അമ്മക്ക് ഒരു കത്ത്

0

പിറക്കാൻ ഒരിടം വേണം… പിറന്നു വീഴാൻ ഇടം ഏതാണ് എന്ന് നോക്കി അലഞ്ഞപ്പോൾ, സ്നേഹപൂർവം അവൾ എന്നെ ക്ഷണിച്ചു… അവളുടെ ഹൃദയത്തിലേക്ക്… അവളുടെ ഭവനത്തിലേക്ക്‌…അവളുടെ മകൻ ആയി ഉദരത്തിൽ ഉരുവാകാൻ…

പ്രകാശമായി, നന്മയായി, അനുഗ്രഹമായി അവൻ എന്നിൽ വന്നു പിറക്കണമേ എന്ന് അമ്മ നിരന്തരം പ്രാർഥിച്ചു. അമ്മയുടേത് ആകണം എന്ന് ഞാനും ഹൃദയത്തിൽ അഭിലഷിച്ചു.

കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ക്ലേശങ്ങൾ സഹിച്ചു എന്നെയും ഉദരത്തിൽ പേറി അവൾ  നടന്നു. അവൾ എന്നെ, രാവും പകലും, അക്ഷീണം ഉയിരും, ഉടലും, ഊർജ്ജവും തന്നു പോറ്റി വളർത്തി. ഊട്ടി ഉറക്കി. ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത നിന്റെ സ്നേഹത്തിനു മുന്നില് ഞാൻ ശിരസ്സ് നമിക്കട്ടെ.

എന്റെ ജനനം അവളെ എന്നും സന്തോഷിപ്പിച്ചു. അവളുടെ ഓരോ വിനാഴികയും എന്റെ സാന്നിധ്യം വിശുദ്ധമാക്കി. പതറാത്ത മനസും, ഇടറാത്ത ചിന്തകളും, തളരാത്ത വിശ്വാസവും കൊണ്ട് അവൾ എന്നെ വളർത്തി.

മാതൃസ്നേഹത്തിന്റെ ആഴവും, നീളവും, രീതിയും, ഉറപ്പും ഞാൻ ലില്ലി അമ്മയിൽ അനുഭവിച്ചു. എന്നെ വലുതാക്കാൻ എല്ലായിടത്തും അവൾ ചെറുതായി. ഞാൻ പിച്ച നടന്ന കാലത്ത് അവൾ എനിക്ക് കൈത്താങ്ങ്‌ ആയി. എന്റെ പ്രതിസന്ധികളിൽ തളർന്നു വീഴാത്ത ഊന്നുവടിയായി കൂടെ നടന്നു.

ചിന്തയിലോ, ബുദ്ധിയിലോ, ഭാവനയിലോ, വാക്കുകളിലോ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അവളുടെ സ്നേഹം എന്ന് ഞാൻ തിരിച്ചറിയുന്നു. അയോഗ്യതകളിലും ബാലഹീനതകളിലും എന്നെ ബാലപ്പെടുത്തിയത്തിനു അമ്മെ നിനക്ക് നന്ദി. നിന്റെ കരുണക്കും, സ്നേഹത്തിനും മുന്നിൽ കൂപ്പുകൈ.

അമ്മേ നീ എന്ന വികാരം ആഹ്ലാദകരമായ ഒരു അനുഭവം ആയി എന്നിൽ ഉളവാകുന്നു. ഉണ്ണുന്പോഴും ഉറങ്ങുന്പോഴും എല്ലായിടത്തും എല്ലാം ആയി നീ എന്റെ മനോമുകുരത്തിൽ വിടരുന്നു.
“കർത്താവ് എന്റെ ഇടയനാകുന്നു” എന്ന് നീ മടിയിൽ ഇരുത്തി പഠിപ്പിച്ച സങ്കീർത്തനം പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്ക് ആശ്വാസവും പ്രതീക്ഷയും നല്കുന്നു. ഇനിയും ഉള്ള എന്റെ യാത്രകളും ഉൾതുടിപ്പുകളും നിന്റെ കൈപിടിച്ച് തന്നെ മുന്നേറുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആഗ്രഹിക്കുന്പോളെല്ലാം എനിക്ക് ആശ്വാസവും കരുതലും ആയി അകക്കണ്ണിൽ നിറയുന്ന നിനക്ക് സഹസ്രപ്രണാമം.

നിദ്രയിൽ എപ്പോഴോ ഉണ്ടായ ഒരു സ്വപ്നം പറയട്ടെ. കുളിപ്പിക്കുവാനായി എന്നെയും ഒക്കത്തിരുത്തി നീ കിണറ്റിൻ കരയിലേക്ക് നടന്നു നീങ്ങുന്നു. തൊട്ടിയിൽ കോരിയ വെള്ളം നീ എന്റെ ശിരസ്സിൽ ഒഴിക്കവേ, മറ്റെന്തിനോ ആയി നീ വീട്ടിനുള്ളിലേക്ക് പായുന്നു. അതാ, ഒരു അപരിചിതയായ സ്തീ പടിപ്പുര കടന്നു എന്നെയും കൈക്കലാക്കി പുറത്തേക്ക് നടക്കുന്നു. തൽക്ഷണം പുറത്തേക്ക് വന്ന നീ ഈ കാഴ്ച കണ്ടു സ്തബ്ധയാവുകയും സർവശക്തിയും സംഭരിച്ചു എന്നെ സ്വന്തമാക്കാൻ നീ അവരുടെ പുറകെ കുതിക്കുകയും ചെയ്യുന്നു. ഓട്ടത്തിനിടയിൽ കല്ലിൽ തട്ടി നിന്റെ കാലിൽ ചോര പൊടിയുന്നു.

നിദ്രയിൽ നിന്നുണർന്ന ഞാൻ പിന്നീടെന്തു സംഭവിച്ചു എന്ന് അറിയാതെ വിവശനായി. എങ്കിലും ഒന്നുറപ്പാണ്. എന്നെ സ്വന്തമാക്കുന്നതു വരെ നീ ഓട്ടം തുടർന്നു കൊണ്ടേ ഇരിക്കും.

സ്നേഹപൂർവം,

അമ്മയുടെ പൊന്നോമന

ചിത്രം: സാഗരിക സെൻ

ലിബിൻ ഒ. ഐ. സി.

ആത്മാവിഷ്ക്കാരത്തിന്റെ മാധ്യമം ആയി അക്ഷരങ്ങളെ തിരഞ്ഞെടുത്ത ലിബിൻ ഒ. ഐ. സി. ബഥനി സന്ന്യാസ സമൂഹ അംഗം ആണ്. വായന, ബ്ലോഗ്‌ എഴുത്ത് എന്നിവ ഇഷ്ടവിനോദങ്ങൾ. ഐക്യദീപം, കാഹളം, ക്രിസ്റ്റീൻ, ഓണ്‍ ലൈൻ എം. സി. ബി.എസ്. വെബ്‌ സൈറ്റ് എന്നിവ യിൽ നിരന്തരമായി എഴുതുന്നു.

Loading Facebook Comments ...

Leave A Reply