കാരുണ്യത്തിന്‍റെ ക്രിസ്മസ്

0

സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ‍ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ മിശിഹാ പിറന്നിരിക്കുന്നു (ലൂക്കാ 2, 10-11).
മാനവകുലത്തിനു മുഴുവന്‍ രക്ഷയുടെ നല്ല വാര്‍ത്തയുമായി ഒരിക്കല്‍ കൂടി ദൈവപുത്രന്‍ പിറക്കുന്നു. ആദിമാതാപിതാക്കളുടെ പാപം മൂലം മനുഷ്യന്‍റെ മുന്പില്‍ കൊട്ടി അടക്കപ്പെട്ട പറുദീസയുടെ വാതില്‍ തുറക്കപ്പെടുന്ന രക്ഷയുടെ ദിനം. ഈ ക്രിസ്മസ് കരുണയുടെ ക്രിസ്മസാണ്. കാരണം ദൈവജനത്തിന്‍റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന നിരാശയുടെ കൂരിരുട്ടിനെ അകറ്റിക്കൊണ്ട്, കാരുണ്യത്തിന്‍റെ ചിരാത് തെളിക്കുന്ന വിശുദ്ധ വര്‍ഷത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. പാപം മൂലം അടക്കപ്പെട്ട വാതില്‍ തുറക്കാന്‍ എത്തിയ രക്ഷകന്‍റെ വരവിനെ അനുസ്മരിക്കുന്ന ഈ നാളുകളില്‍ തന്നെ ലോകം എന്പാടുമുള്ള കത്തോലിക്കാ ദേവാലയങ്ങളുടെ പ്രധാന കവാടങ്ങള്‍ തുറന്നു കൊണ്ട് കരുണയുടെ വിശുദ്ധ വര്‍ഷത്തിലേക്ക് പ്രവേശിക്കുവാനും കരുണയുടെ പുത്തന്‍ സംസ്കാരത്തെ രൂപപ്പെടുത്തുവാനും പരി. പിതാവ് നമ്മെ ആഹ്വാനം ചെയ്യുകയാണ്.

പാപം ചെയ്ത മനുഷ്യന് കൈവിട്ടു പോയ സൗഭാഗ്യമാണ് പറുദീസ. ദൈവത്തോടൊത്ത് ജീവിക്കുന്ന അവസ്ഥയെ ആണ് വി. ഗ്രന്ഥം പറുദീസ എന്നു വിവക്ഷിക്കുന്നത് (ഉല്പ. 3. 8,24) സായാഹ്നങ്ങളില്‍ സ്നേഹിതനെ പോലെ തോളുമ്മി നടന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യം നഷ്ടപ്പെട്ട അവസ്ഥയെ ഉല്പത്തി പുസ്തകം വിവരിക്കുന്നത് പറുദീസയില്‍ നിന്ന് അവന്‍ പുറത്താക്കപ്പെട്ടു എന്നാണ്. എന്നാല്‍ പാപത്തിന്‍റെ ശക്തിയെ അതിശയിക്കുന്ന ദൈവികകരുണ അവിടെ രക്ഷയുടെ വാഗ്ദാനം നല്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകനെ അയക്കും. കാരുണ്യവാനായ ദൈവപിതാവിന്‍റെ വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമാണ് ബദ് ലഹമില്‍ നടക്കുന്നത്. ദൈവത്തിനു സമനായ ദൈവപുത്രന്‍ പുല്കൂടിന്രെ നിസ്സാരതയിലേക്ക് താഴ്നിറങ്ങുന്ന കരുണയുടെ നിമിഷം. മനുഷ്യ ജീവിതത്തിലേക്ക് ചൊരിയപ്പെട്ട ദൈവകാരുണ്യത്തിന്‍റെ അനുഗൃഹീത സമയം.

പറുദീസ അനുഭവത്തിലേക്ക് വിളിക്കപ്പെട്ടവരാണ് സമര്‍പ്പിതര്‍. സന്തോഷത്തിലും ദുഖത്തിലും ദൈവത്തിന്‍റെ തോളുരുമ്മി, ദൈവത്തോടൊത്ത് ജീവിക്കേണ്ടവര്‍. ലോകത്തിന്‍റെ വ്യഗ്രതകളും ഉത്തരവാദിത്വങ്ങളുടെ ആധിക്യവും ജോലിഭാരങ്ങളും നമ്മുടെ സമര്‍പ്പണ വഴികളില്‍ നിന്ന് ദൈവസാന്നിദ്ധ്യത്തെ അകറ്റിക്കളഞ്ഞങ്കില്‍ നഷ്ടപ്പെട്ട ദൈവാനുഭവത്തിലേക്ക് തിരിച്ചു വരാനുള്ള ആഹ്വാനമാണ് ഈ ക്രിസ്മസ് നമുക്ക് നല്കുന്നത്. കണക്കുകള്‍ സൂക്ഷിക്കാത്ത ദൈവം കരുണയോടെ കാത്തിരിക്കുന്ന പുല്കൂട്ടിലേക്ക് അനുതാപത്തോടെ നമുക്ക് മടങ്ങിവരാം. നമ്മുടെ ഉള്ളില്‍ ഒരിക്കല്‍ കൂടി പറുദീസാനുഭവം പകരുവാന്‍ ആഗ്രഹിക്കുന്ന ദൈവത്തെ ജീവിതത്തിലേക്ക് സ്വീകരിക്കാം.

വിശുദ്ധിയുടെ ഇരിപ്പിടമായ സ്വര്‍ഗ്ഗം അശുദ്ധമായ ലോകത്തിലേക്ക് ഇറങ്ങി വന്ന ദിനമാണ് ക്രിസ്മസ് ദിനം. പരമ പരിശുദ്ധനായ ദൈവസുതനോടൊപ്പം സ്വര്‍ഗ്ഗവാസികള്‍ മുഴുവനും ബദ് ലഹെമിലെ കാലിത്തൊഴുത്തിലെത്തി. സര്‍വ ശക്തനായ ദൈവകുമാരന്‍റെ മഹത്വത്തെ തിരിച്ചറിയാന്‍ കഴിയാതെ ജറുസലേം വീഥികളും ഒരുക്കപ്പെട്ട സത്രങ്ങളും രാജകൊട്ടാരവും അവനു മുന്പില്‍ വാതില്‍ കൊട്ടി അടക്കുന്നതു കണ്ടു കോപാകുലനാകുന്നതിനു പകരം ദൈവത്തിന്‍റെ കരുണ സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക് ഇറക്കുകയാണ്. സ്വര്‍ഗ്ഗീയ കവാടം തുറന്ന് മാലാഖവൃന്ദത്തെ മുഴുവന്‍ മനുഷ്യര്‍ക്കു സാക്ഷ്യത്തിനായി അയച്ച നിമിഷത്തെ ദൈവകരുണയുടെ വിശുദ്ധനിമിഷം എന്നല്ലാതെ എന്താണ് വിളിക്കുക.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനവും ആശംസിച്ച മാലാഖ ഗണങ്ങളുടെ സ്ഥാനപതികളാണ് സമര്‍പ്പിതര്‍. ലോകബഹളങ്ങള്‍ക്കു മദ്ധ്യേ ദൈവത്തെ തിരിച്ചറിയാനും ദൈവസ്വരം കേള്‍ക്കാനും സമയം ഇല്ലാത്ത ദൈവജനത്തിന്‍റെ നടുവില്‍ സ്വര്‍ഗ്ഗീയ ശബ്ദമായി മാറുക എന്നത് സമര്‍പ്പിതരുടെ ദൗത്യമാണ്. ഇന്ന് സമര്‍പ്പിതര്‍ പോലും ദൈവസ്വരം തിരിച്ചറിയാന്‍ പരാജയപ്പെടുന്നു. കേള്‍ക്കാത്ത ഒരു സ്വരത്തെ കുറിച്ച് എങ്ങനെ നാം മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കും. ശാന്തമായി ദൈവസന്നിധിയില്‍ ഇരിക്കുന്ന, ദൈവസ്വരം കേള്‍ക്കുന്ന ചില മണിക്കൂറുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാവണം. എങ്കില്‍ മാത്രമേ രക്ഷകന്‍റെ വരവ് അറിയിച്ച മാലാഖാമാരുടെ സ്വത്വം സ്വീകരിക്കാന്‍ നമുക്കാവൂ.

ദൈവകരുണ പ്രപഞ്ചത്തെ തൊട്ടുണര്‍ത്തിയ സമയമാണ് ക്രിസ്മസ്. അലങ്കരിച്ചൊരുക്കിയ രാജകൊട്ടാരങ്ങളില്‍ രക്ഷകനെ കാത്ത് അനേകര്‍ ഒരുങ്ങിയിരുന്നപ്പോള്‍ ആരും ശ്രദ്ധിക്കാത്ത പച്ചമണ്ണിന്റെ മടിത്തട്ടിലേക്ക് അവന്‍ മനുഷ്യനായി അവതരിക്കുകയാണ്. അന്നോളം അവഗണനയുടെയും അവമതിയുടെയും ഇടമായിരുന്ന പുല്‍ത്തൊട്ടികള്‍ പിന്നീട് ദൈവപുത്രന്‍റെ ജന്മസ്ഥലത്തിന്‍റെ ഓര്‍മ്മകളായി മാറുകയാണ്. പ്രപഞ്ചത്തിന്‍റെ നാഥന്‍ പ്രകൃതിയോട് കാണിച്ച വലിയ കാരുണ്യം.

ലൗദാത്തോ സീ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ കരുണയുടെ പ്രവാചകനായ പരിശുദ്ധ പിതാവ് നമ്മോട് ആഹ്വാനം ചെയ്യുന്നതും ഇതു തന്നെ ആണ്. ജീവന്‍ തരുന്ന അമ്മയാണ് പ്രകൃതി. അവളുടെ ചൂഷകരാകാനല്ല, സൂക്ഷിപ്പുകാര്‍ ആകാനാണ് നമ്മുടെ വിളി. വാതിലുകളും പൂട്ടുകളും ഇല്ലാത്ത പ്രപഞ്ചത്തിന്‍റെ നടുവില്‍ ദൈവത്തിന്‍റെ പുത്രന്‍ പിറന്നു എങ്കില്‍ ഈ പ്രപഞ്ചം മുഴുവന്‍ അവന്‍റെ ശ്വാസമുണ്ട്. നമ്മുടെ ശ്രദ്ധ ഇല്ലാത്ത ജീവിതം കൊണ്ട് ദൈവത്തിന്‍റെ ജന്മ സ്ഥലത്തെ കളങ്കപ്പെടുത്താതിരിക്കാം. മണ്ണിനെ ആദരിക്കാം. മണ്ണിനെ ഫലപുഷ്ടമാക്കാം. ഈ പ്രപഞ്ചത്തോട് കരുണ കാണിക്കാം.

ലോകദൃഷ്ടിയില്‍ നിസ്സാരമായതിനെയും അവഗണിക്കപ്പെട്ടതിനെയും അവിടുന്ന് തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ കരുണ നിസ്സഹായരെ തേടി എത്തിയ ഇടമാണ് പുല്കൂട്. പകല്‍ പുല്മേടുകളിലും രാത്രി പുല്‍തൊഴുത്തുകളിലും ജീവിതം ചെലവഴിക്കുന്ന ആരാലും അറിയപ്പെടാതെ കഴിഞ്ഞ ആട്ടിടയരെ തേടി ദൈവത്തിന്‍റെ ദൂതന്‍ എത്തുന്നു. അറിയിച്ചതോ സകലജനത്തിനുമായുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത. മാലാഖവൃന്ദം മുഴുവന്‍ ആട്ടിടയരുടെ മുന്നില്‍ അവതരിച്ച നിമിഷമാണ് അത്. ശ്രേഷ്ഠമായവ എന്നും ലോകദൃഷ്ട്യാ ശ്രേഷ്ഠമായവര്‍ക്കു നല്കുന്ന ഒരു സംസ്കാരത്തിനു നടുവില്‍ സമര്‍പ്പിതരുടെ വിളിയുടെ പ്രാധാന്യം ഇവിടെയാണ്. കാലിത്തൊഴുത്തു തേടി കണ്ടെത്തിയ ദൈവപുത്രനെ പോലെ ആരും അറിയാതെ കഴിയുന്ന, എല്ലാവരാലും മറന്നുകഴിയുന്ന മക്കളെ തേടി കണ്ടെത്തി ശുശ്രൂഷിക്കാനുള്ള വിളിയാണ് സമര്‍പ്പിതരുടേത്. നിസ്സാരരായ ആട്ടിടയരോട് ദൈവം കാണിച്ച കാരുണ്യം നമ്മുടെ മുന്പിലേത്തുന്ന പാവങ്ങളോടും കാണിക്കാനും സ്വര്‍ഗ്ഗത്തെ നമ്മുടെ ഇടയിലേക്ക് ഇറക്കി കൊണ്ടു വരുവാനും നമുക്ക് സാധിക്കട്ടെ.

കരുണയുടെ വര്‍ഷത്തിലേക്ക് നാം പ്രവേശിച്ചു കഴി‍ഞ്ഞു. പാവങ്ങളോടും പാപികളോടും കാരുണ്യം കാണിക്കാനുള്ള ഈ വിശുദ്ധ വര്‍ഷത്തില്‍ പാപ്പാ നല്കുന്ന ആഹ്വാനങ്ങളെ നമുക്ക് ശ്രദ്ധിക്കാം. കരുണയുടെ കവാടങ്ങള്‍ ആദ്യമായി തുറക്കപ്പെടേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. തിരുസഭ കാര്‍ക്കശ്യത്തിന്റെ ആയുധങ്ങള്‍ മാറ്റി വച്ചിട്ട് കരുണയുടെ ഭാവങ്ങള്‍ അണിയണം എന്ന് ആഗ്രഹിക്കുന്ന പാപ്പായോടൊപ്പം നമുക്കും ചരിക്കാം. സ്നേഹക്കുറവിന്‍റെയും, നിരാശയുടെയും, വേദനിപ്പിക്കുന്ന ഒാര്‍മ്മകളുടെയും അനുഭവങ്ങളില്‍ നഷ്ടപ്പെട്ട പറുദീസയെ ഓര്‍ത്ത് സങ്കടപ്പെടുന്നവര്‍ ധാരാളം ഉണ്ടാകാം. കരുണയോടെ പിതാവ് രക്ഷകനെ അയച്ചതുപോലെ നമ്മുടെ സ്നേഹം നിറഞ്ഞ വാക്കുകളും പ്രവര്‍ത്തികളും കൊണ്ട് അവരില്‍ രക്ഷയുടെ പ്രകാശം നിറക്കാം. പരസ്പര ഇഷ്ടക്കേടുകളും ക്ഷമിക്കാന്‍ പറ്റാത്ത അനുഭവങ്ങളും, ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്വഭാവ സവിശേഷതകളും കൊണ്ട് ചിലരെ നമ്മുടെ മനസ്സില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടാവാം. അകലങ്ങളില്‍ നിന്ന് മനുഷ്യന്‍റെ അരികിലേക്കു ഇറങ്ങി വന്ന ദൈവപുത്രനെ ധ്യാനിക്കുന്പോള്‍ അകന്നു പോയ മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കാനുള്ള അവസരമായി ഈ ക്രിസ്മസ് മാറട്ടെ. സ്നേഹത്തിന്‍റെയും ക്ഷമയുടെയും മറവിയുടെയും വിശുദ്ധ കവാടങ്ങളിലൂടെ കരുണയുടെ ഈ വിശുദ്ധ വര്‍ഷത്തിലേക്ക് പ്രവേശിക്കാം. ദൈവസ്നേഹം നിറഞ്ഞു നില്കുന്ന ഹൃദയത്തില്‍ നിന്ന് ഒഴുകുന്ന നീര്‍ച്ചോലയാണ് കാരുണ്യം.

സി. ജോസ്മിത എസ്. എം. എസ് .

സ്നേഹഗിരി മിഷനറി സമൂഹത്തിൽ അംഗമായ സി. ജോസ്മിത സന്യാസ വിഷയങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതുന്നു. ഇപ്പോൾ പാലാ പ്രൊവിൻസിന്റെ സെക്രെട്ടറി ആയി സേവനം അനുഷ്ടിക്കുന്നു.

Loading Facebook Comments ...

Leave A Reply