വികാരങ്ങളുടെ വഴികൾ

0

ക്രൂശിതന്റെ വേദനയെ പുണരുന്ന മാതൃത്വം… മനുഷ്യകുലത്തിന്റെ മാതാവിനാകട്ടെ അത് രക്ഷാദായകമായ അനുഭവം. പൗരസ്ത്യ ദൈവ ശാസ്ത്ര ദർശനങ്ങളിൽ മിഴിവാർന്നു നിൽക്കുന്ന മരം എന്ന പ്രതീകത്തെ കലാകാരൻ രക്ഷയുടെ ആലിംഗനത്തോട് അനുപമമായ രീതിയിൽ സമ്മേളിപ്പിച്ചിരിക്കുന്നു. കാന്‍‍വാസില്‍ വിന്യസിച്ചിരിക്കുന്ന വർണ്ണങ്ങളാകട്ടെ ആസ്വാദകന്റെ ദൃശ്യമണ്ഡലത്തിൽ വിഭിന്നങ്ങളാകുന്ന വികാര വേലിയേറ്റം സൃഷ്ടിക്കാൻ കഴിവുറ്റതും.

“വികാരങ്ങളുടെ വഴികൾ: യാഥാർഥ്യത്തിൽ നിന്ന് ആത്മീയതയിലേക്കുള്ള തീർത്ഥാടനം” എന്ന പേരിൽ  വൈദികനും കലാകാരനുമായ സാബു മണ്ണട എം.സി. ബി.എസ്. ഇറ്റലിയിലെ മിലാനിൽ ഒരുക്കിയിരിക്കുന്ന ചിത്ര പ്രദർശനത്തിലെ ചിത്രങ്ങളെല്ലാം പ്രേക്ഷകന് നവ്യ അനുഭവം നല്കുന്നു.

photo
ഫാ. സാബു മണ്ണട (എം.സി.ബി.എസ്), വൈദികനും കലാകാരനും

ബാല്യം മുതലേ ചിത്രകലയോടു സഹജവാസന വികസിപ്പിച്ചിട്ടുള്ള ഫാ. സാബു വൈദികനായതിനു ശേഷവും ചിത്ര കല ഉപേക്ഷിച്ചില്ല. വർണ്ണങ്ങൾക്ക് ആസ്വാദക മനസിനെ തൊട്ടുണർത്താൻ സവിശേഷ സിദ്ധിയുണ്ട് എന്ന് കരുതുന്ന ഈ വൈദികൻ, വർണ്ണങ്ങൾക്കും വരകൾക്കും ലോകത്തോട് ഏറെ പറയാനുണ്ട് എന്ന് തെളിയിക്കുന്നു തന്റെ രചനകളിലൂടെ.

ലാ സ്ട്രാദ ദെല്ല ഇമോസിയോണി എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ നാമകരണം ചെയ്തിട്ടുള്ള പ്രദര്‍ശനത്തില്‍ 22 ചിത്രങ്ങൾ മനോഹര ചിത്രങ്ങളുണ്ട്. ജീവിതത്തിന്റെ താഴ് വര (വാലെ ദെല്ല വീത്ത), വിശുദ്ധ ആലിംഗനം ( ഇൽ സാന്തോ അബ്രാച്ചോ), വിശുദ്ധ സ്പർശം (തൊക്കൊ ഡിവിനോ) എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്.

തൃപ്പുണിത്തുറയിലെ രവിവര്‍മ്മ കോളജില്‍ നിന്ന് ചിത്രകലയില്‍ ബിരുദമെടുത്തിട്ടുള്ള ഫാ. സാബു ചിത്രകലയെ കുറിച്ച് കൃത്യമായ ദര്‍ശനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

“ആത്മീയതയെ ധന്യമാക്കുന്നതിൽ ജീവിത യാഥാർഥ്യങ്ങൾക്കും പ്രകൃതിക്കും ശ്രദ്ധേയമായ പങ്കുണ്ട്. ആത്മീയതയെ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ നിന്ന് അടർത്തി മാറ്റുക പ്രയാസമാണ്. സമാനമായി പ്രകൃതിയെപോലെ ജീവിതത്തിനു ഒരു ചിത്രം കണ്ടെത്താനും ബുദ്ധിമുട്ടുണ്ട്.”

ക്രൈസ്തവ പ്രതീകങ്ങള്‍ ജനകീയ സംസ്കാരത്തിലേക്ക് അധികം വേരുറപ്പിക്കാത്ത കേരളത്തില്‍ നിന്നുള്ള ഇ വൈദികന്‍ ചിത്രകലാ മാധ്യമത്തിലൂടെ ക്രൈസ്തവ ബിംബങ്ങളെ വിദഗ്ദമായി ഉപയോഗിച്ചിരിക്കുന്നു എന്നത് ഫാ. സാബുവിന്‍റെ ചിത്രങ്ങളെ വത്യസ്തമാക്കുന്നു. സാബു അച്ചന്റെ രചനകളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ പ്രണയം ആത്മീയതയുടെ വർണാഭ തേടുന്നു.

കലയും സാഹിത്യവും എല്ലാം മനുഷ്യർക്ക് പകരുന്നത് പ്രതീക്ഷകളും സ്വപ്നങ്ങളും ആണ്. ദുഃഖങ്ങൾ ചിത്രീകരിക്കുന്പോഴും കലാകാരൻ ലോകത്തോട് സംവദിക്കാൻ ആഗ്രഹിക്കുന്നത് ദുഖങ്ങൾക്കു ഉപരിയായി, പ്രതീക്ഷകളും, സ്വപ്നങ്ങളും, സന്തോഷവും പകരാൻ നമുക്ക് ബാധ്യത ഉണ്ട് എന്നാണു.

ഒരു സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാരവും പേറിയാണ് ഫാ. സാബു ഈ ചിത്ര പ്രദർശനത്തിന് ഒരുങ്ങിയത്. ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടം മുഴുവനും ആഫ്രിക്കയിലെ പാവങ്ങൾക്കിടയിലുള്ള പ്രേഷിത പ്രവർത്തനത്തിനായിട്ടാണ് വിനിയോഗിക്കുന്നത്. ദിവ്യകാരുണ്യ സഭയിലെ അംഗമായ ഫാ. സാബു കലയെയും സാഹിത്യത്തെയും, സംഗീതത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്നു.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply