ജനകീയ പ്രസ്‌ഥാനങ്ങളുടെ ലോകസമ്മേളനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പ നടത്തിയ പ്രസംഗം.

0

ജൂലൈ ഒന്‍പതിന്‌ ബോളിവിയയിലെ
സാന്താക്രൂസില്‍ നടന്ന ജനകീയ പ്രസ്‌ഥാനങ്ങളുടെ ലോകസമ്മേളനത്തില്‍
ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ പ്രസംഗം.

കുറെ മാസങ്ങള്‍ക്കു മുമ്പ്‌, നമ്മള്‍ റോമില്‍ ഒത്തുകൂടിയിരുന്നു. ആ സമ്മേളനം എന്റെ ഓര്‍മ്മയിലുണ്ട്‌. ഇക്കാലമത്രയും ഞാന്‍ നിങ്ങളെ എന്റെ ഓര്‍മ്മകളിലും പ്രാര്‍ഥനകളിലും നിലനിര്‍ത്തിയിരുന്നു. ലോകമൊട്ടുക്കും അതിരുകളിലേക്ക്‌ ആട്ടിയകറ്റപ്പെട്ടവര്‍ അനുഭവിക്കുന്ന അനീതിയുടെ അതിതീക്ഷ്‌ണ സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ ഏറ്റവും നല്ല വഴികള്‍ തേടാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ നിങ്ങള്‍ ഒത്തുകൂടിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നിങ്ങളെ ഇവിടെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്‌ടനാണ്‌.

ഈ സമ്മേളനം സാധ്യമാക്കാന്‍ നിങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക്‌ നന്ദി, പ്രസിഡന്റ്‌ ഇവോ മൊറേല്‍സ്‌. റോമില്‍ നടന്ന നമ്മുടെ ആദ്യസമ്മേളനത്തില്‍ അതിസുന്ദരമായ ചിലത്‌ ഞാന്‍ അനുഭവിക്കുകയുണ്ടായി: സാഹോദര്യം, നിശ്‌ചയദാര്‍ഢ്യം, പ്രതിബദ്ധത, നീതിക്കായുള്ള ദാഹം. ഇന്ന്‌, ഇവിടെ സാന്തക്രൂസ്‌ ദേ ലാ സി-യെരയില്‍, ഞാന്‍ അത്‌ വീണ്ടും അറിയുന്നു. ഞാന്‍ ഈ അനുഭവത്തിനു നിങ്ങളോട്‌ നന്ദിയുള്ളവനാണ്‌.

സഭയുമായി വളരെ അടുത്തബന്ധം പുലര്‍ത്തുന്ന പലരും ജനകീയ പ്രസ്‌ഥാനങ്ങളില്‍ സജീവമായി ഇടപെടുന്നവരാണെന്ന്‌ കര്‍ദിനാള്‍ ടര്‍ക്‌സന്‍ നയിക്കുന്ന നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ നിന്ന്‌ എനിക്കറിയാന്‍ കഴിഞ്ഞു. ഇതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു! സഭ, അതിന്റെ വാതായനങ്ങള്‍ നിങ്ങള്‍ എല്ലാവര്‍ക്കു മുന്നിലും തുറന്നിട്ടിരിക്കുന്നു എന്നു കാണുമ്പോഴും അത്‌ നിങ്ങളെ ബന്ധിപ്പിക്കുന്നു എന്നറിയുമ്പോഴും നിങ്ങള്‍ക്കൊപ്പം നീങ്ങുന്നതു കാണുമ്പോഴും ഞാന്‍ സന്തുഷ്‌ടനാകുന്നു.

ഓരോ രൂപതയിലും ഓരോ നീതി സമാധാന യോഗത്തിലും സാരപൂര്‍ണ്ണവും നിലനില്‌ക്കുന്നതും അതിശ്രദ്ധവേണ്ടതുമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ രൂപപ്പെട്ട ഏതെങ്കിലും ജനകീയ പ്രസ്‌ഥാനങ്ങളോട്‌ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകാറുണ്ട്‌. എല്ലാവരോടും ബിഷപ്പുമാര്‍, പുരോഹിതന്മാര്‍, അല്‍മായര്‍ തുടങ്ങിയവരോടും നഗര ഗ്രാമ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രസ്‌ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരോടും ഇത്തരം എതിരിടലുകള്‍ ആഴമുള്ളതാക്കാന്‍ ആവശ്യപ്പെടുന്നു.

ദൈവം തന്റെ ജനതയുടെ രോദനങ്ങള്‍ കേള്‍ക്കുമെന്ന്‌ ബൈബിള്‍ നമ്മോടു പറയുന്നു. ലോകത്തിലെ എല്ലാ സഹോദരീസഹോദരങ്ങളുടെയും ഭൂമിക്കും ആവാസത്തിനും തൊഴിലിനുമായുള്ള മുറവിളികളെ ഏറ്റെടുത്ത നിങ്ങളുടെ ശബ്‌ദങ്ങള്‍ക്കൊപ്പം എന്റെ ശബ്‌ദവും ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവ വിശുദ്ധമായ അവകാശങ്ങളാണ്‌. ഞാന്‍ അത്‌ പറഞ്ഞിട്ടുണ്ട്‌; ഞാന്‍ അതാവര്‍ത്തിക്കുന്നു. അവയ്‌ക്കായി പോരാടുകയെന്നത്‌ അത്യന്തം ശ്രേഷ്‌ഠവുമാണ്‌. പുറംതള്ളപ്പെട്ടവരുടെ രോദനങ്ങള്‍ ലാറ്റിനമേരിക്കയില്‍ മുഴങ്ങിക്കേള്‍ക്കട്ടെ. അവ ലോകം മുഴുവന്‍ അലയടിക്കട്ടെ.

മാറ്റം അനിവാര്യമാണ്‌ എന്ന കാര്യത്തെ അംഗീകരിച്ചുകൊണ്ട്‌ നമുക്കാരംഭിക്കാം. ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധാരണ ഉളവാകരുത്‌ എന്നതിനാല്‍ ഒരുകാര്യം വ്യക്‌തമാക്കട്ടെ, ലാറ്റിനമേരിക്കന്‍ ജനത പൊതുവായും ലോകജനത മുഴുവനായും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്‌ സ്വന്തം നിലയില്‍ പരിഹരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇന്ന്‌ ധാരാളമുണ്ട്‌. ഈ വിശദീകരണത്തോടെ, നമ്മള്‍ ഉന്നയിക്കേണ്ട ചില ചോദ്യങ്ങള്‍ ഞാന്‍ മുന്നോട്ട്‌ വയ്‌ക്കുന്നു.

ഭൂമിയില്ലാത്ത ഒരുപാട്‌ കര്‍ഷകത്തൊഴിലാളികള്‍ ഉള്ള, വീടില്ലാത്ത ഒരുപാട്‌ കുടുംബങ്ങളുള്ള, അവകാശങ്ങളില്ലാത്ത ഒരുപാട്‌ തൊഴിലാളികളുള്ള, ഒരുപാട്‌ മനുഷ്യരുടെ ആത്മാഭിമാനത്തെ ആദരിക്കാത്ത ഒരു ലോകത്തിന്‌ കാര്യമായ എന്തോ പോരായ്‌മയുണ്ട്‌ എന്ന്‌ നാം തിരിച്ചറിയുന്നുണ്ടോ?

യുക്‌തിഹീനമായ ഒരുപാട്‌ യുദ്ധങ്ങള്‍ നടക്കുന്ന ഓരോ പടിവാതിലിലും ഭ്രാതൃഹത്യകളുടെ ഭീകരതകള്‍ നടമാടുന്ന ഒരു ലോകം തെറ്റുള്ളതാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ടോ? നമ്മുടെ ലോകത്തിലെ മണ്ണും ജലവും പ്രാണവായുവും ജീവജാലങ്ങളും നിരന്തര ഭീഷണിയില്‍ നിലനില്‌ക്കേണ്ടി വരുന്ന ഒരവസ്‌ഥ തെറ്റാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ടോ?
ഉണ്ടെങ്കില്‍ അത്‌ പറയുവാന്‍ നാം ഭയക്കേണ്ടതില്ല: നമുക്ക്‌ മാറ്റം വേണം; നമ്മള്‍ മാറ്റം ആഗ്രഹിക്കുന്നു.

നിങ്ങളുടെ കത്തുകളിലും നമ്മുടെ കൂടിച്ചേരലുകളിലും തൊഴിലിടങ്ങളിലും അയല്‍പ്പക്കങ്ങലിലും ഭൂമിയിലുടനീളവും നിങ്ങള്‍ അനുഭവിക്കുന്ന പുറന്തള്ളലിന്റെയും അനീതിയുടെയും ഒട്ടനവധി രൂപങ്ങളെക്കുറിച്ച്‌ നിങ്ങള്‍ സൂചിപ്പിക്കാറുണ്ട്‌. അവ അനേകവും വൈവിധ്യമാര്‍ന്നതുമാണ്‌. എന്നാല്‍, അത്തരം പുറന്തള്ളലുകളുടെ എല്ലാ രൂപങ്ങളെയും ചേര്‍ത്തു-കെട്ടുന്ന അദൃശ്യമായൊരു നൂലുണ്ട്‌: നമുക്കത്‌ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? ഇവയൊന്നും ഒറ്റതിരിഞ്ഞ പ്രശ്‌നങ്ങളല്ല.

ആഗോളീകരിക്കപ്പെട്ട ഒരു വ്യവസ്‌ഥയുടെ ഭാഗമാണ്‌ ഈ നശീകരണ യാഥാര്‍ഥ്യങ്ങളെന്നു തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കുന്നുണ്ടോ എന്ന്‌ ഞാന്‍ അത്ഭുതപ്പെടുന്നു! സാമൂഹിക ബഹിഷ്‌കരണത്തെക്കുറിച്ചോ നശീകരണത്തെക്കുറിച്ചോ വേവലാതികള്‍ ഇല്ലാതെ ഏതുവിധത്തിലും ലാഭം ഉളവാക്കുക എന്ന മനോഭാവം അടി-ച്ചേല്‌പ്പിക്കുന്ന വ്യവസ്‌ഥയാണ്‌ അതെന്നു നാം തിരിച്ചറിയുന്നുണ്ടോ? അതാണ്‌ സാഹചര്യമെങ്കില്‍, ഞാന്‍ നിര്‍ബന്ധപൂര്‍വം പറയും; നാം അത്‌ പറയാന്‍ ഭയക്കരു-തെന്ന്‌. നമുക്ക്‌ മാറ്റം വേണം, യഥാര്‍ഥ മാറ്റം, ഘടനാപരമായ മാറ്റം.

ഈ വ്യവസ്‌ഥയിപ്പോള്‍ അസഹനീയമായിരിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ അത്‌ അസഹനീയമായിരിക്കുന്നു, തൊഴിലാളികള്‍ക്ക്‌ അത്‌ അസഹനീയമായിരിക്കുന്നു, സമുദായങ്ങള്‍ക്ക്‌ അത്‌ അസഹനീയമായിരിക്കുന്നു, ജനതയ്‌ക്ക്‌ അത്‌ അസഹനീയമായിരിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ്‌ പറയുന്നതു പോലെ ഭൂമാതാവിന്‌ ഈ വ്യവസ്‌ഥ അസഹനീയമായി തീര്‍ന്നിരിക്കുന്നു.
നമുക്ക്‌ മാറ്റം വേണം. നമ്മുടെ ജീവിതങ്ങളില്‍, നമ്മുടെ അയല്‍പക്കങ്ങളില്‍, നമ്മുടെ നിത്യജീവിത യാഥാര്‍ഥ്യങ്ങളില്‍. മൊത്തം ലോകത്തിനും ബാധകമാവുന്ന തരത്തിലുള്ള ഒരു മാറ്റം നമുക്ക്‌ ആവശ്യമാണ്‌.

കാരണം, ആഗോളതലത്തില്‍ പരസ്‌പരബന്ധിതമായിരിക്കുന്ന ഈ സാഹചര്യത്തില്‍, പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക്‌ ആഗോള തലത്തില്‍ തന്നെയുള്ള ഉത്തരങ്ങളാണ്‌ ആവശ്യം. ജനങ്ങളില്‍ നിന്ന്‌ ഉറവയെടുക്കുന്നതും ദരിദ്രരായവരില്‍ വേരൊട്ടുന്നതുമായ ഒരു പ്രത്യാശ ഉരുവംകൊള്ളേണ്ടതുണ്ട്‌. അത്തരമൊരു പ്രത്യാശയുടെ ആഗോളീകരണം നടക്കേണ്ടതുണ്ട്‌. ബഹിഷ്‌കരണങ്ങളുടെയും അസമത്വങ്ങളുടെയും ആഗോളീകരണത്തെ അതുകൊണ്ട്‌ ഇല്ലായ്‌മ ചെയ്യേണ്ടതുണ്ട്‌!

(അപൂര്‍ണ്ണം)

പരിഭാഷ കടപ്പാട് : മംഗളം ദിനപ്പത്രം

 

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply