വൃക്ഷത്തില്‍ നിന്ന് ഫലങ്ങള്‍

0

”പരിശുദ്ധ മദ്ബഹായിലേക്കുള്ള കുസുമങ്ങൾ ശേഖരിക്കാനുള്ള തോട്ടങ്ങൾ യഥാർത്ഥ കത്തോലിക്കാ കുടുംബങ്ങളാണ്.” (പതിനൊന്നാം പീയൂസ് പാപ്പ)

ശില്പ്പത്തിന്‍റെ ശ്രേഷ്ഠത ശില്പിയെ ആശ്രയിച്ചിരിക്കുന്നത് കാരണം ശില്പിയും ശില്പവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. ഏറ്റവും വലിയ ശില്പ്പി ദൈവമാണ്. അവിടുന്ന് ആദ്യ കുടുബത്തെ സൃഷ്ടിച്ചതു ത്രിത്വത്തിന്‍റെ മാതൃകയിലും ഐക്യത്തിലും ആണ്. നമ്മുടെ കുടുംബങ്ങൾ ശ്രേഷ്ഠമായ മൂല്യങ്ങളിൽ അടിയുറപ്പിച്ചതാണ് എങ്കിൽ അത് സമൂഹത്തെ തന്നെ പരിവർത്തിതമാകാൻ കെൽപ്പുള്ളതാണ്. കാരണം സാമൂഹികവും, രാഷ്ട്രിയവും, സാംസ്കാരികവും, ആധ്യാത്മികവുമായ എല്ലാ മേഖലകളെയും കുടുബം സ്വാധീനിക്കുന്നു.

കുടുംബമാണ് എല്ലാ വിളികളിലേക്കുമുള്ള മക്കളെ രൂപപ്പെടുത്തുന്നത്. നല്ല ദൈവവിളികളെ സൃഷ്ടിക്കുന്നതില്‍ കുടുബത്തിനുള്ള  പങ്കു വലുതാണ്‌. എത്യോപ്യന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറിയായ ഫാ. ഹാഗോസ് ഹായിഷ് തന്‍റെ ദൈവവിളിയെ കുറിച്ച് പറഞ്ഞതു ഇങ്ങനെയാണ്: “ദൈവവിളി ദൈവം നല്‍കുന്ന അനുഗ്രഹമാണ്. എനിക്ക് കുടുബത്തിലൂടെയാണ് അത് ലഭിച്ചത്.”

സമര്‍പ്പിത ജിവിതത്തിന്‍റെ പ്രാഥമിക പരിശിലന കളരി കുടുംബമാണ്. മഠത്തിലോ, സെമിനാരിയിലോ ആണ് ദൈവ വിളിയുടെ ആരംഭം എന്ന് നാം കരുതുന്നെങ്കിൽ നാം തിരുത്തേണ്ടതുണ്ട് .  കുടുംബം ദൈവ വിളിയുടെ ആദ്യ വയലും മാതാപിതാക്കൾ ആദ്യ പരിചാരകരും ആണ്. ചെറുപ്രായത്തില്‍ അമ്മച്ചി ദൈവാലയത്തില്‍ കൊണ്ടുപോയി നെറ്റിയില്‍ കുരിശുവരപ്പിച്ചു, ആചാരംചെയ്യിപ്പിച്ചു സക്രാരിയെ ചൂണ്ടിക്കാട്ടി “മോനെ/മോളെ അതാ, അവിടെയാണ് ഈശോ ഇരിക്കുന്നത്” എന്ന് പറയുന്നിടത്തല്ലേ ദൈവത്തോടും ദൈവീക കാര്യങ്ങളോടും ഒരാൾക്ക്‌ ആഗ്രഹം തോന്നി തുടങ്ങുന്നത്? കുടുംബത്തിൽ നിന്ന് ലഭിക്കുന്നതിൽ കവിഞ്ഞ ബോധ്യങ്ങളും ദൈവ സ്നേഹവും, മറ്റൊരു പരിശീലന വേദിയിലും നിന്ന് ലഭിക്കില്ല എന്ന് ഫിലോസഫിയിലും  തിയോളജിയിലും പ്രാവിണ്യംനേടിയ പ്രഗല്‍ഭരായ പല വൈദികരും പങ്കുവച്ചിട്ടുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തിൽ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്ന ഈശോ ആയിരിക്കണം ഓരോ കുഞ്ഞുങ്ങളുടെയും മാത്യക (ലൂക്കാ:2:52).

കുടുബം ഗാര്‍ഹിക സഭയാണ്. നിരവധി സമര്‍പ്പിതരെ സഭക്ക് കാഴ്ച്ചവയ്ക്കാനുള്ള വിളിയാണ് വിവാഹത്തിലൂടെ ദമ്പതിമാർക്ക്  ലഭിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും ധ്യാനങ്ങൾ സംഘടിപ്പിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. ധ്യാനിപ്പിച്ചു എല്ലാവരെയും നല്ലവരാക്കാം എന്നതു മൗഡ്യമാണ്. ധ്യാന വേളകളിൽ ലഭിക്കുന്ന ആത്മീയ സന്തോഷവും ഊർജ്ജവും തുടർന്ന് കൊണ്ട് പോകാനുള്ള സാഹചര്യങ്ങൾ കുടുംബങ്ങളിൽ ഉണ്ടാവേണ്ടത് അനിവാര്യം ആണ്. എന്നാൽ മാതാപിതാക്കൾ ആത്മീയരാണ്  എങ്കിൽ പവിത്രമായ കാര്യങ്ങൾ കുഞ്ഞു ജനിക്കുന്നതിനു മുൻപേ തന്നെ നല്കുവാൻ സാധിക്കും.  കുഞ്ഞുങ്ങള്‍  ആദ്യം മാതാപിതാക്കളുടെ ഹ്യദയത്തിലും പിന്നീട് ഉദരത്തിലും ജനിക്കട്ടെ. ആ മക്കള്‍ സഭയ്ക്കും, സമൂഹത്തിനും, ലോകത്തിനും അനുഗ്രഹമായിത്തിരും.

സീറോമലബാര്‍ സഭയുടെ കുര്‍ബാന ക്രമത്തില്‍ വൈദികന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്: ”ആത്മീയശുശ്രുഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാoഗങ്ങളാകുവാന്‍ നിസ്സാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താല്‍ യോഗ്യരാക്കി.”

എന്നാൽ, നാം ജീവിക്കുന്ന സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും മൂല്യങ്ങൾ വിളി കേൾക്കുന്നതിനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനെയും പ്രതിലോമമായി ബാധിക്കും. എല്ലാത്തിനെയും ലാഘവത്തിൽ എടുക്കുക, ലക്ഷ്യബോധം ഇല്ലാതിരിക്കുക, ഉത്കൃഷ്ടമായ മൂല്യങ്ങളെ വിലമതിക്കാതിരിക്കുകയോ കളിയാക്കുകയോ ചെയ്യുക, സ്വാർത്ഥയെയും സുഖലോലുപതയെയും പുണരുക എന്നിവ നമ്മുടെ സംസ്കാരത്തിന്‍റെപ്രത്യേകതകൾ ആണ്.  അത്തരം കാര്യങ്ങളിൽ വ്യാപൃതമാവുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും  ദൈവ വിളിയെ പരിപാലിക്കാൻ ആവണം എന്നില്ല.

ചുറ്റും കാണുന്ന കാഴ്ചകളെ അന്ധമായി അനുകരിക്കുന്ന പ്രവണത നമ്മിലുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ കാര്യം ഉദാഹരണം ആയി എടുക്കാം. കൂട്ടുകുടുംബത്തിന്‍റെ സ്‌നേഹോഷ്മളതയിൽ ആണ് അൻപതു വയസിനു മുകളിലുള്ള ഇന്നത്തെ മുതിർന്ന തലമുറ വളർന്നു വന്നത്. എന്നാൽ പുതു തലമുറ ആകട്ടെ വിവാഹാനന്തരം എത്രയും പെട്ടന്ന് മാതാപിതാക്കളിൽ നിന്നും ബന്ധു മിത്രങ്ങളിൽ നിന്നും അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്നു. കൂടുതല്‍ കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹത്തിന്‍റെ അടയാളമായി കരുതിയിരുന്ന കാലത്ത് നിന്നും കുഞ്ഞുങ്ങൾ ജീവിത ചെലവു വർധിപ്പിക്കും എന്ന  കാഴ്ചപ്പാടിലേക്ക് അവർ ചുരുങ്ങി. വലിയ കുടുംബങ്ങളുടെ തണലിൽ വളർന്ന ദൈവവിളികളും, ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും വരുന്ന ദൈവവിളികളും തീർച്ചയായും ഒരുപോലെ ആകില്ല. കുട്ടികളുടെ എണ്ണത്തിന്‍റെ കുറവ് ദൈവവിളികളെ കാര്യമായി ബാധിക്കുക സ്വഭാവികം. കുട്ടികളുടെ എണ്ണം രണ്ടിലേക്കും ഒന്നിലേക്കും ചുരുങ്ങി പോയ പലരുടെയും ജീവിത പ്രശ്നങ്ങളിൽ നിന്ന് പഠിച്ച പല കുടുംബങ്ങളും ഇന്ന് കൂടുതൽ കുട്ടികളെ ആഗ്രഹിക്കുന്നു എന്നത് ആശാവഹം ആണ്.

കൂടുതൽ കുട്ടികളും ദൈവ ഭയവും ഉള്ള കുടുംബങ്ങളിൽ ദൈവ വിളികൾ സഹജമായി വളർന്നു. ദൈവം നല്‍കിയ സന്താനങ്ങളില്‍ ഒരാളെയെങ്കിലും ദൈവകാര്യത്തിനായി പറഞ്ഞയക്കുക ഭാഗ്യമായി കരുതിയിരുന്ന കാലത്തു  നിന്നും സഭാ സേവനത്തിനായി പോകാൻ ആഗ്രഹിക്കുന്ന മക്കളെ അതിൽ നിന്ന്  നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ യുഗം ആണ് ഇത്.  നമുക്കെല്ലാവർക്കും തന്നെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ വൈദികരുടെയും സമർപ്പിതരുടെയും സേവനം ആവശ്യമാണ്‌. എന്നാൽ ആ സേവനത്തിനു നമ്മുടെ മക്കളെ അയക്കുന്നതിൽ നാം വിമുഖരും. ഇത് ഒരു വൈരുദ്ധ്യം അല്ലെ? വൈദികരുടെയൊ സമർപ്പിതരുടെയോ സേവനത്തിനു ന്യൂനതകൾ ഉണ്ടായാൽ നാം എന്തൊക്കെ അധിക്ഷേപങ്ങൾ അവർക്കെതിരെ  ചൊരിയും. എന്നാൽ ഗുണവത്തായ ഒരു ദൈവ വിളിയെ വളർത്തി, പരിപാലിച്ച് ദൈവത്തിനും സഭക്കും പ്രദാനം ചെയ്യാം എന്ന് കരുതാറില്ല . ഉപഭോഗസംസ്കാരത്തിന്‍റെ പരോക്ഷ രൂപം ആണിത്.

സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്കു നമ്മിൽ പലരും സ്നേഹത്തോടെ സമ്മാനിക്കുന്ന ഒരു ഉപദേശം ഉണ്ട്: “നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ തിരിച്ചു പോരണം!” മറ്റു ചിലർ  ആകട്ടെ അറിവും കഴിവും വർദ്ധിപ്പക്കാനുള്ള മികച്ച വേദി സെമിനാരിയിലും മഠങ്ങളിലും കാണുന്നവർ ആണ്.  രണ്ടോ മൂന്നോ വർഷം പോയി പഠിച്ചിട്ടു വാ എന്ന് പ്രത്യക്ഷത്തിൽ ഉപദേശിക്കുന്നവരും കുറവല്ല. ഇങ്ങനെ ഉള്ള ഉപദേശം സ്വീകരിച്ചു വരുന്ന യുവാക്കൾ എങ്ങനെ സ്ഥിരതയോടെ അർപ്പണ ജീവിതത്തിൽ നില നില്ക്കും?  അഥവാ അവർ വൈദികനോ സന്യാസിയോ ആയാൽ തന്നെ എന്ത് തരം കാഴ്ചപ്പാടും ജീവിത ശൈലിയും ആർജ്ജിക്കുകയും ജീവിക്കുകയും ചെയ്യും? “എന്നാൽ പരിശീലന വേളയിലും വൈദിക സന്യസ്ഥ ജീവിത വേളയിലും കുടുംബത്തില നിന്നുള്ള ആത്മീയ-ധാർമ്മിക പിന്തുണ അവർക്ക് ലഭ്യമാക്കേണ്ടത്‌ കുടുംബങ്ങളുടെ കടമയാണ്. സമർപ്പിതർക്ക് വേണ്ടി ജീവിതാവസാനം വരെ പ്രാര്‍ത്ഥിക്കുന്ന അമ്മമാർ നിരവധി ആണ്.

മാതാപിതാക്കള്‍ ആത്മീയവീക്ഷണമുള്ളവരും മാത്യകാപരമായ ജീവിതം നയിക്കുന്നവരും ആണെങ്കില്‍ അവരുടെ മക്കളിലും അത് പ്രതിഫലിക്കും. കുടുംബത്തില്‍ സമര്‍പ്പിതരോട് കാണിക്കുന്ന അനാദരവ് കുഞ്ഞുങ്ങളെ സമര്‍പ്പിത ജീവിതത്തെ പുണരുന്നതില്‍ നിന്ന് വിമുഖമാക്കാറുണ്ട്. മാതാപിതാക്കള്‍ സമര്‍പ്പിതരോട് മതിപ്പുള്ളവരാണെങ്കില്‍ കുഞ്ഞുങ്ങളില്‍ സമര്‍പ്പിതരോടുള്ള താല്പര്യം ജനിക്കുക സ്വാഭാവികമാണ്. പക്ഷേ, ഇന്നു മഹാഭൂരിപക്ഷവും കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്നത് സാമ്പത്തികമായ നേട്ടങ്ങളിലേക്കാണ്. മക്കള്‍ കന്യാസ്ത്രീയായാലോ അച്ചനായാലോ കുടുബംത്തിനു എന്ത് ലഭിക്കാന്‍…..? ഭൗതിക നേട്ടങ്ങളിലൂടെ പലതും നമ്മുക്ക് കൈവശപ്പെടുത്താം. എന്നാല്‍, ആത്മീയ നിഷ്ടയിലൂടെ മാത്രം കൈവശപ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണ് ദൈവവിളി.

ദൈവവിളി സ്വീകരിക്കുന്ന അര്‍ത്ഥികളുടെ മാനുഷികതയാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകം. നല്ല മനുഷ്യര്‍ക്കു മാത്രമേ നല്ല സമര്‍പ്പിതര്‍ ആകാന്‍ സാധിക്കുകയുള്ളൂ. ഒരു നല്ല മനുഷ്യനെ രൂപീകരിക്കാതെ ഒരു നല്ല സമര്‍പ്പിതനെ രൂപീകരിക്കാനാകില്ല. സഹാനുഭൂതി, സേവന മനോഭാവം, ദൈവ ഭയം മുതലായ ഗുണങ്ങൾ കുടുംബത്തിൽ  നിന്ന് തന്നെ ആർജ്ജിക്കുന്നവർക്കെ നല്ല സമർപ്പിതർ ആകാൻ കഴിയൂ. ഒപ്പം ജ്വലിക്കുന്ന യുവത്വം, സാമൂഹിക പ്രതിബദ്ധത,ആദര്‍ശ ജീവിതം, തീക്ഷണമായ സഭാസ്നേഹം, എന്നിവയും വികസിപ്പിക്കണം.

സമർപ്പിതർ ശ്രദ്ധിക്കേണ്ട ചില കാര്യം ഉണ്ട്. പലരും വ്രതം ചെയ്യുകയോ പട്ടം സ്വീകരിക്കുകയോ ചെയ്തു കഴിഞ്ഞാൽ മാതാപിതാക്കൾ അടക്കം ഉള്ള മുതിർന്നവർക്ക്  ഉപരിയാണ് എന്ന് ചിന്തിക്കുന്നവർ ഉണ്ട്. ജീവിതാവസാനം വരെ മുതിർന്നവരോടുള്ള വിധേയത്വത്തിലും എളിമയിലും ജീവിക്കുന്നതാണ് ദൈവ വിളിയെ നല്ല രീതിയിൽ നയിക്കുന്നതിനുള്ള പോംവഴി.

സമർപ്പിതരായവരുടെ അജപാലനശുശ്രൂഷ ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന പ്രഭാവവും ആത്മീയസ്വാധീനവും ഫലവത്തും മാതൃകാ പരവും ആകുന്നുണ്ടോ എന്ന് പുനഃചിന്തനം ചെയ്യേണ്ട വിഷയമാണ്. കുട്ടികളുടെ മേല്‍ സമര്‍പ്പിതര്‍ക്കുള്ള സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ധാരാളം പ്രശ്നങ്ങളുണ്ടെങ്കിലും ആളുകൾ വൈദികരുടെയൊ  സമർപ്പിതരുടെയോ അടുത്ത് പോകാതെ കൌണ്‍സിലിംഗ്  സെന്‍ററുകളിലേയ്ക്കു കൊണ്ടു പോകുന്നതു എന്ത് കൊണ്ട് എന്ന് വൈദികർ ഉണർന്നു  ചിന്തിക്കേണ്ട കാര്യം ആണ്. സമർപ്പിതർ മാതൃക നൽകുന്നതിൽ പരാജയപ്പെടുന്നുവോ? രഹസ്യാത്മകത സൂക്ഷിക്കാനും നല്ല ഉപദേശം കൊടുക്കാനും അവർ പരാജയപ്പെടുന്നുവോ? പ്രൊഫെഷണൽ ക്വാളിറ്റിയോടെ പ്രശ്നങ്ങൾക്ക്‌  പരിഹാരം നിർദ്ദേശിക്കാൻ അവർ അപര്യാപ്തർ ആണോ? പ്രൊഫെഷണൽ സെന്‍ററുകളിലെ കൌണ്‍സിലിംഗ് കേവലം മനശാസ്ത്രത്തിലും ടെക്നിക്കുകളിലും ഉറപ്പിച്ചതാണ് എങ്കിൽ വൈദികർ നല്കിയിരുന്ന മാര്‍ഗ നിർദ്ദേശങ്ങൾ സമഗ്രവും, ധാർമികതയിലും ദൈവ വിശ്വാസത്തിലും അടിയുറച്ചതായിരുന്നു. പ്രശ്നങ്ങളുടെ പരിഹാരത്തിന് ദൈവത്തിന്‍റെ കൂടെ ശക്തിയെ ആശ്രയിക്കുമായിരുന്നു. അത്തരം ആത്മീയ സേവനം നല്കാൻ ഇന്ന് അവർ പരാജയപ്പെടുന്നുണ്ടോ? അതോ നമ്മുടെ വിശ്വാസിഗണത്തിനു ദൈവത്തിൽ ആശ്രയിച്ചുള്ള പ്രശ്നപരിഹാരത്തിന് താത്പര്യം ഇല്ലേ?

മനുഷ്യരെയും വഹിച്ചുകൊണ്ട് സ്വർഗ്ഗത്തിലേയ്ക്ക് ഓടുന്ന  ജീവിതമാകുന്ന തേര് തെളിക്കുന്ന ധീരയോദ്ധാവാണ് സമര്‍പ്പിതര്‍. തളർച്ചയിൽ അവര്‍ തഴച്ചു വളരണം. തഴുകിത്തലോടുന്ന സൗകര്യ സംവിധങ്ങളെക്കാൾ സമര്‍പ്പിതന്‍  ഇഷ്ടപ്പെടേണ്ടത് മറ്റുള്ളവർക്ക് വേണ്ടി തകർക്കപ്പെടുന്ന സ്വജീവിതത്തെയാണ്. ഒരു പ്രാസംഗികാനെയൊ, സാമൂഹിക പ്രവര്‍ത്തകനെയോ, ഗായകനെയോ മാത്രമല്ല, പ്രാര്‍ത്ഥനയുടെ മനുഷ്യനെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കുടുബത്തില്‍ നല്ല കുഞ്ഞുങ്ങളെ വാര്‍ത്തെടുത്താല്‍ നല്ല സമർപ്പിതരും ഉണ്ടാവും.

പിച്ചവച്ച് നടന്ന കുടുംബത്തിൽ നിന്നും  ബലിപീഠത്തിൽ പൂർത്തിയാക്കുന്ന ഒരു യാഗയാത്രയായ ദൈവവിളി സ്വീകരിക്കുവാൻ ഉതകുന്ന ഒരു ദൈവവിളി സംസ്‌കാരം  കുടുംബത്തിൽ വളർത്തിയെടുക്കാം.  മാതൃകാപരമായ സമര്‍പ്പിതജീവിതത്തിലൂടെയും കുടുംബജീവിതത്തിലൂടെയും വളര്‍ത്തിയെടുക്കുന്ന നല്ല ദൈവവിളികളിലാണ് സഭയുടെ ഭാവി.

ഷെറിൻ ചാക്കോ

വായന, പഠനം, ബ്ലോഗ്‌ എഴുത്ത് എന്നിവ ഇഷ്ടവിനോദങ്ങളായിട്ടുള്ള ഷെറിൻ എഴുത്തിന്റെ ലോകത്തെ പുണരാൻ ആഗ്രഹിക്കുന്ന യുവ എഴുത്തുകാരിയാണ്. കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവളർന്ന ഷെറിൻ നല്ല ദൈവവിശ്വാസിയാണ്. കത്തോലിക്കാ അജപാലന നേതൃത്വവുമായി സജീവ ബന്ധം പുലർത്തുന്ന അദ്ദേഹം, വിശ്വാസം ആത്മീയത എന്നീ വിഷയങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

Loading Facebook Comments ...

Leave A Reply