വത്തിക്കാന്‍ റേ‍ഡിയോയിലെ സ്ത്രീ ശബ്ദം

0

“ലൗദാതോ യേസു ക്രിസ്തുസ്…
ഇത് വത്തിക്കാൻ റേഡിയോ…
വാർത്തകൾ വായിക്കുന്നത് സിസ്റ്റർ രഞ്ജന….”

വത്തിക്കാൻ റേഡിയോയിലെ മലയാളം പരിപാടികളിലെ സ്ത്രീ ശബ്ദം ആണ് സിസ്റ്റർ രഞ്ജന.

കത്തോലിക്കാ വാര്‍ത്തകളെയും പാപ്പായുടെ പരിപാടികളെയും വത്യസ്ഥ ഭാഷകളിലായി ലോകത്തിനു മുന്പില്‍ സജീവമായി കൊണ്ടു വരുന്ന വത്തിക്കാന്‍ റേ‍‍‌ഡിയോയുടെ വലിയൊരു ടീമിന്‍റെ ഭാഗമാണ് മലയാളിയും ഊര്‍സുലൈന്‍ സഭാംഗവുമായ സി. ര‍‍ഞ്ജന UMI.

പത്രം (ഒസ്സര്‍വത്തോരേ റൊമാനോ), റേഡിയോ (വത്തിക്കാന്‍ റേഡിയോ), ടെലെവിഷന്‍ (സി. ടി. വി), നവമാധ്യമങ്ങള്‍ (News.va, radiovaticana.va) എന്നിങ്ങനെ വത്യസ്ത മാധ്യമ ചാനലുകളുള്ള ബൃഹത്തായ ശൃംഘലയാണ് വത്തിക്കാന്‍റെ മാധ്യമ വിഭാഗം.

വളരെപ്പേര്‍ക്ക് ചെലവു കുറഞ്ഞ രീതിയിലും, പ്രത്യേക സമയം ചെലവാക്കാതെയും വാര്‍ത്തകളും വിവരങ്ങളും അറിയാവുന്ന റേ‍ഡിയോ മാധ്യമത്തിലാണ് സിസ്ററര്‍ സേവനം അനുഷ്ടിക്കുന്നത്.

AI ML Ranjana2ആഴ്ചതോറുമുള്ള പാപ്പായുടെ സന്ദേശങ്ങളും പ്രസംഗങ്ങളും അനേകം ആളുകളിലേക്ക് എത്തിക്കുന്ന സ്ത്രീ ശബ്ദത്തിന്രെ ഉടമ എന്നതിനേക്കാള്‍ തന്നെ സന്തോഷിപ്പിക്കുന്നത് ആ സന്ദേശങ്ങളുടെ കാന്പും അത് നല്കുന്ന പാപ്പായുടെ അഗാധമായ വിനയവും ആണ് എന്ന് സിസ്ററര്‍ രഞ്ജന അനുസ്മരിക്കുന്നു.

“പാപ്പാ പൂര്‍ണ്ണ ഹൃദയത്തോടെ എല്ലാവരോടും ഇടപെടുന്നു. കൊച്ചു കുട്ടിയാണെങ്കിലും, യുവാക്കളാണെങ്കിലും, വൃദ്ധരാണെങ്കിലും, വൈകല്യം ഉള്ളവരാണ് എങ്കിലും പാപ്പാക്ക് അവര്‍ അമൂല്യരാണ്. എത്ര സ്നേഹവായ്പോടെയും ഊഷ്മളമായും ആണ് പാപ്പാ അവരോട് ഇടപഴകുന്നത്!”

“പാപ്പായുടെ ശരീരഭാഷ വളരെ ശക്തവും ഊര്ജ്ജസ്വലവും ആണ്. അത് ആളുകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു.”

പാപ്പായെ നേരിട്ടു കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ക്കു പാപ്പായെ അനുഭവിക്കാനുള്ള വാതായനങ്ങളായാണ് വത്തിക്കാന്‍ മാധ്യമങ്ങള്‍ വര്‍ത്തിക്കുന്നത്. പാപ്പായുടെ സ്വരം അനേകം മലയാളികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ജീവിത സൗഭാഗ്യമായി സിസ്ററര്‍ കരുതുന്നു.

“കരുണയുടെ വിശുദ്ധ വര്‍ഷത്തില്‍ ശ്രോതാക്കളുടെയും നവമാധ്യമ ഉപയോക്താക്കളുടെയും എണ്ണം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഫ്രാന്‍സീസ് പാപ്പയെ ലോകം അത്ര മേല്‍ സ്നേഹിക്കുന്നു, പാപ്പായെ കേള്‍ക്കാന്‍ അവര്‍ അത്രമാത്രം ആഗ്രഹിക്കുന്നു.”

റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമൂഹ്യ സന്പർക്ക മാധ്യമ ശാസ്ത്രത്തില്‍ ബിരുദം നേടിയ സിസ്റ്റര്‍ രഞ്ജന തന്‍റെ ഗുരുവും മാധ്യമ പണ്ഡിതനുമായിരുന്ന ഫാ. ജേക്കബ് ശ്രാന്പിക്കലിന്‍റെ പ്രചോദനം ഹൃദ്യമായി സ്മരിക്കുന്നു. യുവ സന്യസ്തരെ മാധ്യമ ലോകത്തേക്ക് നയിക്കുന്നതിനും കത്തോലിക്കാ സഭയുടെ മാധ്യമപ്രവര്‍ത്തനം ശക്തമാക്കുന്നതിനും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മഹത്തരമാണ്.

സി.ബി.സി.ഐയുടെ കീഴിലുള്ള നിസ്കോര്‍ട്ട് എന്ന മാധ്യമ വിദ്യാകേന്ദ്രത്തില്‍ അധ്യാപികയായി സിസ്റ്റര്‍ രഞ്ജന സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ കാലയളവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശേഷിച്ച് ഒറിസ്സയില്‍ നിന്നുള്ള യുവ വിദ്യാര്‍ത്ഥികളെ മാധ്യമപ്രബുദ്ധരാക്കുവാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.

വത്തിക്കാന്‍ റേഡിയോയില്‍ ദൈനിക വാര്‍ത്താപ്രക്ഷേപണത്തിനു പുറമേ സഭാദര്‍ശനം എന്ന പ്രതിവാര പരിപാടിയിലും സിസ്ററര്‍ രഞ്ജനയുടെ പ്രത്യക കൈമുദ്ര പതിഞ്ഞിട്ടുണ്ട്. സഭാദര്‍ശനം പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തെ കുറിച്ചുള്ള 25 എപ്പിസോ‍‍ഡുള്ള പരിപാടി പൂര്‍ണ്ണമായും ചെയ്തത് സിസ്റ്റര്‍ ആയിരുന്നു.

നിരവധി മെത്രാന്മാരുടെയും പ്രമുഖ വ്യക്തികളുടെയും റേ‍‍ഡിയോ അഭിമുഖം തയ്യാറാക്കിയത് അനിര്‍വചനീയമായ അനുഭവം ആയിരുന്നു. “അഭിമുഖങ്ങളില്‍ നാം പ്രമുഖരുടെ ചിന്താമണ്ഡലങ്ങളിലൂടെ യാത്ര ചെയ്യുകയാണ്. ചിലപ്പോഴൊക്കെ നമ്മുടെ ചിന്താനഭസ്സിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാനും സാധിക്കും.”

പരിമിതമായ മാനവവിഭവശേഷിയിലാണ് വത്തിക്കാന്‍ റേ‍ഡിയോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരാള്‍ക്കു തന്നെ വത്യസ്ത ജോലികള്‍ ചെയ്യേണ്ടതായി വരും. സിസ്റ്റര്‍ രഞ്ജനയുടെ പരിപാടികളില്‍ റിപ്പോര്‍ട്ടിംഗും, വാര്‍ത്താ എഴുത്തും, എ‍ഡിറ്റിംഗും, ശബ്ദ റെക്കോര്‍ഡിംഗും, ശബ്ദ എ‍ഡിറ്റിംഗും ഒക്കെ സ്വയം ചെയ്യുകയായിരുന്നു എന്നത് റേ‍ഡിയോ പ്രവര്‍ത്തനത്തെ സാഹസ്സികവും ഉദ്വേഗഭരിതവും ആക്കിയിരുന്നു. അതു പറയുന്പോള്‍ സിസ്റ്ററിന്‍റെ മുഖത്ത് ആത്മവിശ്വാസത്തിന്ര പുഞ്ചിരി; “ഇത്രത്തോളം നടത്തിയ ദൈവത്തിന് നന്ദി.”

നവമാധ്യമങ്ങളെ സാംഗത്യപൂര്‍വ്വം ഉപയോഗിക്കാന്‍ സിസ്റ്റര്‍ ര‍ഞ്ജനക്ക് അനുപമമായ സിദ്ധി ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവ വഴി വത്തിക്കാന്‍ റേഡിയോയുെട വെബ് എഡിഷനെ വലിയ ഒരു സദസ്സിന്രെ മുന്നിലേക്ക് എത്തിക്കുന്നതില്‍ സിസ്റ്റര്‍ രഞ്ജനയുടെ പങ്ക് പ്രശംസാര്‍ഹമാണ്.

ഇന്‍റെര്‍നെറ്റിന്‍റെ സാദ്ധ്യതകള്‍ സുവിശേഷവത്കരണത്തിനായി ഉപയോഗിക്കണം എന്ന ബെനഡിക്ട് പാപ്പായുടെ ആഹ്വാനത്തെ സിസ്റ്റര്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ട്. രഞ്ജനയുടെ ഫെയ്സ്ബുക്ക് പേജ് അതിന്‍റെ നിസ്തുല ഉദാഹരണമാണ്.

സ്വന്തമായി സമീപം എന്ന ബ്ലോഗ് എഴുതുന്ന സിസ്റ്റര്‍ രഞ്ജന താന്‍ അംഗമായിരിക്കുന്ന ഉര്‍സുലൈന്‍ സന്യാസ സമൂഹത്തിന്‍റെ വെബ്മാസ്റ്ററും, ക്യുമിന്‍ എന്ന പത്രികയുടെ പത്രാധിപരും ആണ്.

പൊതു മാധ്യമരംഗത്ത് ധാരാളം സ്ത്രീകള്‍ സ്തുത്യര്‍ഹവും ധീരവുമായ മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകരില്‍ സ്ത്രീ സാന്നിധ്യം വിരളമാണ് എന്ന് സിസ്റ്റര്‍ നിരീക്ഷിക്കുന്നു. “സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം. അത് നിങ്ങളുടെ റീച്ചബിലിറ്റി വര്‍ദ്ധിപ്പിക്കും, ക്രിസ്തു സന്ദേശത്തിന്‍റെയും.”

പുരുഷന്മാരിൽ നിന്നു വത്യസ്തമായി സ്ത്രീകൾക്ക് യാഥാർഥ്യങ്ങളെ നോക്കി കാണാൻ പ്രത്യക കഴിവ് ഉണ്ട് എന്നു പറയുന്ന ഫ്രാൻസിസ് പാപ്പായെ സിസ്റ്റർ വളരെ ബഹുമാനിക്കുന്നു.

സന്യാസസഭകളുടെ എല്ലാ പ്രൊവിന്‍സുകളിലും മാധ്യമങ്ങളെ കുറിച്ചു പഠിച്ച ഒരാള്‍ എങ്കിലും ഉണ്ടാവുകയും അവര്‍ അത് ഉത്സാഹത്തോടെ ഉപയോഗിക്കുകയും വേണം. മാധ്യമ ഭരിതമായ ഇക്കാലഘട്ടത്തില്‍ അത് ഒരു ആ‍ഡംഭരമല്ല, അനിവാര്യത ആണ്.”

“പരിശുദ്ധ അമ്മ ദൈവദൂതന്‍റെ സന്ദേശം കേട്ട ഉടനെ ദൈവഹിതത്തിനു സമ്മതം മൂളിയില്ല, ഇതെങ്ങനെ സംഭവിക്കും എന്ന ചോദ്യം ഉയര്‍ത്തുകയാണ് ചെയ്തത്. ഇന്നത്തെ സ്ത്രീകളുടെ ദൗത്യവും സമൂഹത്തിനു മുന്നില്‍ ശ്രദ്ധേയങ്ങളായ ചോദ്യം ഉയര്‍ത്തുക എന്നതാണ്.”

“ലോക മനസ്സാക്ഷിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഏറ്റവും ഫലവത്തായ വേദി മാധ്യമങ്ങളാണ്, വിശേഷിച്ച് സമൂഹ മാധ്യമങ്ങള്‍. അതിന്‍റെ ശക്തികള്‍ സ്ത്രീകള്‍ ഉപയോഗപ്പെടുത്തണം. കരുണയുടെ പ്രവാചികമാരാകാനും ഇന്നത്തെ കാലത്ത് മാധ്യമങ്ങള്‍ വലിയതോതില്‍ സഹായിക്കും.”

“യുവസന്യാസിനികളെ മാധ്യമസിദ്ധികളില്‍ പരിശീലിപ്പിക്കാന്‍ അധികാരികള്‍ ശ്രദ്ധ വക്കണം. അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.”

“സിദ്ധികളും കഴിവുകളും കുറവുണ്ടെങ്കില്‍ വിവിധ സന്യാസ സമൂഹങ്ങള്‍ ഒറ്റക്കെട്ടായി കാര്യങ്ങള്‍ നേടിയെടുക്കണം. സംഘാതമായും പരസ്പര സഹകരണത്തോടെയും പ്രവര്‍ത്തിച്ചാല്‍ മാത്രം വിജയം വരിക്കാനാവൂ എന്നതാണ് ഇനി മുന്നോട്ട് വരുന്നകാലത്തിന്റെ പ്രത്യേകത. എന്നാല്‍ ധിഷണാവൈഭവം പ്രദര്‍ശിപ്പിക്കുന്ന വീക്ഷണവും, ചിന്തകളും, ദീര്‍ഘകാല പദ്ധതികളും സഭാ നേതൃത്വത്തിനു ഉണ്ടാവണം.”

പാപ്പായുടെ അടുത്ത രാഷ്ട്ര സന്ദര്‍ശനത്തിന്‍റെ പശ്ചാത്തല വിവരണ പരിപാടിയുടെ തയ്യാറെടുപ്പിനിടയില്‍ വീണുകിട്ടിയ അല്പം സമയമാണ് അര്‍പ്പണത്തിനായി സിസ്റ്റര്‍ രഞ്ജന തന്നത്. “പരിപാടിയുടെ റെക്കോര്‍‍ഡിംഗിനുള്ള സമയമായി” എന്നു പറഞ്ഞ് സിസ്റ്റര്‍ എഴുന്നേറ്റു. വത്തിക്കാന്‍ റേഡിയോ ശ്രോതാക്കളുടെയും, വായനക്കാരുടെയും പ്രോത്സാഹനങ്ങള്‍ക്ക് നന്ദി പറയാൻ സിസ്റ്റർ മറന്നില്ല.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply