അർപ്പണം

ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിതം സമർപ്പിക്കുന്നത് കത്തോലിക്കരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ആനന്ദകരമായ അനുഭവം ആണ്. സമർപ്പിതർ, സന്യസ്തർ എന്നൊക്കെ വിളിക്കപെടുന്ന അവർ  ഇന്ത്യയിലും പുറത്തും ശുശ്രൂഷയിൽ എർപെട്ടിരുപ്പുണ്ട്. വളരെ വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തന മേഖലകളിലാണ് അവർ ജോലി ചെയ്യുന്നത്, പ്രത്യേകിച്ചും മനുഷ്യ ജീവിതം വെല്ലുവിളിക്കപെടുകയും, ക്ഷീണിതമാവുകയും, പരിഗണിക്കപെടാതിരിക്കുകയും ചെയ്യുന്ന ഇടങ്ങളിൽ. അന്തസ്സോടും അഖണ്ടതയോടും കൂടെ ജീവിക്കുവാൻ മനുഷ്യരെ സഹായിക്കുക, മനുഷ്യ ജീവന്റെ വില എല്ലാവരെയും ബോധ്യപെടുത്തുക, അവരെ ദൈവം സ്നേഹിക്കുന്നു എന്ന് അനുഭവവേദ്യമാക്കി കൊടുക്കുക എന്നിവ ആണ് അവരുടെ ജീവിത ലക്‌ഷ്യം.

sisters4ഒരു തിരു കർമ്മം വഴി പവിത്രീകരിക്കപെട്ടവരും, വേർതിരിക്കപ്പെട്ടവരും, ശുദ്ധീകൃതർ ആയവരും ആണ് സമർപ്പിത  ജീവിതം നയിക്കുന്നവർ. ദൈവത്തിനും ദൈവ ജനത്തിനുമായി ജീവിക്കുക എന്നത് അവരുടെ സ്വതന്ത്ര തീരുമാനം ആണ്. കത്തോലിക്കാ പാരന്പര്യത്തിൽ വളർന്ന ഈ സമർപ്പിതർ സ്വർഗീയമായ  ആനന്ദം അനുഭവിക്കാൻ ലൌകികമായ സന്തോഷങ്ങളെ തൃണവൽഗണിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങളെ ത്യജിച്ചു പരർക്കു സന്തോഷവും, ആനന്ദവും, ആശ്വാസവും, പ്രതീക്ഷയും നല്കാൻ അവർ സ്വയം അർപ്പിക്കുന്നു.

സഭ നിയമപരമായി സ്ഥാപിച്ചിട്ടുള്ള സന്യാസ സമൂഹങ്ങളിൽ അംഗത്വം എടുക്കുക വഴി അവർ പ്രാർത്ഥനയിലും, ആത്മീയ കർമ്മങ്ങളിലും, പരിപൂർണമായ ധ്യാനാത്മക നിശബ്ദതയിലും  മുഴുകുക മാത്രം അല്ല പിന്നെയോ, പട്ടിണിപാവങ്ങളുടെയും  അശരണരുടേയും സമുദ്ധാരണത്തിനായി തങ്ങളുടെ ചോരയും നീരും ഒഴുക്കുകയും ചെയ്യുന്നു. ദൈവത്തിനായി എല്ലാം ത്യജിക്കുന്നതിനാൽ അവരുടെ ജീവിതം സന്തുഷ്ടവും മാതൃകാപരവും ആണ്. അങ്ങനെ ഈശോയ്ക്കു അവർ സാക്ഷ്യം വഹിക്കുന്നു.

sisters5ബുദ്ധമതം, ജൈനമതം ഹിന്ദുമതം സിഖുമതം എന്നീ മതങ്ങൾക്ക് ഇന്ത്യ ജന്മം നൽകുകയും ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയെ സഹിഷ്ണുതയോടെ സ്വാഗമേകുകയും ചെയ്തു. ക്രിസ്തുവർഷം  52 ൽ  തന്നെ ക്രൈസ്തവ ജീവിത ശൈലിയെ ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഭാരതത്തിൽ കൊണ്ടുവന്നു. എന്നിരുന്നാലും വൈദേശിക ഘടകങ്ങളെ പരമാവധി അകറ്റി നിറുത്തി സംസ്കാരത്തിൽ തികച്ചും ഭാരതീയമായ ജീവിത ശൈലിയായിരുന്നു ഇവിടത്തെ ക്രൈസ്തവർ നയിച്ചിരുന്നത്. സമർപ്പിത ഇന്നുള്ള തരത്തിൽ ആയിരുന്നില്ലെങ്കിലും ഇവിടത്തെ ക്രൈസ്തവർ പാലിച്ചിരുന്നു. ഭാരതീയ ആത്മീയ ശൈലിയിൽ, ധ്യാനവും, മനനവും, കര്മ്മവും, നിഷ്ടകളും, ദൈവിക ലയനവും മാനവ സേവനവും സമ്മേളിപ്പിക്കുന്ന ജീവിതമാണ്  അവർ നയിച്ചിരുന്നതു. അവർ ബ്രഹ്മചര്യം അനുഷ്ടിക്കുകയും യോഗീതുല്യം ജീവിക്കുകയും ചെയ്തിരുന്നു.

ഈ മഹാത്മാക്കളുടെ ജീവിത കഥകൾ നിങ്ങളുടെ മുന്നിൽ എത്തിക്കുക എന്നതാണ് കണക്റ്റ്  എന്ന മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തന  പദ്ധതി ആയ അർപ്പണം ഡോട്ട് കോമിന്റെ ലക്ഷ്യവും ധർമ്മവും. വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ചലന ചിത്രങ്ങളിലൂടെയും ആ കഥകൾ നിങ്ങളുടെ മുന്നിലെത്തും.