കരുണയുടെ ജൂബിലി വര്‍ഷം

0

2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെയുള്ള കാലഘട്ടം കരുണയുടെ ജൂബിലി വര്‍ഷമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു.

സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ തന്റെ തെരഞ്ഞെടുപ്പിന്റെ രണ്ടാം വാര്‍ഷികത്തില്‍ നടന്ന അനുരഞ്‌ജനശുശ്രൂഷാ മധ്യേ വചന സന്ദേശത്തിനിടയിലാണ്‌ ഈ അസാധാരണ വിശുദ്ധ വര്‍ഷം മാര്‍പാപ്പ പ്രഖ്യാപിച്ചത്.

കരുണാ വർഷാചരണത്തിന്റെ ഭാഗമായി 2015 ഡിസംബര്‍ 8 -നു പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച്‌ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതില്‍ തുറക്കുകയും 2016 നവംബര്‍ 20 -ന്‌ മിശിഹായുടെ രാജത്വത്തിരുനാളില്‍ വിശുദ്ധ വാതില്‍ അടയ്‌ക്കുകയും ചെയ്യും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമാപനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ സ്മരണാർത്ഥം വിശുദ്ധ വര്‍ഷം ആരംഭിക്കുന്നത്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടുകൂടി സഭയിൽ ആരംഭിച്ച നവീകരണങ്ങള്‍ തുടരാന്‍ സഭാ തനയർക്കു പ്രചോദനമാകും.

വിശുദ്ധ വര്‍ഷപ്രഖ്യാപനം കത്തോലിക്കാസഭ ആരംഭിച്ചത്‌ 1300-ല്‍ പാപ്പ ബോണിഫസ്‌ എട്ടാമന്റെ കാലഘട്ടത്തിലാണ്‌. ഓരോ നൂറ്റാണ്ടിലും ഒരു ജൂബിലി വര്‍ഷമാണ്‌ അദ്ദേഹം വിഭാവനം ചെയ്‌തത്‌. എന്നാല്‍ 1475 മുതല്‍ ഓരോ തലമുറയ്‌ക്കും ഒരു ജൂബിലി ആഘോഷിക്കാനുള്ള അവസരം ലഭിക്കാന്‍ ഓരോ 25 വര്‍ഷവും ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചു തുടങ്ങി. ഇതുവരെ കത്തോലിക്കാസഭയില്‍ 26 സാധാരണ ജൂബിലി വര്‍ഷങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്‌.

അവസാന ജൂബിലി രണ്ടായിരത്തിലായിരുന്നു. പ്രത്യേക പ്രാധാന്യമുള്ള അവസരങ്ങളില്‍ 16-ാം നൂറ്റാണ്ടുമുതല്‍ അസാധാരണ ജൂബിലി വര്‍ഷങ്ങളും പ്രഖ്യാപിച്ചുവരുന്നുണ്ട്‌. രക്ഷയുടെ 19-ാം ശതാബ്‌തി ആഘോഷത്തോടനുബന്ധിച്ച്‌ പതിനൊന്നാം പീയൂസ്‌ മാര്‍പാപ്പ 1933 ഉം 1950-ാം വാര്‍ഷികം പ്രമാണിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1983 ഉം അസാധാരണ ജൂബിലി വര്‍ഷങ്ങളായി പ്രഖ്യാപിച്ചിരുന്നു.

കരുണയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച്‌ എല്ലാവരെയും തന്റെ അടുക്കലേക്ക്‌ തിരിച്ചുവരാന്‍ ക്ഷണിക്കുന്ന കാരുണ്യവാനായ ദൈവത്തെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നല്‍കുകയാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ജൂബിലി ആരംഭത്തിന്റെ ഔദ്യോഗിക കര്‍മ്മം വിശുദ്ധ വാതിലിന്റെ തുറവിയാണ്‌. ഈ വിശുദ്ധ വാതില്‍ വിശുദ്ധ വര്‍ഷം മാത്രമേ തുറക്കാറുള്ളൂ. മറ്റു വര്‍ഷങ്ങളില്‍ വാതില്‍ മതിലുകെട്ടി അടച്ചിരിക്കും.

റോമിലെ പ്രധാനപ്പെട്ട നാലു ബസിലിക്കകളായ പത്രോസിന്റെ ബസിലിക്ക, വിശുദ്ധ യോഹന്നാന്റെ ലാറ്ററാന്‍ ബസിലിക്ക, പൗലോസിന്റെ ബസിലിക്ക, മരിയ മജോറ ബസിലിക്ക എന്നിവയ്‌ക്കാണ്‌ വിശുദ്ധ വാതില്‍ ഉള്ളത്‌. വിശുദ്ധ വാതില്‍ തുറക്കുന്നതുകൊണ്ട്‌ പ്രതീകാത്മമായി അര്‍ഥമാക്കുന്നത്‌ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കു രക്ഷയിലേക്കുള്ള അസാധാരണ വഴി നല്‍കപ്പെടുന്നു എന്നുള്ളതാണ്‌.

ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്ക്‌ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്‌ ദൈവകരുണ. അദ്ദേഹത്തിന്റെ ആപ്‌തവാക്യം തന്നെ മിസെരാന്തോ അത്‌കേ്വ എലിജേന്തോ- കരുണയാല്‍ തെരഞ്ഞെടുത്തു എന്നാണ്‌.
നവ സുവിശേഷവത്‌കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെയാണ്‌ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സംഘാടനം മാര്‍പാപ്പ ഏല്‍പിച്ചിരിക്കുന്നത്‌ എന്നത് കരുണയുടെ വർഷവും സഭാ നവീകരണവും തമ്മിലുള്ള ആഴമായ ബന്ധത്തെ കാണിക്കുന്നു.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply