വചനോപാസന പ്രകൃതിയിലൂടെ

0

എത്ര അർത്ഥവത്തും, രസസന്പൂർണ്ണവുമായ പ്രപഞ്ച സൃഷ്ടികൾ!
അവയിലേക്ക് ഒന്നു കണ്ണോടിക്കൂ…
അദ്ഭുതാവഹമായ എന്തോ ഒന്ന് അവയിൽ സമ്മേളിച്ചിരിക്കുന്നതു കാണാം!

അനന്ത വിശാലമായ ഭൂഗോളത്തിൽ അതിമനോഹരമായ സൃഷ്ടിജാലങ്ങൾ ആരുടെയോ മേന്മയെ മഹത്വപ്പെടുത്തുന്നു. വജ്രഖചിതങ്ങളായി മിന്നിത്തിളങ്ങുന്ന നീലാകാശം, പൊട്ടിചിരിച്ചൊഴുകുന്ന കാട്ടാറുകൾ, കല്ലോല മാലകളാൽ പുളകിതയാവുന്ന അതിരില്ലാത്ത ജലപ്പരപ്പ്‌. മാരുതന്റെ മന്ദ താളത്തിൽ ലയിച്ചു പച്ച പുതച്ചു കിടക്കുന്ന ആരണ്യം… അതും പോരാഞ്ഞ്… ഉണരുവിൻ പ്രവർത്തിക്കുവിൻ !… എന്ന ആഹ്വാനത്തോടെ പൂർവ്വദിക്കിൽ ഉദിച്ചുയരുന്ന സൂര്യബിംബം.

ഇവയ്‌ക്കെല്ലാം മധ്യേ സ്നേഹത്തിന്റെ പൂവാടിയിൽ, സേവനത്തിന്റെ പനിനീർപ്പൂക്കളുമായി, ത്യാഗത്തിന്റെ പരിമളം പരത്തി, സാമൂഹിക നന്മയുടെയും സർവത്രികതയുടേയുമൊക്കെ വിത്തുകൾ പാകി സകല നന്മകളുടെയും സദ്വാർത്ത അറിയിക്കുവാൻ വിളിക്കപ്പെട്ട ഒരു പറ്റം മനുഷ്യർ – സന്യസ്തർ! അവർ വചനം പ്രഘോഷിക്കുവാനായി വിളിക്കപ്പെട്ടവരാണ്. വെറും വചനമല്ല സദ് വചനം; സകല സൃഷ്ടികൾക്കും വേണ്ടിയുള്ള സുവിശേഷം.

പാരന്പര്യത്തിന്റെ വഴികളിലൂടെ

പ്രകൃതിയോട് സംവദിക്കുകയും, അവളിലെ ജ്ഞാനത്തിന്റെ വറ്റാത്ത അക്ഷയ പാത്രത്തിൽ നിന്നും ദിവസേന സേവിക്കുകയും അവളിലൂടെ കണ്ടെത്തിയ ഈശ്വരനെന്ന നിതാന്ത സത്യത്തെ ഉപാസിക്കുകയും തലമുറകളിലേക്ക് കൈമാറുകയും ചെയ്ത ഋഷിവര്യന്മാരുടെയും മുനിശ്രേഷ്ടരുടെയും സന്യാസ പൈതൃകമാണ് നമുക്കുള്ളത്.

പ്രകൃതിയുടെ വികൃതികളെയും അവളുടെ വശ്യതകളെയും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കണ്ടു സൃഷ്ടാവിനെ മഹത്വപ്പെടുത്തി അവനെ തങ്ങളുടെ രക്ഷകനും നാഥനുമായി പടിപ്പുകഴ്തിയ സങ്കീർത്തകന്മാർ…

പ്രകൃതിയുടെ ഭാവ വ്യത്യാസങ്ങളിൽ ദൈവത്തിന്റെ ഹൃദയാവിഷ്കാരം തിരിച്ചറിഞ്ഞു ദൈവ ജനതയെ നയിച്ച പ്രവാചകന്മാർ…

