തിരിഞ്ഞു നോക്കി തിരിച്ചു പിടിക്കാൻ

0

പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും അനുതാപത്തിന്റെയും വഴിയിലൂടെ നമ്മുടെ ജീവിതത്തെ കൂടുതൽ ദീപ്തമാക്കുന്ന അനുഗ്രഹത്തിന്റെ നാളുകളാണ് നോന്പുകാലം. കൂടുതൽ ദൈവാസാന്നിദ്ധ്യം അനുഭവിക്കുന്ന ഈ പുണ്യനാളുകളിലേക്ക് കടക്കുന്പോൾ ദൈവകൃപ നമ്മുടെ വ്യക്തിജീവിതങ്ങളിലേക്കും സമൂഹങ്ങളിലേക്കും ഒഴുകിയിറങ്ങുന്ന അനുഗ്രഹപ്രദമായ ഒരു നോന്പുകാലം ഏവർക്കും ആശംസിക്കുന്നു.

നോന്പു തുടങ്ങുന്നത് പെത്തുർത്തായോട് കൂടിയാണ്. തിരിഞ്ഞു നോക്കൽ, അനുരഞ്ജനം എന്നൊക്കെയാണ് പെത്തുർത്ത എന്ന വാക്കിന്റെ അർഥം. ഓരോ നോന്പും തിരിഞ്ഞു നോക്കലിന്റെ അവസരം തരുന്നു. നമ്മുടെ ആത്മീയ ജീവിതത്തിലേക്ക്, വ്യക്തിബന്ധങ്ങളിലേക്കു, കുടുംബങ്ങളിലേക്ക്, ശുശ്രൂഷാ മണ്ഡലങ്ങളിലേക്കു, ഒക്കെ തിരിഞ്ഞു നോക്കാനുള്ള അവസരം.   ജീവിത വഴികളിൽ അറിഞ്ഞും അറിയാതെയും നാം നഷ്‍ടപ്പെടുത്തി കളഞ്ഞ നന്മകളിലേക്കും ബന്ധങ്ങളിലേക്കും അവസരങ്ങളിലേക്കും തിരിഞ്ഞു നോക്കി അവയെ തിരിച്ചു പിടിക്കേണ്ട അവസരമാണ് ഈ നോന്പുകാലം.

തിരിഞ്ഞു നോക്കിയവരൊക്കെ തിരിച്ചു പിടിച്ചിട്ടുള്ള ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം നമുക്ക് കാണിച്ചു തരുന്നത്. സക്കേവൂസ് തിരിഞ്ഞു നോക്കി, അവനു നഷ്ടപ്പെട്ട രക്ഷയെ അവൻ തിരിച്ചു നേടി. മഗ്ദലന മറിയം തിരിഞ്ഞു നോക്കി, കുരിശോളം ദൈവപുത്രന്റെ കൂടെ പോകാൻ തക്ക വിശുദ്ധ സ്നേഹത്തെ അവൾ തിരിച്ചു പിടിച്ചു. അനുതാപത്തോടെ പത്രോസ് ഒന്ന് തിരിഞ്ഞു നോക്കി, ദൈവം അവനായി ഒരുക്കിവച്ച സഭാ തലവന്റെ നേതൃ പദവി അവനു തിരിച്ചു കിട്ടി.

ആഗ്രഹത്തോടെയും അനുതാപത്തോടെയും തിരിഞ്ഞു നോക്കുന്നവന്റെ മുന്നിൽ നഷ്ടപ്പെട്ടതിനോടെല്ലാം അനുരഞ്ജനപ്പെടാനും തിരിച്ചു പിടിക്കാനുമുള്ള അവസരം ദൈവം നൽകുന്നു. ആത്മാവ് പിരിഞ്ഞു പോകുന്ന ശരീരത്തെ കുറിച്ച് ദുഃഖിക്കുകയും ദൈവം നഷ്ടപ്പെട്ട ആത്മാവിനെ കുറിച്ച് യാതൊരു ദുഃഖവും ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ നിന്നിൽ ക്രിസ്തീയ ചൈതന്യം ഇല്ല എന്ന് വിശുദ്ധ അഗസ്തിനോസ് പറയുന്നു.

നോന്പ്  ആത്മീയ സന്തോഷത്തിന്റെ അവസരം ആണ്. ഉപവാസവും, പ്രാർത്ഥനയും, നോന്പും നമ്മുടെ മുഖത്തെ പ്രസാദിപ്പിക്കണം എന്നാണു വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്. സന്തോഷത്തോടെ ചെയ്യുന്ന ത്യാഗത്തിനാണ് നോന്പിനെ ആഘോഷമാക്കി മാറ്റാൻ കഴിയുന്നത്. യഥാർത്ഥ ഉപവാസം എന്നാൽ ഭക്ഷണസാധനങ്ങളുടെ വർജ്ജനം മാത്രം അല്ലല്ലോ; സഹജനോട് കരുണ കാണിക്കുന്നതും, ഉള്ളതിൽ പാതി ഇല്ലാത്തവനൊപ്പം പങ്കു വക്കുന്നതും അപരനോട് കരുതലുണ്ടാവുന്നതും, കൂടെ ജീവിക്കുന്നവന്റെ നൊന്പരങ്ങളും ഇല്ലായ്മകളും തിരിച്ചറിയുന്നതുമാണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.

കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചതുപോലെ കൂടെ ഉള്ളവന്റെ കണ്ണുകളിലേക്കു ആത്മാർത്ഥമായി നോക്കാൻ, ഈ നോന്പുകാലത്തെങ്കിലും നമുക്ക് കഴിയണം. അപ്പോൾ നാം ഉപേക്ഷിക്കുന്ന ഭക്ഷണ സാധനങ്ങൾക്കും ചെയ്യുന്ന ത്യാഗപ്രവർത്തികൾക്കും മാറ്റ് കൂടും. നോന്പ് സന്തോഷത്തിന്റെ അവസരം ആവുകയും ചെയ്യും.

നമ്മോടു തന്നെ ഉള്ള പോരാട്ടങ്ങളുടെ അവസരമാണ് നോന്പുകാലം. വ്യക്തിജീവിതത്തിലെ കുറവുകളോട്, സമൂഹജീവിതത്തിലെ പൊരുത്തക്കേടുകളോട്, ലോകം വച്ചു നീട്ടുന്ന ചില പ്രലോഭനങ്ങളോട് വ്യക്തിബന്ധത്തിലെ അപാകതകളോട് ഒക്കെ പൊരുതി ജയിക്കാനുള്ള അവസരം. ഈ പടവെട്ടലിൽ കയ്യിലെടുക്കേണ്ട ആയുധം വാളും പരിചയും അല്ല, ഇന്ദ്രിയ നിഗ്രഹങ്ങളും, പ്രാർത്ഥനയും, ഉപവാസവും, പ്രായശ്ചിത്തങ്ങളും ആണ്.

മാനുഷിക ശക്തികളെ മറന്നു, ദൈവകരുണയിൽ നമുക്ക് ആശ്രയിക്കാം. അനുതാപത്തോടെ ജീവിത വഴികളെ നമുക്ക് തിരുത്താം. ആത്മാർത്ഥതയോടെ പൊരുതുന്നവർക്കു വിജയം ഉറപ്പുള്ള ഒരു പോരാട്ടം ആണിത്. പ്രത്യാശയോടെ നമ്മോടു തന്നെയും നമ്മുടെ കുറവുകളോടും ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്ന എല്ലാറ്റിനോടും പടവെട്ടി വിജയിക്കുവാനുള്ള കാലമായി നോന്പുകാലം  മാറട്ടെ.

സി. ജോസ്മിത എസ്. എം. എസ് .

സ്നേഹഗിരി മിഷനറി സമൂഹത്തിൽ അംഗമായ സി. ജോസ്മിത സന്യാസ വിഷയങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതുന്നു. ഇപ്പോൾ പാലാ പ്രൊവിൻസിന്റെ സെക്രെട്ടറി ആയി സേവനം അനുഷ്ടിക്കുന്നു.

Loading Facebook Comments ...

Leave A Reply