സന്യാസ പൂമരം

0

ഇരുട്ട്…. വരൾച്ച…
സന്യാസത്തെ പ്രഹേളികാ തുല്യം വിലയിരുത്തുന്ന വാക്കുകള്‍…
സന്യാസത്തിന് അകമേയും  പുറമേയും ഉള്ളവർ പ്രയോഗിക്കുന്ന പദങ്ങൾ…!

മല മുകളിലെ പ്രകാശ സ്തംഭം ഇരുൾ  അറിയുന്നതെങ്ങനെ…?
ഇടയന്റെ പിന്നാലെ പച്ചപ്പുകളിൽ മേഞ്ഞു നടക്കുന്ന കുഞ്ഞാട് വരൾച്ച അനുഭവിക്കുന്നതെങ്ങനെ…?

സമർപ്പിതർക്ക് വേണ്ടി അർപ്പിക്കപ്പെട്ടിരിക്കുന്ന 2015 ന്റെ നാന്ദിയിൽ
ചിന്തകൾ സമർപ്പിത ജീവിതത്തിന്റെ രഹസ്യങ്ങളിലേക്ക് പായുന്നു…

മരം… നീർചാലിനരികെ നട്ട മരം…. ഇല കൊഴിയാത്തതും… ഫലം തരുന്നതുമായ നല്ല മരം.
സങ്കീർത്തകന്റെ ഉപമ അല്ലാതെ മറ്റെന്താണ് അതിനെ വിശേഷിപ്പിക്കാൻ നല്കുക?
സന്യാസം എദനിൽ കിളിർത്ത മരമാണ്.
ഏദൻ… സന്തോഷത്തിന്റെ ഇടം…
അതിനു നടുവിലെ… പൂമരം… സന്യാസം…
അത് ഇല വാടാത്തതും… പൂ കൊഴിയാത്തതും…
ഹരിതാഭമായി പടർന്ന  വടവൃക്ഷം…

151bornholm-galokken-tree-watercolor

ഹരിതാഭമായ തോട്ടത്തിലെ സന്യാസ പൂമരത്തെ ചുറ്റി നാല് നദികൾ  ഒഴുകുന്നു.
പിഷോണ്‍, ഗിഹോണ്‍,  യൂഫ്രട്ടീസ്, ടൈഗ്രിസ്‌… അത്യുഗ്രമായ നാല് നദികൾ!

പിഷോണ്‍ സന്യാസത്തിലെ ബ്രഹ്മചര്യ വ്രതം ആണ്.
സ്വർണ്ണത്തിന്റെ നാട് മുഴുവൻ ചുറ്റി ഒഴുകുന്ന പോലെ
ദൈവസ്നേഹത്തിന്റെ സുവർണ്ണ പ്രഭയും പേറി
സ്നേഹഭാവത്തിന്റെ അഭാവങ്ങളിലേക്ക്
അത് നിറഞ്ഞൊഴുകുന്നു.
സ്നേഹാനുഭവം ലഭ്യമാകാത്തവർക്കും, പരിമിതമായി മാത്രം ലഭിക്കുന്നവർക്കും
പൂർണ്ണതയിൽ സന്യാസം സ്നേഹമേകുന്നു.
അതിനു ധനിക-ദരിദ്ര വിവേചനം ഇല്ല, വർഗ്ഗ-വർണ്ണ വത്യാസം ഇല്ല
ബാലകർക്കും  വൃദ്ധർക്കും, സ്ത്രീക്കും, പുരുഷനും, ഹിജടക്കും
ആ നദിയിൽ  നിന്ന് യഥേഷ്ടം നുകരാം…
അതുമായുള്ള സന്പർക്കത്താൽ അവ സ്വർണ്ണ മുത്തുകളും പവിഴക്കല്ലുകളും ആകുന്നു.
കുറവുകളിലേക്ക് കവിഞ്ഞൊഴുകുന്ന സ്നേഹം സന്യാസത്തെ പുഷ്പിതം ആക്കുന്നു.

രണ്ടാമത്തെ നദി ഗിഹോണ്‍.
കുഷ് എന്ന നാടിനെ ചുറ്റി ഒഴുകുന്ന നദി സന്യാസത്തിലെ ദാരിദ്ര്യം എന്ന നിഷ്ഠ ആണ്.
ഗിഹോണിനെ പോലെ സന്യാസി/നി തനിക്കു ചുറ്റുമുള്ള ദാരിദ്ര്യാവസ്തകളെ എല്ലാം സന്പന്നം ആക്കുന്നു.
സന്പന്നനായിരുന്നിട്ടും ദരിദ്രനായി തീർന്ന് അനേകരെ സന്പന്നനാക്കിയ ക്രിസ്തുവിനെ പോലെ.
സന്യാസി/നി ഭൌതിക സന്പത്തിനോട് വിരക്തി പുലർത്തുകയും
തന്റെ കഴിവ്, ആരോഗ്യം, നൈസർഗ്ഗിക സിദ്ധികൾ എന്നിവയുടെ സന്പന്നതയിൽ നിന്ന്
ഔദാര്യപൂർവം നല്കിക്കൊണ്ട് അപരരെ സന്പന്നർ  ആക്കുന്നു.
അവർ കടന്നു ചെല്ലാത്ത മേഖലകൾ  ഉണ്ടോ?
ആരോഗ്യം, വിദ്യാഭ്യാസം, ആതുര ശുശ്രൂഷ,
തഴയപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഉള്ള ശുശ്രൂഷകൾ
അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, വികലാംഗ ഭവനങ്ങൾ…
ക്രിമിനലുകൾക്കും വേശ്യകൾക്കും പ്രതീക്ഷയുടെ തിരിനാളം  തെളിക്കുന്നു അവർ…
കുപ്പകുഴികളിലും നഗരത്തിന്റെ കറുത്ത ഇടനാഴികളിലും
ജീവനായ് മിടിക്കുന്ന ഹൃദയങ്ങളെ  തേടി ചെല്ലുന്നു…
സന്പന്നരുടെ ജീവിതത്തിന്റെ ദരിദ്ര പരിസരങ്ങളിൽ
ഊണും ഉറക്കവും ഒഴിച്ച ശുശ്രൂഷക്കായി പദം വക്കുന്പോൾ
അവർ കർത്താവിന്റെ കോടിപതികൾ ആയി മാറുന്നു.

മൂന്നാമത്തെ നദി ടൈഗ്രിസ്‌. അനുസരണം എന്ന വ്രതം.
അനുസരണം അച്ചടക്കം പ്രദാനം ചെയ്യുന്നു.
അച്ചടക്കം വലിയ കൃത്യങ്ങളെയും കർമ്മങ്ങളെയും നിർവഹിക്കുവാൻ  ഒരാളെ പ്രാപ്തയാ/നാക്കുന്നു.
സ്വന്തം ജീവിതത്തെ വരുതിയിലാക്കാനുള്ള കരുത്താണ് ഈ നദിയുടെ പ്രവാഹം ഒരുവന്/ള്‍ക്ക്  നല്കുന്നത്.
കണ്ണടച്ചുള്ള വിവേചനം ഇല്ലാത്ത അനുസരണമാണോ അത്?
ഉത്തരവദിത്വ പൂർണ്ണമായ അനുസരണം ആണ് അത്.
പിതാവിന് വിധേയപ്പെട്ട പുത്രൻ  തന്പുരാനെ പോലെ
ആ അനുസരണം രക്ഷാകരവും സൃഷ്ടിപരവും ആകുന്നു.
നീതിയിലും സത്യത്തിലും അടിസ്ഥാനം ഇട്ട
ധാർമ്മിക മൂല്യങ്ങൾക്ക് വേണ്ടി നില കൊള്ളാനും
അധികാര സ്ഥാനങ്ങളെയും അധീശങ്ങളെയും ധിക്കരിക്കാതെ
ചൂഷണങ്ങൾക്കും മൂല്യച്യുതിക്കും എതിരെ സ്വരം ഉയർത്താൻ ഒരാൾക്ക്
ധാർമ്മിക  കരുത്തു നൽകുന്നു അനുസരണ നദി.
അത് അനേകം മക്കളെ ഇരുട്ടിൽ  നിന്ന് വെളിച്ചത്തിലേക്കും
പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യതിലേക്കും നടന്നു കയറുവാൻ സഹായിക്കുന്നു.

beautiful-tree-and-river

സസ്യ ജാലങ്ങൾക്ക്  വളരാൻ ആവശ്യമായ നനജലവും വളവും പകർന്ന്
എദന്റെ ഇരു കരകളെയും പുണർന്നു ഒഴുകുന്ന യൂഫ്രട്ടീസ് നദി.
സേവനവും പ്രാർത്ഥനയുമാകുന്ന വളവും ജലവും അരുളുന്ന നാലാമത്തെ നദി
സഭയും സഭാമക്കളെയും  സന്പന്നം ആക്കുന്നു.
സേവന രംഗത്ത് പ്രതിഫലേച്ഛ കൂടാതെ ക്രൈസ്തവ സമർപ്പിതർ പ്രവർത്തിക്കുന്നു.
ഉപഭോഗ സംസ്കാരത്തിലും ലാഭേച്ഛയിലും ഊന്നിയ ആടംഭര ജീവിതം നയിക്കാൻ
ആധുനിക  ലോകത്തിന്റെ തത്രപ്പാടിൽ അഴിമതിയും അധോലോകവും വികസിക്കുന്പോൾ
സമർപ്പിതരുടെ അർപ്പണ ബോധം
അനേകർക്ക്‌ താങ്ങും തണലും നല്കുന്ന
നിരവധി സേവന കേന്ദ്രങ്ങളുടെ ചാലക ശക്തി ആകുന്നു.
സന്ന്യാസം വളരുന്നു… സഭയുടെ നാടിമിടിപ്പായി… ഹൃദയത്തുടിപ്പായി.

നദികൾ  നനച്ച എദനിൽ വളരുന്ന സന്ന്യാസ പൂമരം
ഇല വാടാതെ പുഷ്പിച്ചു നില്ക്കുന്നു.
ഹരിത ശോഭയിൽ പ്രകാശിക്കുന്നു.
അത് ആകാശത്തിന്റെയും ഭൂമിയുടെയും അതിരുകളോളം പന്തലിച്ചു നില്ക്കുന്നു.

ജോണ്‍  പോൾ  പപ്പായുടെ വാക്കുകൾ ഓർമ്മിക്കട്ടെ:
“പിതാവ് പുത്രനിലൂടെ പരിശുദ്ധാത്മാവിന്റെ സ്നേഹം മൂലം സംഭവിപ്പിക്കുന്നതിനെ – അവിടുത്തെ നന്മയെയും സൌന്ദര്യത്തെയും – സമർപ്പിത ജീവിതം  പ്രഘോഷിക്കുന്നു. വിളിക്കപ്പെട്ടവരുടെ ദുർബ്ബലമായ മനുഷ്യത്വത്തിൽ ദൈവം നടത്തിയ വിസ്മയകൃത്യങ്ങളെ ദൃശ്യമാകുക എന്നതാണ് സമർപിത ജീവിതത്തിന്റെ പ്രഥമ കർത്തവ്യം. ഈ വിസ്മയനീയ കൃത്യങ്ങൾക്ക്  അവർ സാക്ഷ്യം നല്കുന്നത്. വാക്കുകൾ കൊണ്ടെന്നതിനെക്കാൾ, ലോകത്തെ വിസ്മയിപ്പിക്കാൻ കഴിവുള്ള രൂപന്തരീകൃത ജീവിതത്തിന്റെ വാഗ്മിത്വം ഉള്ള ഭാഷയിൽ ആണ്” (VC #25).

ഈ വാഗ്മിത്വം ഉള്ള ഭാഷയിലെ പ്രഘോഷണത്തിനു മറുപടി ആണ്
മദർ തെരേസയും, ചവറ അച്ചനും ഒക്കെ.
അവരുടെ മാതൃക പിഞ്ചെന്നു ഇന്നും വിശുദ്ധിയുടെയും സമർപ്പണത്തിന്റെയും
ജീവിതം നയിക്കുന്ന ആയിരക്കണക്കിന് സന്യസ്തർ.
അനന്ത നന്മ സ്വരൂപിയായിരിക്കുന്ന ദൈവത്തിന്റെ
കാരുണ്യത്താലും കൃപയാലുമാണ് അവര്ക്ക് ഇത് സാദ്ധ്യമാകുന്നത്.
ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കൊണ്ട്
സഭയുടെ ഹൃദയസ്പന്ദനം ആയി സമർപ്പിതർ മാറുന്പോൾ
നദി ഒഴുകുകയാണ്…. ദേവ സാഗരത്തിൽ അലിയാൻ.
മരം പുഷ്പിക്കുകയാണ്… അനേകർക്ക്‌  തണലേകാൻ.

സി. ജീവന എം.എസ്. ജെ.
Loading Facebook Comments ...

Leave A Reply