ഒരു പറ്റം ആളുകളുടെ പ്രതിനിഥി ആണ് അദ്ദേഹം. ആധുനിക കാലത്ത് ഉപയോഗയുക്തമായ വ്യക്തിയോ ബിംബമോ ആയി ദൈവം മാറുന്നു എന്നത് തീർത്തും പരിതാപകരമാണ്.

സഹനങ്ങളിലൂടെ നമ്മെ വളർത്തുകയും സഹനങ്ങളിൽ ദൈവം നമുക്ക് തുണ ആയി നിൽക്കുകയും ചെയ്യുന്നു എന്ന് കരുതുന്നവർ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഏക പുത്രനെ വരെ കുരിശുമരണത്തിലേക്ക്  വിട്ടു കൊടുത്തു പുനരുത്ഥാനത്തിലേക്ക് നയിച്ചവനാണ് നമ്മുടെ ദൈവം എന്ന് എന്തുകൊണ്ടോ നാം മറന്നു പോകുന്നു. സഹനങ്ങളെ ബഹിഷ്കരിക്കുന്നവനും, അംഗീകരിക്കാത്തവനും ഒരിക്കലും പുരോഗതി ഉണ്ടാവുക ഇല്ല എന്ന് സാമൂഹ്യ മനശാസ്ത്രജ്ഞനായ എറിക് ഫ്രോം പറയുന്നുണ്ട്. ഉയർച്ചയുടെ ഉച്ചിയിൽ എത്തിയവരിൽ പലർക്കും തകർച്ചയുടെ പാനപാത്രങ്ങൾ കുടിക്കേണ്ടി വന്നിട്ടുണ്ട് എന്നും നാം മറന്നുകൂടാ. ജീവിതത്തിന്റെ ഏതു പ്രതിസന്ധികളിലും കൂടെ ഉള്ളവനാണ് ദൈവം എന്ന് വിശ്വസിക്കുന്നവർ എത്ര ഭാഗ്യവാന്മാർ. എല്ലാ വാതിലുകളും അടയുന്പോഴും പുതിയ സാദ്ധ്യതകളുടെ കിളിവാതിലുകൾ അവർക്കു മുന്നിൽ താനേ തുറക്കും. തങ്ങളിലേക്ക് ചൊരിയപ്പെടുന്ന ദൈവസ്നേഹത്തെ അവർ തിരിച്ചറിയും.

ഫാ. ജെൻസൻ ലാ സലറ്റ്

മിഷനറീസ് ഓഫ് അവർ ലേഡി ഓഫ് ലാ സലറ്റ്‌ എന്ന സഭയിലെ അംഗമായ ഫാ. ജെൻസൻ ലാ സലറ്റ് സണ്ടേ ശാലോം, അമ്മ, അമലോദ്ഭവ എന്നീ പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി എഴുതുന്നു. ദൈവത്തോടൊപ്പം, ഓർക്കാതെ പോകുന്നവ, ക്രിസ്തുവിന്റെ പാഠങ്ങൾ എന്നീ പുസ്തകങ്ങളുടെ കർത്താവാണ്.

Loading Facebook Comments ...

Leave A Reply