പാപ്പായുടെ തെറ്റുകൾ

0

തെറ്റുപറ്റിയാൽ അതു സമ്മതിക്കുന്ന ഒരു പാപ്പാ ആണ്  ഫ്രാൻസിസ് പാപ്പാ. അതാണ് ഫ്രാൻസിസ് പാപ്പയെ ആധികാരികതയും ലാളിത്യവും ഉള്ള വ്യക്തിത്വത്തിന്‍റെ ഉടമ ആക്കുന്നത്. തെറ്റു ചെയ്യുക മാനുഷികമാണ് എന്നാല്‍ ക്ഷമിക്കുക എന്നത് ദൈവികവും എന്ന് ജ്ഞാനികള്‍ പറയുന്നു. “ക്ഷമിക്കുവാന്‍ അറിയാത്ത സന്യസ്തര്‍ ഒന്നിനും കൊള്ളില്ലാത്തവര്‍” എന്ന് ഏതാനും നാള്‍ മുന്പ് സരയേവോയിലെ വൈദികരുടെയും സന്ന്യസ്തരുടെയും കൂട്ടായ്മയെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചിരുന്നു.

ചെയ്തുപോയ തെറ്റുകള്‍ ഏറ്റു പറയുന്ന പ്രവര്‍ത്തിയിലാകട്ടെ ദൈവിക കൃപയാല്‍ പൊതിയപ്പെടുകയും, മാലാഖമാര്‍ തനിക്കു ചുറ്റും സംരക്ഷണ വലയം തീര്‍ക്കുന്നതുമായി നമുക്ക് അനുഭവവേദ്യമാകുന്നു. കത്തൊലിക്കാ സഭയിലെ പല മാര്‍പ്പാപ്പാമാരും ലോകമനസ്സാക്ഷിക്കു മുന്നില്‍ സഭയും നേതൃത്വവും ചെയ്ത തെറ്റുകള്‍ എളിമയോടും, ഉള്ളുരുക്കത്തോടും ഏറ്റുപറയുക മാത്രമല്ല, പരിഹാരക്രിയകള്‍ അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങനെ ഒരു മാപ്പിരക്കല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്പ്, ബൊളീവിയ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സീസ് പാപ്പാ നടത്തിയിരുന്നു. ചപ്പു പെറുക്കുന്നവര്‍, വീടില്ലാത്തവര്‍, ജോലിരഹിതര്‍ എന്നിങ്ങനെ സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പ്രത്യേകം കണ്ട് അവരെ അഭിസംബോധന ചെയ്ത വേളയില്‍ ഒരു കാലഘട്ടത്തില്‍ സഭ പോലും കോളനി വത്കരണത്തിന്‍റെ തിന്മയില്‍ എര്‍പ്പെട്ടിട്ടുണ്ട് എന്ന് ആത്മനൊന്പരത്തോടെ ഏറ്റു പറഞ്ഞു. സഭ ചെയ്തിട്ടുള്ള തെറ്റുകള്‍ക്ക് അവരോടു നിര്‍വ്യാജം മാപ്പു ചോദിച്ചു.

എല്ലാം തികഞ്ഞവനാണ് എന്ന ഭാവത്തോടെ പെരുമാറുന്ന അഹന്ത നിറഞ്ഞ പരമാധികാരിയെ അല്ല നാം മാര്‍പ്പാപ്പയില്‍ കാണുന്നത്. അദ്ദേഹം ആഗോള കത്തോലിക്കാ സഭയുടെ അധിപനും, റോമായുടെ മെത്രാപ്പോലീത്തയും, വത്തിക്കാന്‍ എന്ന സ്വതന്ത്ര പരമാധികാര രാഷ്്ട്രത്തിന്‍റെ ഭരണാധികാരിയും ആണ്. എന്നിരുന്നാലും, കത്തോലിക്കരുടെ ഇടയനും ആത്മീയ നേതാവും എന്ന നിലയില്‍, എളിമയുടെയും സേവകന്‍റെയും വസ്ത്രം അണിയാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

മാര്‍പ്പാപ്പ ആയി തിരഞ്ഞടുക്കപ്പെട്ട ദിനം മുതല്‍ എളിമയോടെ തന്‍റെ അയോഗ്യത ഏറ്റു പറയാനും, പ്രാര്‍ത്ഥന യാചിക്കാനും പാപ്പാ ശ്രദ്ധിച്ചിരുന്നു. ആദ്യമായി പൊതുജനത്തെ അഭിസംബോധന ചെയ്തപ്പോള്‍ അവരോ‍ടു തന്നെ ആശീര്‍വദിക്കാനും, തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടു പാപ്പാ വിനയാന്വിതനും നിശബ്ദനും ആയി.

അടുത്ത നാളിലും, വിനയത്തോടെ തെറ്റ് അംഗീകരിച്ച ഒരു സംഭവം പാപ്പായുടെ ജീവിതത്തില്‍ ഉണ്ടായി. തന്‍റെ പൂര്‍വികരുടെ ശൈലിയില്‍ നിന്നു വിഭിന്നമായി, രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമുള്ള എല്ലാ മടക്കയാത്രകളിലും തന്നെ ഫ്ലൈറ്റിനുള്ളില്‍ കുറച്ചു സമയം പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാറുണ്ട്. മടക്ക ഫ്ലൈറ്റിനുള്ളിലെ ഈ അഭിമുഖങ്ങള്‍ “അതില്‍ത്തന്നെ നൂതനമായ പാപ്പാശൈലിയും, നവസുവിശേഷവത്കരണത്തിന്‍റെ ഉത്തമ നിദര്‍ശനവും ആണ്” എന്ന് ജസ്യൂട്ട് വൈദികനായ ഫാ ജെയിംസ് മാർട്ടിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.  പരാഗ്വെ സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനിലേക്ക് പാപ്പ മടങ്ങവെ ഒരു പത്രപ്രവര്‍ത്തകന്‍ വളരെ ശ്രദ്ധേയമായ ഒരു ചോദ്യം ചോദിച്ചു.

ജർമ്മൻ ഗ്രൂപ്പിന്റെ പ്രതിനിധിയായി ലുഡ്വിഗ് റിങ്-ഐഫല്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ ചോദിച്ചു: പരിശുദ്ധ പിതാവേ, പാവപ്പെട്ടവര്‍ക്കു വേണ്ടി അങ്ങ് ശക്തമായ പല സന്ദേശങ്ങളും ഈ യാത്രയിൽ നല്കുകയുണ്ടായി. പണക്കാരും ശക്തരുമായ വിഭാഗത്തോടും അങ്ങ് കടുത്തും കനത്തതുമായ വിവിധ സന്ദേശങ്ങൾ നല്കുന്നതും ഞങ്ങള്‍ കേട്ടു. പക്ഷെ മധ്യവർഗത്തിനു വേണ്ടി ഒരു സന്ദേശം പോലും നല്കുന്നതായി ഞങ്ങൾ കണ്ടില്ല. അവരും അധ്വാനിക്കുന്നവരും, നികുതി നല്കുന്നവരും, ആയ “സാധാരണ ജനം” അല്ലേ? എന്തു കൊണ്ടാണ് മധ്യവർഗം അങ്ങു വളരെ കുറച്ച് മാത്രം സന്ദേശങ്ങൾ നല്കുന്നത്? അവര്‍ക്കായി ഒരു സന്ദേശം ഉണ്ടെങ്കില്‍ അത് എന്തായിരിക്കും?

“അത് എന്രെ ഒരു തെറ്റ് ആണ്.” പലരും പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു, പിഴ ചൊല്ലിക്കൊണ്ടുള്ള പാപ്പായുടെ മറുപടി. മറ്റു പല ഭരണാധിപന്മാരോ, പൊതുപ്രവര്‍ത്തകരോ, പ്രതിരോധിക്കുകയോ, നിഷേധിക്കുകയോ ചെയ്യുന്നിടത്താണ്, “വളരെ നന്ദി. വളരെ നല്ല തിരുത്തൽ ആണ് അത്, നന്ദി.” എന്ന് പാപ്പാ വിനയത്തോടെ മറുപടി പറഞ്ഞത്. “നിങ്ങൾ പറഞ്ഞത് ശരിയാണ്. അതെ കുറിച്ച് ചിന്തിക്കാതിരുന്നത് എന്റെ ഒരു പിശകാണ്. എന്നാലും ഞാൻ ഒരു അഭിപ്രായം പറയാം, പക്ഷേ അത് എന്നെത്തന്നെ ന്യായീകരിക്കാൻ അല്ല. നിങ്ങൾ പറഞ്ഞത് ശരിയാണ്. അത് ‍ഞാന്‍ പരിഗണിക്കേണ്ടിയിരിക്കുന്നു.”

തെറ്റുകളും കുറവുകളും (അവ പാപം അല്ലെങ്കില്‍ തന്നെയും) അംഗീകരിക്കുന്നതിന് ആത്മീയവും മനശാസ്ത്രപരവുമായ ഗുണങ്ങളുണ്ട്.  കത്തോലിക്കാ ദൈവശാസ്ത്രവും ധാര്‍മ്മികതയും സത്യസന്ധമായി പാപങ്ങളെ ഏറ്റുപറയുവാനും, മാപ്പുചോദിക്കുവാനും, പ്രായശ്ചിത്തവിധികള്‍ അനുഷ്ടിക്കുവാനും നമ്മോട് ആവശ്യപ്പെടുന്നു. തെറ്റുകൾ ഏറ്റു പറയുന്നത് നാം എല്ലാം തികഞ്ഞവരോ പൂര്‍ണരോ അല്ല ബോധം നമ്മില്‍ സ‌ൃഷ്ടിക്കുന്നു. ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ മെച്ചമായി ഇനി ചെയ്യാന്‍ ശ്രമിക്കാം എന്ന ഏറ്റു പറച്ചിലില്‍ പ്രായോഗികത അടങ്ങിയിട്ടുണ്ട്. തുറന്ന മനസ്സോടു കൂടെ വിമർശനങ്ങളെ ശ്രവിക്കുന്നത് മറ്റുള്ളവരുടെ – വിമര്‍ശകരുടെ പോലും – ഹൃദയം കവരും.

പ്രവര്‍ത്തിയിലൂടെയും മാതൃകയിലൂടെയും നമ്മെ പ്രചോദിപ്പിക്കുന്ന പാപ്പായെ അനുകരിക്കാന്‍ നമുക്ക് ശ്രമിക്കാം.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply