കരുണയിൽ ഉപവാസം

0

കരുണതൻ കനിവാലുരുവായി
കർത്രുകരങ്ങൾ താങ്ങി നടത്തി
കണക്കില്ലാതനുഗ്രഹങ്ങൾ ചൊരിഞ്ഞു
കാവൽ മാലാഖതൻ കരുതലും തന്നു

വലുതായി വളർന്നു ഞാനുലകിൽ
വൻപ്രേരണകൾ നിറഞ്ഞെൻ മിഴിയിൽ
വല്ലാത്ത മോഹങ്ങൾ ചിത്തം നിറച്ചു
വല്ലഭനെ വെടിഞ്ഞലഞ്ഞുൻമത്തനായ്

സത്യമാണന്വേഷിച്ചതീഭൂവിൽ
സുഖം തേടിയാണലഞ്ഞതുലകിൽ
സംഘർഷഭരിതമായെൻ യാത്ര
സനാതനസത്യമാമുണ്മയെവിടെ?

കരുതലുള്ളവൻ കരങ്ങൾ നീട്ടി
കരുണയോടവൻ വിളിച്ചു, വരിക തിരികെ
കണ്ടു ഞാനാക്കണ്ണിൽ തിളങ്ങുന്ന സത്യം
കരഞ്ഞു ഞാനനുതാപത്താൽ, ഉരുകി ഹൃത്തം

ഓ എൻ പ്രിയനെ എൻ പരനെ
ഓ എൻ ഉണ്മയെ എൻ ജീവനെ
ഓ എൻ സത്യമെ സനാതനസത്യമെ
ഓ എന്നുയിരെ കനിയണേ നിന്നിലലിയുവാൻ

സ്കറിയ താമരക്കാട്ട്
Loading Facebook Comments ...

Leave A Reply