ദൈവവിളികള്‍ കുറയുന്നു എന്ന് ആരാണ് പറയുന്നത്?

0

കത്തോലിക്കാ സഭയിൽ ദൈവവിളികള്‍ കുറയുന്നു എന്ന് ആരാണ് പറയുന്നത്?

സമര്‍പ്പിത ജീവിതം ജീവിതാന്തസായി തിരഞ്ഞെടുക്കുന്ന കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടുന്നതായി വിവിധ കോണുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. യു. കെ. യില്‍ സന്യാസ ദൈവവിളികള്‍ വര്‍ദ്ധിക്കുന്നു  എന്ന് അര്‍പ്പണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

യു. കെ. യില്‍ നിന്ന് പ്രസിദ്ധീക‍ൃതമാകുന്ന ഒരു അന്താരാഷ്ട്ര കത്തോലിക്കാ വാരികയായ ടാബ്ലെറ്റില്‍ കാതറീൻ ബാക്ലര്‍ ഇന്റർനെറ്റ് യുഗത്തിന്റെ സന്യാസിനികള്‍ എന്ന പേരില്‍ എഴുതിയ ഒരു ലേഖനത്തില്‍ യു. കെയിലെ കത്തോലിക്കാ സഭ “സന്യാസ ദൈവവിളികളില്‍ അപ്രതീക്ഷിതമെങ്കിലും ആരോഗ്യകരമായ നവോന്മേഷം അനുഭവിക്കുന്നു” എന്നു പ്രസ്താവിക്കുന്നു.

അമേരിക്കയിലും ജീവിതാന്തസായി സമര്‍പ്പിത ജീവിതത്തെ തിരഞ്ഞെടുക്കുന്ന  കത്തോലിക്കാ യുവതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ഉണ്ടെന്ന് അര്‍പ്പണത്തിനു ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമര്‍പ്പിത ജീവിതത്തിനു പ്രഥമ പരിഗണന പലരും നല്കുന്നു എന്ന് വാര്‍ത്തകള്‍ സ്ഥാപിക്കുന്നു. “കര്‍ത്താവുമായി വ്യക്തിപരമായ മുഖാമുഖ അനുഭവം ഉണ്ടായ വ്യക്തികള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി വേല ചെയ്യുവാനും സാമൂഹിക പ്രാര്‍ത്ഥനയിലൂടെ ഈശോയുമായി ഐക്യപ്പെടുവാനും ശക്തമായി ആഗ്രഹിക്കുന്നു. ഈ ഒരേയൊരു കാരണമാണ് യുവതികളെ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്” എന്ന്  ഒരു  ചെറു ലേഖനത്തില്‍ സിസ്റ്റർ ‍ഡൊളോറസ് ലിപ്ടാക്ക് എഴുതുന്നു.

അതേ സമയം ഇറ്റലിയില്‍ സമര്‍പ്പിത ജീവിതം നയിക്കുന്ന വിധവകളുടെ എണ്ണം 200-ല്‍ പരമായി വര്‍ദ്ധിച്ചു എന്നും നൂറിലേറെ വിധവകള്‍ സമര്‍പ്പിത ജീവിതത്തിനുള്ള പരിശീലനത്തിലുമാണ് എന്ന്  വത്തിക്കാൻ പത്രമായ അവനിരെ റിപ്പോർട്ട് ചെയ്യുന്നു.

പിന്നെ കത്തോലിക്കാ സഭയില്‍ ദൈവവിളികള്‍ കുറയുന്നു എന്ന് ആരാണ് പറഞ്ഞത് സീറോ മലബാര്‍ സഭയിലും ദൈവവിളികളില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് ഏതാനും നാള്‍ മുന്പ് ആരോ പ്രചരിപ്പിച്ചിരുന്നു. മുഖ്യധാരാ പത്രങ്ങള്‍ പോലും വലിയവായില്‍ ഏറ്റെടുത്ത ആ വാര്‍ത്തക്ക് ഏതു സ്ഥിതിവിവര ക്കണക്കിന്‍റെ പിന്‍ ബലമാണ് എന്ന് അജ്ഞാതം. സഭയുടെ തകര്‍ച്ച ആഗ്രഹിക്കുന്ന ഉറവിടങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പിറവി കൊള്ളുന്നത്.

സമര്‍പ്പിത ജീവിതത്തോട് ആഭിമുഖ്യമുണ്ടാകണം എങ്കില്‍ മേല്‍ സൂചിപ്പിച്ച പ്രകാരം ഈശോയുമായുള്ള മുഖാമുഖം ഒാരോ വ്യക്തിക്കും ഉണ്ടാവേണ്ടതുണ്ട്. കാലാകാലങ്ങളില്‍ സഭയെ നയിക്കാന്‍ വ്യക്തികളെ തിരഞ്ഞെടുക്കുന്നത് കര്‍ത്താവു തന്നെയാണ്. അവിടുന്നു സ്ഥാപിച്ച സഭയിലെ സമര്‍പ്പിത ജീവിതം പുണരുവാന്‍ ധീരരായ യുവതീയുവാക്കള്‍ എന്നും മുന്‍നിരയില്‍ തന്നെ ഉണ്ടാവും.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply