മാപ്പിരക്കുന്ന പാപ്പാ

0

ഫ്രാന്‍സീസ് പാപ്പാ സഭക്ക് പുതിയ ഒരു മുഖം നല്കുകയാണ്. പാവങ്ങളോടൊത്തു നില്കുകയും ചരിക്കുകയും ചെയ്യുന്ന പാവങ്ങളുടെ സഭയുടെ നിര്‍മ്മിതിയില്‍ ആണ് അദ്ദേഹം. ബൊളീവിയ സന്ദര്‍ശിച്ചപ്പോള്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ – ചപ്പു പെറുക്കുന്നവര്‍, വീടില്ലാത്തവര്‍, ജോലിരഹിതര്‍ എന്നിങ്ങനെയുള്ളവര്‍ – പ്രത്യേകം കാണുകയും അവരുടെ സംഘാതമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണ നല്കുകയും ചെയ്തു. വാസ്തവത്തില്‍ ഇത്തരക്കാരെ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്നതിനു മാര്‍പ്പാപ്പ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.

അവരെ അഭിസംബോധന ചെയ്ത വേളയില്‍ എല്ലാത്തരത്തിലുമുള്ള അധീശങ്ങളെയും മാര്‍പ്പാപ്പ വിമര്‍ശിച്ചു. ഒരു കാലഘട്ടത്തില്‍ സഭ പോലും കോളനി വത്കരണത്തിന്‍റെ തിന്മയില്‍ എര്‍പ്പെട്ടിട്ടുണ്ട് എന്ന് ആത്മനൊന്പരത്തോടെ പറഞ്ഞു. സഭ ചെയ്തിട്ടുള്ള തെറ്റുകള്‍ക്ക് മാപ്പു ചോദിച്ച പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം:

“…നല്ലതും ശരിയുമായ മാറ്റം നാം ആഗ്രഹിക്കുന്നെങ്കിൽ, താഴ്മയോടെ നമ്മുടെ പരസ്പരാശ്രിതത്തത്തെ അംഗീകരിക്കണം. പരസ്പരാശ്രയത്വം എന്നാൽ, അടിച്ചേൽപ്പിക്കൾ അല്ല; ചിലരുടെ താൽപര്യങ്ങളെ സേവിക്കാൻ വേണ്ടി അടിയാളന്മാര്‍ ആവുക എന്നതും അല്ല. കോളനി വാഴ്ച, പഴയതോ ആധുനിക രൂപങ്ങളിലുള്ളതോ ആവട്ടെ, പാവപ്പെട്ട രാജ്യങ്ങളെ, അസംസ്കൃത വസ്തുക്കളുടെ ദാതാക്കളും ചെലവു കുറഞ്ഞ തൊഴിൽ പ്രദാതാക്കളും ആക്കുന്നു. അത് അക്രമം, ദാരിദ്ര്യം, നിർബന്ധിത കുടിയേറ്റം എന്നിവയും അവയോടു ചേര്‍ന്നു പോകുന്നതുമായ എല്ലാ തിന്മകളെയും ജനിപ്പിക്കുന്നു. അരികുകളെ കേന്ദ്രത്തിന്‍റെ സേവകരാക്കി നിലനിര്‍ത്തുന്നതിനാല്‍ തന്നെ രാഷ്ട്രങ്ങളുടെ സമഗ്രമായ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്നു. അത് അസമത്വം സംജാതമാക്കുന്നു, അസമത്വം പോലീസിനോ, സൈന്യത്തിനോ, അല്ലെങ്കിൽ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കോ നിയന്ത്രിക്കാൻ കഴിയുന്നതിനുപരിയായ സംഘര്‍ഷം സൃഷ്ടിക്കുന്നു.

“പഴയതും പുതിയതുമായ എല്ലാത്തരം കൊളോണിയലിസത്തോടും നമുക്ക് ഇല്ല എന്നു പറയാം. സംസ്കാരങ്ങളും സമൂഹങ്ങളും തമ്മിലുള്ള ക്രിയാത്മകമായ അഭിമുഖത്തിനു നമുക്ക് അതെ പറയാം. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാർ.

“ഇവിടെ  ഒരു പ്രധാന കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. “കൊളോണിയലിസത്തെ കുറിച്ചു മാർപ്പാപ്പ പറയുന്പോൾ സഭയുടെ ചില പ്രവർത്തികളെ മറക്കാറുണ്ട് എന്ന് ചിലര്‍ പറഞ്ഞേക്കാം. ഖേദത്തോടെ ഞാൻ നിങ്ങളോടു പറയട്ടെ: ദൈവത്തിന്റെ നാമത്തിൽ അമേരിക്കയിലെ ജനതകളോട് നിരവധി മാരകമായ അപരാധങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ മുൻഗാമികളായ പാപ്പാമാര്‍ ആ തെറ്റുകളെ ഏറ്റുപറഞ്ഞിട്ടുണ്ട്. പറഞ്ഞു; ഞാനും അവയെ ഏറ്റു പറയാൻ ആഗ്രഹിക്കുന്നു. വി. ജോൺ പോൾ രണ്ടാമനെ പോലെ “ദൈവത്തിനു മുന്പിൽ മുട്ടുകുത്തി പൂര്‍വ്വ കാലങ്ങളിലും ഇക്കാലഘട്ടത്തിലും സഭയുടെ പുത്രന്മാരും പുത്രിമാരും ചെയ്തു പോയ പാപങ്ങള്‍ക്കു മാപ്പിരക്കുക” എന്ന് സഭയോടു ഞാൻ ആവശ്യപ്പെടുന്നു. വി. ജോൺ പോൾ രണ്ടാമനെ പോലെ തന്നെ വളരെ വ്യക്തമായി ഞാനും ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു: “ഞാൻ താഴ്മയോടെ മാപ്പു ചോദിക്കുന്നു, സഭ ചെയ്ത കുറ്റങ്ങൾക്കുള്ള മാത്രമല്ല, അമേരിക്ക കീഴടക്കിയ കാലഘട്ടത്തില്‍ തദ്ദേശീയരുടെ നേരെ ചെയ്ത കുറ്റങ്ങൾക്ക് വേണ്ടിക്കൂടി ഞാന്‍ മാപ്പിരക്കുന്നു.”

പാപ്പായുടെ മനോഭാവം ആര്‍ജ്ജിക്കാന്‍ നമുക്കാവട്ടെ!

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply