ദൈവവിളിയുടെ ഉൾവഴികൾ

0

തമസോമാ ജ്യോതിർഗമയ

അൾത്താര ശുശ്രൂഷയാണ് എന്റെ ദൈവവിളിക്ക് നിർണായകമായ പങ്കു വഹിച്ചത്. അതുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വ്യക്തി മ്യാലിൽ പുത്തൻപുരയിൽ (താമരക്കാട്ടു) ജോർജാണ്. ജോർജ് നേരത്തെതന്നെ അൾത്താര ശുശ്രൂഷ ആരംഭിച്ചിരുന്നു. എൻറെ ആദ്യകുർബാന സ്വികരണം ബഹുമാനപ്പെട്ട നടക്കൽ സെബാസ്റ്റ്യൻ അച്ചന്റെ സമയത്തായിരുന്നു. എനിക്കു ജ്ഞാനസ്നാനം നൽകിയ താമരക്കാട്ടു കുടുംബാംഗമായിരുന്ന ബഹു. മരങ്ങാട്ടുമ്യാലിൽ ജോണച്ചൻ തന്നെ എൻറെ ആദ്യകുമ്പസാരം കേൾക്കുകയും ചെയ്തിരുന്നു. ബഹു. ജോണച്ചൻ വികാരിയായി സേവനമനുഷ്ഠിക്കുന്ന സമയത്തുതന്നെ പഞ്ചായത്തു മെമ്പറും വൈസ് പ്രസിഡണ്ടുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജാതി-മത വ്യത്യാസമെന്യേ എല്ലാവരും ജോണച്ചനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അതിരുകളില്ലാത്ത കരുണയും ദയയും അദ്ദേഹം പാവങ്ങളോട് പ്രദർശിപ്പിച്ചിരുന്നു. ആ പുണ്യാത്മാവിൽനിന്നു മാമ്മോദീസ സ്വീകരിക്കാൻ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.

പിന്നീട് പനയ്ക്കക്കുഴിയിൽ സെബാസ്റ്റ്യൻ അച്ചൻ വികാരിയായി വന്നപ്പോൾ അൾത്താര ബാലസഖ്യം രൂപികരിച്ചു. ജോർജ് അതിൻറെ നേതൃത്വം ഏറ്റെടുത്തു. കൂടുതൽ കുട്ടികളെ ചേർക്കുവാൻ തുടങ്ങി. എന്നെ അയക്കണമെന്ന് ജോർജ് അമ്മച്ചിയോട് പറഞ്ഞു. അമ്മച്ചിക്ക് വലിയ സന്തോഷമായി. എനിക്കാവട്ടെ പുലരിയിലെ ഉറക്കം പ്രിയങ്കരമായിരുന്നു. സൂര്യകിരണങ്ങൾ കണ്ണിൽ കുത്തുന്നത് വരെ ഉറങ്ങുന്ന ശീലം ഉപേക്ഷിക്കാൻ മടി കാണിച്ചു. എന്നാൽ അൾത്താരശുശ്രൂഷക്കായ് എനിക്ക് ലഭിക്കുന്ന ഈ സുവർണ്ണാവസരം നഷ്ടപ്പെടുന്നത് അമ്മച്ചിക്ക് ചിന്തിക്കാൻ കൂടെ കഴിയില്ല. പള്ളിയിൽ പോകാതെ കിടക്കാൻ സമ്മതിക്കില്ല എന്ന് അമ്മച്ചി അന്ത്യശാസനം തന്നു. ആദ്യം പുതപ്പു മാറ്റിക്കളയും. പിന്നെയും എഴുന്നേറ്റില്ലെങ്കിൽ മുഖത്ത് വെള്ളമൊഴിക്കും. അങ്ങനെ പ്രഭാതസുഷുപ്തിയുടെ (തമസ്സിന്റെ) മാർഗമടച്, ദൈവാലയത്തിലേക്കുള്ള വഴി (തേജസ്സിന്റെ മാർഗം) തുറന്നു തന്നു എന്റെ അമ്മ. അങ്ങനെ പതിവായി പള്ളിയിൽ പോകുവാൻ തുടങ്ങി.

അൾത്താര ശുശ്രൂഷ

[അഭിഷിക്തർ] സമാഗമകൂടാരത്തിന്റെ വാതിൽവിട്ടു പുറത്തുപോകരുത്. (Lev 10: 7)

അൾത്താരയിൽ വിശുദ്ധ ഖുർബാനയിൽ ശുശ്രൂഷിക്കുവാനും പ്രാർത്ഥനകൾ ചൊല്ലാനും ലേഖനം വായിക്കുവാനും ജോർജിന്റെ പരിശീലനത്തിൽ പെട്ടെന്ന് പഠിച്ചു. ജോർജ് വളരെ സ്നേഹത്തോടും വാത്സല്യത്തോടും എപ്പോഴും പിന്തുണച്ചിരുന്നു. കളരിയിലെ പരിശീലനം സ്ഫുടമായും ഉറച്ചും വായിക്കുവാനുള്ള സിദ്ധി സമ്പാദിച്ചു തന്നിരുന്നു. വികാരിയച്ചനും എൻറെ വായനയും മറ്റും ഇഷ്ടമായി. ദൈനംദിനം വിശുദ്ധ ഖുർബാനയിൽ പങ്കെടുക്കുന്നവർക്കും എൻറെ വായനകൾ ഇഷ്ടമായിരുന്നു. എല്ലാവരുടെയും നല്ല പ്രോത്സാഹനവും വാത്സല്യവും പ്രചോദനകരമായിരുന്നു. എമ്മാനുവേലച്ചന്റെ ഇളയമ്മയായിരുന്ന ചിറ്റക്കാട്ട് അച്ചാമ്മ ചേച്ചിയുടെയും കല്ലടാന്തിയിൽ റോസമ്മച്ചേച്ചിയുടെയും വല്യമലയിൽ ഏലിയാമ്മച്ചേച്ചിയുടേയും പ്രോത്സാഹനങ്ങളും സ്നേഹവാത്സല്യങ്ങളും മറക്കാനാവാത്തതാണ്. എന്നെ പള്ളിയിൽ കാണാത്ത ദിവസങ്ങളിൽ പലരും എന്നെ തിരക്കി വീട്ടിൽ വരുമായിരുന്നു. അതുകൊണ്ടു ഞാൻ പള്ളിയിൽ പോകാൻ മടികാണിച്ചാൽ അമ്മച്ചി പറയുമായിരുന്നു നീ പോയില്ലെങ്കിൽ പള്ളിയിൽ വരുന്ന ആൾക്കാരെല്ലാം അന്വേഷിച് ഇങ്ങോട്ടേക്ക് വരുമെന്ന്.

സാവകാശം വിശുദ്ധ അൾത്താരയുമായി ഒരു ആത്മീയ ബന്ധം ഉളവായി. ജോർജ് അൾത്താര ശുശ്രൂഷ അവസാനിപ്പിച്ചപ്പോൾ അൾത്താര ബാലസഖ്യത്തിന്റെ നേതൃത്വം വികാരിയച്ചൻ എന്നെ ഏൽപ്പിച്ചു. അൾത്താര ശുശ്രൂഷ അവസാനിപ്പിക്കുന്നതു വരെ ഞാൻ നേതൃത്വത്തിൽ തുടർന്നു. ബഹു. പനയ്ക്കക്കുഴിയച്ചനുശേഷം ഇടവകാംഗം തന്നെയായ ബഹു. വെട്ടുവഴിയിൽ ഇമ്മാനുവേൽ അച്ചൻ വികാരിയായപ്പോൾ എന്റെ അൾത്താര ബാലസാഖ്യത്തിന്റെ നേതൃസ്ഥാനം ഉറപ്പിക്കപ്പെടുകയും എമ്മാനുവേലച്ചനുമായുള്ള സ്നേഹബന്ധം ദൃഢമാകുകയും ചെയ്തു. ഒത്തിരി സ്നേഹവും വാത്സല്യവും അച്ചൻ പ്രദർശിപ്പിച്ചിരുന്നു. അൾത്താരയുമായുള്ള ബന്ധവും ഒന്നിനൊന്നു വർദ്ധിച്ചു. മദ്ബഹായിൽ നിന്ന് മാറി നിന്ന് വിശുദ്ധ ബലിയിൽ പങ്കെടുക്കുക വേദനാജനകമായി തോന്നിയിരുന്നു. അൾത്താര ശുശ്രുഷ അവസാനിപ്പിച്ച ദിവസം കണ്ണുകൾ നിറഞ്ഞൊഴുകി. ഓടി വന്നു കട്ടിലിൽ കയറിക്കിടന്നു കരഞ്ഞു. പള്ളിയിൽവച്ചു എന്റെ വിഷമം നിറഞ്ഞ മുഖം കണ്ടിരുന്ന വെല്ലിച്ചാച്ചൻ എന്നെ അന്വേഷിച്ചു ഞാൻ കിടന്നിടത്തു വന്ന്, നല്ല ആശ്വാസവാക്കുകൾ പറഞ്ഞു. എനിക്കതു വലിയ ആശ്വാസവും പ്രചോദനവും നൽകി. ഒരു പക്ഷേ ദൈവാലയവുമായി എന്റെ ആത്മീയ ബന്ധം തുടരുവാൻ ഇടയാക്കിയത് വെല്ലിച്ചാച്ചന്റെ ഈ ഉപദേശങ്ങളായിരിക്കാം. അതിനുശേഷവും ദിവസവും പള്ളിയിൽ പോകുന്ന പതിവ് ഉപേക്ഷിച്ചില്ല.

എനിക്ക് ശേഷം അൾത്താര ശുശ്രുഷയിലേക്കു വലിയ ഉത്സാഹത്തോടെ കടന്നു വന്ന മാത്യു കാവനാടിയിൽ, കല്ലടാന്തിയിൽ സോണി, ജോമോൻ, ജിയോമോൻ, ഷീൻ പ്രൊവിഡൻസ്, ജിബി നെച്ചുമ്യാലിൽ എന്നിവരും പൗരോഹിത്യ ദൈവവിളിയിലേക്കു കടന്നു വന്നത് അൾത്താര ശുശ്രൂഷ ദൈവത്തിന്റെ മുന്ദിരി വയലിലേക്കുള്ള സുരക്ഷിതമാർഗമാണെന്നു തെളിയിക്കുന്നു. മഹത്തായ ഈ പാരമ്പര്യം ഇടമുറിയാതെ ഇപ്പോഴും തുടരുന്നു. ബഹു. എമ്മാനുവേലച്ചനുമായി കുടുംബക്കാർക്കുണ്ടായിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങൾ, ചില അസ്വാരസ്യങ്ങൾ ഉളവാക്കുവാൻ ഇടയായെങ്കിലും ദൈവകൃപയാൽ മറിയമ്മക്കുഞ്ഞമ്മയുടെ (സി. റോസ്‌ലി സി. എം. സി.) ഇടപെടൽ മൂലം അവയെല്ലാം നീങ്ങി വീണ്ടും നല്ല അന്തരീഷം സൃഷ്ടിക്കപ്പെട്ടു. ഒരിക്കൽ കൂടി, ദൈവം, തന്നെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു, എന്ന പൗലോസ് ശ്ളീഹായുടെ വാക്കുകൾ അന്വർത്ഥമായി.

നേതൃത്വ പരിശീലനം

“ ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പരിശീലിക്കുക; വാർധക്യത്തിലും അതിൽ നിന്ന് വ്യതിചലിക്കില്ല.”(Prov 22: 6)

ബഹു. ഇമ്മാനുവേൽ അച്ചന്റെ നിർദ്ദേശപ്രകാരം ചെറുപുഷ്പ മിഷൻ ലീഗ് പുനഃസംഘടിപ്പിക്കുവാൻ ഞാൻ നേതൃത്വം എടുത്തിരുന്നു. പുനഃസംഘടിപ്പിച്ച സി. എം. എൽ സെക്രട്ടറി ആയി ഞാൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എല്ലാ വാർഡുകളും പുനഃസംഘടിപ്പിക്കുയും പ്രവർത്തനോന്മുഖമാക്കുകയും ചെയ്തു. പാവങ്ങളെ സഹായിക്കാനും ക്രിസ്മസ് കരോൾ നടത്താനും മറ്റും വീണ്ടും ആരംഭം കുറിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും, പ്രത്യേകിച്ച് സഹപാഠികളുടെ നല്ല സഹകരണം ലഭിച്ചത് ഒത്തിരി പ്രോത്സാഹനമായി.

എസ്. എസ്. എൽ. സി പരീക്ഷക്കു ശേഷം വേദപാഠം പഠിപ്പിക്കാൻ ബഹു. എമ്മാനുവേലച്ചൻ ആവശ്യപ്പെട്ടു. അത്ര ആത്മവിശ്വാസം പോരാത്തതിനാൽ ഞാൻ മടി കാണിച്ചു. എന്നാൽ എമ്മാനുവേലച്ചൻ പ്രോത്സാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തപ്പോൾ വഴങ്ങി. പിന്നീട് അധ്യാപകവൃത്തി ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് പഠിപ്പിച്ച വിദ്യാർത്ഥികളിൽ പെട്ടയാളാണ് ബഹു. ഷീൻ പ്രൊവിഡൻസ് ഒ. എസ്. ബി. (പ്രയോർ, കാപ്പാട് ആശ്രമം) അച്ചൻ അക്കാര്യം ഇപ്പോഴും ഓർമിക്കാറുണ്ട് എന്നു പറയുകയുണ്ടായി. എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും ഇക്കാര്യങ്ങളിലെല്ലാം ലഭിച്ചിരുന്നു. പിന്നീട് സെമിനരിയിൽ ചേർന്നശേഷം ദീപ്തിയിലെ പബ്ലിക് ചാപ്പലിൽ വരുന്ന കുട്ടികൾക്ക് വേദപാഠം പഠിപ്പിക്കുവാൻ നിയോഗിക്കപ്പെട്ടപ്പോൾ മുൻ അനുഭവം വളരെ പ്രയോജനകരമായി.

ഇനിയെന്ത്?

ദൈവം കൈപിടിച്ചു അങ്ങയെ അറിയുന്നതാണ് നീതിയുടെ പൂർണത. അങ്ങയുടെ ശക്തി അറിയുന്നതാണ് അമർത്യതയുടെ ആരംഭം. (Wis 15: 3)

പ്രീഡിഗ്രി പരീക്ഷകൾ കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യം മഥിക്കുവാൻ തുടങ്ങി. പല വൈകൽപിക മാർഗങ്ങൾ മുന്നിൽ വന്നു. ജീവിതത്തെക്കുറിച്ചു കുറച്ചു മാത്രമേ അനുഭവമുള്ളൂ എങ്കിലും ഉള്ള അനുഭവങ്ങൾ മനസ്സിലൂടെ ഓടിനടന്നിരുന്നു. കോളജിൽ വച്ച് കുറെ നല്ല വായനകൾ നടത്താൻ സാധിച്ചത് ഉപകാരപ്രദമായി. കുറച്ചൊക്കെ ദാർശനികമായി ചിന്തിക്കുവാൻ അത് സഹായിച്ചു. കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ പരിചയപ്പെട്ട ക്ലരീഷ്യൻ വൈദികവിദ്യാർത്ഥികളുമായുള്ള സൗഹൃദം സെമിനരിയെക്കുറിച്ചു എനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തുവാൻ ഇടയാക്കിയിരുന്നു. ജീവിതം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കണം എന്നൊരു ചിന്ത ഉരുത്തിരിഞ്ഞു വന്നു. മറ്റുള്ളവർക്കുവേണ്ടി ജീവിതം സമർപ്പിക്കുമ്പോഴാണ് സാഫല്യമുണ്ടാകുന്നത് എന്ന് ബോധ്യപ്പെട്ടു. അതിനു പറ്റിയ ഏറ്റവും ഫലപ്രദമായ ജീവിത പന്ഥാവ് വൈദിക ജീവിതമാണ് എന്ന് മനസ്സ് പറയുവാൻ തുടങ്ങി. ഈ ചിന്ത ഓരോ ദിനവും കൂടുതൽ ശക്തിപ്പെട്ടു വന്നു. എന്നാൽ എങ്ങനെയാണു അതിനുവേണ്ടി പ്രവർത്തിക്കേണ്ടത് എന്ന് ഒരാശയവും
ഉണ്ടായില്ല.

അങ്ങനെ ഒരു ദിവസം കുളപ്പള്ളിൽ വീട്ടിൽ വിശ്രമിക്കുന്ന സമയത്തു മേക്കട്ടിയിൽ വച്ചിരുന്ന പത്രത്തിൽ “സെന്തോമസ് മിഷനറി സൊസൈറ്റി” എന്നുള്ള ഒരു പരസ്യം കണ്ടു. ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ
എന്നോർത്ത് എടുത്തു വായിക്കുവാൻ തീരുമാനിച്ചു. (ഏതാനം മാസങ്ങൾക്കുമുമ്പ് മാതൃസഹോദരപുത്രനായ ബഹു. കുളത്തുങ്കൽ ജോസഫ് അച്ചന്റെ പൗരോഹിത്യാഭിഷേകത്തിന്റെ സമയത്തായിരുന്നു പ്രസ്തുത നാമം കേൾക്കുവാൻ ഇടയായത്). നോക്കിയപ്പോൾ അത് പഴയ പത്രമായിരുന്നു. പത്രം അരച്ച് കലക്കി കുടിച്ചിരുന്ന ഞാൻ ഈ പരസ്യം എങ്ങനെ കാണാതിരുന്നു എന്നത്ഭുതം കൂറിക്കൊണ്ട് എടുത്തു വായിച്ചു.

സമർപ്പിത ജീവിതം നയിച്ചു പാവങ്ങളുടെ ഇടയിൽ സുവിശേഷവേലചെയ്യുവാൻ യുവജനങ്ങളെ സെൻതോമസ് മിഷനറി സൊസൈറ്റിയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അത്. പെട്ടെന്ന് ഇത് തന്നെയാണ് മനസ്സ് പറഞ്ഞുകൊണ്ടിരുന്നത് എന്ന തോന്നൽ ശക്തമായി. ഇനി വൈദിക ജീവിതപന്ഥാവുതന്നെ എന്ന തീരുമാനം ഉറച്ചതായിരുന്നു. ആയതിനാൽ ഇനി എല്ലാവരോടും പറയാം എന്ന് തീരുമാനിച്ചു. എന്റെ തീരുമാനം കേട്ടവർക്കെല്ലാം സന്തോഷമായി. അമ്മച്ചിയുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. “നീ തന്ന ഇത്രയും മക്കളിൽ ഒരാളെയെങ്കിലും നിന്റെ വയലിൽ വേലക്കായി വിളിക്കണമേ” എന്ന് നിരന്തരം പ്രാർത്ഥിച്ചിരുന്ന അമ്മച്ചിക്ക് ഞാൻ പ്രീഡിഗ്രിക്കു ചേർന്നപ്പോൾ എന്നിലുള്ള പ്രതീക്ഷ മങ്ങിയിരുന്നു. എങ്കിലും പ്രാർത്ഥന ഉപേക്ഷിച്ചിരുന്നില്ല. (കാരണം, ഇളയ ഒരാൾ കൂടിയുണ്ടല്ലോ). ഇപ്പോഴിതാ കർത്താവു പ്രാർത്ഥന കേട്ടിരിക്കുന്നു.

ഹൈ സ്കൂളിൽ പഠിച്ചിരുന്ന കാലത്തു രാഷ്ട്രീയത്തിൽ പ്രത്യേക താല്പര്യമുണ്ടായിരുന്നു. സഹപാഠികളുടെ അംഗീകാരവും കിട്ടിയിരുന്നു. ആയതിനാൽ കോളജിൽ ചേർന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു താല്പര്യം. എന്നാൽ കോളെജിലെ രാഷ്ട്രയാന്തരീഷം കലുഷിതവും അഴിമതി നിറഞ്ഞതുമായി അനുഭവപ്പെട്ടതിനാൽ അതിൽ നിന്നും അകന്നു നിന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ദൈവത്തിന്റെ പരിപാലനയുടേയും തിരഞ്ഞെടുപ്പിന്റേയും സൗരഭ്യം മണക്കുന്നു. വി. പൗലോസിന്റെ വാക്കുകൾ
കടമെടുത്താൽ “മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.” (Rom9: 16).

ഇടയനോട് ചേർന്ന്

“ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടു പിടിക്കും” (Eze 34: 11)

ചില അവ്യക്തതകളും സംശയങ്ങളും എന്നെ പിടികൂടിയിരുന്നു. വികാരിയച്ചനോട് പറഞ്ഞാൽ വ്യക്തമായ ഉപദേശം ലഭിക്കുമെന്ന് അമ്മച്ചി പറഞ്ഞതനുസരിച്ചു ഞാൻ അച്ഛനെ കണ്ട് എന്റെ ആഗ്രഹം അറിയിച്ചു. അച്ചനും വലിയ സന്തോഷമായി “കറിയാച്ചന് ശരിക്കും ദൈവവിളിയുണ്ട്, ഈ ജീവിത പന്ഥാവിനു അനുയോജ്യമായ സ്വഭാവ വിശേഷങ്ങളും ഉണ്ട്” എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ചു. ദീപ്തിയിൽ (എം. എസ്. റ്റി) ആണ് ചേരാൻ ആഗ്രഹിക്കുന്നത് എന്നറിഞ്ഞപ്പോൾ അച്ചന് കൂടുതൽ സന്തോഷമായി. എങ്കിൽ ഇന്റർവ്യൂവിനു പോകാൻ ശിപാർശകത്ത് വേണമെന്ന് പറഞ്ഞപ്പോൾ, “ഞാൻ കത്ത് തരില്ല” എന്നു പറഞ്ഞത് എന്നെ വിഷണ്ണനാക്കി. ഉടനെ അച്ചൻ പറഞ്ഞു കറിയാച്ചൻ എന്തിനാണ് വിഷമിച്ചതു, കത്തുകൊണ്ട് ഇനി കാര്യമില്ല. അവിടുത്തെ അഡ്മിഷൻ കഴിഞ്ഞു. നാളെ രാവിലെ നമുക്കൊന്നിച്ചു ദീപ്തിയിൽ പോകാമെന്ന്. എന്റെ എല്ലാ പിരിമുറുക്കങ്ങളും അവസാനിച്ചു.

ദീപ്തിയിൽ ചെന്നപ്പോൾ അവിടുത്തെ അച്ചന്മാരെല്ലാരും വികാരിയച്ചന്റെ സുഹൃത്തുക്കൾ. വലിയ സ്വീകരണം ലഭിച്ചു. അങ്ങനെ അഡ്മിഷൻ ഉറപ്പാക്കി തിരിച്ചു പോന്നു. വികാരിയച്ചൻ ഒപ്പമുണ്ടായിരുന്നതിനാൽ എല്ലാം എളുപ്പമായിരുന്നു. ദൈവം കൈപിടി ക്കുമ്പോൾ എത്ര ശക്തമായി, എത്ര വാത്സല്യപൂർവ്വം പിടിക്കുന്നു എന്നോർത്ത് പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ബഹു. എമ്മാനുവേലച്ചനാവട്ടെ അന്നു മുതൽ തന്റെ മരണം വരെ എനിക്ക് എപ്പോഴും പ്രേരകശക്തിയായി നിലകൊണ്ടിരുന്നു. അവധിക്കു വരുമ്പോൾ പ്രഭാത ഭക്ഷണം അച്ചന്റെ ഒപ്പമായിരിക്കണമെന്നു നിർബന്ധമായിരുന്നു മണിക്കൂറുകൾ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ടിരിക്കും. സഭാവസ്ത്രം സ്വീകരിച്ച നാൾ മുതൽ അവധിക്കു വരുമ്പോൾ എല്ലാ ഞാറാഴ്ച്ചയും രണ്ടു ഖുർബാനയിലും വചനപ്രഘോഷണം നടത്തണമായിരുന്നു. ആയതിനാൽ ഇന്ന് വചന പ്രഘോഷണം എനിക്ക് വളരെ എളുപ്പമാണ്. ബഹു. എമ്മാനുവേലച്ചൻറെ മരണത്തിനു രണ്ടു മാസം മുൻപ് അദ്ദേഹത്തെ സന്ദർശിച്ചു മടങ്ങുമ്പോൾ ക്ഷീണിതനായിരുന്നെങ്കിലും എഴുന്നേറ്റുവന്നു എല്ലാത്തിനും നന്ദി പറഞ്ഞു യാത്രയാക്കിയത് ഞങ്ങളെ രണ്ടുപേരെയും ഭാവുകാരാക്കി. ബഹു. എമ്മാനുവേലച്ചന്റെ സ്നേഹസ്മരണക്കു മുൻപിൽ ശിരസു നമിക്കുന്നു.

രാജീവ്ഗാന്ധി വധിക്കപ്പെട്ടപ്പോൾ സർവ്വമത പ്രാർത്ഥനക്കായി എമ്മാനുവേലച്ചൻ ശ്രീധരിക്കവലയിൽ എന്നയും കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാൻ ചെന്നൈ പൂനമല്ലി (മദ്രാസ്) തിരുഹൃദയ കോളജിലെ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരുന്നു. പെട്ടെന്ന് അച്ചൻ ‘കറിയാച്ചൻ ഒരു സന്ദേശം കൊടുക്കുക’ എന്നു പറഞ്ഞു. അപ്രതീക്ഷിതമായിരുന്നെങ്കിലും ഞാൻ ഒരു സന്ദേശം നൽകി. കുറിച്ചിത്താനം ഹൈ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഗിരീശൻ മാസ്റ്റർ ഉൾപ്പെടെയുള്ള അനേകം പേർ എൻറെ സന്ദേശത്തെ അഭിനന്ദിക്കയുണ്ടായി.

മുത്തശ്ശൻ പ്രേരകശക്തി

ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. (Ps46:1)

1981 ൽ ഞാൻ സെമിനരിയിൽ ചേരുവാൻ തീരുമാനിച്ച വർഷം വീട്ടിൽ റബ്ബർ കൃഷി ആരംഭിച്ച സമയമായിരുന്നു. നാണ്യ വിളവു നടത്തി ധനം സമ്പാദിക്കുന്നതിനേക്കാൾ ധാന്യ വിളവാണു കുടുംബത്തിന് സമൃദ്ധിയും ഐശ്വര്യവും പകരുന്നതെന്നും അധ്വാനിച്ചു സമ്പാദിക്കുന്നതിനാണ് മഹത്വമെന്നും എല്ലാവരെയും ബോധ്യപ്പെടുത്തുവാൻ വെല്ലിച്ചാച്ചൻ ശ്രമിക്കുന്നത് ഞാൻ നിരീക്ഷിക്കുകയുണ്ടായി. സുലഭമായ പ്ലാവും മാവും ഒക്കെ വെട്ടി റബ്ബർ വച്ചാൽ വിശക്കുമ്പോൾ റബ്ബർപ്പാൽ കുടിക്കുമോ എന്ന് അദ്ദേഹം നേരിട്ടു ചോദിക്കുന്നതും ഞാൻ കേൾക്കുകയുണ്ടായി. വെല്ലിച്ചാച്ചന് ഒട്ടും താല്പര്യമില്ലായിരുന്നെങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിക്കുകയും പൂർണമായി സഹകരിക്കുകയും ചെയ്തു. അത് വെല്ലിച്ചാച്ചന്റെ ഒരു പ്രത്യേകതയായിരുന്നു, എന്ത് ചെയ്താലും ‘graceful’ ആയി ചെയ്യുക. പണത്തിന്റെ കുറവല്ല മറിച്ചു പണം ‘manage’ ചെയ്യുന്നതിലാണ് കാര്യം എന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചിരുന്നു. ഒരിക്കലും കടബാധ്യതകൾ വരുത്താതെ കുറച്ചു നിക്ഷേപം മാറ്റിവക്കാൻ വെല്ലിച്ചാച്ചന് കഴിഞ്ഞു. പണം എത്രയുണ്ടേലും മാനേജ് ചെയ്യാൻ കഴിവില്ലാത്തവരുടെ കയ്യിൽ വന്നു പെട്ടാൽ കുരങ്ങന് പൂമാല കിട്ടിയപോലെ ഇരിക്കും.

പരാജയങ്ങൾക്കു മറ്റുള്ളവരെയും സാഹചര്യങ്ങളെയും പഴിക്കുന്നവർ തങ്ങളുടെ പരാജയം സമ്മതിക്കാതെ സമ്മതിക്കുകയാണ്. വരുമാനം തീരെക്കുറവും ബാധ്യതകൾ വളരെയേറെ ഉള്ളതുമായ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ ഉത്തരവാദിത്വം വെല്ലിച്ചാച്ചൻ ഏറ്റെടുത്തത്. ആരെയും കുറ്റപ്പെടുത്താതെ ദൈവത്തിലാശ്രയിച്ചു അധ്വാനിച്ചു നേടിയതായിരുന്നു തറവാടിരിക്കുന്ന സ്ഥലം ഒഴികെയുള്ളതെല്ലാം.

നല്ല നിലയിൽ വളർന്ന ബിസിനസ്സ് തുടർച്ചയായുണ്ടായ മോഷണത്തിൽ തകർന്നപ്പോൾ ഒട്ടും നിരാശപ്പെടാതെ വലിയതോതിലുള്ള കൃഷിയിലേക്കു തിരിഞ്ഞു. കൃഷികൊണ്ടു മാത്രം ആവില്ല എന്ന് കണ്ടപ്പോൾ ചിട്ടി മുതലിക്കുന്ന ബിസിനസ്സിലെക്കു തിരിഞ്ഞു. വിശ്വസ്തതക്കും നീതിക്കും പ്രഥമ സ്ഥാനം കൊടുത്തിരുന്നതിനാൽ വളരെ ദൂരെ പ്രദേശങ്ങളിൽ നിന്നു പോലും ആൾക്കാർ ചിട്ടിയിൽ ചേർന്നിരുന്നു എന്ന് മുടക്കാതെ എഴുതിയിരുന്ന ഡയറിക്കുറിപ്പുകളിൽ നിന്നും അറിയാൻ കഴിഞ്ഞു. എന്നാൽ ഒരിക്കൽ പോലും ഇതെല്ലം സ്വന്തം കഴിവിൽ നേടിയതാണ് എന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടില്ല. മറിച്ചു “എല്ലാം ദൈവാനുഗ്രഹം” എന്ന് ആവർത്തിച്ചു പറയുന്നത് കേൾക്കാമായിരുന്നു.

രണ്ടു കാര്യങ്ങൾക്കു യാതൊരു വിട്ടുവീഴ്ചയും ചെയ്തു കണ്ടിട്ടില്ല. ദിവസവും ഉള്ള വി. കുർബാനയിൽ പങ്കുകൊള്ളൽ, കൂടാതെ സന്ധ്യാമണിയടിക്കുമ്പോൾ ആരംഭിക്കുന്ന കുടുംബ പ്രാർത്ഥന. വിവാഹമുൾപ്പെടെയുള്ള സദ്യവട്ടങ്ങളോ വി. ഐ. പികളുടെ സന്ദർശനമോ എന്തുമായിക്കൊള്ളട്ടെ ഈ പതിവിൽ മാറ്റം വരുത്തി ഒരിക്കൽപോലും കണ്ടിട്ടില്ല. അന്ന് എം. എൽ. എ. ആയിരുന്ന ശ്രീ കെ. എം. മാണി സാർ നാട്ടിലെ ചില തർക്കങ്ങളുമായി ബന്ധപ്പെട്ട് വെല്ലിച്ചാച്ചന്റെ ഉപദേശം തേടാനായി വന്നപ്പോൾ പ്രാർത്ഥന തീരുന്നതു വരെ തെക്കിനിയിൽ ഇരിക്കേണ്ടതായി വന്നത് കണ്ടിട്ടുണ്ട്.

പ്രാർത്ഥനകൾ സ്ഫുടമയും ഉറച്ചും ചൊല്ലണമെന്നു നിഷ്കർഷിച്ചിരുന്നു. ഇക്കാര്യത്തിൽ വെല്ലിച്ചാച്ചനിൽ നിന്നും കിട്ടിയിരുന്ന അഭിനന്ദനം ഏറ്റവും വലിയ പുരസ്കാരമായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. വെല്ലിച്ചാച്ചനിൽ നിന്നും എനിക്കു നിരന്തരമായി കിട്ടിയ പ്രചോദനങ്ങളെ ഏശയ്യാ പ്രവാചകന്റെ ഈ വാക്യങ്ങളിൽ ചുരുക്കാം: “നീതിയുടെ മാർഗത്തിൽ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവൻ, മർദ്ദനം വഴിയുള്ള നേട്ടം വെറുക്കുന്നവൻ, കൈക്കൂലി വാങ്ങാതിരിക്കാൻ കൈ കുടയുന്നവൻ, രക്തച്ചൊരിച്ചിലിനെപ്പറ്റി കേൾക്കാതിരിക്കാൻ ചെവി പൊത്തുന്നവൻ, തിന്മ ദർശിക്കാതിരിക്കാൻ കണ്ണുകളടക്കുന്നവൻ – അവൻ ഉന്നതങ്ങളിൽ വസിക്കും…അവന്റെ ആഹാരം മുടങ്ങുകയില്ല, അവനു ദാഹജലം കിട്ടുമെന്ന് തീർച്ച.” (Is 33: 15)

ആ വര്ഷം തന്നെ തൽക്കാല വസതിയായിരുന്ന കുളപ്പള്ളിൽ വീടുപേക്ഷിച്ചു എല്ലാവരും തറവാട്ടിലേക്ക് വരികയും ചെയ്തു. ഇതാണ് ഞാൻ ദീപ്തി സെമിനരിയിലേക്കു പോകുമ്പോഴുള്ള സാഹചര്യം.

ദീപ്തി ഭവൻ: കർത്താവിൻറെ ഭവനം

ഈശോ അവനോടു പറഞ്ഞു എന്നെ അനുഗമിക്കുക: അവൻ എഴുന്നേറ്റ് ഈശോയെ അനുഗമിച്ചു. Mt 9: 9

ദീപ്തിയിൽ ചെന്നപ്പോൾ മുതൽ വളരെ സന്തോഷത്തോടെ പുതിയ സാഹചര്യങ്ങളുമായി ഒത്തുപോകുവാൻ കഴിഞ്ഞു. സ്വന്തം ഭവനം പോലെ തന്നെ അനുഭവപ്പെട്ടു. സമയം പാലിക്കുവാനോ, പഠിക്കുവാനോ പ്രാർത്ഥിക്കുവാനോ ജോലികൾ ചെയ്യുവാനോ ഒന്നും പ്രയാസമുണ്ടായില്ല എന്നുമാത്രമല്ല എല്ലാം നല്ല ഉത്തരവാദിത്വ ബോധത്തോടെ ചെയ്യുവാൻ കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം മറ്റൊരു രീതിയിലായിരുന്നെങ്കിലും നേരത്തെ പരിശീലിച്ചിരുന്നതുപോലെ തോന്നിയിരുന്നു. ആദ്യത്തെ ക്ലാസ് ബീഡിൽ (ക്ലാസ് ലീഡർ) ആയി എന്നെ നിയമിക്കുകയും ചെയ്തു. ഓരോ കാര്യങ്ങളിലും ദൈവത്തിന്റെ കരുണയും പരിപാലനയും അനുഭവിച്ചിരുന്നു.

എന്റെ വൊക്കേഷൻ പ്രൊമോട്ടറും അധ്യാപകനും ആധ്യാത്മിക പിതാവുമായിരുന്ന ബഹു. കണ്ടത്തിൽ ഫ്രാൻസിസച്ചന്റെ നിര്യാണത്തിനു ഏതാനം നാളുകൾക്കുമുമ്പു അദ്ദേഹത്തിന്റെ ആശീർവാദം സ്വീകരിക്കുവാനും അദ്ദേഹത്തിന്റെ മൃതസംസ്‍കാരത്തിൽ പങ്കെടുത്ത്‌ യാത്രയയ്‌ക്കുവാൻ സാധിച്ചതും വലിയ ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നു. ദൈവവിളിയെക്കുറിച്ചു സംശയമോ ഭയമോ ഉണ്ടായിരുന്നില്ല. കൂടാതെ ദൈവത്തിന്റെ പരിപാലനവും സംരക്ഷണവും പല കാര്യങ്ങളിലും വ്യക്തവുമായിരുന്നു. ശരിയായ സ്ഥലത്തേക്കു തന്നെയാണ് ദൈവം എന്നെ കൈ പിടിച്ചു എത്തിച്ചത് എന്ന് ബോധ്യമാവുകയും ചെയ്തു. ഓർമ്മ വച്ച നാൾ മുതൽ ജീവിതത്തിൽ സംഭവിച്ച ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിലേക്കു നയിക്കുന്നതിന്റെ ഭാഗമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാകുന്നു. വി. പൗലോസ് അപ്പസ്തോലന്റെ പ്രസിദ്ധമായ വാക്യം സ്മരണയിൽ വരുന്നു, “താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” (Rom 8:30). ചെറിയ ചെറിയ പ്രതിസന്ധികളെല്ലാം, എന്നെ ഭാവിയിൽ കൂടുതൽ ശക്തിപ്പെടുത്താനായി കർത്താവിന്റെ ഇടപെടലുകളായിരുന്നു.

ഈ എളിയവന്റെ നിസ്സാരതയും ബലഹീനതകളും പരിഗണിക്കാതെ തന്റെ അമൂല്യ നിധികൾ ഒളിഞ്ഞിരിക്കുന്ന വയലിൽ ശുശ്രൂഷ ചെയ്യാൻ വിളിച്ച അവിടുത്തേക്ക്‌ സ്തുതിയും മഹത്വവും കൃതജ്ഞതയും എപ്പോഴും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.

സ്കറിയ താമരക്കാട്ട്
Loading Facebook Comments ...

Leave A Reply