ജീവിതമാകുന്ന കളരിയിലേക്ക്

0

ആദ്യ പാഠം ഗുണപാഠം

ആരാലും ശ്രദ്ധിക്കപെടാതെ തെന്നിപ്പാറി നടന്നിരുന്ന കാലത്തു, പെട്ടന്ന് ഞാൻ ചാച്ചന്റെ ശ്രദ്ധയിൽ പെട്ടു. ‘ഇവന് അഞ്ചു വസ്സായല്ലോ’ എന്നുറക്കെ ആത്മഗതം ചയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മൂത്ത സഹോദരിമാർ ഗൂഢാലോചനയിൽ പങ്കുചേർന്നു. നേരെ സ്കൂളിൽ ചേർത്താൽ എഴുത്തും വായനയും ചൊവ്വേ നേരെ പഠിക്കില്ല എന്നു പറഞ്ഞു നിലത്തെഴുത്തിനു ചേർക്കുവാൻ തന്ത്രം മെനഞ്ഞു. വലിയ ഞടുക്കത്തോടും ഭീതിയോടുമാണ് ഞാനാ വാർത്ത കേട്ടത്. ഇതിനിടയിൽ, “അത് നല്ലതാ ആശാന്റെ അടുത്തുനിന്നും കുറെ അടി കിട്ടുന്പോൾ ഇവൻ പഠിച്ചുകൊള്ളും” എന്നൊരു പരാമർശവും എവിടെനിന്നോ ഉണ്ടായി. (പിന്നിൽ നിന്നുള്ള എൻറെ ഇടിയുടെ ചൂടറിഞ്ഞിട്ടുള്ളവർ പ്രതികാരത്തിന് അവസരം കിട്ടിയ സന്തോഷത്തിലാണ്). എല്ലാം പൂർത്തിയായി, അടികൊള്ളാൻ കളരിയിൽ പോകില്ല എന്ന എന്റെ വാശി വലിയ കരച്ചിലിലും വിലാപത്തിലും എത്തി. എന്റെ കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടായിരുന്ന ഇത്തമ്മ ചേച്ചിയുടെ എന്നെ സമ്മതിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു.

കുളപ്പുള്ളിൽ വീടിന്റെ (തറവാടായ താമരക്കാട്ട് വീട്ടിൽ നിന്നും മാറിയുള്ള തത്കാലവസതി) വടക്കുവശത്തുള്ള അലക്കുകല്ലിന്റെ മുകളിൽ നിർത്തി എന്നെ ഇത്തമ്മ ചേച്ചി കുളിപ്പിക്കുന്നു. എന്നെ ആശാൻ തല്ലും ഞാൻ പോകില്ല എന്നാർത്തുവിളിച്ചു ഞാൻ കരയുന്നു. എന്നെ ഒരിക്കലും തല്ലുകയില്ലെന്നു ആശാനെക്കൊണ്ട് സത്യം ചെയ്യിക്കാമെന്നും കൂടാതെ എന്നെ കൂട്ടിക്കൊണ്ടു പോകുവാൻ വന്ന കോതകുഴക്കൽ മത്തച്ചൻ ചേട്ടന്റെ വകയായി അദ്ദേഹത്തിന്റെ ഹോമിയോ ഷോപ്പിൽ നിന്നും വെളുത്ത മിഠായിയും (ഹോമിയോ ഗുളിക) വാഗ്ദാനം ചെയ്തു. ആ വെളുത്ത മിഠായിയുടെ രുചിയുടെ ഓർമ്മ എന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കി. എങ്കിലും ആശാനെക്കുറിച്ചു ചെറിയ ഒരു ഭീതി ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ എന്നെ കണ്ടതും മടിയിൽ ഇരുത്തി തെരു തെരെ ആശാൻ ചുംബിച്ചത് എന്നെ ശരിക്കും വിസ്‌മയിപ്പിക്കുക തന്നെ ചെയ്തു.

ആശാൻ മടിയിലിരുത്തി എന്റെ കൈ ചുരുട്ടി ആശാന്റെ കയ്യിൽ വച്ച് എന്റെ ചൂണ്ടു വിരൽ കൊണ്ട് “തമ്പുരാനെ തുണക്ക” എന്ന് നിലത്തു വാഴ ഇലയിൽ വിരിച്ച അരിയിൽ എഴുതിച്ചപ്പോൾ എനിക്കതു വലിയ ഉത്സാഹം പകർന്നു. ഒരു പക്ഷെ എന്റെ ഉള്ള് പുളകിതമായിക്കാണും. അമ്മച്ചിയുടെ മടിയിലിരുന്ന് പരിശുദ്ധ അമ്മയോടും കാവൽമാലാഖയോടും ഉള്ള പ്രാർത്ഥനയുടെ കൂടെ തമ്പുരാനെ തുണക്ക എന്ന പ്രാർത്ഥന എത്രോയോ തവണ ചൊല്ലിയിരിക്കുന്നു. ഇന്നിതാ തനിക്കതു എഴുതാൻ സാധിച്ചിരിക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിലെല്ലാം കളരിയിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു. വെളുത്ത മിഠായി മുടങ്ങാതെ ലഭിക്കുമായിരുന്നു. അടികൊള്ളാത്തവൻ ഞാൻ മാത്രമായിരുന്നു. മറ്റു കുട്ടികൾ ആശാന്റെ അടി കൊണ്ട് പുളഞ്ഞു കരയുമ്പോൾ പലപ്പോഴും ഞാനും കരഞ്ഞു പോകുമായിരുന്നു. എന്റെ കരച്ചിൽ കണ്ടു ആശാൻ അടി നിർത്തുമായിരുന്നു. മാത്രമല്ല ഓരോ അക്ഷരവും ആശാൻ വരച്ച വരയിലൂടെ ഒന്നുരണ്ടു തവണ എഴുതിച്ച ശേഷം മായ്ച്ചു വീണ്ടും എഴുതാൻ ആവശ്യപെടുമ്പോൾ വളരെ ശാന്തനായി ഞാൻ ശരിയായി എഴുതുന്നതു കാണുമ്പോൾ ആശാൻ മടിയിൽ പിടിച്ചിരുത്തി ചുംബിക്കുകയും മറ്റു കുട്ടികളെ എഴുതുവാൻ പഠിപ്പിക്കുവാൻ എന്നെ നിയോഗിക്കുകയും ചെയ്യുമായിരുന്നു. അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പഠിച്ചു ഒന്ന് മുതൽ പത്തു വരെ സംഖ്യയും പഠിച്ചു ആഘോഷമായ ഓലവരക്ക് ഞാൻ സജ്ജനായി. എങ്കിലും കുറേനാൾ കൂടെ മറ്റു കുട്ടികളെ പഠിപ്പിച്ചുകൊണ്ടു കളരിയിൽ തന്നെ തുടർന്നു.

ഇതിനിടയിലാണ് രസകരമായ ഒരു സംഭവം കളരിയിലുണ്ടായത്. കളരിയുടെ ഉടമയുടെ ഭാര്യ അവർക്കു നീലം വാങ്ങുവാൻ ഞങ്ങളിൽ ആര് കടയിൽ പോകുവാൻ തയാറാണ് എന്ന് ചോദിച്ചു. പലരോടുമൊപ്പം ഞാനും കൈ ഉയർത്തി. എന്നെ അവർ വിളിച്ചപ്പോൾ വലിയ സന്തോഷമായി.

അവർ തന്ന അഞ്ചു പൈസയുമായി ഞാൻ ബാലൻപിള്ളയുടെ കടയിലേക്കോടി. നീലം തീർന്നു പോയി എന്ന് പറഞ്ഞപ്പോൾ എനിക്കറിയാവുന്ന ഇതരമാര്‍ഗം പ്രയോഗിച്ചു. അഞ്ചു പൈസക്ക് മിഠായി എന്ന് പറഞ്ഞു. ഇങ്ങനെയായിരുന്നു വീട്ടിൽ നിന്നും കടയിൽ പോകുമ്പോഴൊക്കെ ചെയ്തിരുന്നത്. തിരിച്ചു വന്നു ശാന്തനായി കളരിയിലേക്കു കയറിയപ്പോൾ ആ മഹിള ചോദിച്ചു നീലം എവിടെ എന്ന്. നീലം തീർന്നു പോയി എന്ന് ഞാനും. എങ്കിൽ പൈസ തരൂ എന്നായി അവർ. ഇതെന്തു ചോദ്യം എന്ന മട്ടിൽ ഞാൻ പറഞ്ഞു മിഠായി വാങ്ങി എന്ന്. അവർ കുറെ വഴക്കു പറഞ്ഞെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. എനിക്കെല്ലാം സാധാരണമായിരുന്നു.

വൈകുന്നേരം എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയ ലൂസി ചേച്ചിയോട് അവർ എന്തൊക്കെയോ പറഞ്ഞു. പിറ്റേന്ന് കളരിയിലേക്കു വരുന്ന വഴി ലൂസി ചേച്ചിയുടെ കയ്യിൽ ഒരു രൂപയും അഞ്ചു പൈസയും കണ്ടു, ഇതെന്തിനാണ് എന്ന് ചോദിച്ചു. എനിക്കൊരു മിഠായ്ക്കുള്ള സാധ്യതയുണ്ടോ എന്നാരായാനായിരുന്നു. അപ്പോൾ തലേ ദിവസത്തെ കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം മറ്റുള്ളവരുടെ ധനവും സാധനങ്ങളും നമ്മുടെ സ്വന്തമല്ലെന്നും അത് നാം വിശ്വസ്തതയോടെ ഉപയോഗിക്കണമെന്നും, ഉദാഹരണമായി നീലം ഇല്ലാതെ വന്നപ്പോൾ ആ പൈസ അവർക്കു തിരിച്ചു കൊടുക്കണമായിരുന്നെന്നും ലുസിച്ചേച്ചി വിശദീകരിച്ചു തന്നു. അഞ്ചു പൈസ മാത്രമായി കൊടുക്കുന്നതു മോശമായതിനാൽ ഒരു രൂപ കൂടി കൊടുക്കുകയാണെന്നും പറഞ്ഞു. എന്റെ കുഞ്ഞു മനസ്സിൽ പതിഞ്ഞ ആദ്യത്തെ ഗുണപാഠം ആയിരുന്നു അത്. കുറ്റപ്പെടുത്തലും ശിക്ഷയുമില്ലാതെ എങ്ങനെ കുഞ്ഞുങ്ങളെ തിരുത്താം എന്നുള്ളതിന് സ്വന്തം അനുഭവത്തിൽ നിന്നുള്ള ഈ തെളിവ് വലിയ ശക്തിയായി അനുഭവപ്പെട്ടിട്ടുണ്ട്. അഞ്ചു വയസ്സുള്ളപ്പോൾ ലഭിച്ച ഗുണപാഠം സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തതയും സുതാര്യതയും, ഉത്തരവാദിത്വ ബോധവും എന്നിൽ സൃഷ്ഠിച്ചു.

കളരിയിൽ നിന്നും “ഓലവര” എന്നുള്ള ആഘോഷമായ ‘ബിരുദദാനച്ചടങ്’ കഴിഞ്ഞു തിരിച്ചു പോയ ശേഷവും ഞാൻ ആശാന്റെ പ്രിയ ശിഷ്യനായി ആശാന്റെ മരണം വരെ തുടർന്നു. “എന്റെ കൊച്ചു്” എന്നാണ് ആശാൻ എപ്പോഴും എന്നെ വിളിക്കുകയൂം മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നത്. ആശാന്റെ അടി കൊണ്ടിട്ടുള്ളവർ പറഞ്ഞു കേട്ടതുകൊണ്ടായിരിക്കാം ആശാനെക്കുറിച്ചു അത്ര നല്ല രീതിയിലല്ലാതെ മറ്റുള്ളവർ പറയുമായിരുന്നു. അതു കേൾക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ യൂ പീ സ്കൂൾ പഠനത്തിനായി വീണ്ടും ആ വഴി പോക്കുവരവ് തുടങ്ങിയപ്പോഴേക്കും കളരി വിദ്യാഭ്യാസം ഏതാണ്ടവസാനിക്കുകയും നേഴ്‌സറി സ്കൂളുകൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. എങ്കിലും പലപ്പോഴും ഞാൻ ക്‌ളാസ് കഴിഞ്ഞു വരുന്നതും നോക്കി ആശാൻ നിൽക്കുകയും ‘അതാ എന്റെ കൊച്ചു വരുന്നു’ എന്ന് പറഞ്ഞു ഓടി വന്നു പഠനത്തെക്കുറിച്ചു അന്വേഷിക്കുകയും ചെയ്യുമായിരുന്നു.

തോൽവി: രണ്ടാം പാഠം  

ഞാൻ ഏഴാം ക്ലാസിൽ തോറ്റത് എനിക്കും എന്റെ സുഹൃത്തുക്കകൾക്കും വലിയ ഞെട്ടലും ആശ്ച്ചര്യവും ഉളവാക്കി. ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചറിന്റെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിലെ പ്രകടമായ അപാകത ചോദ്യം ചെയ്യുവാൻ ഞാൻ മുൻകൈ എടുത്തതിന്റെ പ്രതികാരമാണിതെന്നു എല്ലാവര്ക്കും അറിയാമായിരുന്നു. കുറച്ചു വിഷമം മനസ്സിൽ ഉണ്ടായെങ്കിലും സമചിത്തതയോടെ അത് ഞാൻ നേരിട്ടു. ഞാൻ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവരും ഓടിവരികയും അതുടീച്ചറിനു വലിയ അപമാനം ഉണ്ടാക്കുകയും ചെയ്തതിൽ എന്റെ കുറ്റവും ഉണ്ടല്ലോ. മുതിർന്ന അധ്യാപകൻ ടീച്ചറിനോട് ഉത്തരക്കടലാസുകൾ മുഴുവൻ പുനർ-മൂല്യനിർണയം ചെയ്യാൻ ആവശ്യപ്പെട്ടതും അവർക്കു മാനഹാനി ഉണ്ടാക്കിയല്ലോ. എനിക്ക് പിന്നീട് അതിൽ വലിയ ഖേദമുണ്ടായി. തുടർന്നുള്ള വർഷം ഞങ്ങൾ അനുരഞ്ജിതരായി, ടീച്ചർ നല്ല പരിഗണനയും വാത്സല്യവും കാട്ടുകയും ചെയ്തു.

എന്നാൽ എന്റെ വലിയ പ്രശ്നം തോൽവിയുടെ കാര്യം ആശാനെ എങ്ങനെ അറിയിക്കും എന്നതായിരുന്നു. ആശാനുണ്ടാവുന്ന മനോവിഷമം ഓർത്തപ്പോൾ ഞട്ടൽ ഉണ്ടായി. എങ്കിലും പറയാതിരിക്കാനാകില്ലല്ലോ. ആകംക്ഷയോടെ കാത്തിരുന്ന ആശാനോട് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഞാനതു പറഞ്ഞു. തോറ്റതിന്റെ കാരണം സുഹ്രുത്തുക്കളും വിശദീകരിച്ചു. ആശാന് വലിയ വിഷമവും ക്ഷോഭവും ഉണ്ടായി. ഞാൻ ആ ടീച്ചറോട് ഒന്ന് ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞു വിഷമത്തോടെ ആശാൻ പോയി.

തോൽവിയുടെ, പരാജയത്തിൻറെ കാരണങ്ങൾ മറ്റുള്ളവരിലോ സാഹചര്യങ്ങളിലോ ആരോപിക്കാതെ സമചിത്തതയോടെ നേരിട്ട് നേട്ടങ്ങൾ കൈവരിക്കാനും നമ്മെ പരാജയപ്പെടുത്തുന്നവരോട് പ്രതികരമനോഭാവത്തോടെ വർത്തിക്കുന്നതിന് പകരം അനുരജ്ഞനപ്പെട്ട് സമാധാനത്തോടെ സഹവസിക്കുന്നതിനും ലഭിച്ച പരിശീലനമായിരുന്നു അത്. ആദ്യ ഗുരുവായ ‘ആശാന്’ എന്നോടുണ്ടായ സ്നേഹവും വാത്സല്യവും എക്കാലത്തും ഏതു പ്രകോപനത്തിലും ഗുരുഭൂതന്മാരെ ആദരിക്കാനും ബഹുമാനിക്കാനും പ്രേരകശക്തിയായി.

അത്തരം അനുഭവങ്ങൾ ചറുപ്പത്തിലെ തന്നു ജീവിതമാകുന്ന കളരിയിലൂടെ നമ്മെ പരിശീലിപ്പിച്ചു വളർത്തുന്ന നല്ല ദൈവത്തിനു സ്തുതി.

 

 

സ്കറിയ താമരക്കാട്ട്
Loading Facebook Comments ...

Leave A Reply