‘എന്റെ വെള്ളിത്തൂവൽ’ സന്യാസിനിയുടെ സിനിമ

0
സമർപ്പിത ജീവിതത്തിന്റെ ത്യാഗനിർഭരമായ ചലച്ചിത്രാവിഷ്കാരവുമായി മെഡിക്കൽ  സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എം എസ് ജെ) സന്യാസിനി സിസ്റ്റർ ജിയ സിനിമാ മേഖലയിലേക്ക് എത്തുന്നു. ‘എന്റെ വെള്ളിത്തൂവൽ’ എന്നു പേരിട്ടിരിക്കുന്ന ചലച്ചിത്രം ക്രിസ്തീയ പശ്ചാത്തലത്തിൽ സമർപ്പിത ജീവിതത്തിന്റെ ത്യാഗനിർഭരമായ കഥ പറയാനുള്ള ശ്രമം ആണ്. കഥയും തിരക്കഥയും സംഭാഷണവും സി. ജിയ തന്നെ നിര്‍വഹിച്ചിരിക്കുന്നു.
മൂവിയോള എന്റർടൈൻമെന്റിന്റെ ബാനറിൽ മേരി മാതാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ഫ്രാൻസിസാണ് സംവിധാനം ചെയ്യുന്നത്.
കൊച്ചിൻ നിയോ ഫിലിം സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളായ സംവിധായകനും ഛായാഗ്രാഹകരായ അഖിൽ സേവ്യർ, ബി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ഒരുസംഘം യുവ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചിത്രമൊരുങ്ങുന്നത്.
വീട്ടിലും നാട്ടിലും വഴക്കാളിയായ ടോംസ് എന്ന  കുട്ടിയുടെ സ്വഭാവത്തെയും  അവന്റെ ജീവിതത്തെ തന്നെയും  മാറ്റിയെടുക്കുന്ന മെറീനയെന്ന കന്യാസ്ത്രീയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ആദ്യകുർബാന സ്വീകരിക്കാൻ ഒരുങ്ങുന്ന പലതരക്കാരായ കുട്ടികളുടെ ജീവിതത്തിൽ ഇടപെടുകയും അവരെ മനസ്സിലാക്കുകയും ജീവിതമൂല്യങ്ങളുടെയും പങ്കുവെയ്കലിന്റെയും പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന  സിസ്റ്റർ മെറീനക്ക് ഒടുവിൽ സ്വന്തം ജീവിതം തന്നെ ഹോമിക്കേണ്ടി വരുന്നു.
മറ്റുള്ളവർക്കായി സ്വയം സമർപ്പിച്ചു ജീവിക്കുന്ന സന്യസ്തരുടെ കഥ പറയുതിനൊപ്പം ആധുനിക കുടുംബങ്ങളിലെ അസ്വസ്ഥകളിൽപെട്ടുഴലുന്ന കുട്ടികളുടെ നൊമ്പരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. സരയൂവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി. മെറിനെ അവതരിപ്പിക്കുന്നത്.
കലാഭവൻ ഹനീഫ, അൻസിൽ റഹ്മാൻ, കണ്ണൂർ ശ്രീലത, ശ്രീലക്ഷ്മി, സുശീൽ കുമാർ തിരുവങ്ങാട്, പ്രഞ്ജ, സോജിയ, സയന, ഭാനുമതി എന്നിവർക്കൊപ്പം മാസ്റ്റർ സാം ഉൾപ്പെടെ  ഇരുപത്തഞ്ചാളം കുട്ടികളും അഭിനേതാക്കളായി എത്തുന്നു.
കത്തോലിക്കാ സഭയുടെ  സമർപ്പിത വർഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും സമർപ്പിത ജീവിതത്തിന്റെ ആഴമായ അനുഭവങ്ങൾ പകരുകയാണ് പിന്നണി പ്രവർത്തകരുടെ ലക്ഷ്യം. കോഴിച്ചാൽ സെന്റ് സെബാസ്ററ്യൻസ് പള്ളിയും പരിസരങ്ങളുമാണ് പ്രധാന ലൊക്കേഷൻ.
ചിൽഡ്രൻസ് ഫിലിം കാറ്റഗറിയിൽ പെടുന്ന സിനിമയുടെ ചിത്രീകരണം ഉദയഗിരി,താബോർ,മീന്തുള്ളി,ചെറുപുഴ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ക്രിസ്തുമസ്സിന് മുന്നോടിയായി ടൂറിംഗ് ടാക്കീസിലൂടെ ചിത്രം പ്രദർശനത്തിനെത്തും.
ഗാനരചന സിസ്റ്റർ നിവേദിത എം.എസ്.ജെയും സംഗീതസംവിധാനം ഫാ.അഗസ്റ്റിൻ പുത്തൻപുര വി.സി.യും നിർവ്വഹിക്കുന്നു ..ചീഫ് അസോസിയേറ്റ് ഡയറ ക്ടർ ജെയിംസ് ഇടപ്പള്ളി,എഡിറ്റിംഗ് മൃതുൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ നസീർ കൂത്തുപറമ്പ്,പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് രാജേഷ് തിലകം,കല ഡോൺലി ,ചമയം അർഷാദ്,വസ്ത്രാലങ്കാരം കുക്കു ജീവൻ,സ്റ്റിൽസ് അജു വർഗ്ഗീസ്,യൂണിറ്റ് റിയൽ മീഡിയ കൊച്ചിൻ എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply