ഊര്‍ജ്ജത്തെ നിങ്ങള്‍ ചിതറിക്കുന്നുവോ?

0

നമ്മെ പ്രക്ഷുബ്ധമാക്കുന്ന ആവശ്യങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ട്. ആ ആവശ്യങ്ങളെ കുറിച്ചു പോലും നമുക്ക് അറിവ് ഉണ്ടാകണം എന്നില്ല. വസ്ത്രത്തെ കുറിച്ചും, വീടിനെ കുറിച്ചും, ജീവിതസൗകര്യങ്ങളെ കുറിച്ചും നാം ബഹളം ഉണ്ടാക്കാറുണ്ട്. ഭക്ഷണം, ലൈംഗികത, ആരോഗ്യം ഇതൊക്കെ ആവശ്യങ്ങള്‍ ആണെങ്കിലും വഴി വിട്ട ആസക്തികളായി മാറുന്പോള്‍ മനസ് ബഹളത്തിലാണ്. അതു പോലെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അസാമാന്യമായ ത്വര കുഴപ്പം ഉണ്ടാക്കുന്നു. ബൗദ്ധികവും ധാര്‍മ്മികവും ആത്മീകവും ആയ തലങ്ങളിലും വത്യസ്ത ആവശ്യങ്ങള്‍ ക്രമാതീതമാകുന്പോഴും ആത്മീയ തലത്തിലെ ആവശ്യത്തിലേക്ക് ഉന്മുഖമാക്കവേ നിങ്ങള്‍ നിങ്ങളുടെ ഊര്‍ജ്ജത്തെ ചിതറിച്ചു കളയുകയാണ് ചെയ്യുന്നത്.

വെറും സ്വാഭാവികവും വിരസവും ആയ ശ്രദ്ധകളില്‍ നിന്ന് അകലണം. സകല മുന്‍ വിധികളില്‍ നിന്നും മോഹങ്ങളില്‍ നിന്നും അകലണം. ഇത്തരം താഴ്ന്നതരം ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും നമുക്ക് ആതില്‍ നിന്ന് മുക്തരാകാന്‍ ആവില്ല. ഓരോ ആവശ്യങ്ങളും ഓരോ വഴികളിലൂടെ പൊയ്കൊണ്ടിരിക്കും. അങ്ങേ അറ്റത്തെത്തുന്പോള്‍ നമ്മില്‍ വന്യമ‍ൃഗങ്ങള്‍ പെറ്റു പെരുകി കഴിഞ്ഞിരിക്കും.

എനിക്ക് എന്‍റെ ഉള്ളിലെ സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയും എന്ന ധാരണയില്‍ ഇരിക്കുന്ന ആളുകളുണ്ട്. അവര്‍ ഒന്നും മിണ്ടാതെ സ്വസ്ഥമായിരുന്നാലും അവരില്‍ നിന്നും ചില മൂകസ്വരങ്ങള്‍ പുറത്തേക്ക് വരുന്നുണ്ട്. അത്തരക്കാര്‍ മറ്റുള്ളവരെക്കാള്‍ മൗനത്തില്‍ പൊതിയപ്പെട്ടിരിക്കിന്നു. അവര്‍ സംസാരിക്കുന്പോള്‍ മൗനം ഒഴുകി വരുന്നതായി അനുഭവപ്പെടും. ഗുണമേന്മ ഉള്ള മൗനമാണിത്. ആന്തരികതയില്‍ നിന്ന് ഒഴുകുന്ന മൗനമാണ് ഇത്.

മൗനം ശൂന്യത അല്ല

മൗനം ശുദ്ധ ശുന്യത ആണ് എന്നും, എല്ലാറ്റില്‍ നിന്നും ഉള്ള പിന്മാറ്റം ആണ് എന്നും, നിഷ്ക്രിയമാകല്‍ ആണ് എന്നും ഒക്കെയുള്ള ധാരണ തെറ്റാണ്. മൗനം നമ്മുടെ യഥാര്‍ത്ഥ സത്തയായ ദിവ്യതയാണ്. മൗനത്തിലൂടെ നമ്മുടെ അഹന്ത നശിച്ച് ശിശുക്കളെ പോലെ ആകുന്നു. പൗലോസ് ശ്ളീഹാ ചോദിക്കുന്നു, “ഈശോ മിശിഹാ നിങ്ങളിലുണ്ട് എന്ന് നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ?” (2 കൊറി 13.5). നമ്മുടെ ഉള്ളിന്‍റെ ഉള്ളിലിരിക്കുന്ന ദിവ്യതയുമായി അഗാധമായ മൗനം വഴി നാം താദാത്മ്യം പ്രാപിക്കുന്നു. “നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുന്പോള്‍ അവിടുത്തോടു കൂടിനിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും” എന്ന തിരുവെഴുത്ത് നമ്മില്‍ അനുഭവവേദ്യമാകുന്ന നിമിഷമാണ് അത്.

മൗനം രണ്ടു തരമുണ്ട് ശ്മശാന മൂകതയും അഗാധമൗനവും. നാം മനസിലാക്കേണ്ട മൗനം രണ്ടാമത്തേതാണ്. നീര്‍ജ്ജീവമായ മൗനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അഗാധമായ നിശ്ചലാവസ്ഥയില്‍ പൊരുത്തമുള്ള ഒരു കാലാവസ്ഥ ഉണ്ടാക്കുന്ന മൗനമാണ്. അത് അഭാവമോ ശൂന്യതയോ അല്ല, മറിച്ച് നിറവ് ആണത്.

മൗനത്തിന്‍റെ ആഴത്തില്‍ സ്നേഹം ഉണ്ടാകുന്നു. രണ്ടു വ്യക്തികള്‍ക്കിടയില്‍ സംഭവിക്കുന്നത് അതാണ്. വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കും പ്രകടിപ്പിക്കാനാവാത്ത എന്തോ ഒന്ന്. അതിനെയാണ് അഗാധമൗനം എന്ന് വിളിക്കുന്നത്. അത് നമ്മുടെ യഥാര്‍ത്ഥ സത്തയായ ദിവ്യതയാണ്. മൗനത്തിലൂടെ നമ്മുടെ അഹന്ത നശിച്ച് നാം ശിശുക്കളെ പോലെ ആകുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നീ ത്രിതല പൊരുത്തത്തിന്‍റെ ഫലമാണ് ശരിയായ മൗനം. അതിനര്‍ത്ഥം, ആന്തരിക മൗനത്തിലേക്ക് കടക്കുന്നതിന് ശരീരത്തില്‍ പൊരുത്തം വേണം എന്നാണ്; വിചാരത്തിലും വികാരത്തിലും അതു വേണം.

സി. മേരി ജെയിൻ

അദ്ധ്യാപനം, എഴുത്ത്, വചനപ്രഘോഷണം, മാദ്ധ്യമ ശുശ്രൂഷ, ഫെയ്ത് ഹീലിംഗ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന സിസ്റ്റർ മേരി ജെയിൻ സിസ്റ്റെഴ്സ് ഓഫ് ഡെസ്ടിട്യൂട്ട് എന്ന സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രോവിൻസിലെ അംഗം ആണ്. മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സിസ്റ്റർ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു, കെ.സി.ബി.സി യുടെ പ്രബന്ധ പുരസ്കാരങ്ങൾ, ഗുരുപൂജ അവാർഡു, ആത്മവിദ്യാ അവർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

Loading Facebook Comments ...

Leave A Reply