തങ്ങൾക്കുണ്ടായിരുന്ന ഭൂപ്രദേശവും സന്പത്തുമെല്ലാം തങ്ങളോടുള്ള പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെയും ആത്മാർത്ഥയുടെയും പര്യായമായിക്കണ്ടു അവയെ പരിരക്ഷിക്കുകയും ദൈവഹിതത്തിന് അനുസൃതമായി വിനിയോഗിക്കുകയും ചെയ്‌ത ആദിപിതാക്കന്മാർ…

ഇവരെല്ലാവരും തന്നെ സൃഷ്ടികളിലൂടെ സംസാരിച്ചിരുന്ന ദൈവത്തെ അടുത്തറിഞ്ഞിരുന്നവരാണ്. സൃഷ്ടിയിലെ വചനത്തെ തിരിച്ചറിഞ്ഞു ആ വചനത്തിന്റെ പങ്കുവക്കലിൽ വിശ്വസിച്ചിരുന്നവരാണ്!

സൃഷ്ടി  സ്രഷ്ടാവിന്റെ മഹിമയെ സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നു. പിന്നെ ഓരോ സൃഷ്ടിയും ഈ സ്വയം വെളിപ്പെടുത്തലിലൂടെ അവിടുത്തെ വചനം പങ്കുവക്കുന്നു. ഇവിടെ സൃഷ്ടിയും സൃഷ്ടിയും തമ്മിൽ പരസ്പരം പങ്കുവക്കുന്പോൾ അവർക്കിടയിൽ വീണ്ടും സ്രഷ്ടാവ് ജനിക്കപ്പെടുകയാണ്! വചനം വചനത്തോട് സംസാരിക്കുന്പോൾ വചനമായവൻ വീണ്ടും ജനിക്കുകയാണ്!  ഇതാണ് യഥാർത്ഥ സന്യാസ പൈതൃകം – പ്രകൃതിയിലൂടെയുള്ള അഥവാ സഹസൃഷ്ടികളിലൂടെയുള്ള വചനോപാസന!

അങ്ങനെ സർവ സൃഷ്ടികൾക്കും വേണ്ടിയുള്ള സദ്വാർത്ത സൃഷ്ടികളിൽനിന്നു തന്നെ ഉദ്ഭൂതമാകുന്നു.

പ്രകൃതിയിലൂടെയുള്ള വചനോപാസന:- ആദ്ധ്യാത്മികതക്ക് ഒരു മുതൽകൂട്ട്

ആന്തരികമായ അമൂല്യ തേജസുമായി ജനിച്ച നമ്മിൽ ഓരോരുത്തരിലും ആ തേജസിനുതന്നെ നിദാനമായ ഒരു സൗന്ദര്യ ബോധം സൃഷ്ടികർത്താവ് നിക്ഷേപിച്ചിട്ടുണ്ട്. കാരണം, മറ്റൊരു വ്യക്‌തിയെ അഥവാ വസ്തുവിനെ നാം അംഗീകരിക്കുന്നത് കൂടുതലായും ഈ സൗന്ദര്യ ബോധം ഉള്ളതിന്റെ പശ്ചാത്തലത്തിലാണ്. ഈ ആസ്വാദനശേഷി മറ്റൊരു സൃഷ്ടിയിൽ കുടികൊള്ളുന്ന ദൈവികതയെ മനസിലാക്കുവാനും അങ്ങനെ അപരനിലെ ദൈവസാന്നിദ്ധ്യത്തെ അറിഞ്ഞോ അറിയാതെയോ ഒക്കെ സ്നേഹിക്കുവാനും ആദരിക്കുവാനും നമ്മെ പ്രാപ്‌തരാക്കുന്നു. വളർച്ചയുടെ പാതയിലെവിടെയോ കാലത്തിന്റെ കുത്തൊഴുക്കിൽ നിന്നും അകന്നു മാറി വ്യത്യസ്തമായ ഒരു ജീവിത വഴി തിരഞ്ഞെടുത്തുകൊണ്ടു ഒരു സന്യസ്‌തനോ സന്യസ്‌തയോ ആയി എന്നതിന്റെ പേരിൽ ആർക്കെങ്കിലും ജന്മസിദ്ധമായ, സ്രഷ്ടാവിനാൽ തന്നില്‍ നിക്ഷിപ്തമായ സര്‍ഗ്ഗാത്മകത, സഹൃദയത്വം എന്നീ സഹജസിദ്ധികള്‍ ഉന്മൂലനം ചെയ്യേണ്ടതാണ് എന്നു തോന്നിയാൽ അവർക്കു തെറ്റി.

ഏതു വിളി സ്വീകരിച്ചയാള്‍ക്കും അടിസ്ഥാനപരമായി ഒരു വിളിയെ ഉള്ളൂ: “നമ്മെ ഉരുവാക്കിയവനിൽ വിലയം പ്രാപിക്കുക”. ഈ അനുരൂപണം സാധ്യമാകുന്നത്  നാം സ്രഷ്ടാവിനു അനുരൂപരായി തീരുന്പോഴാണ്, അതായത് സ്രഷ്ടാവിന്റെ സ്വഭാവഗുണങ്ങൾ അവരവരുടേത് ആക്കി മാറ്റുന്പോഴാണ്. സൃഷ്ടി കർമത്തിന് ശേഷം ഓരോ പ്രാവശ്യവും താൻ സൃഷ്ടിച്ചവയെ നോക്കി നല്ലതെന്നു കണ്ടു വാക്കുകൾ കൊണ്ട് അംഗീകരിച്ചു തൃപ്തിയടയുന്ന സ്രഷ്ടാവിനെ നാം ഉത്പത്തിയുടെ പുസ്‌തകത്തിൽ കാണുന്നുണ്ട്. അവിടെ ഓരോ ജീവജാലങ്ങൾക്കും രൂപം നൽകിയ ശേഷം അവയിൽ പ്രതിഫലിക്കുന്ന തന്റെ തന്നെ മഹത്വത്തെ അഥവാ നന്മയെ നോക്കിയാവാം ഒരുപക്ഷേ പിതാവായ ദൈവം “നല്ലതെന്ന്” ഉരുവിട്ടത്!

അവിടുന്നു മറ്റു ജീവജാലങ്ങളിൽ ആസ്വദിച്ച സൗന്ദര്യം അവനിലെ സൗന്ദര്യം കൂടി ആയിരുന്നു. അങ്ങനെയെങ്കിൽ എന്നിലെ നന്മ എനിക്കു ചുറ്റുമുള്ളവയിലെ നന്മയുടെ പ്രതിഫലനമാണ്. എനിക്കു ചുറ്റുമുള്ളവയിലെ സൗന്ദര്യം എന്നിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവത്തിന്റെ സൗന്ദര്യമാണ്. അതുകൊണ്ടു തന്നെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച നമുക്കാർക്കും തന്നെ അവിടുന്നു നമ്മിൽ സ്വതസിദ്ധമായി നിക്ഷേപിച്ചിരിക്കുന്ന, അവിടുത്തേത് കൂടിയായ ഒരു സ്വഭാവ സവിശേഷതയെയും താഴ്തി കാണുവാനോ നിർമാർജനം ചെയ്യുവാനോ സാധിക്കില്ല. മറിച്ചു നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ സ്വഭാവ സവിശേഷതയെ തിരിച്ചറിഞ്ഞു സൃഷ്ടിക്കു നിദാനമായവന്റെ മഹത്വീകരണത്തിനായി ഉപയോഗിക്കുവാൻ കടപ്പെട്ടവരാണ് നാം ഓരോരുത്തരും. അതുതന്നെയാണ് ആത്‌മീയതയിലേക്കുള്ള നമ്മുടെ വിളിയും.

പ്രകൃതിയിലൂടെയുള്ള വചനോപാസന ഒരു സന്യാസ പൈതൃകം

നമുക്ക് ചുറ്റുമുള്ള ഓരോ വസ്തുവിലും സന്നിഹിതനായിരിക്കുന്ന ദൈവത്തെ ഉൾക്കൊള്ളുവാൻ ഉതകുന്നതാവണം നമ്മുടെ ആത്‌മീയത. ദൈവം എല്ലാത്തിലും ഉണ്ട്. എന്നാൽ ദൈവം എല്ലാത്തിലും കുടികൊള്ളുന്നത് എല്ലാം ദൈവത്തിലായിരിക്കുന്നു എന്നതിനാലാണ്. അതിനാൽ സകല സൃഷ്ടികളെയും ദൈവത്തിൽ കാണുവാനും സർവ്വ ചരാചരങ്ങളിലും ദൈവത്തെ ദർശിക്കുവാനും കഴിയുന്പോഴാണ് പ്രകൃതി സ്നേഹവും മറ്റും ആദ്ധ്യാത്മിക തലങ്ങളിലേക്കു ഉയരുന്നത്.

സൃഷ്ടികൾ നമ്മിൽ ഉളവാക്കുന്ന ചിന്തനീയമായ വിസ്മയാനുഭവങ്ങളിലൂടെ ശരിയും പൂർണവുമായ ദൈവജ്ഞാനത്തിലേക്ക് നാം ആരോഹണം ചെയ്യുന്പോൾ പ്രകൃതി സ്നേഹം ഇന്ദ്രിയങ്ങൾക്കു മാത്രമുതകുന്ന ഭൗതിക താത്പര്യങ്ങളുടെ അതിർവരന്പുകൾ ഭേദിച്ചു യഥാർത്ഥമായ ആത്മീയതക്കു മുതൽക്കൂട്ടായി മാറുന്നു.
നമുക്ക് മുന്പേ സന്യാസത്തിന്റെ പാതയിലൂടെ പിന്തലമുറക്കാർക്കു വഴിവിളക്കെന്നവണ്ണം കടന്നുപോയ വി.ഫ്രാൻസിസ് അസ്സിസ്സിയും വി. ക്ളാരയും, സിസിലിയാ പുണ്യവതിയും, ചെറുപുഷ്പവുമൊക്കെ ഇത്തരത്തിലുള്ള സമഗ്ര ആത്മീയതയുടെ വക്താക്കളാണ്.

അവർ നമ്മിലേക്ക്‌ പകർന്നു നൽകിയ ഈ ഉത്ക്കൃഷ്ടമായ പൈതൃകത്തെ മുറുകെ പിടിച്ചു കൊണ്ടു പ്രപഞ്ചത്തെയും നമ്മുടെ ജീവിതത്തെയും വചന വെളിച്ചത്തിൽ വീണ്ടും അപഗ്രഥിച്ചു “കർത്താവ് എത്രയോ മധുര്യവാനാണെന്നു അനുഭവപരമായി കണ്ടറിയുക” (സങ്കീ 34:8) എന്ന ലക്ഷ്യത്തിൽ പ്രകൃതിയുമായി നിരന്തരം സംവദിക്കാനും; സഹവർത്തിത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, അംഗീകരിക്കപ്പെടലിന്റെയും, ബഹുമാനത്തിന്റെയും പുതിയ ആത്‌മീയത കരുപ്പിടിച്ചുകൊണ്ടു അതു സമസ്ത ജീവജാലങ്ങളുമായി പങ്കുവക്കുവാൻ ഓരോരുത്തർക്കും കഴിയുന്പോഴാണ് പ്രകൃതിയിലൂടെയുള്ള വചനോപാസനക്കു യഥാർത്ഥമായ സന്യാസ പൈതൃകം കൈവരുന്നതും സ്രഷ്ടാവിലുള്ള വിലയം പ്രാപിക്കലിന് സഹായകമാകുന്നതും.

Loading Facebook Comments ...

Leave A Reply