സുരക്ഷ

0

ആദ്യമായിട്ടാണ് ഒരു പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ചത്, ആസ്സാമിലെ തീന്‍ഗുട്ടി എന്ന സ്ഥലത്ത്. ആയിരത്ത‍ഞ്ഞൂറിലധികം ആളുകളുള്ള ക്യാന്പ്. 2014 ഡിസംബര്‍ 23-ാം തീയതി ബോഡോ തീവ്രവാദികള്‍ വെടിവെച്ചു കൊന്നവരു‍ടെ ഉറ്റവരും ഉടയവരുമാണ് ആ കേന്ദ്രത്തില്‍ ഉള്ളത്. ഡിസംബര്‍ 23-ന് ഉച്ചക്കു ശേഷം പതിമൂന്നു പേരടങ്ങുന്ന ഒരു സംഘമാണ് അരുണാചല്‍ മലകളിറങ്ങി ആദിവാസികളുടെ വീടുകളെ സമീപിച്ചത്. പട്ടാളക്കാരുടെ വേഷത്തിലായിരുന്നു അവര്‍. ‍‍”ഞങ്ങള്‍ക്കു ദാഹിക്കുന്നു, അല്പം വെള്ളം തരൂ” എന്ന് ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാര്‍ അവര്‍ക്കു ദാഹജലം പകര്‍ന്നു നല്കി.

വെള്ളം കുടിച്ചതിനു ശേഷം ഗ്രാമവാസികളുടെ നേരേ അവര്‍ നിറയൊഴിച്ചു. മക്കളുടെ പ്രാണന്‍ അപഹരിക്കുന്നത് കണ്ട് ‘അരുതേ’ എന്ന് കരഞ്ഞപേക്ഷിച്ച മാതാപിതാക്കളെ അവര്‍ വെടിവെച്ചിട്ടു. ചീറിത്തെറിക്കുന്ന രക്തം കണ്ട് ഭയചകിതരായി നിലവിളിച്ച പിഞ്ചു കുഞ്ഞുങ്ങളെയും അവര്‍ തോക്കിനിരയാക്കി. അന്പത്തൊന്നു വീടുകള്‍ അവര്‍ തീ വച്ചു നശിപ്പിച്ചു.

അന്നം വിളന്പുന്ന അമ്മ മുതല്‍ കാത്തിരിക്കുന്ന മക്കള്‍ വരെ ചോരയില്‍ കുളിച്ച് ചലനമറ്റു കിടക്കുന്ന കാഴ്ചയാണ് പലയിടങ്ങളില്‍ നിന്ന് മടങ്ങി വന്ന ഉറ്റവർ കണ്ടത്. എല്ലാവരെയും അവര്‍ ഏങ്ങലുകളോടെ നിരത്തിയിട്ട് അടക്കം ചെയ്തു. പിന്നീട് അവര്‍ സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറി. അവരുടെ മുഖങ്ങളില്‍ പ്രകടമായ ഭീതിയും നിരാശ്രയത്വവും ഉടയവനോടുള്ള ചോദ്യചിഹ്നമോ അതോ മാനവരാശിയോടുള്ള പകയുടെ തീക്കനലുകളോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പുനരധിവാസകേന്ദ്രത്തില്‍ തന്‍റെ കുഞ്ഞിന് ജന്മം നല്കിയ ഒരു യുവതിയെ കണ്ടു. അവളുടെ കൈകളിലെ പിഞ്ചു കുഞ്ഞിന്‍റെ കൺകളിലും ഭയം ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി. കൈക്കുഞ്ഞുങ്ങളുമായി അടുത്തു വന്ന മറ്റു ചില സ്ത്രീകള്‍ പറഞ്ഞു: “ഞങ്ങള്‍ക്കു വേണ്ടത് വസ്ത്രങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും അല്ല. ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗം തരൂ.” ശരിയാണ്, കഴിക്കാന്‍ ഭക്ഷണവും ഉടുത്തൊരുങ്ങാന്‍ വസ്ത്രവും ഉണ്ടായിട്ടെന്തു കാര്യം; അവ അനുഭവിക്കാന്‍ ജീവന്‍ ഇല്ലെങ്കില്‍?

അവിടെ നിന്നുള്ള മടക്കയാത്രയില്‍ ഹ‍ൃദയഭേദ്യമായ ഈ ചോദ്യം എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍ ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും ആണ് എന്നത് വെറുതെ പറയുന്നതാ. ഒരുകാലത്ത് അങ്ങനെ ആയിരുന്നിരിക്കാം. ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ പ്രാഥമിക ആവശ്യം അവന്‍റെ ജീവന്‍റെ സുരക്ഷ ആണ്. ആരാണ് ഇന്ന് സുരക്ഷിതര്‍? നിങ്ങളും ഞാനും വലിയ ഭീതികളുടെ നടുക്കാണ് ജീവിതം നയിക്കുന്നത്!

അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ ശത്രുവിന്‍റെ നിഴല്‍ നമ്മെ പിന്തുടരുന്നുണ്ട്. ചില അവസരങ്ങളില്‍ ആ നിഴല്‍ നമ്മള്‍ തന്നെയാണ്. അപരനില്‍ നന്മ കാണാന്‍ കഴിയാത്ത അസംതൃപ്തമായ ഒരു മനസ്സ് നമ്മില്‍ തന്നെ കുടിയിരിക്കുന്നത് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. ഞാനും നിങ്ങളും പലരീതികളിലും ആക്രമിക്കുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. സ്വൈരമായി യാത്ര ചെയ്യാനോ, അന്തിയുറങ്ങാനോ നമുക്ക് ഇന്ന് ആവുന്നില്ല. എവിടെയും ശത്രുവിന്‍റെ നിഴല്‍. ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന ഇരകള്‍ ആണു നാം.

പത്രത്താളുകളില്‍ തീവ്രവാദികളുടെയും ചാവേറുകളുടെയും വാര്‍ത്ത വായിച്ച് അവരെ പഴിച്ചും കുറ്റപ്പെടുത്തിയും ചര്‍ച്ചകള്‍ നടത്തുന്പോഴും നാം അറിയുന്നില്ല, നാമും അവരില്‍ നിന്ന് ഒട്ടും വിഭിന്നരല്ല എന്ന്.  ഒരു മനുഷ്യനും തീവ്രവാദിയോ ചാവേറോ ആയി ജനിക്കുന്നില്ലല്ലോ. അനേക വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും മസ്തിഷ്കപ്രക്ഷാളനത്തിന്‍റെയും ഫലമായിട്ടാണ് വന്‍ ശക്തികളെ പോലും തകര്‍ക്കാനാവുന്ന തീവ്രവാദികള്‍ രൂപപ്പെടുന്നത്.

കാര്യങ്ങള്‍ അങ്ങനെ ഒക്കെ ആവുന്പോഴും നാം അറിയുന്നില്ല, നമ്മള്‍ പലപ്പോഴും ശത്രുവിന്‍റെ രൂപം പേറുന്ന മിത്രങ്ങളോ, മിത്രത്തിന്‍റെ രൂപമുള്ള ശത്രുവോ ആണ് എന്ന്. അപരനോട് പൊറുക്കാന്‍ കഴിയാത്ത എത്രയോ അപരാധങ്ങളുടെ മുഷിപ്പന്‍ ഭാണ്ഡങ്ങളുമായാണ് നാം യാത്ര തുടരുന്നത്. നമ്മുടെ മനസില്‍ കുടിയിരിക്കുന്ന വെറുപ്പും, പകയും, വിദ്വേഷവും എല്ലാം അപരനെ തകര്‍ക്കാന്‍ കഴിവുള്ള ഷെല്ലുകള്‍ തന്നെ ആണ്. അവ വാക്കുകളായും പ്രവര്‍ത്തികളായും നമ്മില്‍ നിന്ന് പുറത്തു വരികയും ചെയ്യും. നമ്മുടെ ശത്രുവിന്‍റെയോ, നമുക്ക് ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുടെയോ പതനങ്ങളില്‍ നാം സന്തോഷിക്കുന്നുണ്ടങ്കില്‍ അതിനു പിന്നിലെ ചേതോവികാരം ഹിംസയല്ലാതെ മറ്റെന്താണ്?

നമ്മിലെ വെറുപ്പിനും വിദ്വേഷത്തിനും അപരന്‍റെ ചോരയുടെ ഗന്ധം തന്നെ ആണ്. വിനാശചിന്തകള്‍ നമ്മില്‍ കുടികൊള്ളുന്നിടത്തോളം നാമും മറ്റുള്ളവരും സുരക്ഷിതരല്ല. നമ്മില്‍ ജ്വലിക്കുന്ന പകയുടെ തീക്കനലിന്‍റെ ഭീതിയില്‍ അപരന്‍റെ ഉറക്കവും സമാധാനവും നഷ്ടപ്പെടുന്നു എന്നു നാം മറക്കരുത്.

ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും ദൂതരാവേണ്ടവരാണ് സമര്‍പ്പിതര്‍. വിഭാഗീയതയും സാമൂഹികസംഘര്‍ഷവും നടമാടുന്ന സമൂഹങ്ങളില്‍ അവര്‍ അനുരഞ്ജനത്തിന്‍റെ വക്താക്കളും പ്രായോജകരും ആവണം. സമരസം സ്ഥാപിക്കാന്‍ ക്രിസ്തുവില്‍ ആശ്രയിച്ച് എല്ലാ നടപടികളും അവര്‍ കൈക്കൊള്ളണം. ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രാധാന്യമേറിയ പ്രേഷിതപ്രവര്‍ത്തനവും സുവിശേഷവത്കരണവും അനുരഞ്ജനപ്പെടുത്തലും സമാധാന സ്ഥാപനവും തന്നെ. ക്രിസ്തുവിന്രെ രാജ്യം വരുന്പോള്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാകും. എന്നാല്‍ വെറുപ്പ്, വിദ്വേഷം, അസൂയ എന്നിവയും, വ്യക്തിഹത്യ, കലഹം എന്നിവയും സന്യസ്തരിലും കാണപ്പെടുന്നു. സ്വയം ഇവയില്‍ നിന്ന് മുക്തി പ്രാപിക്കാതെ എങ്ങനെ നമുക്ക് സമാധാനം സ്ഥാപിക്കാന്‍ കഴിയും? എങ്ങനെ സമാധാന രാജാവായ ഈശോയെ കൊടുക്കാന്‍ സാധിക്കും? എങ്ങനെ എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തും?

അപരന്‍റെ തകര്‍ച്ച ആഗ്രഹിക്കുന്ന എന്നിലെ ചാവേറുകളെ ഞാന്‍ തിരിച്ചറിഞ്ഞ് നശിപ്പിക്കണം. പ്രതികാരം മനുഷ്യനും മനുഷ്യനും തമ്മില്‍ ആകരുത്. അത് ദൈവമാണ് ഏറ്റെടുക്കേണ്ടത്. ക്രിസ്തു പഠിപ്പിക്കുന്ന പാഠം അതു തന്നെ. ആകാശമണ്ഡലത്തു നിന്നും ദൂതഗണത്തെ അയച്ച് അവരെ നശിപ്പിക്കാന്‍ കഴിവുണ്ടായിട്ടു പോലും അവന്‍റെ പ്രാര്‍ത്ഥന അവരോടു പൊറുക്കേണമേ എന്നായിരുന്നു. അപരനോട് പൊറുക്കുന്നതിലൂടെ അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന ക്രിസ്തു. മനുഷ്യന്‍ മനുഷ്യനോട് പൊറുക്കാനും ക്ഷമിക്കാനും മടിക്കുന്ന കാലം വരെ ഒരുവനും ഈ ലോകത്തില്‍ സുരക്ഷിതരല്ല. ദൈവം എന്‍റെ കോട്ടയാകുന്നു എന്ന് സങ്കീര്‍ത്തകന്‍ ആശ്രയം അര്‍പ്പിക്കുന്നത് അതുകൊണ്ടു തന്നെ ആയിരിക്കും. ഇവയെല്ലാം മുന്നേ ദര്‍ശിച്ചിട്ടാവും ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ തിന്മയില്‍ നിന്നും ഞങ്ങളെ കാത്തു കൊള്ളണെ എന്ന് അവന്‍ കൂട്ടി ച്ചേര്‍ത്തത്.

എഴുതുവാനും വായിക്കുവാനും എളുപ്പമുള്ള കാര്യമാണ് ക്ഷമിക്കലും മാപ്പു കൊടുക്കലും. പക്ഷേ പ്രായോഗിക തലത്തില്‍ വളരെ ബുദ്ധിമുട്ടും. എന്നിരുന്നാലും, അക്രമങ്ങള്‍ നമുക്കു ചുറ്റും വിളയാടുന്പോള്‍ ക്ഷമയുടെ ദൂതന്മാരാവാതെ മാനവരാശിക്കു നിലനില്പില്ല എന്നത് നാം മറക്കരുത്.

 

ഫാ. ജെൻസൻ ലാ സലറ്റ്

മിഷനറീസ് ഓഫ് അവർ ലേഡി ഓഫ് ലാ സലറ്റ്‌ എന്ന സഭയിലെ അംഗമായ ഫാ. ജെൻസൻ ലാ സലറ്റ് സണ്ടേ ശാലോം, അമ്മ, അമലോദ്ഭവ എന്നീ പ്രസിദ്ധീകരണങ്ങളിൽ നിരന്തരമായി എഴുതുന്നു. ദൈവത്തോടൊപ്പം, ഓർക്കാതെ പോകുന്നവ, ക്രിസ്തുവിന്റെ പാഠങ്ങൾ എന്നീ പുസ്തകങ്ങളുടെ കർത്താവാണ്.

Loading Facebook Comments ...

Leave A Reply