ദൈവിക കരുണക്കായി ഹൃദയം തുറക്കാം

0

കരുണയുടെ വർഷം പ്രഖ്യാപിച്ചു കൊണ്ട്  പാപ്പാ ഫ്രാന്‍സിസ്  നടത്തിയ പ്രഭാഷണം:

വലിയനോന്പ് കാലത്തില്‍ നാലാം വാരത്തിലാണ് നാം അനുതാപശുശ്രൂഷക്കായി ഒരുമിച്ച് കൂടിയിരിക്കുന്നത്. ഇന്ന് ലോകത്തിന്‍റ നാനാഭാഗത്തുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ദൈവസന്നിധിയില്‍ ഒരുമിക്കുകയാണ്. അവരോടൊപ്പം ഈ പ്രാര്‍ത്ഥനകളും സമര്‍പ്പിക്കാം. ദൈവികനന്മ സകലരും അംഗീകരിക്കുന്നതിന്‍റെ പ്രതീകമാണ് ഈ ഒത്തുചേരല്‍. കാരുണ്യം യാചിച്ചുകൊണ്ട് വിശ്വാസത്തോടെ ദൈവപിതാവിങ്കല്‍ അണയുവാന്‍ അനുരജ്ഞനത്തിന്‍റെ കൂദാശ അല്ലെങ്കില്‍ കുമ്പസാരം നമ്മെ പ്രാപ്തരാക്കുന്നു. ആത്മാര്‍ത്ഥമായ ഹൃദയത്തോടെ അവിടുത്തെ സമീപിക്കുന്നവരെ ‘കാരുണയുടെ സന്പന്നത’യില്‍നിന്നും ദൈവം കടാക്ഷിക്കുന്നു.

ദൈവിക കരുണയുടെ അനുഭവത്തിനായി നമ്മളിവിടെ ഒത്തുകൂടിയതും അവിടുത്തെ കൃപയാലാണ്. പൌലോസ അപ്പസ്തോലന്‍ പറയുന്നതുപോലെ ദൈവം അവിടുത്തെ കാരുണ്യത്തില്‍നിന്നും ഒരിക്കലും പിന്‍വാങ്ങുകയില്ല. കുന്പസാരത്തിലേക്ക് നയിക്കുന്ന അനുതാപവും സത്യത്തില്‍ നമ്മുടെ പരിശ്രമത്തെക്കാളുപരി, അത് “ദൈവികദാന”മാണ്. അനുതാപം നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നത് ദൈവകൃപയാലാണ് (cfr Ef 2,8-10). തെറ്റുകളില്‍ നഷ്ടഹൃദയരാകാതെ, ദൈവം നമ്മെ  സ്വീകരിക്കും എന്ന വിശ്വാസത്തോടെ  പൂര്‍ണ്ണഹൃദയത്തോടെ കുന്പസാരക്കാരനെ സമീപിക്കുക. കാരണം അനുതാപിയെ ദൈവം തന്‍റെ കരങ്ങളാല്‍ സ്പര്‍ശിക്കുന്നു. അവിടുത്തെ കൃപയാല്‍ നാം രൂപാന്തരപ്പെടുന്നു. നമുക്ക് ഒരു മദ്ധ്യസ്ഥനേയുള്ളൂ. നമ്മുടെ പാപങ്ങളെപ്രതി തന്‍റെ ജീവന്‍ നല്‍കിയവന്‍ – ക്രിസ്തു. അവിടുന്നു മാത്രമാണ് പിതാവിന്‍റെ മുന്പില്‍ നമ്മുക്കു വേണ്ടി മദ്ധ്യസ്ഥ്യം പറയുന്നത്. അങ്ങനെ കുന്പസാരത്തിനുശേഷം പുറത്തിറങ്ങുന്പോള്‍ അവിടുത്തെ മദ്ധ്യസ്ഥ്യത്താല്‍ നമുക്ക് തിരിച്ചുകിട്ടിയ പുതുജീവനും വിശ്വാസചൈതന്യവും അനുദിന ജീവിതാനുഭവങ്ങളില്‍ നിറഞ്ഞുനില്ക്കും.

ആശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും നൂതന ദര്‍ശനമാണ് സുവിശേഷഭാഗം തുറന്നു തരുന്നത് (ലൂക്കാ  7,36-50). ഫരിസേയപ്രമാണിയുടെ ഭവനത്തില്‍വച്ച് പാപിനിയായ സ്ത്രീയ്കുണ്ടായ അനുഭവംതന്നെയാണ് ക്രിസ്തുവിന്‍റെ ദയാപൂര്‍ണ്ണമായ കണ്ണുകള്‍ നമ്മില്‍ പതിക്കുന്പോള്‍ നമുക്കും ഉണ്ടാവുക. ഈ സുവിശേഷഭാഗത്ത് ആവര്‍ത്തിക്കപ്പെടുന്ന, രണ്ടു ശ്രദ്ധേയമായ പദങ്ങളാണ് സ്നേഹവും വിധിയും. മറ്റുള്ളവരുടെ മുന്പില്‍ പാപിനിയായ സ്ത്രീ അപഹാസ്യയാകുന്പോഴും, ക്രിസ്തുവിന്‍റെ സ്നേഹം അവളെ ആശ്ലേഷിക്കുന്നു. അവളുടെ അനുതാപവും ദുഃഖവും കണ്ണീരായ് ഗുരുവിന്റെ പാദങ്ങളെ കഴുകുന്നു. നന്ദിയോടെ അവിടുത്തെ പാദങ്ങള്‍ തലമുടി കൊണ്ടവള്‍ തുടയ്കുന്നു, അവിടുത്തെ പാദങ്ങളെ സ്നേഹപൂര്‍വ്വം അവള്‍ ചുംബിക്കുന്നു. വിലയേറിയ തൈലം കൊണ്ട് അവയെ അഭിഷേചിക്കുന്പോള്‍ ഗുരു അവള്‍ക്ക് എന്തുമാത്രം വിലപ്പെട്ടവനാണെന്നും വെളിപ്പെടുന്നുണ്ട്.

ക്ഷമിക്കപ്പെട്ടു എന്ന ഉറപ്പ് ജീവിതത്തില്‍ ലഭിക്കുന്പോള്‍ അവളുടെ ഓരോ ചലനങ്ങളും ക്രിസ്തുവിനോടുള്ള അവളുടെ ആത്മാര്‍ത്ഥമായ സ്നേഹവും അചഞ്ചലമായ വിശ്വാസവും വെളിവാക്കുന്നു. അനുതാപിനിയെ പൂര്‍ണ്ണമായി സ്വീകരിക്കുന്ന ക്രിസ്തു അവളെ ദൈവസ്നേഹത്തില്‍ ഉറപ്പിക്കുന്നു. സ്നേഹവും കരുണയും ഒരേസമയത്താണ് അവള്‍ക്ക് അനുഭവവേദ്യമായത്. ദൈവം അവളോട് കൂടുതല്‍ കരുണ കാണിക്കുന്നു. കാരണം “അവള്‍ കൂടുതല്‍ സ്നേഹിച്ചു”. (ലൂക്കാ 7.47) അവള്‍ ക്രിസ്തുവിനെ കൂടുതല്‍ ആരാധിക്കുന്നു കാരണം ക്രിസ്തു അവളെ വിധിച്ചില്ല, മറിച്ച് അവളോട് ക്ഷമകാണിച്ചു. അവളുടെ നിരവധിയായ പാപങ്ങള്‍ ഓര്‍ക്കുകപോലും ചെയ്യാതെ, അവയെല്ലാം അവിടുന്ന് സ്വയം ഏറ്റെടുക്കുകയാണ് (യേശ. 43,25 കാണുക). അവള്‍ക്കിത് പുതുജീവനാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തിലുള്ള നവജീവന്‍റെ തുടക്കമാണ്.

ക്രിസ്തുവിനെ ഈ സ്ത്രീ യഥാര്‍ത്ഥത്തില്‍ ഇവിടെ, അനുതാപത്തിന്‍റെ മുഹൂര്‍ത്തത്തിലാണ് കണ്ടുമുട്ടിയത്. നിശബ്ദതയില്‍ വേദനയോടെ അവിടുത്തെ മുന്നില്‍ അവള്‍ ഹൃദയംതുറന്നു. പാപങ്ങളോര്‍ത്ത് അനുതാപ വിവശയായി. വേദനയോടും വിലാപത്തോടുംകൂടെ അവള്‍ ദൈവകൃപയില്‍ ആശ്രയിച്ച്, അനന്തമായ അവിടുത്തെ കരുണ്യത്തിനായി അപേക്ഷിക്കുന്നു. മറ്റാരുമല്ല ദൈവമാണ് അവളെ വിധിക്കേണ്ടിയിരുന്നത്, പക്ഷേ ആ വിധി കരുണയുടെ വിധിയായി മാറി. സത്യത്തില്‍ ഈ കണ്ടുമുട്ടലിലെ പ്രധാന കഥാപാത്രമായി മാറുന്നത് സ്നേഹമാണ്, എല്ലാവിധികളേയും കവച്ചുവയ്ക്കുന്ന സ്നേഹം.

ഫരിസേയനായ ശിമയോനാകട്ടെ നേരേ മറിച്ച് സ്നേഹത്തിന്‍റ‍െ ഈ പുതിയ വഴിത്താരയെ ഉള്‍ക്കൊള്ളാനാവുന്നില്ല. അവന്‍ ഔപചാരികതയില്‍ കുടുങ്ങി നന്മ ചമയുന്നു. ഭവനത്തിലേക്ക് ക്രിസ്തുവിനെ ക്ഷണിക്കുന്നതില്‍ മാത്രം ഒതുങ്ങിനിന്നു ശിമയോന്‍. രക്ഷകനായ ക്രിസിതുവിനെ തേടിച്ചെല്ലുവാനോ അവനുമായി കൂടിക്കാഴ്ച നടത്തുവാനോ അയാള്‍ക്ക് സാധിക്കുന്നില്ല. അവന്‍റ‍െ ചിന്തകളില്‍ മറ്റുള്ളവരെക്കുറിച്ചുള്ള വിമര്‍ശനവും വിധിപറച്ചിലുമാണ്. പാപിനിക്കുമേലുള്ള അയാളുടെ മുന്‍വിധി അയാളെ സത്യത്തില്‍നിന്നും വിദൂരസ്ഥനാക്കി. തന്‍റെ വീട്ടില്‍ അതിഥിയായെത്തിയ ക്രിസ്തുവിനെ ഉള്‍കൊള്ളുന്നതില്‍ പോലും അയാള്‍ പരാജിതനായി. ഹൃദയത്തിനുള്ളിലേക്ക് നോക്കാതെ, ഉപരിപ്ലവമായ പുറം കാഴ്ചകളില്‍ ഒതുങ്ങിപ്പോയി.

ആരാണ് കൂടുതല്‍ സ്നേഹിച്ചതെന്ന ചോദ്യത്തിന് ക്രിസ്തുവിന്‍റ‍െ ഉപമ കൃത്യമായ ഉത്തരം തരുന്നുണ്ട്. “കൂടുതല്‍ ഇളവു ലഭിച്ചവന്‍ കൂടുതല്‍ സ്നേഹിക്കുന്നു” എന്ന്. ക്രിസ്തു തന്നെ ഉത്തരം ശരിയെന്ന് സ്ഥിരീകരിക്കുന്നുണ്ട്. (ലൂക്കാ 7,43). ശിമയോന്‍റെ വിമര്‍ശനാത്മകമായ മനസ്സില്‍ സ്നേഹം വിരിയുന്നതാണ് അയാളുടെ നന്മയും രക്ഷയും. ഓരോ മനുഷ്യവ്യക്തിയോടുമുള്ള സമീപനത്തില്‍ ഉപവിപ്ലവമായതില്‍ കുടുങ്ങിപ്പോകാതെ അതിനപ്പുറവും ഹൃദയതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ക്രിസ്തുവിന്‍റ‍ സ്നേഹത്തിന്‍റെ ആഹ്വാനം നമ്മെ നിര്‍ബന്ധിക്കുന്നു. പുറം കാഴ്ചകള്‍ക്കപ്പുറം ഹൃദയാന്തരാളത്തിലേയ്ക് ഇറങ്ങിച്ചെല്ലുവാനും, ക്ഷമിക്കുന്നതില്‍ ഉദാരമനസ്കരായിരിക്കുവാനും വിളിക്കപ്പെട്ടവരാണ്. ദൈവത്തിന്‍റ‍െ കരുണയില്‍നിന്നും ആരും ഒഴിവാക്കപ്പെടുന്നില്ല. പക്ഷേ അതിലേക്കുള്ള വഴി ആരെയും ഒഴിവാക്കാതെ സകലരെയും ആശ്ലേഷിക്കുന്ന സഭയാണ്. സഭാ ഭവനമാണ്. മലര്‍ക്കേ തുറന്നുകിടക്കുന്ന അതിന്‍റ‍ വാതിലുകളിലൂടെ കൃപയുടെയും കരുണയുടെയും സ്പര്‍ശം അനേകരില്‍ എത്തിച്ചേരുന്നു. പാപം എത്ര കഠിനമായാലും അനുതപിക്കുന്ന പാപിയോട് സഭ ഗാഢമായ സ്നേഹം പ്രകടമാക്കുന്നു.

പ്രിയ സഹോദരരേ, ദൈവികകാരുണ്യത്തിന്‍റെ സാക്ഷൃമേകുവാനുള്ള വലിയ സാദ്ധ്യത സഭയ്ക്കുണ്ട്. അത് അനുപതാപത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ആത്മീയ യാത്രയാണ്. അതിനാല്‍ ദൈവം തരുന്ന ഈ പ്രത്യേക പ്രചോദനം ഉള്‍ക്കൊണ്ട് ‘ദൈവിക കരുണയുടെ അനിതരസാധാരണമായ ജൂബിലി വര്‍ഷം’ (Extraordinary Jubilee Year of Divine Mercy) ഞാന്‍  പ്രഖ്യാപിക്കുന്നു. ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെ കേന്ദ്രീകരിച്ചാണ് ഈ ജൂബിലി ആചരണം. ഇത് കാരുണ്യത്തിന്‍റെ വര്‍ഷമായിരിക്കട്ടെ. ‘ദൈവം കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ (ലൂക്ക 6, 36) എന്ന ക്രിസ്തുവിന്‍റെ വചനപ്രഭയില്‍ ജീവിക്കുക. 2015 ഡിസംബര്‍ 8-ാം തിയതി ദൈവമാതാവിന്‍റെ അമലോത്ഭവത്തിരുനാള്‍ മുതല്‍ 2016 നവംബര്‍ 20-ന് – ദൈവിക കാരുണ്യത്തിന്‍റെ സജീവ ദര്‍ശനമായ ക്രിസ്തുരാജന്‍റെ തിരുനാള്‍വരെയ്ക്കുമാണ് ജൂബിലി വര്‍ഷം. ദൈവിക കാരുണ്യത്തിന്‍റെ സുവിശേഷം ആനുകാലിക ലോകത്ത് നവമായി പ്രഘോഷിച്ച്, ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ (Pontifical Council for New Evangelization) ഏല്പിക്കുന്നു.

ജൂബിലിയുടെ ആനന്ദത്തികവില്‍ സഭ മുഴുവനും ദൈവിക കാരുണ്യം അനുഭവിക്കുവാനും അതിലേയ്ക്ക് തിരിച്ചുവരുവാനും, അങ്ങനെ അതിന്‍റെ ഫലങ്ങള്‍ ഏവരും സ്വീകരിക്കുവാനും ഇടയാവട്ടെ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥ ഈ ഉദ്യമത്തിന്‍റെ പാത തെളിക്കട്ടെ, നമ്മെ നയിക്കട്ടെ!

ഉറവിടം വത്തിക്കാൻ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply