യുവസമര്‍പ്പിതരുടെ ആഗോളസമ്മേളനം വത്തിക്കാനില്‍

0

യുവസമര്‍പ്പിതരുടെ ആഗോളസമ്മേളനം ജാഗരണ പ്രാര്‍ത്ഥനയോടെ ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനില്‍ ആരംഭിച്ചു.

സമര്‍പ്പിത വര്‍ഷാചരണത്തോട് അനുബന്ധിച്ച് നടക്കുന്ന യുവസമര്‍പ്പിതരുടെ ഈ ആഗോള സംഗമം, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജാഗരണ പ്രാര്‍ത്ഥനയോടെ സെപ്റ്റംബര്‍ 15-ാം തിയതി വൈകുന്നേരം ആരംഭിച്ചതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു. സെപ്ററംബര്‍ 19 വരെയാണ് ഈ സമ്മേളനം തുടരും.

സമര്‍പ്പിത ജീവിത സമൂഹങ്ങളുടെയും അപ്പസ്തോലിക ജീവിത സമൂഹങ്ങളുടെയും തിരുസംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ബ്രാസ് ദേ അവിസ് സംഗമത്തെ അഭിസംബോധന ചെയ്തു. “തനിക്ക് ഇഷ്ടമുള്ളവരെ അവന്‍ അടുത്തേയ്ക്കു വിളിച്ചു, അവര്‍ അവന്‍റെ സമീപത്തേയ്ക്ക് ചെന്നു” എന്ന ദൈവവാക്യം (മര്‍ക്കോ 3:13) ഉദ്ധരിച്ചുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ കര്‍ത്താവിനോട് വളരെ അടുത്തായിരിക്കാമെന്ന് അവരെ ആഹ്വാനം ചെയ്തു.

“മനോബലം, ശക്തമായിരിക്കട്ടെ, സ്ഥിരോത്സാഹം, വിശ്വസ്തമായിരിക്കട്ടെ, ഫലപ്രാപ്തി, ലോകത്തെ ഉണര്‍ത്തുന്നതാകട്ടെ” എന്നീ മൂന്നു കാര്യങ്ങളെ വ്യക്തമാക്കികൊണ്ട് തിരുസംഘത്തിന്‍റെ കാര്യദര്‍ശി ആയ അര്‍ച്ച്ബിഷപ്പ് ജൊസേ റോഡ്രീഗസ് കര്‍ബാല്ലോ യുവസമര്‍പ്പിത സംഗമത്തില്‍ വചനപ്രഘോഷണം നടത്തി.

ആത്മധൈര്യം അഥവ മനോബലം ശക്തമായിരിക്കട്ടെ, എന്തുകൊണ്ടെന്നാല്‍ കര്‍ത്താവായ ദൈവം നമ്മോട് ഉദാരനായിരിക്കുന്നതുപോലെ അവിടുത്തെ തിരുഹിതം നിറവേറ്റുന്നതില്‍ നാമും ഉദാരമനസ്കര്‍ ആവേണ്ടതുണ്ട്. സജീവ വിശ്വാസത്തോടും ഉറച്ച പ്രത്യാശയോടും സമ്പൂര്‍ണ്ണമായ സ്നേഹത്തോടും കൂടി ദൈവഹിതം മനസ്സിലാക്കുകയും പ്രത്യുത്തരം നല്കാന്‍ ധൈര്യമുള്ളവരുമാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അനുഗ്രഹീതനായ പോള്‍ ആറാമന്‍ പാപ്പാ പറയാറുണ്ടായിരുന്നതുപോലെ വിശ്വസ്തത ഇക്കാലത്തെ പുണ്യമല്ലെന്നും അത് തന്നെ സമര്‍പ്പിത ജീവിതത്തിലും സംഭവിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുവുമായുള്ള ആഴമേറിയ ഒരുമയില്‍ ക്രസ്തുവിലുള്ള സ്നേഹം പുനര്‍ജ്വലിപ്പിക്കുകയും ദൈവത്തോടുള്ള വ്യവസ്ഥകളില്ലാത്ത നമ്മുടെ അര്‍പ്പണം നിരന്തരം നവീകരിക്കുകയും ചെയ്യണമെന്ന് ആര്‍ച്ച്ബിഷപ്പ് കര്‍ബാല്ലോ ഉദ്ബോധിപ്പിച്ചു.

ഫലം പുറപ്പെടുവിച്ചുകൊണ്ട് നിങ്ങള്‍ ലോകത്തെ ഉണർത്തണമെന്ന് അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. സമര്‍പ്പിതര്‍ തങ്ങള്‍ക്കുവേണ്ടിയല്ല ജീവിക്കേണ്ടത്, അനുസരണം, ദാരിദ്ര്യം, ബ്രഹമചര്യം എന്നീ പുണ്യങ്ങളിലൂടെ ക്രസ്തുവിനും മറ്റുള്ളവര്‍ക്കുംവേണ്ടി ജീവിക്കണമെന്നും അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

കടപ്പാട്: വത്തിക്കാന്‍ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply