കോപാക്രാന്തമായ കോലാഹലം

0

ശാരീരികമായി മൗനം പാലിക്കാന്‍ എളുപ്പമാണ്. കണ്ണുകളാകുന്ന വാതിലും ജനാലയും അടച്ചാല്‍ മതി. ഇവിടെ പ്രതിപാദിക്കുന്നത് ആന്തരിക മൗനത്തെക്കുറിച്ച് ആണ്. ആന്തരിക മൗനത്തിലേക്ക് പ്രവേശിക്കുവാന്‍ ശാരീരികമായ മൗനം അനിവാര്യമാണ്. ചിന്തകളുടെയും വികാരങ്ങളുടെയും വ്യാപാരങ്ങളെ നിയന്ത്രിക്കാന്‍ അത്ര എളുപ്പമല്ല. ഒരുവന്രെ ഉള്ളില്‍ ധാരാളം കോലാഹലങ്ങളുണ്ട്. പൊട്ടിത്തെറികളും ശബ്ദങ്ങളും വാദപ്രതിവാദങ്ങളും സദാ മുഴങ്ങുന്നുണ്ട്. നിര്‍ഭാഗ്യം എന്നു പറയട്ടെ, ഈ വക കാര്യങ്ങളെക്കുറിച്ച് ഒന്ന് വിശദമാക്കി കൊടുക്കാന്‍ ആരെങ്കിലും ഒന്നു മുതിര്‍ന്നാല്‍, അധിക പങ്കും അത് ശ്രദ്ധിക്കുകയോ, മനസിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. എന്നിട്ടോ, ഉള്ളിലെ ശബ്ദകോലാഹലങ്ങള്‍ ഒരാളുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഭിന്നതയും കലഹവും പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കും.

ചിലര്‍ ആത്മീയാനുഭവത്തിനും, മൗനത്തിനുമായി ധ്യാനം കൂടാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. ധ്യാനങ്ങള്‍ വിവിധ നാമങ്ങളിലും, രൂപങ്ങളിലും സുലഭം. കൈകൊട്ടിപ്പാട്ടും, ഹല്ലേലുയ്യാ ഘോഷങ്ങളും ന‍‍ൃത്തവും കൊണ്ട് ആര്‍ക്കെങ്കിലും ആത്മാവിനെ അറിയാന്‍ സാധിക്കുമോ? സ്വന്തം ആത്മചൈതന്യത്തെ കുറിച്ച് ബോധവും മതിപ്പും ഇല്ലാത്തതിനാലാണ് ഒരു ധ്യാനത്തിലും തൃപ്തി വരാതെ പിന്നെയും പിന്നെയും മറ്റൊന്നു തേടി പോകുന്നത്. ധ്യാനങ്ങള്‍ നല്ലതാവാം, എന്നാല്‍ ധ്യാനി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം ചാ‍‍ഞ്ചാടാന്‍ പാടില്ല. ധ്യാനം വലിയ അനുഭവം ആയിരുന്നു എന്ന്് ഇക്കൂട്ടര്‍ പറയും. അനുഭവം പങ്കുവെക്കാന്‍ ആവശ്യപ്പെട്ടാല്‍ ധ്യാനഗുരു പറഞ്ഞ നര്‍മ്മകഥകള്‍ രസമായി അവതരിപ്പിക്കും. അത്രതന്നെ. ഒരഴ്ചക്കുള്ളില്‍ ധ്യാനമേ മറക്കുന്നു.  ആത്മാവിന്‍റെ സാന്നിദ്ധ്യാവബോധത്തില്‍ ആയിരിക്കുന്ന ആനന്ദാനുഭൂതിയില്‍ ഒന്നും എത്തുന്നില്ല. മൗനം ശൈലിയാക്കേണ്ട സമര്‍പ്പിതര്‍ പോലും അതിനു ശ്രമിക്കുന്നില്ല.

ഉള്ളിലെ കോലാഹലങ്ങള്‍

ബാഹ്യ ബഹളങ്ങളുടെ പിന്നില്‍ ഉള്ളിലെ കോലാഹലങ്ങള്‍ ആണ് എന്ന് അറിഞ്ഞുകൊണ്ട് ആന്തരിക ശല്യങ്ങളെ ഒഴിവാക്കുകയും, ഉള്ളില്‍ മൗനം പണിതുയര്‍ത്തുകയും വേണം. നിങ്ങളുടെ ഉള്ളിലെ വാദമുഖങ്ങള്‍, ദുര്‍മ്മോഹങ്ങള്‍, എന്നിവ ആഭ്യന്തര ലഹള ഉണ്ടാക്കുന്നു. ചിന്തകള്‍, വികാരങ്ങള്‍ എന്നിവയെ കീഴ്പ്പെടുത്തി അവനവന്‍റെ മേല്‍ പരമാധിപത്യം പുലര്‍ത്തണം. അതിന്, യാഥാര്‍ത്ഥ്യങ്ങളുടെ ഉപരിതലത്തു നിന്നു നീങ്ങി, ആഴത്തിലേക്ക് വല എറിയണം.

ശരീരവും മനസും സ്വസ്ഥവും ശാന്തവും ആയ ഒരു അവസ്ഥ ഉണ്ടാകണം. പഞ്ചേന്ദ്രിയങ്ങളെ അവയുടെ വിഷയങ്ങളില്‍ നിന്ന് മോചിപ്പിച്ച് ഏകാഗ്രമാക്കണം. ശാരീരിക മാനസിക തലങ്ങളുെട സമന്വയം നടക്കണം. മാംസപേശികള്‍, നാഡീഞരന്പുകള്‍, സന്ധിബന്ധങ്ങള്‍, മനസ് എന്നിവയുടെ പിരിമുറുക്കങ്ങളെല്ലാം മാറ്റി മനസിനെ നമ്മുടെ സത്തയായ ആത്മാവിലേക്ക് കേന്ദ്രീകരിക്കണം.

നിങ്ങള്‍ ഇതു വരെയും മൗനത്തിലാണ് കഴി‌ഞ്ഞിരുന്നത് എന്നു തോന്നാം. വാസ്തവത്തില്‍ അത് യഥാര്‍ത്ഥ മൗനമേ അല്ല. നിങ്ങള്‍ സ്വയം കണ്ടുപിടിച്ച തന്ത്രമായിരുന്നു. നിങ്ങളുടെ പ്രശ്നത്തിന്മേല്‍ നിങ്ങള്‍ കണ്ണടച്ചിരുന്നു, അത്രമാത്രം. പലകാര്യങ്ങളെ കുറിച്ചും മുന്‍വിധികളും, ഹിംസാത്മകതയും പുറത്തേക്ക് വരുന്നു. കൂടെ ഉള്ളവരോട്, ശുണ്ഠി തോന്നുന്നു. സഹപ്രവര്‍ത്തകരോട് കോപം ജ്വലിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ അധികാരി നിങ്ങളോട് ദേഷ്യപ്പെടുന്നു. കണ്ണടച്ച് ഇരിക്കുന്പോള്‍ ഇങ്ങനെ ഓരോന്ന് മുന്നില്‍ തെളിഞ്ഞ് വരുന്നത് മൗനമോ? ഇതാണ് കോപാക്രാന്തമായ കോലാഹലം.

 

സി. മേരി ജെയിൻ

അദ്ധ്യാപനം, എഴുത്ത്, വചനപ്രഘോഷണം, മാദ്ധ്യമ ശുശ്രൂഷ, ഫെയ്ത് ഹീലിംഗ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന സിസ്റ്റർ മേരി ജെയിൻ സിസ്റ്റെഴ്സ് ഓഫ് ഡെസ്ടിട്യൂട്ട് എന്ന സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രോവിൻസിലെ അംഗം ആണ്. മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു, കെ.സി.ബി.സി യുടെ പ്രബന്ധ പുരസ്കാരങ്ങൾ, ഗുരുപൂജ അവാർഡു, ആത്മവിദ്യാ അവർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Loading Facebook Comments ...

Leave A Reply